ADVERTISEMENT

പിറവിയെടുത്ത് അര നൂറ്റാണ്ടു പിന്നിട്ടിട്ടും യൗവനം പിന്നിടാതെയൊരു പാട്ട്! മലയാളത്തിന്റെ ഓർമച്ചെപ്പിൽ ഹൃദയരാഗങ്ങളുടെ കവി ശ്രീകുമാരൻ തമ്പി വരച്ചു ചേർത്ത കാലാതിവർത്തിയായ, മനോഹരമായ ഒരു കാവ്യബിംബം!

‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

നിൻ ചിരിയിലലിയുന്നെൻ ജീവരാഗം.....’  

ഓരോ തവണ കേൾക്കുമ്പോഴും, യേശുദാസും പി. ലീലയും ചേർന്ന് പകർന്നു നൽകുന്ന ഫീൽ, പറയാതെ വയ്യ, ലയിച്ചു പോവുകയാണ്. ചലച്ചിത്ര ലോകത്തെ പാട്ടെഴുത്തു വഴിയിലേക്ക് ശ്രീകുമാരൻ തമ്പി കടന്നുവന്നിട്ട് അന്ന് രണ്ടു വർഷം തികഞ്ഞിരുന്നില്ല. 1968ൽ പുറത്തിറങ്ങിയ ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിനു വേണ്ടി പ്രണയത്തെ ഇങ്ങനെ പകർത്തിയെഴുതുമ്പോൾ തമ്പി എന്ന പ്രതിഭ 28ന്റെ ചെറുപ്പത്തിലായിരുന്നു. ദക്ഷിണാമൂർത്തി സ്വാമി ആദ്യ രണ്ടു തവണ ഇട്ട ഈണങ്ങളും തമ്പിയെ തൃപ്തനാക്കിയില്ല. ഈണങ്ങൾ വന്നു കാൽതൊട്ടു വണങ്ങാൻ കാത്തു നിൽക്കുന്ന, പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കഴിഞ്ഞ സ്വാമിക്ക് തമ്പിയുടെ അതൃപ്തി അത്ര പിടിച്ചില്ല. പാട്ടെഴുതിയ കടലാസു ചുരുട്ടിയെറിഞ്ഞ് സ്വാമി എണീറ്റൊരു പോക്ക്! സ്തബ്ധനായിരുന്നുപോയ തമ്പിക്ക് ഏറെ നേരം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. 

അല്പം കഴിഞ്ഞ് സ്വാമി ശാന്തനായി കയറി വന്ന് ചുരുട്ടിയെറിഞ്ഞ കടലാസ് എടുത്ത് സ്വയം ചുളിവുകൾ നിവർത്തി വിഷണ്ണനായിരുന്ന തമ്പിയെ നോക്കി മോഹനരാഗത്തിലൊന്നു മൂളി. തമ്പിയുടെ മുഖം തെളിഞ്ഞു. എ.എം. രാജയാണ് ആദ്യം പാടിയത്. പക്ഷേ കാലം കേൾക്കാൻ കൊതിച്ചത് ഒരു യുഗ്മഗാനമാണെന്നു തോന്നിയിട്ടാകാം യേശുദാസ് - പി. ലീല ജോഡിയിലേക്ക് ആ നിയോഗം ചെന്നെത്തി. അതിന്റെ ഫലം, കാലപ്രവാഹത്തിലും കടപുഴകാത്ത, മനോഹരമായ ഒരു ഡ്യുയറ്റ് പിറന്നു. അന്നുതൊട്ടിന്നുവരെ, റേഡിയോയിലൂടെ മാത്രമല്ല, നാട്ടിലും മറുനാട്ടിലുമായി എത്രയോ സ്റ്റേജ് ഷോകളിൽ ദാസേട്ടന്റെ ഭാവാത്മക സ്വരചന്ദ്രികയിൽ ഈ ഗാനമിങ്ങനെ ചന്ദ്രകാന്തങ്ങളെയലിയിച്ച് പെയ്തിറങ്ങുന്നു. 

ആധുനിക ഓർക്കസ്ട്രേഷനും ദാസേട്ടന്റെ പാടിപ്പതിഞ്ഞ പതിറ്റാണ്ടുകളുടെ ഇരുത്തവും ഒത്തുചേരുമ്പോൾ ഇന്ന് പാട്ടനുഭവത്തിന്റെ തലം തന്നെ മാറിപ്പോവുകയല്ലേ. ‘പാട്ടിന്റെ ഒരു പെർഫെക്‌ഷൻ... അത് മറ്റാരേക്കാളും യേശു പാടുമ്പോഴാണ്..’ ആത്മ സുഹൃത്തിനെപ്പറ്റി പല വേദികളിലും തമ്പി പറഞ്ഞിട്ടുള്ളത് കാലവും അടിവരയിടുന്നു. 

