ADVERTISEMENT

മിഴികളുടെ നീലിമയിൽനിന്നു ഭാവഗീതത്തെ പകർത്തി പ്രണയത്തെ എത്രമേൽ മധുരതരമാക്കാമെന്ന് പൂവച്ചൽ ഖാദർ  ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു. കാൽപനികതയുടെ കൈവഴിപ്പാതയിലൂടെ ആത്മാംശമിറ്റിച്ച് കാവ്യവിരുന്നൊരുക്കുന്ന പൂവച്ചൽ അങ്ങനെയാണ്.  അജ്ഞാതവാസം കഴിഞ്ഞ് മണിമുകിൽതേരിലിറങ്ങിയ മഴവില്ലു പോലെ, കയ്യിൽ മന്ദാരച്ചെപ്പും മാണിക്യക്കല്ലുമായി ആ വാർമതി കാവ്യകൈരളിയിൽ ഈറൻ നിലാവായി പെയ്തിറങ്ങാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാവുന്നു. 

പാട്ടഴകിന്റെ ആഴങ്ങളിലേക്ക് ഒന്നൂർന്നിറങ്ങിയാൽ തെളിയുന്ന ചില ചിത്രങ്ങൾ വല്ലാതെ അതിശയിപ്പിക്കുന്നതാണ്. 1982ൽ പുറത്തിറങ്ങിയ ‘ധീര’ എന്ന ജോഷി ചിത്രത്തിനുവേണ്ടി ആ തൂലികയിൽ പിറന്ന ഒരു ഗാനവും അത്തരമൊരു അതിശയമാണ് ഓരോ കേൾവിയിലും പകർന്നേകുന്നത്. ‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ നിന്റെ മിഴിതൻ നീലിമയിൽനിന്നു ഞാൻ പകർത്തീ....’ – കേൾവിക്കാരനിലേക്കും ഭാവത്തെ പകർത്താൻ മത്സരിക്കുകയല്ലേ ഈണത്തെ കൂട്ടുപിടിച്ച് പാലിയത്ത് ജയചന്ദ്രൻ എന്ന പി. ജയചന്ദ്രൻ! താളത്തിൽനിന്നു രാഗത്തിലേക്കു ചുവടുമാറി അവിടെത്തന്നെ നിലയുറപ്പിച്ചതോടെ മലയാളം ചാർത്തിക്കൊടുത്ത ‘ഭാവഗായകൻ’ പട്ടം വെറുതെയല്ലായിരുന്നുവെന്ന് തെളിയിക്കാൻ മറ്റൊരു ഗാനം വേണ്ട. 

ജോഷിയുടെ സംവിധാനമികവിൽ വളരെ മനോഹരമായി ചിത്രീകരിക്കപ്പെട്ട ഗാനരംഗത്ത് അക്കാലത്തെ യുവതയെ ഹരം കൊള്ളിച്ച സുകുമാരനും സുമലതയുമാണ്. നായികയുടെ സൗന്ദര്യത്തികവും പ്രണയം തുളുമ്പുന്ന ശരീരഭാഷയും മുഖത്തു വിടരുന്ന ഭാവമാധുരിയും വരികളെ തികച്ചും അന്വർഥമാക്കുകയായിരുന്നു. ‘മൃദുലേ..’– കാവ്യഭാഷയ്ക്കു കൈവന്ന ഭംഗി ആ ഒരൊറ്റ സംബോധനയിൽ തെളിയുന്നുണ്ട്. പ്രണയിനിയുടെ മിഴികളിലെ നീലിമ കാമുകഹൃദയങ്ങളിൽ കാൽപനികതയുടെ വേലിയേറ്റം തന്നെയാണല്ലോ സൃഷ്ടിക്കുക. വരികളിൽ തുളുമ്പുന്ന പ്രണയം പകർത്തി കവിയും എത്ര പെട്ടെന്നാണ് ഒരു കാമുകനായി മാറുന്നത്!  ‘പ്രണയത്തെ പകർത്താൻ സന്ദർഭം ലഭിക്കുമ്പോൾ ഉള്ളിലെ സങ്കൽപ കാമുകൻ ഉണരും.’: പ്രണയത്തെ ഇത്ര മധുരമായ് പകർത്താനാവുന്നതിന്റെ രഹസ്യം കവി ഇന്ന് തുറന്നു പറയും.

