തല തിരിഞ്ഞ പ്രണയം, കൂട്ടം തെറ്റിയ കൗമാരം; ‘ബേബി’ ഇനി എങ്ങോട്ട്...
Mail This Article
പ്രണയം യഥാർഥമാണെങ്കിൽ, ഇഷ്ടം സ്ഥിരമാണെങ്കിൽ, ആഗ്രഹം തീവ്രമാണെങ്കിൽ കാണുക തന്നെ ചെയ്യും. ലോകത്തിൽ എവിടെ വച്ചാണെങ്കിലും. ഏതു പ്രായത്തിലാണെങ്കിലും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. എന്നാൽ, യാഥാസ്ഥിതിക രീതിയുള്ള പ്രണയകഥയല്ല ബേബി. കാനിൽ നവാഗത സംവിധാനത്തിന് പുരസ്കാരം നേടിയ ബ്രസീലിൽ നിന്നുള്ള മാഴ്സെലോ കേതാനോയുടെ ആദ്യ സിനിമ. കണ്ടു പഴകിയ കാഴ്ചകളല്ല. കേട്ടു പഴകിയ സംഭാഷണങ്ങളല്ല. തല കീഴ് മറിഞ്ഞ പ്രണയത്തെയും കൂട്ടം തെറ്റി വഴി കണ്ടുപിടിക്കുന്ന കൗമാരത്തെയുമാണ് മാഴ്സെലോ അവതരിപ്പിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ദിവസം തന്നെ ലോക സിനിമാ വിഭാഗത്തിൽ കയ്യടി നേടി ബേബി മുന്നോട്ട്.
ബേബിയുടെ യഥാർഥ പേര് വെല്ലിങ്ടൺ. അച്ഛനുമായി പൊരുത്തപ്പെടാനാവാത്തതാണ് അവനെ കുടുംബത്തിൽ നിന്ന് പുറത്താക്കിയത്. അമ്മയുടെ സ്നേഹമുണ്ടായിരുന്നെങ്കിലും പതിനാറാം വയസ്സിൽ ദുർഗുണ പരിഹാര പാഠശാലയിലെ ജയിലിൽ അടയ്ക്കപ്പെട്ടു. എന്നെങ്കിലും പുറത്തുവരുമെന്ന് അവൻ പോലും സ്വപ്നം കണ്ടിരുന്നില്ല. എന്നിട്ടും, പതിനെട്ട് തികഞ്ഞ് അധികമാകും മുൻപേ ഇരുമ്പു കവാടങ്ങൾ അവനു മുന്നിൽ തുറക്കപ്പെട്ടു. പുറത്തേക്കു പോകാം എന്ന ഗാർഡിന്റെ വാക്കിന്റെ അകമ്പടിയോടെ വെല്ലിങ് ടൺ പുറം ലോകത്തേക്ക്. അടഞ്ഞുകിടക്കുന്ന മുറികൾക്കുള്ളിൽ അടയ്ക്കപ്പെട്ടവർ അസൂയയോടെ അവനെ നോക്കി കയ്യടിച്ചു. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്നാർത്തുവിളിച്ചു. എന്നാൽ, എന്തു ചെയ്യണമെന്നോ എവിടേക്കു പോകണമെന്നോ എങ്ങനെ ജീവിക്കണമെന്നോ അവന് അറിയില്ലായിരുന്നു. വീട്ടിലേക്കു തന്നെ പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവർ വേറെ എവിടേക്കോ പോയി. അയൽക്കാർക്ക് നമ്പർ പോലും അറിയില്ല. സ്നേഹം തോന്നിയ അമ്മായി വാഗ്ദാനം ചെയ്ത സോഫ ഉപേക്ഷിച്ച് വെല്ലിങ് ടൺ പുറത്തേക്ക്; ബേബിയായിട്ടല്ല, പ്രായപൂർത്തിയായ പുരുഷനായി.
പ്രണയത്തിന്റെ സ്ത്രീ –പുരുഷ സങ്കൽപങ്ങളെ തിരസ്കരിക്കുന്ന സിനിമയാണിത്. പരസ്പരം ഇഷ്ടം കണ്ടെത്തുന്ന പുരുഷൻമാരാണ് ബേബിയിലെ കഥാപാത്രങ്ങൾ. വെല്ലിങ്ടൺ എത്തിച്ചേരുന്നതും അങ്ങിനെയൊരു കേന്ദ്രത്തിലാണ്. റൊണാൾഡോ എന്ന 42 വയസ്സുള്ള യുവാവിലും. റോണാൾഡോ വിവാഹിതനാണ്. മകനുണ്ട്. എന്നാൽ, അയാളുടെ ലോകം വേറെയാണ്. വല്ലപ്പോഴും മാത്രം വീട്ടിൽ ചെല്ലുന്ന അയാൾ ബാക്കി സമയം മുഴുവനും പുരുഷൻമാർക്കു വേണ്ടിയാണു ചെലവാക്കുന്നത്. അങ്ങനെ തന്നെയാണ് പണം സമ്പാദിച്ചു ജീവിക്കുന്നതും. അതിൽ അയാളുടെ വീട്ടുകാർക്കു പോലും പരാതിയുമില്ല. വെല്ലിങ്ടണിനെ ജീവിതത്തിൽ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കുകയാണ് റോണാൾഡോ. അതിനിടയിൽ എപ്പോഴോ അവർ പ്രണയത്താൽ അടുക്കുന്നു; അകലുന്നു. അടുക്കാൻ വേണ്ടി വീണ്ടും വീണ്ടും അകലുന്നു.
ബ്രസീലിന്റെ പുതിയ കാലത്തെ തെരുവുകളും തെരുവു ജീവിതവും മാഴ്സെലോ ഗംഭീരമായി സിനിമയിൽ ഒപ്പിയെടുത്തിട്ടുണ്ട്. കൗമാരത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് പുതിയ തലമുറ പുതിയ ചരിത്രം രചിക്കുന്നത്. ആ ചരിത്ര രചനയ്ക്ക് അകമ്പടിയാകുകയാണ് ബേബി എന്ന ചിത്രം.
നിന്നെ കാണുമെന്ന് എനിക്കറിയാമായിരുന്നു; എന്നെങ്കിലും. അതു പറയുമ്പോൾ അയാളുടെ കണ്ണ് നനഞ്ഞിരുന്നു. അവന്‍റെയും.അവനൊന്നും പറഞ്ഞില്ല. ഇനിയും പൊയ്ക്കളയരുതേ..എന്നു പറയുമ്പോൾ ആയാളുടെ വാക്കിൽ ദുരന്തത്തിന്റെ സൂചന കൂടിയുണ്ടായിരുന്നു. എന്നാലും വെല്ലിങ്ടണിനു പോകാതിരിക്കാൻ ആവുമായിരുന്നില്ല.
ബേബി എന്ന സിനിമ അവസാനിക്കുന്നില്ല. തുടരുക തന്നെയാണ്, പല രൂപത്തിലും ഭാവത്തിലും. പുതിയ തലമുറയിലെ പലരിലൂടെയും. അല്ലെങ്കിലും കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കുന്നില്ലല്ലോ...