ത്രില്ലറാണ് തലവൻ: റിവ്യൂ
Thalavan Review
Mail This Article
നന്മമരം സിനിമകളുടെയും പോസിറ്റീവ് കഥാപാത്രങ്ങളുടെയും സൃഷ്ടാവായ ജിസ് ജോയ് ഒരു തിന്മമരം സിനിമയും നെഗറ്റീവ് കഥാപാത്രങ്ങളും ഒരുക്കിയാൽ എങ്ങനെയിരിക്കും എന്നുള്ളതിന്റെ ഉത്തരമാണ് തലവൻ എന്ന ചിത്രം. ബിജു മേനോനും ആസിഫ് അലിയും നായകന്മാരായെത്തുന്ന ക്രൈം ത്രില്ലർ ജോണറിൽ പെട്ട ഇൗ സിനിമ മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ഒന്നാണ്.
ഒരേ സ്റ്റേഷനിൽ രണ്ടു റാങ്കിൽ ജോലി ചെയ്യേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ പറയുന്നത്. മൂക്കത്ത് ശുണ്ഠിയുള്ള ഇവർ രണ്ടു പേരും തമ്മിൽ ഉരസലുകൾ പതിവാണ്. ഇതിൽ ഒരാൾ ഒരു ക്രൈമിൽ അകപ്പെടുകയും ആ ക്രൈം അന്വേഷിക്കാനായി മറ്റേയാൾക്ക് ചുമതല ലഭിക്കുകയും ചെയ്യുന്നതോടെ കഥ അടുത്ത തലത്തിലേക്ക് കടക്കുന്നു.
ഒരു മുൻ ഡിവൈഎസ്പിയുടെ കഥ പറച്ചിലിലൂടെയാണ് സിനിമയുടെ തുടക്കവും ഒടുക്കം വരെയുള്ള യാത്രയും. ചിരപരിചിതമായ ഇൗ ആഖ്യാനരീതി സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നതാണ്. ക്രൈമിന്റെ പശ്ചാത്തലവും അന്വേഷണത്തിന്റെ ആരംഭവും അവതരിപ്പിക്കുന്നതാണ് ആദ്യ പകുതി. ത്രില്ലിങ്ങും അതേ സമയം എൻഗേജിങ്ങുമായാണ് ഇൗ ഭാഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ക്രൈമിനെക്കുറിച്ചോ കുറ്റവാളിയെക്കുറിച്ചോ യാതൊരു സൂചനയും കാഴ്ചക്കാരന് ലഭിക്കുന്നുമില്ല താനും.
കോംപ്ലക്സായ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമമാണ് രണ്ടാം പകുതിയിൽ നടക്കുന്നത്. സാധാരണ കുറ്റാന്വേഷണ സിനിമകളിലേതു പോലെ ഒരു തുമ്പിൽ നിന്ന് മറ്റൊന്നിലേക്കും അവിടെ നിന്ന് അടുത്തിടത്തേക്കും പോകുന്ന രീതിയല്ല ഇൗ സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് കഥാപാത്രങ്ങളിൽ ഒരുപാട് ശോഭിച്ചിട്ടുള്ള ബിജു മേനോനെ സംബന്ധിച്ച് ആ ശരീരഭാഷ അനായാസമായിരുന്നു. ആസിഫ് അലിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, ജോജി, മിയ തുടങ്ങിയ നീണ്ട താരനിര തങ്ങളുടെ വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. ട്രാക്ക് മാറ്റി പിടിക്കാനുള്ള ശ്രമത്തിൽ ഒടുവിൽ ജിസ് ജോയ് വിജയിച്ചുവെന്നു വേണം കരുതാൻ. സൂരജ് ഇഎസിന്റെ എഡിറ്റിങ് സിനിമയുടെ ത്രില്ലർ മൂഡിനെ എലവേറ്റ് ചെയ്യാൻ സഹായിച്ചു. ശരൺ വേലായുധന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് യോജിച്ചതായി.
എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങൾ ഇറങ്ങിയിട്ടുള്ള മലയാള സിനിമാചരിത്രത്തിൽ ആ നിരയിലേക്ക് ചേർത്തു വയ്ക്കാൻ പറ്റുന്ന ഒന്നാണ് തലവൻ. മികച്ച പ്രകടനങ്ങൾ കൊണ്ടും കഥ പറച്ചിൽ കൊണ്ടും മികച്ച നിൽക്കുന്ന ചിത്രം ട്വിസ്റ്റുകളാൽ സമ്പന്നവുമാണ്. തിയറ്ററിൽ തന്നെ കാണാവുന്ന സിനിമ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നതാണ്.
്