ജോൺസൺ മാഷ് പോയപ്പോൾ ആഴ്ചകളോളം കരഞ്ഞു; പാട്ടിന്റെ വേറിട്ട വഴികളിൽ ഹരീഷ് ശിവരാമകൃഷ്ണൻ
Mail This Article
കോളജിലും സ്കൂളിലും നിന്നുമൊക്കെ പെറുക്കിക്കൂട്ടി ചേര്‍ത്തുവച്ച നല്ല കെമിസ്ട്രിയുള്ള ചങ്ങാതിമാര്ക്കിടയിലിരുന്നു. വര്‍ത്തമാനം പറയുമ്പോള്‍ ഇടയ്ക്ക് അറിയാതെ ചില മനുഷ്യര്‍ കയറി വരാറില്ലേ... പിന്നെ അവരെ കുറിച്ചാകും സംസാരമത്രയും. കാരണം അവര്‍ അത്രമാത്രം നമ്മുടെ സഞ്ചാരങ്ങളേയും ചിന്തകളേയും ഓരോ ദിനങ്ങളേയും നിര്‍വചിക്കുകയും അതിരുകളില്ലാത്തൊരു അനുഭൂതികളിലേക്ക് കൈപിടിക്കുകയും ചെയ്തിട്ടുണ്ടാകും. പാട്ടിലൂടെ, എഴുത്തിലൂടെ, വര്‍ത്തമാനത്തിലൂടെയും വരകളിലൂടെയും അവര്‍ ഇങ്ങനെ ഏറ്റവും സന്തോഷമുള്ള നേരങ്ങളിലും മൂകമായ ഇടവേളകളിലും ഒറ്റപ്പെടലുകളിലുമൊക്കെ കൂട്ടുവന്ന് ഹൃദയം കവര്‍ന്നവരാണ്. അങ്ങനെയുള്ളവര്‍ അപൂര്‍വമേ കാണുകയുമുള്ളൂ. ആള്‍ക്കൂട്ടങ്ങളുടെ ആരവമുള്ള, ആഘോഷങ്ങളുടെ തിമിര്‍പ്പുള്ള ഇടങ്ങളിലൊന്നും അവര്‍ അത്ര വലിയ സാന്നിധ്യമായിരിക്കില്ല. പക്ഷേ മനുഷ്യനും മനുഷ്യനും തമ്മില്‍ അതിരുകളില്ലാതെ സ്നേഹിക്കുകയും സംവദിക്കുകയും ചെയ്യുന്ന മറു ലോകത്ത് അവര്‍ ഹൃദയം കീഴടക്കിയവരാകും. ഹരീഷ് ശിവരാമകൃഷ്ണന് എന്ന പാട്ടുകാരനെ അക്കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാം. കാലം സമ്മാനിച്ച ഏറ്റവും മനോഹരമായ പാട്ടുകളെ തന്റേതായ രീതിയില്‍ പാടി മനസ്സു പറിച്ചെടുക്കുന്ന ഹരീഷ് ശിവരാമകൃഷ്ണന്.
സിനിമാ സംഗീത ലോകത്ത് വന്‍ ഹിറ്റുകള്‍ തീര്‍ത്ത, ഒരുപാട് ഗാനങ്ങള്‍ അക്കൗണ്ടിലുള്ള ഒരു പാട്ടുകാരനാകാതിരുന്നിട്ടും പാട്ടിനെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകളില്‍ അങ്ങേയറ്റം ആവേശത്തോടെ പങ്കുവയ്ക്കപ്പെടുന്ന പേരുകളിലൊന്നായി അതുമാറിയിട്ട് കാലമേറെയായി. അങ്ങനെയുള്ളൊരാളിനെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കാര്യം സമൂഹ മാധ്യമത്തില്‍ അടുത്തിടെ പാടിയ ചില പാട്ടുകളാണ്. വിടര്‍ന്നു ചിരിക്കുന്ന ഗുല്‍മോഹറുകളേക്കാള്‍ മനോഹരമായ ആലാപനം. ‘ഹൃദയം തൊട്ടത് എന്നുള്ള വിശേഷണം പോലെ ഏറ്റവും ചെറുതാകുന്നത്രയും ഹൃദ്യമാര്ന്നത്. ഇപ്പോള്‍ ഈ എഴുത്തിന് കാരണവും അതുതന്നെയാണ്.
