മില്യൺ അടിച്ച് ഷൈലോക്കിലെ ബാർ സോങ്; ഈ പാട്ട് കളറാക്കിയ ഗായികമാർ ഇവരാണ്
Mail This Article
റിലീസ് ചെയ്തു മൂന്നു ദിവസം കഴിഞ്ഞിട്ടും യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെയുണ്ട് ഷൈലോക്കിലെ ബാർ ഗാനം. മൊത്തത്തിലൊരു എനർജിയാണ് ഷൈലോക്കിലെ ഈ ഗാനത്തിന്! മെയ്യും മനവും താളം പിടിക്കും പോലൊരു പാട്ട്. ഒട്ടും സംശയിക്കാതെ, ഈ വർഷത്തെ ആദ്യ ട്രെൻഡി ഗാനമായി പ്രേക്ഷകർ ഷൈലോക്കിലെ ഗാനത്തെ ഏറ്റെടുത്തു കഴിഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് 'കളറാകും' എന്ന സൂചന നൽകുന്ന ഈ പാട്ട് സത്യത്തിൽ കളറാക്കിയത് മൂന്നു ഗായികമാരാണ്– റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ. ദേവൻ! ഈ യുവഗായകർക്ക് മലയാള പിന്നണിഗാനരംഗത്തേക്ക് മാസ് എൻട്രിയാണ് ഷൈലോക്കിലെ ഗാനം നൽകിയിരിക്കുന്നത്. ഒരു വേദിയിൽ ഒരുമിച്ചു പാടുകയും ഒരു സിനിമയിലൂടെ ഒരുമിച്ച് അരങ്ങേറ്റം നടത്താനും ഈ ഗായകർക്ക് വഴിയൊരുക്കിയത് ഗോപി സുന്ദർ എന്ന സംഗീതസംവിധായകനാണ്. ഈ പാട്ട് ഹിറ്റാകുമ്പോൾ പ്രത്യേകമായൊരു സന്തോഷം തനിക്കുണ്ടെന്നു തുറന്നു പറയുകയാണ് ഗോപി സുന്ദർ. ഷൈലോക്കിലെ ഹിറ്റ് പാട്ടിനെക്കുറിച്ചും പാട്ടിനു പിന്നിലെ സൗഹൃദത്തെക്കുറിച്ചും ഗോപി സുന്ദറും ഗായകരും സംസാരിക്കുന്നു.
ഇതൊരു ചരിത്രമാണ്: ഗോപി സുന്ദർ
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിയിൽ നിന്നാണ് ഈ പാട്ടിലേയ്ക്കുള്ള ഗായകരെ ഞാൻ കണ്ടെത്തുന്നത്. വിധികർത്താവിന്റെ റോളിൽ ഞാനും ആ ഷോയുടെ ഭാഗമാണ്. ശ്വേത, നാരായണി, നന്ദ– എന്നീ മൂന്നു ഗായകരാണ് ഷൈലോക്കിലെ ഈ ഫാസ്റ്റ് നമ്പറിന് ശബ്ദം നൽകിയിരിക്കുന്നത്. ഈ പാട്ടിന്റെ ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്നതും മൂന്നു പെൺകുട്ടികളാണ്. അങ്ങനെയാണ് മൂന്നു ഗായകരിലേക്ക് ഞാനെത്തുന്നത്. ഈ മൂന്നു പേരുടെയും ശബ്ദത്തിന്റെ ടോൺ വളരെ വ്യത്യസ്തമാണ്. അതു പാട്ടിനു ഗുണം ചെയ്തു. ശ്വേതയും നാരായണിയും നന്ദയും വളരെ കഴിവുള്ള പാട്ടുകാരാണ്. ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി നിൽക്കുമ്പോൾ തന്നെ സിനിമയിൽ പാടുകയും അതു ഹിറ്റാവുകുയും ചെയ്യുക എന്നത് തീർച്ചയായും സ്പെഷലാണ്, ചരിത്രമാണ്!
പൊതുവെ ഐറ്റം സോങ് എന്നു പറയുമ്പോൾ മലയാളികൾക്ക് കേൾക്കാനൊക്കെ ബുദ്ധിമുട്ടാണ്. മെലഡിയാണ് നമുക്ക് കൂടുതലിഷ്ടം. ഈ സിനിമയിൽ നായകൻ തമിഴ്നാട്ടിലെ ഒരു ഡാൻസ് ബാറിലേക്ക് പോകുന്ന രംഗം വന്നതുകൊണ്ടാണ് ഇത്തരമൊരു പാട്ടിന് അവസരമൊരുങ്ങിയത്. ആ രംഗത്തോടു നീതി പുലർത്തുന്ന ഗാനം ഒരുക്കുക എന്നതായിരുന്നു എന്റെ ചുമതല. ബാർ സോങ്ങിൽ അൽപമൊരു മെലഡി ഫീൽ ഉണ്ട്. അതുകൊണ്ടായിരിക്കാം പ്രേക്ഷകർക്ക് ഈ ഗാനം ഇഷ്ടമായത്, ഗോപി സുന്ദർ പറഞ്ഞു.
