‘പ്രതീക്ഷ’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
Mail This Article
സേവന –വേതന വ്യവസ്ഥകളില്ലാതെ തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന സംസ്ഥാനത്തെ പ്രീപ്രൈമറി അധ്യാപകരും ആയമാരും തങ്ങളുടെ ദുരിത ജീവിതം വരച്ചുകാട്ടി നിർമിച്ച ഹ്രസ്വചിത്രം–‘പ്രതീക്ഷ’– ശ്രദ്ധേയമാകുന്നു. സ്വന്തം അനുഭവങ്ങൾ കോർത്തിണക്കി രൂപപ്പെടുത്തിയ കഥയിൽ കഥാപാത്രങ്ങളായി അഭിനയിക്കുന്നവരിൽ പലരും പ്രീപ്രൈമറി അധ്യാപകർ തന്നെ. തിരക്കഥയെഴുതി സംവിധാനം ചെയ്തത് റെജി കോട്ടയം.
തുച്ഛമായ വേതനം പോലും കൃത്യമായി ലഭിക്കാതെ കടത്തിൽ മുങ്ങി ജീവിക്കേണ്ടി വരുന്നതും ബാങ്ക് വായ്പകൾ പോലും നിഷേധിക്കപ്പെടുന്നതും ജീവിക്കാനായി വീട്ടു ജോലി വരെ ചെയ്യേണ്ടി വരുന്നതും കുഞ്ഞുങ്ങൾക്കു വേണ്ടി എല്ലാം മറന്നുള്ള സേവനവുമെല്ലാം 20 മിനിറ്റുള്ള ഹ്രസ്വചിത്രത്തിലെ പ്രമേയമാണ്.
കെ.മായ(തിരുവനന്തപുരം പൗഡിക്കോണം ഗവ.എൽപിഎസ്) , മരിയ സുധ (ചന്തവിള ഗവ.എൽപിഎസ്), പത്മ കുമാരി(കഞ്ഞിക്കൽ സ്കൂൾ ) എന്നീ പ്രീ പ്രൈമറി അധ്യാപികമാർക്കൊപ്പം ചന്തവിള എൽപിഎസ് പിടിഎ പ്രസിഡന്റ് രതീഷ്, ടിവി, നാടക ആർട്ടിസ്റ്റുമാരായ സൂര്യ കൃഷ്ണനുണ്ണി, കാശിനാഥ് റെജി, വിനോദ് തിരുവല്ലം, കുഞ്ചൻ ഷിബു, വിജിത സജി, സുചിത്ര, ഷിജി ജോഷി, അനിൽ തമലം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. യൂട്യൂബിലെ പ്രീപ്രൈമറി ചാനലിൽ ലഭ്യമാണ്. പ്രീപ്രൈമറിയിലെ അധ്യാപകരും അഭ്യുദയകാംക്ഷികളും ചേർന്നാണു നിർമാണത്തിന് പണം കണ്ടെത്തിയത്.
കുഞ്ഞുങ്ങളെ പ്രാഥമിക വിദ്യാഭ്യാസത്തിലേക്കു വാത്സല്യത്തോടെ കൈപിടിച്ചു നടത്തുന്ന തങ്ങളുടെ യഥാർഥ ജീവിതം സമൂഹത്തെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഹ്രസ്വ ചിത്രം ഒരുക്കിയതെന്നും എന്നെങ്കിലും അധികാരികൾ കണ്ണുതുറക്കുമെന്ന പ്രതീക്ഷയാണു പങ്കുവയ്ക്കുന്നതെന്നും പ്രീപ്രൈമറി അധ്യാപക സംഘടനാ നേതാവായ കാമാക്ഷി ഗൗതം പറയുന്നു.