പ്രണയിനിക്കായി ഒരു ഭാവഗീതം വച്ചു നീട്ടി, അതു പകർത്തിയത് അവളുടെതന്നെ മിഴിയിണകളിലെ നീലിമയിൽനിന്നാണെന്ന് ആ മുഖത്തേക്കു നോക്കിപ്പറയുമ്പോൾ അവിടെ വിരിയുന്ന നാണത്തിന് സമാനതകളുണ്ടാകുമോ? കാമുകീഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു കാമുകന്റെ ഭാവം, അത് ഭാവഗായകനിൽ സ്വതവേയുള്ളതു തന്നെയാണ്. നാലു പതിറ്റാണ്ടായി നാട്ടിലും മറുനാട്ടിലുമായി എത്രയോ വേദികളിൽ ആ മാന്ത്രിക സ്വരമാധുരി ഈ ഭാവഗീതത്തെ പകർത്തി ആസ്വാദക ഹൃദയങ്ങളെ പ്രണയാർദ്രമാക്കിയിരിക്കുന്നു. സ്റ്റുഡിയോയ്ക്കു പുറത്ത് ആ സ്വരത്തിനു മാധുര്യമേറുന്നത് ഒരു പതിവാണെങ്കിലും ഈ ഗാനത്തിന്റെ ആലാപനം ഭാവഗായകനെ ഒരു കൗമാരക്കാരനാക്കി മാറ്റുമെന്നത് ഇതിനോടകം എത്ര വട്ടമാണ് വേദികൾ തെളിയിച്ചത്! വീഴാനാഞ്ഞു നിൽക്കുന്നതിനെ ഒന്നു തള്ളിയാലെന്നതു പോലെ തികഞ്ഞ ഒരു റൊമാന്റിക് ഫീൽ പ്രതിഫലിപ്പിക്കുന്നതിൽ ഈണത്തിനുമുണ്ടായിരുന്നു ഒരു പ്രധാന റോൾ. 

മലയാളത്തിന്റെ ഈണങ്ങളിലേക്ക് കൈക്കുടന്ന നിറയെ തിരുമധുരവുമായെത്തിയ കെ. രഘുകുമാറിന്റേതായിരുന്നു ഈണം. രഘുകുമാർ - പൂവച്ചൽ ജോഡികളുടെ  കൂട്ടുകെട്ടിൽ പിറന്ന ആദ്യഗാനം തന്നെ - ‘നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ...’ ഹിറ്റായിരുന്നു. ആർ.കെ. ശേഖറിന്റെ കൈ പിടിച്ച് ചലച്ചിത്ര ഗാനരംഗത്തേക്കും പിന്നീട് നിർമാണ രംഗത്തേക്കും  കടന്നു വന്ന രഘുകുമാർ ‘ധീര’യുടെ നിർമാതാവുകൂടിയായിരുന്നു.

ആസ്വാദനത്തിന്റെ രാഗ മേഖലയിലേക്ക് കേൾവിക്കാരനെയും കൈ പിടിച്ചു കൊണ്ടു പോകുന്ന കവി കാഴ്ചവിസ്മയങ്ങളുടെ ഒരു പറുദീസ തന്നെയല്ലേ അവിടെ ഒരുക്കിയിരിക്കുന്നത്.

എത്ര പൂക്കളെയാണ് തന്റെ പ്രണയിനിയെ വരവേൽക്കാനായി ആ സ്വപ്നതാഴ്‌വരയിൽ താലമേന്തിച്ചു നിർത്തിയിരിക്കുന്നത്! വസന്തത്തിന്റെ ഋതുശോഭയെ ആസ്വാദ്യമാക്കാൻ പൂവച്ചലിന് അധികം വരികളുടെ അലങ്കരമൊന്നും  വേണ്ട, ഏതാനും വാക്കുകൾ തന്നെ ധാരാളം! നൂപുരങ്ങളണിഞ്ഞ് മൃദുനടനം ചെയ്ത് അരികിൽ വന്നണയുന്ന പ്രണയിനിയെ വരച്ചു ചേർക്കുമ്പോൾ ആരാണൊന്നു കൊതിച്ചു പോകാത്തത്. പ്രിയതമയെ ചേർത്തു പിടിച്ച്, ചുണ്ടിൽ ഇഷ്ടരാഗങ്ങളുടെ ഈണവുംപേറി, വസന്തം പുഷ്പതാലമെടുത്ത ആ തീരത്തുകൂടി  ഇതിനോടകം എത്ര കാതമാവും ഓരോ കാമുക ഹൃദയവും നടന്നു നീങ്ങിയിട്ടുണ്ടാവുക! കാലങ്ങൾക്കു മുമ്പേ തന്റെ പ്രണയിനിയെ ആ രാഗ മേഖലയിൽ  പ്രതിഷ്ഠിച്ചു കഴിഞ്ഞ കവിഹൃദയം തീർച്ചയായും ഒരു സങ്കൽപ കാമുകന്റേതു തന്നെ. ‘രാഗിണീ നീ വന്നു നിന്നു പണ്ടുമെൻ അരികിൽ...’ ഭാവഗായകൻ പറഞ്ഞുവയ്ക്കുന്ന പ്രസ്താവനകൾക്കും പറഞ്ഞറിയിക്കാനാവാത്ത ഒരു ഭംഗി തുളുമ്പുന്നു!