ദേവരാഗങ്ങളുടെ ശില്പി ദേവരാജൻ മാസ്റ്ററോടിടഞ്ഞ്, പാട്ടെഴുത്തിൽ സ്വന്തം സാമ്രാജ്യം പടുത്ത പ്രതിഭാധനന് പ്രണയം എക്കാലവും പ്രിയപ്പെട്ട കാവ്യവിഷയം തന്നെയായിരുന്നു. ആറു ദശാബ്ദത്തിനുമേൽ താണ്ടിയ പാട്ടിന്റെ വഴിയിൽ വെറുതെയൊന്ന് കണ്ണെറിഞ്ഞാൽ അതു കാണാവുന്നതേയുള്ളൂവെങ്കിലും ഈ ഗാനം ആ സത്യത്തെ കൂടുതൽ ബലപ്പെടുത്തുന്നു. ‘നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ ഒരു പുഞ്ചിരിയിൽ പോലും അലിഞ്ഞു പോകാമത്രേ ജീവരാഗം! പ്രിയപ്പെട്ടവളുടെ മന്ദസ്മിതം പോലും ഒരു വസന്തമാണെന്ന് പറഞ്ഞിട്ടുള്ള കവിയുടെ ഭാവനയെ പ്രണയം എത്രമേൽ തൊട്ടുണർത്തുന്നു എന്നത് വരികൾതന്നെ വിളംബരം ചെയ്യുന്നു.

‘വർണ മോഹമോ പോയ ജന്മപുണ്യമോ നിൻ മാനസത്തിൽ പ്രേമമധു പകർന്നു..’ ഹൃദയങ്ങളിൽ പ്രണയം തളിർക്കുക എന്നത് അത്ര നിസാരമല്ലെന്ന് കണക്കൊപ്പിച്ച് വാക്കുകളെ കുറിക്കുന്ന (പഴയ) വാസ്തുവിദ്യക്കാരന് നല്ല നിശ്ചയം. കാവ്യ കൽപനയുടെ തോണിയിൽ സർഗാത്മകതയുടെ തുഴയെറിഞ്ഞു നീങ്ങാൻ തുടങ്ങിയാൽപ്പിന്നെ സൗന്ദര്യ സങ്കൽപത്തെ വരച്ചുകാട്ടാൻ ആ പ്രതിഭയ്ക്ക് ഏറെ വാക്കുകൾ വേണ്ടിവരുന്നില്ല. മണിക്കവിളിനെ മലരായ് വിടർത്താൻ മാധവമോ ഹേമന്തമോ എത്തിയിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്ന കാവ്യഭാവനയിൽ എല്ലാമുണ്ട്.

‘......നിന്റെ തേനലർച്ചുണ്ടിൽ ഒരു സംഗീത ബിന്ദുവായ് ഞാൻ ഉണർന്നുവെങ്കിൽ...’ ഹൊ! വാഗ്ഭംഗിയിൽ വിരിയുകയല്ലേ പ്രണയം, സൗന്ദര്യം, സംഗീതം, പാരവശ്യം.... പാട്ടിന്റെ മർമമറിഞ്ഞ കവി വാക്കുകളെയിങ്ങനെ കടഞ്ഞെടുക്കുമ്പോൾ ആസ്വാദനത്തിനും ഹരം പിടിപ്പിക്കുന്ന ഒരീണം കൈവരുന്നു.

ദക്ഷിണാമൂർത്തി സ്വാമികൾ ഈണമിട്ടിരുന്ന അക്കാലത്തെ മിക്ക ഗാനങ്ങളിലും മലയാളത്തിന്റെ പൂങ്കുയിൽ പി. ലീലയായിരുന്നു പാടിയിരുന്നത്. സ്വരഭംഗികൊണ്ട് ആസ്വാദക ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞ ‘പൂങ്കുയിലി’നായിരുന്നു തൊട്ടടുത്ത വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ്. കേരള സർക്കാർ ഏർപ്പെടുത്തിയ, പിന്നണി ഗായികയ്ക്കു നൽകുന്ന ആദ്യ അവാർഡെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

സമകാലികരായ പ്രതിഭകളെ കടത്തിവെട്ടുന്ന കൈത്തഴക്കവുമായാണ് ശ്രീകുമാരൻ തമ്പി പാട്ടെഴുത്തുവഴിയിൽ ചുവടുറപ്പിച്ചത്. ആ പരികൽപനയിലുയിർകൊള്ളുന്ന വാക്കുകളുടെ ഇന്ദ്രജാലം തമ്പിയിലെ പ്രതിഭയുടെ മാറ്റിനെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.   ശ്രീകുമാരൻ തമ്പി -  യേശുദാസ് കൂട്ടുകെട്ടിൽ പിറവിയെടുത്ത, കാലം മറക്കാത്ത ഹിറ്റുകൾ ഏറെയുണ്ട്. എന്നാൽ തലമുറ വ്യത്യാസമില്ലാതെ ഏറ്റു പാടുന്ന ഇതുപോലൊരു ഗാനം.... അറിയില്ല, ഉണ്ടോ എന്ന്. മനസ്സുകളിൽ പ്രണയത്തിനൊരു പടിയിറക്കം ഉണ്ടാകാത്ത  കാലത്തോളം മലയാളത്തിന്റെ ആത്മാവിൽ ഈ ഗാനം ഒരു നിത്യസുന്ദര നിർവൃതിയായ് എന്നും ഉണ്ടാവുമെന്നത് തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com