ADVERTISEMENT

സ്നാനകേളീലോലയായ ഒരു മുഗ്ധ കന്യകയെ വർണിക്കുക... അതും സഭ്യതയുടെ പരിധി വിടാതെ! അസാധ്യമെന്നു തോന്നുമെങ്കിലും സാധ്യമെന്നു തെളിയിക്കാൻ ഒഎൻവി എന്ന ത്ര്യക്ഷരത്തിന്റെ കാവ്യഭാവനയ്ക്ക് നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. 1992ൽ പുറത്തിറങ്ങിയ ‘രാജശില്പി’ക്കു വേണ്ടിയായിരുന്നു കുളിക്കടവിലുലഞ്ഞു വീണ സൗന്ദര്യത്തികവിനെ വരച്ച് ആസ്വാദക മനസുകളിലേക്ക് ആ തൂലിക ഒരു ഈറൻ കുളിരായി പെയ്തിറങ്ങിയത്.

ദുർഗ... കൈത്തഴക്കം വന്ന ശില്പിയുടെ കരവിരുതിലുണർന്ന ശില്പം കണക്കെ കടവിന്റെ പടവുകളിറങ്ങി അവൾ വരുമ്പോൾ പോക്കുവെയിലിനും പൊൻനിറമായിരുന്നു. ‘പൊയ്കയിൽ കുളിർ പൊയ്കയിൽ, പൊൻവെയിൽ നീരാടുന്നേരം...’ പതിവിൽനിന്നു വേറിട്ട് സ്വരം അല്പമൊന്നു താഴ്ത്തി, പിച്ചൊന്നു മാറ്റിപ്പിടിച്ച ദാസേട്ടന്റെ ആലാപനത്തിൽ കാതു വല്ലാതെ കുളിർക്കുമ്പോൾ കൺമുന്നിൽ വിലോല വിസ്മിത മധുരഗാത്രം യൗവനച്ചാർത്തണിഞ്ഞ് നീരാട്ടിലാണ്. വാഗ്ഭംഗിയുടെ നിറങ്ങൾ ചാലിച്ച് വരികളിങ്ങനെ വരഞ്ഞു വീഴുമ്പോൾ ചലച്ചിത്ര ഗാനലോകത്ത് തനിക്കായി പതിച്ചു കിട്ടിയ സിംഹാസനത്തിൽ കാവ്യകലയുടെ ആ രാജശില്പി തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.

ഒരു കുളിർ തെന്നലിലെന്നവണ്ണം ഗാനഗന്ധർവന്റെ മധുരസ്വരമിങ്ങനെ ഒഴുകി വരുമ്പോൾ മധ്യമാവതി രാഗത്തിന്റെ ലളിത-മാന്ത്രിക ചേരുവകളുമായി രവീന്ദ്രൻമാഷ് കെട്ടഴിച്ചുവിട്ട ഈണത്തിന്റെ ലാസ്യഭംഗി ഉള്ളിലെ സ്നാനഘട്ടങ്ങളിൽ ഈറനൊഴിയാതെ അനുഭൂതികളുടെ കൽപടവേറുന്നു.  

കുളിർ പൊയ്കയിൽ പൊൻവെയിലിന്റെ നീരാട്ട്... യൗവനാംഗിയുടെ സ്നാനകേളിക്ക് കാല്പനിക സൗന്ദര്യത്തിന്റെ പകരംവയ്ക്കാനില്ലാത്ത കാവ്യഭാഷ്യം! ആസ്വാദക ഹൃദയങ്ങളും പൂക്കണ്ണുകളുമായി നിൽക്കുന്ന തീരത്തെ ആ മന്ദാരമാവാൻ ക്ഷണനേരത്തേക്കെങ്കിലുമൊന്നു കൊതിക്കും!

വെയിലൊളി സൗവർണം ചാർത്തിയ തളിർമേനിയെ തഴുകി പരന്നൊഴുകുന്ന ഇളം തെന്നലിൽ ഉന്മാദമുണർത്തുന്ന ഒരു മാസ്മര തൈലഗന്ധം പരന്നിരിക്കുന്നു! 

