‘എന്തൊക്കെ കാണണം കേൾക്കണം!’ മുൻഭർത്താവിനും സുഹൃത്തിനും വരദയുടെ പരോക്ഷ മറുപടി?
Mail This Article
സീരിയല്‍ താരവും മുൻഭർത്താവുമായ ജിഷിന്‍ മോഹന്റെ പുതിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾക്ക് നടി വരദയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു. 'എന്തൊക്കെ കാണണം?? എന്തൊക്കെ കേള്‍ക്കണം?? എന്തായാലും കൊള്ളാം!!' എന്നായിരുന്നു വരദയുടെ പ്രതികരണം.
വിവാഹമോചനത്തിന് ശേഷം താൻ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതിൽ നിന്നുള്ള മോചനത്തിനു കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമാണ് ജിഷിൻ പറഞ്ഞത്. ഇൗ വാക്കുകളോടാണ് സമൂഹമാധ്യമങ്ങൾ വഴി വരദ പ്രതികരണമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ജിഷിന്‍ പറഞ്ഞ കാര്യങ്ങളോടുള്ള നടിയുടെ പരോക്ഷ മറുപടിയാകും ഇതെന്നാണ് ഇവർ പറയുന്നത്.
‘ഡിവോഴ്സിന് ശേഷമുള്ള രണ്ടു വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. പുറത്തുപോലുമിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. കള്ളുകുടി തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനു ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംഭവിച്ചുപോകുന്നതാണിത്’. എന്നായിരുന്നു മൂവി വേൾഡ് മിഡിയയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ജിഷിൻ പറഞ്ഞത്.
‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്നേഹബന്ധമുണ്ട്. പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്. കമന്റിടുന്ന പലര്‍ക്കും ചൊറിച്ചിലാണ്.’ അമേയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ജിഷിന്റെ പറഞ്ഞത് ഇങ്ങനെ.
സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവും അടുത്തിടെ വരെ വാർത്തകളിൽ നിറഞ്ഞിരുന്നു. ദീര്‍ഘകാലമായി പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും ഈ വര്‍ഷം ജനുവരിയിലാണ് വിവാഹമോചിതരായത്.