ADVERTISEMENT

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898എഡി’, ധനുഷിന്റെ ‘രായൻ’, കുഞ്ചാക്കോ ബോബന്റെ ‘ഗർർർ’ എന്നീ സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. മമ്മൂട്ടി ചിത്രം ‘ടർബോ’, ബിജു മേനോന്റെ ‘നടന്ന സംഭവം’, കമൽഹാസൻ–ശങ്കർ ടീമിന്റെ ഇന്ത്യൻ 2 എന്നിങ്ങനെ വമ്പൻ സിനിമകൾ ഈ മാസം ആദ്യം ഒടിടി റിലീസിനെത്തിയത്. 

കൽക്കി 2898എഡിഓഗസ്റ്റ് 22: നെറ്റ്ഫ്ലിക്സ്–ആമസോൺ പ്രൈം വിഡിയോ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയുമാണ് സ്ട്രീമിങ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും പ്രൈമിൽ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. 

കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ ഉൾപ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്.  മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍, ദുൽഖര്‍ സൽമാന്‍ എന്നിവരും അതിഥികളായി എത്തുന്നു.ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. 

രായൻ: ഓഗസ്റ്റ് 23: ആമസോൺ പ്രൈം വിഡിയോ

ധനുഷ് നായകനും സംവിധായകനുമാകുന്ന ആക്‌ഷൻ ചിത്രം. എസ്.ജെ. സൂര്യ, അപർണ ബാലമുരളി, കാളിദാസ് ജയറാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. എ. ആർ. റഹ്മാൻ ആണ് സംഗീതം.

ഗർർർ: ഓഗസ്റ്റ് 20: ഹോട്ട്സ്റ്റാർ

കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്‌.കെ സംവിധാനം ചെയ്ത  ചിത്രം.  മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 

ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റ നിർമ്മാണം. സംവിധായകൻ ജയ്‌.കെയും പ്രവീൺ.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജൂൺ 14നാണ് ചിത്രം തിയറ്ററിലെത്തിയത്. 

ചിത്രത്തിലുള്ളത് യഥാർഥ സിംഹമാണെന്ന് സിനിമയുടെ റിലീസിന് മുൻപ്, ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു.  ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് 'ദർശൻ' എന്ന സിംഹമായി ചിത്രത്തിൽ എത്തുന്നത്. അനഘ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, മഞ്ജു പിള്ള, സെന്തിൽ കൃഷ്ണ, അലൻസിയർ, രമേഷ് പിഷാരടി, പാർവതി കൃഷ്ണ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ലിറ്റിൽ ഹാർട്സ്: ഓഗസ്റ്റ് 13: ആമസോൺ പ്രൈം വിഡിയോ

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ.

ടർബോ: ഓഗസ്റ്റ് 9: സോണി ലിവ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്‌ഷന്‍ കോമഡി ചിത്രം. 2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമാണം. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

നടന്ന സംഭവം: ഓഗസ്റ്റ് 9: മനോരമ മാക്സ്

ബിജുമേനോൻ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം. ‘ഒരു മെക്സിക്കൻ അപാരത’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപ് കണ്ണൻ, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

വിഷ്ണു നാരായൺ ആണ് സംവിധാനം. ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി  കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.  രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ. ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ, ടോബി ജോൺ. ആർട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്‌ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ.

ഗോളം: ഓഗസ്റ്റ് 9: ആമസോൺ പ്രൈം

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് രഞ്ജിത്ത് സജീവ് നായകനായെത്തിയ ത്രില്ലർ ചിത്രം. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ പറ്റുന്ന ത്രില്ലർ തിയറ്ററുകളിലും ശ്രദ്ധനേടിയിരുന്നു.

മികച്ച തിയറ്റർ അനുഭവം നൽകുന്ന ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിക്കുന്നത്.

ചന്ദു ചാംപ്യൻ: ഓഗസ്റ്റ് 9: ആമസോൺ പ്രൈം

കാർത്തിക് ആര്യനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ചന്ദു ചാംപ്യൻ’ ഫസ്റ്റ്ലുക്ക് എത്തി. പാരാ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. 