‘മണ്ണിൻ നാണം മാറ്റി നിൽക്കും മാഘ  പൗർണ്ണമിയിൽ

എന്റെ ദാഹം നീ അറിഞ്ഞോ?’ 

അല്ലെങ്കിലും പ്രണയം നുരഞ്ഞു പൊന്തുന്ന ദാഹങ്ങളുടേതു കൂടിയാണല്ലോ. നായികയ്ക്കു നേരേ നീട്ടിയെറിയുന്ന ചോദ്യം ഓരോ കാമുകഹൃദയത്തിലുംനിന്നുള്ളതു തന്നെ. നാലു പതിറ്റാണ്ടു മുമ്പത്തെ കോളജ് ക്യാംപസുകളെ ഹരം കൊള്ളിച്ച വരികൾ. പൂവാലൻ കണ്ണേറുകൾക്കൊപ്പം ക്യാംപസ് തണലിടങ്ങളിൽ എത്ര കാലം കേട്ടിരുന്നു ഇതേ വരികളുടെ നീട്ടിപ്പാടലുകൾ... തൂലികത്തുമ്പിലേയ്ക്കൂർന്നു വീണ ദാഹാർത്തമായ വരികൾ ഒരു കാമുകഹൃദയത്തിലേക്കുള്ള കവിയുടെ ചുവടുമാറ്റത്തെത്തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാതെ തരമില്ല.

മാഘ പൗർണമികളിൽ മണ്ണിന്റെ നാണം മാറി നിൽക്കുമെന്ന കാലങ്ങളായുള്ള കാവ്യകൽപനയെ ഒന്നുകൂടി ഓർമിപ്പിച്ചു കൊണ്ടല്ലേ കവി പ്രിയതമയിലേക്കു ചോദ്യമെറിയുന്നത്...

കാമുകന്റെ ഹൃദയദാഹം അവളറിഞ്ഞിരുന്നുവോ? ഒരു പരിഭവം നിഴലിക്കുന്നുവെങ്കിലും ആവർത്തനശേഷം വരുന്ന ചരണത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുന്നു.... ‘രാധികേ നീ വന്നു നിൽപ്പൂ ഇന്നുമെൻ അരികിൽ.’ അതെ, എന്നും മാഘ പൗർണമികൾ അവർക്കായി വിടരുകയാണ്. നൂറു നൂറു പൂക്കൾ എന്നും അവർക്കായി താലമേന്തുകയാണ്...

പ്രണയത്തിന്റെ മധുരോദാത്ത നിമിഷങ്ങളെ ഏറ്റവും കുറച്ചു വാക്കുകളാൽ വാചാലമാക്കുമ്പോൾ അഭ്രപാളികളിൽ അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ നായികാ നായകൻമാർക്കാവുകയും ചെയ്തു. അയത്ന ലളിതമായ താളവിന്യാസവും ഭാവാർദ്ര ചേരുവകളുമായി ഈ ഗാനത്തെ ഇത്രമേൽ ഹൃദ്യമാക്കിയതിനു പിന്നിൽ മലയാളത്തിനു വേണ്ടി ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച രഘുകുമാറിന്റെ പങ്ക് ഒട്ടും ചെറുതായിരുന്നില്ല. 

ഒരു കാലത്ത് പ്രിയദർശന്റെ ഇഷ്ട സംഗീതസംവിധായകനായിരുന്ന കെ. രഘുകുമാർ അറിയപ്പെടുന്ന തബലിസ്റ്റ് കൂടിയായിരുന്നു. അക്കാലത്തെ മിക്ക സംഗീത സംവിധായകർക്കു വേണ്ടിയും ആ വിരലുകൾ താളവിസ്മയം തീർത്തിട്ടുണ്ട്. ആറാം തമ്പുരാനിലെ ‘ഹരിമുരളീരവം’ എന്ന ഗാനത്തിൽ രഘുകുമാറിന്റെ വായ്ത്താരി വഴക്കം തെളിയിക്കുന്ന, തബല നോട്ടിലെ അനിതരസാധാരണമായ ഒരു ജതി ആസ്വാദക മനസ്സുകളിൽനിന്നു മാഞ്ഞുപോയിട്ടുണ്ടാകില്ല. 

‘കാറ്റുവിതച്ചവനി’ലൂടെ ചലച്ചിത്ര ഗാനരചനയിലേക്കു കടന്നു വന്ന പൂവച്ചൽ തന്റെ എഴുത്തുവഴിയിൽ എത്രയോ തവണ മലയാളത്തിനായി പ്രണയം വിതച്ചിരിക്കുന്നു. നൂറ്റിപ്പതിനഞ്ചോളം ഗാനങ്ങൾ ആ മാന്ത്രികത്തൂലികയിൽനിന്നു പിറന്ന വർഷം കൂടിയായിരുന്നു 1982. അവയിൽ മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു;  എത്രയോ തലമുറകൾ ഏറ്റു പാടിയവയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com