ഇന്ദ്രൻ എന്റെ ഫ്രിജ് തുറന്ന് വിഡിയോ എടുക്കും, രാജുവിന് അയയ്ക്കാൻ: മല്ലിക സുകുമാരൻ
Mail This Article
തന്നോട് മക്കൾക്കുള്ള കരുതലിനെപ്പറ്റി തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ. ഡയബറ്റിസ് ബാധിച്ച താൻ മധുരം കഴിക്കുന്നത് മക്കൾ വിലക്കാറുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. വീട്ടിൽ മകൻ ഇന്ദ്രൻ വരുമ്പോൾ ഫ്രിജ് തുറന്ന് മധുരപലഹാരങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രമെടുത്ത് പൃഥ്വിക്ക് അയക്കാറുണ്ടെന്നും ഇതാണ് ഡയബെറ്റിസ് ബാധിച്ച നമ്മുടെ അമ്മ കഴിക്കുന്നത് എന്ന് പറയുമെന്നും മല്ലികാ സുകുമാരൻ പറയുന്നു. ‘എന്റെ അമ്മ സൂപ്പറാ’ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മല്ലിക സുകുമാരൻ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. മല്ലികയോടൊപ്പം മരുമകൾ പൂർണിമയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിൽ 'അമ്മ മല്ലിക സുകുമാരന്റെ ഇഷ്ടങ്ങളെ കുറിച്ച് പൂർണിമയോട് ചോദിക്കുകയായിരുന്നു അവതാരക. “ജിലേബി, ലഡു ഇതിൽ ഏതാവും മല്ലികാമ്മ എടുക്കുക?” എന്ന അവതാരകയുടെ ചോദ്യത്തിന് “അമ്മയ്ക്ക് ഇഷ്ടം ഈ രണ്ടു പലഹാരവുമല്ല. എന്നാൽ ഇതിലേതാണ് കൂടുതലിഷ്ടമെന്നു ചോദിച്ചാൽ ജിലേബി,” എന്നായിരുന്നു പൂർണിമ മറുപടി പറഞ്ഞത്.
‘‘മൈസൂർ പാക്കാണ് എനിക്കേറെയിഷ്ടം. പൊതുവെ ഡയബറ്റിക് ആണ് ഞാൻ. പക്ഷേ ഒന്നൊന്നര വർഷമായിട്ട് ഡയബറ്റിസ് നോർമലായിട്ട് പോവുകയാണ്. എന്നാലും രാത്രി ഷുഗർ കുറഞ്ഞാലോ എന്നു കരുതി ഞാൻ കുറച്ച് മധുരപലഹാരങ്ങൾ കരുതും. ഫ്രിജിനകത്ത് മധുരം സൂക്ഷിച്ചിരിക്കുന്നത് ഷുഗർ 80 ലും താഴെ പോയാൽ പെട്ടെന്ന് എടുത്തു കഴിക്കേണ്ടതല്ലേ എന്നോർത്ത് ആണ്. ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വിഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കുകയാണ്. ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി എന്നും പറയും. ഇങ്ങനത്തെ ദുഷ്ടന്മാരാണ് എന്റെ മക്കൾ”. –ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നു.
നടൻ സുകുമാരന്റെ മരണത്തോടെ ഏറെക്കുറെ അനാഥരായ കുടുംബത്തിന്റെ നെടുംതൂൺ ആയി നിന്ന് മക്കളെ പഠിപ്പിച്ച് വലുതാക്കി മലയാള സിനിമയിലെ അഭിമാനതാരങ്ങളായി മാറ്റിയ അമ്മയാണ് മല്ലിക സുകുമാരൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് മല്ലിക സുകുമാരന്റേത്. മരുമക്കൾ പൂര്ണിമായും സുപ്രിയയും അവരവരുടെ മേഖലയിൽ തിളങ്ങുന്ന താരങ്ങളാണ്. മരുമക്കളെ മക്കളായി കാണുന്ന അമ്മായിയമ്മയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ മക്കൾക്ക് അമ്മയോടുള്ള കരുതൽ ഏറെ സരസമായി അവതരിപ്പിച്ച മല്ലികയുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്,