ദുരൂഹതയുടെ ചുരുളഴിയുമ്പോൾ..‘ഞാൻ കണ്ടതാ സാറേ’; റിവ്യു
Njan Kandatha Sare Review
Mail This Article
ഡാർക് ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ എൻട്രിയാണ് വരുൺ ജി. പണിക്കർ ഒരുക്കിയിരിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’. പേരുസൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചുപേരുടെ കഥയാണ് ചിത്രം. തുടക്കം മുതൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ഫൺ റൈഡ് ആണ് ഈ സിനിമ.
തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. നഗരത്തിൽ ടാക്സിയോടിക്കുകയാണ് ജോക്കുട്ടൻ. അനിയത്തി മാത്രമാണ് അയാൾക്കുള്ളത്. നഗരത്തിൽ ഒരു പെൺകുട്ടിയുടെ മരണവും ഇതിനോടനുബന്ധിച്ച് ഒരു പൊലീസുകാരന്റെ തിരോധാനവും സംഭവിക്കുന്നതോടെയാണ് കഥാഗതി മുറുകുന്നത്.
ഇതിലൊരു സംഭവത്തിന് ജോക്കുട്ടൻ ദൃക്‌സാക്ഷിയാകുന്നു. അയാൾ സാക്ഷി പറയാൻ പൊലീസ് സ്‌റ്റേഷനിലെത്തുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനിൽ നടക്കുന്ന നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് കഥപുരോഗമിക്കുന്നത്. ഈ രണ്ടു സംഭവങ്ങളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ജോക്കുട്ടന് ഇതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? തുടർന്ന് ഈ ദുരൂഹതയുടെ ചുരുളഴിക്കുകയാണ് ചിത്രം.
പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നുനിർമിച്ച ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.
ഇന്ദ്രജിത്തും ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, അലൻസിയർ, മെറീനാ മൈക്കിൾ, സുധീർ കരമന, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ബാലാജി ശർമ, മല്ലിക സുകുമാരൻ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്. അതിഭാവുകത്വമില്ലാത്ത അഭിനയമാണ് ഇന്ദ്രജിത് കാഴ്ചവയ്ക്കുന്നത്. ചിരിക്കാനുള്ള വകനൽകുന്നത് ബൈജുവിന്റെ കഥാപാത്രമാണ്. ചിത്രത്തിൽ നായികാകഥാപാത്രം ഇല്ല. മറീനയ്ക്കാണ് സ്ത്രീ കഥാപാത്രങ്ങളിൽ കൂടുതൽ സ്‌ക്രീൻ സ്‌പേസുള്ളത്.
തീരപ്രദേശത്ത് ജീവിക്കുന്നവരുടെ പ്രശ്നങ്ങളും രാഷ്ട്രീയക്കാരും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ചിത്രത്തിന്റെ കഥാഗതിയിൽ മറ്റൊരു പാളിയായി രൂപപ്പെടുന്നുണ്ട്. ആരായിരുന്നു മരിച്ച ആ പെൺകുട്ടി? പൊലീസുകാരന്റെ തിരോധാനത്തിന് കാരണമെന്ത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം അവസാനത്തോടെ ലഭ്യമാകും. 'നിയമത്തെക്കാൾ മുകളിലാണ് നീതി' എന്നടിവരയിട്ടുകൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്.
സാങ്കേതികമേഖലകളുടെ ഒത്തിണക്കം ചിത്രത്തിന്റെ പോസിറ്റീവാണ്. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം എന്നിവ മികവ് പ്രകടിപ്പിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. രണ്ടു മണിക്കൂറിൽ താഴെയാണ് ചിത്രത്തിന്റെ ദൈർഘ്യം. തമാശയിൽ പൊതിഞ്ഞ്, എന്നാൽ ത്രില്ലർസ്വഭാവം കൈവെടിയാതെ കഥപറയുന്നതിനാൽ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.