മത്സരങ്ങളില്ലാത്ത സൗഹൃദം, ഗായകർക്ക് പറയാനുള്ളത്
ഒന്നാമതെത്താൻ മത്സരിക്കുന്ന പുതിയ കാലത്ത് സൗഹൃദത്തിന്റെ പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഷൈലോക്കിലെ പാട്ടുകാരായ ശ്വേത അശോകും നാരായണി ഗോപനും നന്ദ ജെ ദേവനും. ഒരു റിയാലിറ്റി ഷോയിൽ ഒരുമിച്ചു മത്സരിക്കുമ്പോഴും മാർക്കിനും സ്ഥാനത്തിനുമപ്പുറത്ത് സൗഹൃദം സാധ്യമാണെന്നു തെളിയിക്കുകയാണ് ഈ ഗായകർ. ഇവരുടെ ഈ 'സ്വരചേർച്ച' ഷൈലോക്കിലെ ബാർ സോങ്ങിലും പ്രകടമാണ്. മൂന്നു വ്യത്യസ്ത ടോണിലുള്ള ശബ്ദങ്ങളായിട്ടും അതിമനോഹരമായി മൂന്നു ശബ്ദങ്ങളും ഇഴചേർന്നൊഴുകുന്നു.
"ഈ പാട്ടു പാടാൻ ഗോപി സുന്ദർ സർ ആദ്യം വിളിക്കുന്നത് ശ്വേത അശോകിനെയാണ്. പിന്നീടാണ് നന്ദയും ഞാനും ഈ പാട്ടിന്റെ ഭാഗമാകുന്നത്," പാട്ടുവഴികളെക്കുറിച്ച് നാരായണി ഗോപൻ പറഞ്ഞു. പ്രശസ്ത പിന്നണിഗായകൻ കല്ലറ ഗോപന്റെ മകളാണ് നാരായണി. ഇതിനു മുൻപ് രണ്ടു സിനിമയിൽ നാരായണി പാടിയിട്ടുണ്ടെങ്കിലും ഹിറ്റാകുന്ന പാട്ട് ഷൈലോക്കിലേതാണ്. "പാട്ടു റിലീസായതിനു ശേഷം നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു. സിനിമയിൽ ഒരു പാട്ടു പാടിയിട്ട് ഇത്രയധികം അഭിനന്ദനങ്ങൾ ലഭിക്കുന്നത് ഇതാദ്യമായാണ്," നാരായണി പറഞ്ഞു. സമാനമായ അനുഭവമാണ് ശ്വേത അശോകിനും പങ്കു വയ്ക്കാനുള്ളത്.
ശ്വേത പറയുന്നു: "സിനിമയിൽ നല്ലൊരു പാട്ടു പാടുക എന്നത് എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല എന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് ഇപ്പോൾ കിട്ടിയ ഈ അവസരം അത്രയേറെ സ്പെഷലാണ്. ഗോപി സുന്ദർ സാറിന്റെ സംഗീതത്തിൽ ഹാപ്പി സർദാറിലും ധമാക്കയിലും ഞാൻ പാടിയിട്ടുണ്ടെങ്കിലും ഹിറ്റായത് ഷൈലോക്കിലെ പാട്ടാണ്." പത്തുവർഷം മുൻപ് 'നല്ല പാട്ടുകാരെ' എന്ന സിനിമയിൽ സംഗീതസംവിധായകൻ ശരത് ഈണം പകർന്ന അമ്മേ മൂകാംബികേ എന്ന ഗാനം പാടിയാണ് ശ്വേത അശോക് ചലച്ചിത്രലോകത്ത് എത്തുന്നത്. എന്നാൽ, അതിനുശേഷം, വലിയ അവസരങ്ങളൊന്നും ശ്വേതയെ തേടിയെത്തിയില്ല. സ്വന്തം സംഗീതത്തിലും കഴിവിലും വിശ്വാസം അർപ്പിച്ച് ശ്വേത നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഷൈലോക്കിലെ ഹിറ്റ് ഗാനത്തിന്റെ ഭാഗമാകാൻ ശ്വേത അശോകിനു ലഭിച്ച ക്ഷണം.
"ഗോപി സുന്ദർ സാറിന്റെ സ്റ്റുഡിയോയിൽ ട്രാക്ക് സിംഗർ ആയി ഞാൻ പോകുന്നുണ്ട്. അദ്ദേഹത്തിനു വേണ്ടി കുറെയേറെ പാട്ടുകൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. ഈ പാട്ടിനു വരികളാകുന്നതിനു മുൻപേ ഈണം മാത്രമായി റെക്കോർഡ് ചെയ്തിരുന്നു. അതു മുതൽ, ഈ പാട്ടിന്റെ ഓരോ ഘട്ടത്തിനും സാക്ഷിയും ഭാഗവുമാകാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഒത്തിരി സന്തോഷം പകരുന്ന കാര്യങ്ങളാണ്," ശ്വേത പറയുന്നു.
അതേസമയം, ചേച്ചിമാരുടെ കൂടെ പാടിത്തുടങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നന്ദ ജെ.ദേവൻ. പ്ലസ് വൺ വിദ്യാർത്ഥിയായ നന്ദയുടെ ആദ്യ ചലച്ചിത്രപിന്നണി ഗാനമാണ് ഷൈലോക്കിലേത്. പാട്ട് ഹിറ്റായതോടെ, നാട്ടിൽ നിന്നും സ്കൂളിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണെന്ന് നന്ദ പറയുന്നു. കേരളം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയമായ പാട്ടു പാടാൻ കഴിഞ്ഞതു തന്നെ വലിയൊരു അവസരമാണെന്നു ഗായകർ മൂന്നു പേരും ഒരേ സ്വരത്തിൽ പറയുന്നു. പാട്ടിനു ലഭിക്കുന്ന സ്വീകാര്യത അദ്ഭുതപ്പെടുത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.