ചിത്രത്തിൽ അതി ഗംഭീര മേക്കോവറിൽ കാർത്തിക് എത്തുന്നു. സാജിദ് നദായ്‌വാലയും കബീർ ഖാനും ചേർന്നാണ് നിർമാണം. 

ഇന്ത്യൻ 2: ഓഗസ്റ്റ് 9: നെറ്റ്ഫ്ലിക്സ്

ശങ്കർ–കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 സിനിമ തിയറ്ററുകളിൽ വലിയ പരാജയമായിരുന്നു. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു. നെടുമുടി വേണു ഉൾപ്പടെ മൺമറഞ്ഞ മൂന്ന് പേരെയാണ് എഐ ടെക്നോളജിയിലൂടെ ശങ്കർ കൊണ്ടുവരുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. മലയാളത്തിൽ നിന്നൊരു യുവതാരം സിനിമയിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

മനോരഥങ്ങള്‍: ഓഗസ്റ്റ് 15: സീ ഫൈവ്

എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരിസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനെത്തും. 

പാരഡൈസ്: മനോരമ മാക്സ്: ജൂലൈ 26

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം. രാജീവ് രവി ക്യാമറ ചലിപ്പിക്കുകയും, ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാവ് മണി രത്നമാണ്. പ്രസന്ന വിത്താനഗെയാണ് തിരക്കഥയും സംവിധാനവും.

"പാരഡൈസ്" കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്സ് ഒറിജിനൽസും, മനോരമമാക്സിലൂടെ ആസ്വദിക്കാം. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഉള്ളൊഴുക്ക്: ആമസോൺ പ്രൈം: ഓഗസ്റ്റ് 2

പാർവതി തിരുവോത്ത്, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് സംവിധാനം. 

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ഡ്യൂൺ 2: ജിയോ സിനിമ: ഓഗസ്റ്റ് 2

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്. 190 മില്യൻ ഡോളറാണ് സിനിമയുടെ മുതൽമുടക്ക്. ഹോളിവുഡിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. എന്നാൽ അവതാർ 2വിന്റെ ബജറ്റ് 460 മില്യനായിരുന്നു. അതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും വിഷ്വൽ–സൗണ്ട് എഫക്ട്സിൽ ഡ്യൂൺ മറ്റേതു വമ്പൻ സിനിമകളെടും കിടപിടിക്കും.

ഫ്രാങ്ക് ഹെർ‌ബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഓസ്റ്റിൻ ബട്‌ലറിന്റെ വില്ലൻ വേഷമാകും സിനിമയുടെ മറ്റൊരു ആകർഷണം.

കിങ്ഡം ഓഫ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ്: ഹോട്ട്സ്റ്റാർ: ഓഗസ്റ്റ് 2

2017ൽ റിലീസ് ചെയ്ത ‘വാർ ഓഫ് ദ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ്’ എന്ന സിനിമയുടെ തുടർഭാഗം. വെസ് ബോൾ സംവിധാനം ചെയ്ത ചിത്രത്തിൽ ഫ്രേയ അല്ലൻ ആണ് നായിക.

ഹാൻസ് സിമ്മെർ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. സിനിമയുടെ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

സീരീസ്–ഡോക്യുമെന്ററി

ബൃന്ദ: ഓഗസ്റ്റ് 2: സോണി ലിവ്

തൃഷ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് സീരീസാണ് ബൃന്ദ. ഓഗസ്ത് 2 മുതൽ ചിത്രം സോണി ലിവിൽ കാണാം.

മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ്. രാജമൗലി: ഓഗസ്റ്റ് 2: നെറ്റ്ഫ്ലിക്സ്

സംവിധായകൻ എസ്.എസ്. രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി

ഹൗസ് ഓഫ് ദ് ഡ്രാ​ഗൺ സീസൺ 2 അവസാന എപ്പിസോഡ് ഓ​ഗസ്ത് 5ന് ജിയോ സിനിമയിൽ റിലീസ് ചെയ്യും

English Summary:

OTT releases this week: Ulozhukku, Paradise, Modern Masters, Kingdom of the Planet of the Apes, Dune: Part 2 and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com