ഹരീഷ് തന്നെ സമൂഹ മാധ്യമത്തിലെ തന്റെ ഇടത്തില്‍ അടുത്തിടെ പങ്കുവച്ച ‘ദേവീ, ആത്മരാഗമേകാന്‍...’എന്ന പാട്ടും ‘അനുരാഗ ലോല ഗാത്രി’യും പിന്നെ ‘പത്തുവെളിപ്പിന്’ എന്ന പാട്ടുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നും പറയാനില്ലാത്ത അവസ്ഥയിലേക്ക് മനസ്സിനെ നയിക്കുന്നത്രയും വശ്യമായ ആലാപനമായിരുന്നു ആ പാട്ടുകളില്‍ നിറയെ. മറ്റൊരു ലോകത്തേക്ക് എന്നൊക്കെയോ കൊതിച്ച ഒരു വികാരതലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു ഹരീഷ്. റിപ്പീറ്റ് മോഡില്‍ ആ പാട്ടുകള്‍ കാതുകളില്‍ ചേര്‍ത്തുവയ്ക്കുന്നു, എന്തുകൊണ്ടിങ്ങനെ പാടുന്നുവെന്നതിന് ഹരീഷിന് പറയാന്‍ ഏറെയുണ്ടാകും എന്നുറപ്പ്. കാരണം ഇന്നോളം തിരഞ്ഞെടുത്ത് തന്റേതായ ശൈലിയില്‍ പാടിയ ഓരോ ഗാനങ്ങള്‍ക്കും കിട്ടിയ പ്രശംസകളോടും വിമര്‍ശനങ്ങളോടും അത്രമാത്രം വ്യക്തതയോടെയാണ് ഹരീഷ് സംസാരിച്ചിട്ടുള്ളത്. ‘ദേവീ, ആത്മരാഗമേകാന്‍’ എന്ന ജോണ്സണ് മാസ്റ്റര്‍ ഗാനം പാടുന്നതിനിടയില്‍ കേള്‍വിക്കാരോട് സംസാരിക്കുന്നത് പോലും കണ്ണുനിറയ്ക്കും പോലെയാണ്. അതുപോലെയാണ് ഹരീഷിന്റെ ലൈവുകളും. പാട്ടു കേട്ടിറങ്ങുമ്പോള്‍ കണ്ണുമാത്രമല്ല, മനസ്സും നിറയും. ്അങ്ങനെയൊരു അനുഭൂതി പങ്കുവയ്ക്കാന്‍ കഴിയുന്ന എത്ര ഗായകരുണ്ട് നമുക്കിടയില്‍...
‘ജോണ്സണ് മാസ്റ്ററിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് തന്നെയായിരിക്കും ‘ദേവീ ആത്മരാഗമേകാൻ’. കൈതപ്രം രചിച്ച കാവ്യസുന്ദരമായ വരികള്‍ക്ക് ഇതിനുമപ്പുറം ചേരുന്ന ഈണമില്ലെന്ന് എനിക്ക് നിസംശയം പറയാനാകും. വരികളും ഈണവും തമ്മില്‍ അങ്ങനെയൊരു ചേര്‍ച്ച വരുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വതയാണ് ഈ പാട്ടിലുള്ളത്.’ ദേവീ...എന്നഗാനത്തെ കുറിച്ച് ഹരീഷ് പറയുന്നു. ‘അതിനെല്ലാത്തിനുമുപരിയായി ജോണ്സണ് മാസ്റ്ററിനോടുള്ള ഇഷ്ടവും കൂടിയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാനും ആ പാട്ടുകള്‍ കേള്‍ക്കാനും കഴിഞ്ഞത് ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം കടന്നുപോയപ്പോള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ഒരുപാട് മലയാളികളെ പോലെ ദിവസങ്ങളോളം കരഞ്ഞ വ്യക്തിയാണ് ഞാനും. അത്രമാത്രം സങ്കടമായിരുന്നു. അതാണ് ഈ പാട്ട് പാടിയപ്പോള്‍ ഇമോഷണല്‍ ആയിപ്പോയത്. ഒരു കൂട്ടുകാരന് വിഡിയോ എടുത്ത് അയച്ചു തന്നപ്പോള്‍ അതേപ്പറ്റി എഴുതാന്‍ തോന്നി....ഒരുപാട് രാഗങ്ങളുടെ കൂടിച്ചേരലുണ്ട് ആ പാട്ടില്‍. അതുപോലെ ഒരുപാട് ഓര്‍മ്മകളുടെയും.’ ഹരീഷ് പറഞ്ഞു.
