കാലം അടയാളപ്പെടുത്തുന്ന, കാലത്തെ അടയാളപ്പെടുത്തുന്ന സിനിമ – കാതൽ; റിവ്യു
Kaathal The Core Review
Mail This Article
കാതൽ – ഇൗ പേരു പോലെ ലളിതമായി, എന്നാൽ ആഴത്തിൽ ഇൗ സിനിമയെ നിർവചിക്കാൻ പറ്റുന്ന മറ്റൊരു വാക്കുമില്ല. അവനവന്റെ കാതലിലേക്ക് ഒരു തിരിഞ്ഞു നോട്ടം, അവനവന്റെ മനസ്സിന്റെ കാതൽ എന്താണെന്ന തിരിച്ചറിവ്, തന്റെ പങ്കാളിയോട് തനിക്കുള്ള കാതലിന്റെ ആഴം, ചിലപ്പോൾ പ്രകടനപരത മാത്രമായി അവശേഷിക്കുന്ന അതിന്റെ ആഴമില്ലായ്മ അങ്ങനെ പല അർഥങ്ങളും മാനങ്ങളുമുള്ള ആ പേരു പോലെ തന്നെയാണ് ഇൗ സിനിമയും.
മാത്യു ദേവസി എന്ന റിട്ടയേഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ഒരു പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാകുന്നു. പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത നാട്ടുകാരും എന്തിന്, മാത്യു പോലും അറിയുന്നത്. അയാളുടെ ഭാര്യ ഒാമന വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുന്നു. മാത്യുവിന് തങ്കൻ എന്ന ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന കാരണം പറഞ്ഞ്. കോട്ടയത്തെ ഒരു കുഗ്രാമത്തിൽ ഇൗ വാർത്തയുണ്ടാക്കുന്ന കോളിളക്കം പറയേണ്ടതില്ലല്ലോ.
പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്ന ഇൗ വൺലൈൻ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഇതേ വൺലൈൻ മെസേജ് അയച്ചു കൊടുത്തപ്പോൾ മമ്മൂട്ടി സംവിധായകനോടു ചോദിച്ച ചോദ്യമുണ്ട്. ‘ Whats the rest of the story ?’. ആ ചോദ്യത്തിനുള്ള ഉത്തരം കേട്ടതോടെ ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മാത്രമല്ല, ഇൗ സിനിമ നിർമിക്കാനും അദ്ദേഹം സമ്മതം മൂളി.
മമ്മൂട്ടി എന്ന അഭിനേതാവിന്റെ സിനിമയോടുള്ള അഭിനിവേശമാണ് കാതൽ. മുൻനിര നടന്മാരൊന്നും ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത വേഷം ചെയ്തുവെന്നു മാത്രമല്ല, ആ സിനിമ നിർമിക്കാനും അദ്ദേഹം സമ്മതിച്ചു എന്നത് അദ്ഭുതപ്പെടുത്തുന്നു. മമ്മൂട്ടിക്ക് അഭിനയത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളി കാതൽ സമ്മാനിക്കുന്നില്ലെങ്കിലും അദ്ദഹത്തിന്റെ തിരഞ്ഞെടുപ്പിന് കാതൽ വെല്ലുവിളി തന്നെയാണ്. 400–ലേറെ സിനിമകൾ ചെയ്ത, ഇനി ആരുടെയും മുന്നിൽ ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലാത്ത മമ്മൂട്ടി എന്ന മഹാനടൻ ഇൗ പ്രായത്തിലും എത്ര അപ്ഡേറ്റഡ് ആണെന്ന് കാതൽ കാണുമ്പോൾ മനസ്സിലാകും.
‘എന്തു കൊണ്ട് ജ്യോതിക?’ എന്ന ചോദ്യത്തിന്, ഇൗ സിനിമ കണ്ടു കഴിയുമ്പോൾ ‘ജ്യോതിക അല്ലാതാര്?’ എന്ന് മറുചോദ്യം ഉയരും. തഴക്കം വന്ന അഭിനേത്രിയുടെ എല്ലാ മികവും പുറത്തെടുക്കുന്ന അവരുടെ പ്രകടനത്തിനു പകരം വയ്ക്കാൻ ആരുമില്ല. പേരെടുത്തു പറയാനറിയാത്ത ഒട്ടനവധി കഥാപാത്രങ്ങളുണ്ടെങ്കിലും തങ്കൻ ആയി അഭിനയിച്ച സുധി കോഴിക്കോടും മാത്യുവിന്റെ അച്ഛനായെത്തിയ പണിക്കരു ചേട്ടനും മനസ്സിൽ നിന്നു പോകാതെ നിൽക്കും.