‘പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൗരഭം...’ നീറ്റിലിറങ്ങിയ സൗന്ദര്യധാമത്തെ പൂന്തിരകൾ പൂശുകയാണ്- പുഷ്പധൂളീ സൗരഭം! കണങ്കാലുകളെ പുണർന്നിഴയുന്ന മുത്തണി നൂപുരങ്ങൾ ഒരു കന്യകയുടെ പാദപത്മങ്ങളെ ഏഴഴക് അണിയിക്കുമെന്ന് കാവ്യ കിന്നരികൾ കൊണ്ടു കൈരളിക്കു തങ്കനൂപുരം ചാർത്തിയ കവിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാവണം സ്നാനകേളിക്ക് മുന്നൊരുക്കം നടത്തുന്ന നായികയുടെ വടിവൊത്ത നഗ്നപാദങ്ങളിൽ  പാൽത്തിരകൾ മുത്തുകോർത്ത നൂപുരം ചാർത്തുന്നതായി ആ കൽപനയിൽ ഉണർന്നത്! പൂവിതൾ മേനിയിൽ ചന്ദനം ചാർത്തുന്നതോ.. പതഞ്ഞൊഴുകുന്ന നദിയിലെ വെൺനുരകളും!! ഈ തീരഭൂവിലേക്കു തേരേറി വന്ന ദേവനന്ദിനിയുടെ പൂക്കണ്ണുകൾ ആ നീരാട്ടിനിടയിലും പരതുന്നുണ്ട്, ആരെയോ തേടും പോലെ.

‘കാതരേ നിൻ മാറുലഞ്ഞു

താമരപ്പൂ മൊട്ടുപോലെ..’ വാഗ്പ്രയോഗത്തിന്റെ അനുപമസൗന്ദര്യം പീലി വിടർത്തി മയൂരനടനം തീർക്കുന്ന എത്ര മധുരോദാത്തമായ ചരണങ്ങൾ! കൂമ്പിയടഞ്ഞ താമരപ്പൂമൊട്ടിനൊത്ത മാറിടങ്ങൾ !! കന്യകാസൗന്ദര്യത്തിന്റെ കാഴ്ചഭംഗി കാവ്യാത്മക ഉപമ കൊണ്ട് വരികളിൽ വരച്ചുചേർത്ത കവിയുടെ കാലൊന്നു തൊട്ടുവന്ദിക്കേണ്ടിയിരിക്കുന്നു. താണുയർന്നു നീന്തുന്ന കേളീലോലയായ കാതരയുടെ മാറിടങ്ങൾ തളർന്ന തണ്ടിൽ ഉലഞ്ഞിളകുന്ന താമരപ്പൂമൊട്ടൊരുക്കുന്ന കാഴ്ചവസന്തമത്രേ! ശ്ലീലാശ്ലീലങ്ങളുടെ ഉരകല്ലിൽ വെറുതെയെങ്കിലുമൊന്നുരച്ചു നോക്കിയാൽ വാഗ്ചാതുരിയുടെ പത്തരമാറ്റല്ലാതെ ചെമ്പളവു കാണില്ല, പൊടിക്കു പോലും. 

കുളിച്ചീറനണിഞ്ഞ് പടവുകളേറുന്ന  ദേവാംഗനയ്ക്ക് പകരം വയ്ക്കാനില്ലാത്ത സൗന്ദര്യം തന്നെ ആ തൂലിക പകർന്നേകുന്നു. പാട്ടുവഴിയിലേക്കിറങ്ങിച്ചെന്നാൽ ആർക്കും  കാണാനാവും... അലൗകികമായ അതേ ചാരുതയെയാണ് രാജശില്പികൾ തേടിയലയുന്നത്... ആ പൂർണതയെയാണ് കൃഷ്ണശിലകൾ കടം കൊള്ളാൻ വെമ്പൽ കൊള്ളുന്നത്.... ഒടുവിൽ അഭൗമ സൗന്ദര്യത്തിന്റെ ജീവശില്പം നീരാട്ടു കഴിഞ്ഞ് കടവൊഴിയുമ്പോൾ പുഷ്യരാഗ പദമുത്തുകളാൽ കോർത്തെടുത്ത ആ രംഗത്തിന് പരിസമാപ്തി. പക്ഷേ കേൾവിയിടങ്ങളിൽ എന്തൊക്കെയോ പിന്നെയും ബാക്കി വച്ച് ഏതോ താളത്തിന്റെയൊരു വല്ലാത്ത സ്പന്ദനം...

ദുർഗയായെത്തുന്നത് തെന്നിന്ത്യൻ താരറാണി ഭാനുപ്രിയയാണ്. ‘അവളുടെ അംഗചലനങ്ങൾ താളനിബദ്ധവും ഉൾക്കടലിലെ ഓളങ്ങളെപ്പോലെ ലയഭംഗിപ്രദവുമാണ്.’_  ദുർഗയ്ക്കായി പകർന്നേകിയ വിശേഷണങ്ങൾ ഒരുപക്ഷേ ആ അഴകിനെ വരയ്ക്കാനൊരുങ്ങും മുമ്പ് എഴുത്തഴകിന്റെ കുലപതിയെയും നന്നായി സ്വാധീനിച്ചിരിക്കണം. 