ചെമ്പൈ സംഗീതോത്സവം പോലുള്ള അതുല്യമായ വേദികളില്‍ ശാസ്ത്രീയ സംഗീത കച്ചേരിയുടെ സംശുദ്ധിയും കണ്ചിമ്മുന്ന വിളക്കുകള്‍ അനേകമുള്ള പ്രസരിപ്പുള്ള വേദികളില്‍ സിനിമാ ഗാനത്തിന്റെ ഇന്നോളം കേള്‍ക്കാത്ത മറുഭംഗിയും പാടിയാണ് ഹരീഷ് തന്റെ സംഗീതജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ന്യൂസ് റൂമില്‍ പാടിയ ശ്രീരാഗവും, രംഗ്പുര വിഹാരയും ആ ചേര്ച്ചയ്ക്കുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. അയാള്‍ പാടുമ്പോള്‍ ചില ഗാനങ്ങള്‍ക്ക് ഒരുപാട്ടിന്റെ പാതിയില്‍ നിന്ന് പാടുമ്പോള്‍ അത് പാതിവിടര്‍ന്ന പൂക്കളേക്കാള്‍ മനോഹരമാകുന്നുമെന്നു തോന്നുന്നത് അതുകൊണ്ടാണ്. വരികള്‍ക്കും ഈണത്തിനും വിടര്‍ന്നു ചിരിക്കുന്ന ഗുല്മോഹറിനേക്കാള് ഭംഗിയാണെന്നു തോന്നിപ്പോകുന്നു. അല്ലായെങ്കില്‍ യേശുദാസ് എന്ന ഗന്ധര്വ്വന് പാടി കാലാതീതമാക്കിയ ഗന്ധര്‍വ്വന്റെ പ്രണയത്തുടിപ്പുകളെ കുറിച്ചുള്ള ഈ പാട്ടിന്റെ ഒരു ശകലം കേള്‍ക്കുമ്പോള്‍ അത്രമാത്രം ഇഷ്ടം തോന്നില്ലല്ലോ.
പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ, വന്‍കിട ഐടി കമ്പനികളില്‍ ജോലി ചെയ്ത കരിയറില്‍ ഗൂഗിളില്‍ വരെയെത്തി നില്ക്കുന്ന മികച്ച ഗ്രാഫുള്ള ഒരു എഞ്ചിനീയറും ഇന്ത്യന്‍ ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതവും തമ്മില്‍ കേള്‍ക്കുമ്പോള്‍ വലിയ ചേര്‍ച്ചക്കുറവുണ്ട്. ആ ചേര്‍ച്ച കുറവ് തന്നെയാണ് ഹരീഷ് എന്ന ഗായകനിലേക്ക് അതിശയത്തിന്റെ നോട്ടമെത്തിക്കുന്ന ആദ്യ ഘടകം. കോളജില്‍ പഠിക്കാനെത്തും വരെ പാശ്ചാത്യ സംഗീതത്തെ കുറിച്ച് തെല്ലുമേ അറിവുണ്ടാകാത്തൊരാള് പ്രോഗ്രസീവ് റോക്ക് എന്ന സംഗീത ശൈലിയേയും അതുപോലെ മത്സരങ്ങള്‍ ഏറെയുള്ള ഐടി കരിയറും ഒരുപോലെ ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുന്നുവെന്നത് അതിനേക്കാള്‍ വലിയ കൗതുകം. ആ അതിശയവും കൗതുകവുമൊക്കെ ചേര്‍ന്ന് ഹരീഷ് ശിവരാമകൃഷ്ണന് എന്ന പേര് നമുക്ക് ചുറ്റും, പ്രത്യേകിച്ച് പാട്ട് അസ്ഥിക്കു പിടിച്ചു പോയ പഴയ മാധുര്യത്തേയും പുതിയ കാലത്തിന്റെ സംഗീത വഴികളേയും ഒരുപോലെ ആസ്വദിക്കുന്ന യുവതലമുറക്കിടയില്‍ പ്രിയങ്കരമായതിനു കാരണം.
