ADVERTISEMENT

‘മനസിൻ മടിയിലെ മാന്തളിരിൽ 

മയങ്ങൂ മണിക്കുരുന്നേ...

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങു നീയുറങ്ങൂ.....’

ഈ വരികൾ ഓർമയില്ലേ? ഈ ഗാനം മലയാളികളുടെ മനസിൽ ചേക്കേറിയിട്ട് ഇരുപത്തിയഞ്ച് വർഷം പിന്നിടുന്നു. കാൽ നൂറ്റാണ്ടിനിപ്പുറവും പുതുമയും മനോഹാരിതയും നിലനിർത്താൻ ഗാനത്തിന് കഴിയുന്നു എന്നതു തന്നെയാണ് അതിന്റ ഏറ്റവും വലിയ സവിശേഷത. വരികൾ കൊണ്ടും സ്വരമാധുരി കൊണ്ടും അന്നും ഇന്നും സംഗീതപ്രേമികളുടെ ആസ്വാദനതലത്തെ ആഴത്തിൽ സ്പർശിച്ചതാണ് ഈ ഗാനം. 

ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1994–ൽ പുറത്തിറങ്ങിയ ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലെ ഗാനമാണ് 'മനസിൻ മടിയിലെ മാന്തളിരിൽ'. ഷിബു ചക്രവർത്തിയാണ് ഗാനത്തിന് വരികളെഴുതിയത്. അകാലത്തിൽ വിടപറഞ്ഞ ജോൺസൻ മാഷ് ഈണം പകർന്ന ഗാനം വാണി ജയറാം ആലപിച്ച് ഹൃദ്യമാക്കി. 

വിനീത്, മുകേഷ്, ശോഭന, ശ്രീനിവാസൻ, ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ലക്ഷ്മിയുടെ കഥാപാത്രം തന്റെ വിദ്യാർഥികളെ സംഗീതം പഠിപ്പിക്കുന്ന ദൃശ്യത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. ഗാനത്തിലുടനീളം കോറസുണ്ടെന്നതും ശ്രദ്ധേയമാണ്.

വർഷങ്ങളെത്ര കഴിഞ്ഞാലും സംഗീതാസ്വാദകരുടെ മനസിൽ ഈ ഗാനത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. നിരവധി കവർ പതിപ്പുകളും ഈ ഗാനത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാള ചലച്ചിത്രസംഗീതമേഖലയിൽ പകരം വയ്ക്കാനില്ലാത്ത സംഗീത സംവിധായകനാണ് ജോണ്‍സൻ മാഷ്. അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കിയാണ് പലരും കവർ ഗാനങ്ങൾ ചെയ്യാറുള്ളത്. ‘മാനത്തെ വെള്ളിത്തേരിൽ പൂരം കാണാൻ പോകും’, ‘അന്തിമാന ചോപ്പ് മാഞ്ഞു’, ‘പൂ തത്തമ്മേ’ എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ. അവയ്ക്കെല്ലാം ഈണം പകർന്നത് ജോൺസൻ മാഷ് ആണ്. ഷിബു ചക്രവർത്തി വരികളെഴുതി. കെ.ജെ യേശുദാസ്, കെ. എസ് ചിത്ര, ചന്ദ്ര ശേഖർ എന്നിവരാണ് ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com