അലറൽ കുറച്ചെന്ന് റോബിൻ, തനിക്കു വേണ്ടി മാറിയതെന്ന് ആരതി പൊടി; വിവാഹ തീയതി വെളിപ്പെടുത്തി താരങ്ങൾ
Mail This Article
വിവാഹ തീയതി പ്രഖ്യാപിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും. അടുത്ത വർഷം ഫെബ്രുവരി 16നാണ് വിവാഹിതരാകുന്നതെന്ന് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഇരുവരും വെളിപ്പെടുത്തി. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്.
തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ്,’’ ആരതി വെളിപ്പെടുത്തി.
ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. റോബിന്റെ വാക്കുകൾ: ‘‘മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു.’’
നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി. എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് വീണ്ടും റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.
റോബിനാണ് ആദ്യം പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു. തന്നെ വളരെ അധികം മനസ്സിലാക്കുന്ന വ്യക്തിയാണ് റോബിനെന്നും ഒരു സ്ത്രീയെന്ന നിലയിലും പങ്കാളിയെന്ന നിലയിലും തനിക്ക് എല്ലാ ബഹുമാനവും റോബിൻ നൽകാറുണ്ടെന്നും ആരതി നേരത്തേ പറഞ്ഞിരുന്നു.