രവീന്ദ്രൻ -ഒഎൻവി - യേശുദാസ് രസതന്ത്രം മലയാളത്തിൽ സൃഷ്‌ടിച്ച ഹിറ്റുകൾ ഒട്ടനവധിയാണ്. എങ്കിലും കനത്ത നിശ്ശബ്ദതയെ തഴുകി ഒരു ഇളംതെന്നൽ കടന്നു പോകും പോലെ ചിട്ടപ്പെടുത്തിയ ഈ ഗാനം  രവീന്ദ്രസംഗീതത്തെ ഒന്നു വേറിട്ട വഴി നടത്തുന്നു.

ദാസേട്ടന്റെ ആലാപന ശൈലി ഏതോ സ്വച്ഛ ശാന്തമായ ഒരു തടാകക്കരയിലേക്ക് കേൾവിക്കാരെയും കൂട്ടിക്കൊണ്ടുപോവുകയല്ലേ. തബലയുടെ പതിഞ്ഞ താളലയങ്ങൾക്കൊപ്പം ഓടക്കുഴലിൽ ഒഴുകിയിറങ്ങുന്ന ശ്രുതിഭംഗി പറഞ്ഞറിയിക്കുക പ്രയാസം. ഉത്തരേന്ത്യൻ ഉപകരണങ്ങളായ സന്തൂറും ഷഹനായിയും  രവീന്ദ്രസംഗീതത്തിന്റെ ചേരുവയായപ്പോൾ പാട്ടിന്റെ തലംതന്നെ മാറി. ‘എഴുതിക്കൊടുക്കുന്ന ഈരടികളുടെ സഹജതാളം കണ്ടെത്താനും അതിലെ ഭാവത്തിന്റെ ആത്മാവ് കണ്ടെത്താനും എളുപ്പത്തിൽ രവീന്ദ്രന് കഴിഞ്ഞിരുന്നു.’ - എഴുത്തിനൊപ്പം പതിറ്റാണ്ടുകളെ ചേർത്തു പിടിച്ച ഒഎൻവിക്ക് സംശയമില്ല. മുമ്പു പറഞ്ഞതിനെ ഒരിക്കൽക്കൂടി ശരിവയ്ക്കുകയായിരുന്നു ഈ ഗാനം. സിനിമാഗാനങ്ങൾക്ക് സംഗീതം ചെയ്യുന്നതിനു മുൻപ്, കഥ മുഴുവൻ കേട്ട്, സന്ദർഭം അനുസരിച്ചു മാത്രം രാഗങ്ങളെ തിരഞ്ഞെടുക്കുന്ന രവീന്ദ്ര ശൈലി ഇവിടെയും മാറിയിരുന്നില്ല.

അനാവശ്യ ഗിമ്മിക്കുകളെയോ അധികം ചേരുവകളെയോ കൂട്ടുപിടിച്ചല്ല മാഷ് ഈ ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. ഏറെ ഹൃദ്യവും അതിലേറെ ലളിതവുമായി കഥാസന്ദർഭത്തിലേക്കു ഗാനമെത്തുമ്പോൾ അത് തികച്ചും അനുയോജ്യമായി മാറുന്നു. പ്രണയവും രതിയും ലാസ്യവുമെല്ലാം പാട്ടനുഭവത്തിന്റെ രസമുകുളങ്ങളെ എത്ര ഭംഗിയായാണ് തൊട്ടുണർത്തുന്നത്. 

ശിവപാർവതീ പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും കണ്ടു തഴമ്പിച്ച ആഖ്യാനവഴിയിൽനിന്ന് ഒന്നു മാറിനടന്നായിരുന്നു കഥയുടെ പോക്ക്. ശംഭുവിന്റെ മനസിലേക്കു കയറിപ്പറ്റാനുള്ള ദുർഗയുടെ ശ്രമങ്ങളെ കാവ്യാത്മക ചേരുവകളോടെ കണ്മുന്നിലെത്തിക്കുകയായിരുന്നു സിനിമ. ശില്പങ്ങളുടെയും ശില്പികളുടെയും നാടായ തഞ്ചാവൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കപ്പെട്ട സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും അതിലെ പാട്ടുകളൊക്കെയും ഹിറ്റുകളുടെ ശ്രേണിയിൽത്തന്നെയാണ്... ഇന്നും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com