പാട്ടുപോലെ തന്നെ കടലോളം ആഴമുള്ളതാണ് വര്‍ത്തമാനവും. ഹരീഷ് പാടിയ പാട്ടുകള്‍ പോലെ റിപ്പീറ്റ് മോഡില്‍ കേട്ടിരുന്നു പോകും സംസാരിക്കുന്നതു കണ്ടാല്‍. ശ്രേയ ഘോഷാലിനോടുള്ള ഇഷ്ടം കൂടി മകള്‍ക്കു ശ്രേയ എന്നു പേരിട്ടതിനെ, താന്‍ പാടാന്‍ പോകുന്ന വേദികളിലൊക്കെയും സാന്നിധ്യമായി മാറുന്ന അച്ഛനെ കുറിച്ച് കോളജിലെ സ്വയം പരിവര്‍ത്തനത്തെ കുറിച്ച് കരിയറില്‍ നടത്തിയ തിരഞ്ഞെടുപ്പുകളേയും മനുഷ്യരെ മനസ്സിലാക്കിയതിനെ കുറിച്ച് ‘അഗം’ എന്നു സ്വന്തം മ്യൂസിക് ബാന്‍ഡിനു പേരിട്ടതിനെ കുറിച്ചൊക്കെ ഹരീഷ് സംസാരിച്ചതും അദ്ദേഹത്തിന്റെ പാട്ടുകളെ പോലെ എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. അതുപോലെ തന്നെയാണ് ഹരീഷ് സ്റ്റൈലിനോടും. നീട്ടി വളര്‍ത്തി നിറം ചേര്‍ത്ത മുടിയും തലയിലെ സ്കാര്‍ഫും ടാറ്റൂവും പാടും നേരത്തെ മുഖഭാവവുമൊക്കെ ഒരല്പം ഭ്രാന്തന്മട്ടില് വേദികളില്‍ നില്ക്കുന്നതുമൊക്കെ ആ പാട്ടിനൊപ്പമുള്ള രസക്കൂട്ടുകളാണ്.
ഇതിനെല്ലാമുപരി അത്രമേല്‍ കഴിവുള്ളൊരു മനുഷ്യന് പാട്ടുകളെ മുന്‍പൊരിക്കലും നമ്മള് കേട്ടിട്ടില്ലാത്ത തലത്തില്‍ പാടുകയും അതേപ്പറ്റി ഉള്ളംതുറന്ന് സംസാരിക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞിടത്താണ് ഹരീഷിനെ നമ്മള് സ്നേഹിച്ചു തുടങ്ങിയത്. പാഷനും കരിയറും ഒരുപോലെ ഒരേ നിലവാരത്തില്‍ അത്രമാത്രം ആത്മാര്‍ഥതയോടെ ചേര്‍ത്തുനിര്‍ത്താം എന്നു കാണിച്ചു തന്നതു കൊണ്ടാണ് അയാള്‍ ഒരു അതിശയമായി മാറുന്നത്. അത്രമേല്‍ തെളിമയാര്‍ന്ന മനസ്സോടെ നിലപാടുകളോടെ പാട്ടിനെ അയാള്‍ സമീപിക്കുന്നതു കൊണ്ടാണ് ഓരോ പാട്ടുകള്ക്കിപ്പുറം ഇനിയും പാടുക ഹരീഷ് എന്ന് അറിയാതെ ഉള്ളുതൊട്ട് നമ്മള് പറഞ്ഞു പോകുന്നതും.