ജിയോ ബേബി എന്ന സംവിധായകന്റെ കയ്യൊപ്പാണ് കാതൽ. യാഥാർഥ്യത്തോട് ഒരുപാട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ മുൻ സിനിമകളിൽനിന്നു വ്യത്യസ്തമാണ് കാതൽ. യാഥാർഥ്യബോധത്തോടെയുള്ള ഡ്രമാറ്റിക്ക് ഇമോഷനൽ ചിത്രമായാണ് അദ്ദേഹം കാതൽ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ അതിമനോഹരമായി ഇൗ കഥയുടെ കാതൽ ചോരാത്ത വിധം എഴുതിയിരിക്കുന്നു. സിനിമയിൽ രണ്ടു പ്രധാന വേഷങ്ങളിലെത്തിയ ഇരുവരും മലയാള സിനിമയുടെ ഭാവിവാഗ്ദാനങ്ങളാണെന്ന കാര്യത്തിൽ തർക്കമില്ല.
മാത്യൂസ് പുളിക്കന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ശ്രദ്ധേയം. ടൈറ്റിൽ കാർഡ് മുതൽ സിനിമയിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു നടത്തുന്നത് ആ പശ്ചാത്തലസംഗീതമാണ്. സിനിമയുടെ തീവ്രത ഒട്ടും ചോരാതെ എഡിറ്റ് ചെയ്തു സുന്ദരമാക്കിയ ഫ്രാൻസിസ് ലൂയിസിനും കയ്യടി. ഒപ്പം മനോഹര ഫ്രെയിമുകളുമായി വൈറ്ററൻ സാലു കെ. തോമസും മികച്ചു നിന്നു.
ഹോളിവുഡിലും ബോളിവുഡിലും അടക്കം സ്വവർഗലൈംഗികത വിഷയമായി സിനിമകളുണ്ടായപ്പോൾ, പൊതുസമൂഹം ‘അശ്ലീലം’ എന്ന് മുദ്ര കുത്തുന്ന ചില രംഗങ്ങൾ അവയിലുണ്ടായിരുന്നെങ്കിൽ, അങ്ങനെയൊന്നും ഇൗ സിനിമയിലില്ല. ബദായ് ദോ പോലുള്ള ഹിന്ദി സിനിമകൾ സ്വവർഗാനുരാഗികളുടെ കഥ പറഞ്ഞപ്പോൾ സ്വീകരിച്ച ഒരു ലൗഡ്–കോമഡി ശൈലിയുണ്ട്. അതായത് പ്രേക്ഷകനെ ചിരിപ്പിച്ച് അതു വഴി വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു പൊതിഞ്ഞു കടത്തൽ ടെക്നിക്ക്. എന്നാൽ വിഷയത്തിന്റെ ഗൗരവം അതേ അളവിൽ അവതരിപ്പിച്ച് മറ്റു കാട്ടിക്കൂട്ടലുകൾക്കു നിൽക്കാതെ സ്വവർഗലൈംഗികതയെ അസാധാരണത്വത്തിൽനിന്ന് മോചിപ്പിക്കാൻ കാതലിന്റെ അണിയറക്കാർക്കായി. മാത്യു–ഓമന, മാത്യു–അച്ഛൻ എന്നിവർ തമ്മിലുള്ള വൈകാരിക രംഗങ്ങൾ കുറച്ചു കൂടി ഡ്രമാറ്റിക്ക് ആക്കിയിരുന്നെങ്കിൽ എന്ന് തോന്നാതെയില്ല.
ഇൗ ലോകവും അവിടുള്ള മനുഷ്യരും കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന, പൊതുവിൽ അപരിചിതമെന്നു തോന്നാവുന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ് ഇൗ ചിത്രം. എല്ലാത്തിനും മേലെ അവനവനെ സ്നേഹിക്കാനും സ്വന്തം കാതലിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്യുന്ന സിനിമ. കാലം അടയാളപ്പെടുത്തുന്ന സിനിമ മാത്രമല്ല കാലത്തെ അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണിത്.