ആഗ്രഹിച്ച കാമുകഭാവം വന്നില്ല; യേശുദാസിനെക്കൊണ്ട് 19 ടേക്കെടുപ്പിച്ച് ബാബുരാജും ബഷീറും; കാലത്തെ അതിജീവിച്ച ആ പാട്ട്
Mail This Article
കാല്‍പനികമായൊരു കാത്തിരിപ്പിന്റെ പേരാണ് പ്രണയം. വരുമെന്ന് കരുതിയൊരു കാത്തിരിപ്പ് ചിലപ്പോള്‍ വരില്ലെന്നറിഞ്ഞു കൊണ്ടും. കാത്തിരിപ്പിനെക്കുറിച്ച് പല പാട്ടുകളുമുണ്ട് മലയാള സിനിമയില്‍. എന്നാല്‍ നിത്യഹരിതമെന്ന് പലരും പാടിപ്പുകഴ്ത്തുന്ന രണ്ട് കാത്തിരിപ്പ് പാട്ടുകള്‍ നാം കേട്ടത്. ‘ഭാര്‍ഗവീ നിലയം’ എന്ന സിനിമയിലാണ്. ‘വാസന്ത പഞ്ചമി നാളില്‍.. വരുമെന്നൊരു കിനാവ് കണ്ടു’, ‘താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നിൽ..’ രണ്ടു പാട്ടിലും ഉള്ളുരുകിപാടുകയാണ് പ്രണയാത്മാക്കള്‍. എംഎസ് ബാബുരാജും പി.ഭാസ്‌ക്കരനും ചേര്‍ന്നൊരുക്കിയ ആ രണ്ട് അനശ്വര ഗീതങ്ങള്‍ക്കായി കാത്തിരുന്ന കഥയേറെ പറയാനുണ്ടാവും റേഡിയോ ശ്രോതാക്കള്‍ക്ക്.
പി. ഭാസ്‌ക്കരന്റെ വരികളിലെ ലാളിത്യമോ ബാബുരാജിന്റെ സംഗീത നൈപുണ്യമോ? രണ്ടിനും കൈയ്യടിക്കാനാവും മലയാളിക്കിഷ്ടം. സംഗീത ശില്‍പി ദേവരാജന്‍ മാസ്റ്റര്‍ 'എനിക്കിത് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ' എന്നു പറഞ്ഞ ഗാനമാണ് ‘വാസന്ത പഞ്ചമി’. ഹിന്ദി ഗാനങ്ങളില്‍ പ്രശസ്തമായ പഹാഡി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് റഫിയുടെ അനശ്വര ഗാനമായ 'ചൗദ് വി കാ ചാന്ദ് ഹോ' പോലെയനശ്വരമെന്ന് പലരും പാടിപ്പുകഴ്ത്തിയ ഈണം. എസ്.ജാനകിയുടെ മാസ്റ്റര്‍ പീസായി ഈ പാട്ടിനെയും യേശുദാസിന്റെ മാസ്റ്റര്‍ പീസായി താമസമെന്തേ വരുവാന്‍ എന്ന ഗാനത്തെയും കണക്കാക്കുന്നവരും കുറവല്ല. ബീംബ്ലാസ് രാഗത്തിലാണ് താമസമെന്തേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമയിലെ പാട്ടുകളോടെയാണ് എസ്. ജാനകിയും യേശുദാസും ബാബുരാജിന്റെ പ്രിയ പാട്ടുകാരായത്. 'നൗഷാദിന് മുഹമ്മദ് റഫിയും മദന്‍ മോഹന് ലതയും എങ്ങനെയാണോ അത് പോലെയാണ് എനിക്ക് യേശുദാസും ജാനകിയും' എന്നാണ് അക്കാലത്ത് ഒരു സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞത്.
മലയാളസിനിമക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ നീലക്കുയിലിന്റെ സ്രഷ്ടാക്കള്‍ തന്നെയാണ് പത്തു വര്‍ഷം കഴിഞ്ഞ് അതു പോലൊരു പാട്ടുസിനിമയുമായി വരുന്നത്. 1964ല്‍ ചന്ദ്രതാര പ്രൊഡക്ഷന്‍ വീണ്ടും കലാമൂല്യവും പാട്ടും നിറഞ്ഞ സിനിമയുമായി വന്നപ്പോള്‍ മലയാളിക്ക് കൈ വന്ന ഭാഗ്യമാണ് ഈ പാട്ടുകള്‍. കണ്ണഞ്ചിപ്പിക്കുന്ന രാഗങ്ങള്‍ നിറഞ്ഞൊരു പാട്ടുപെട്ടി പോലൊരു സിനിമ. അതില്‍ പ്രണയാകാശം തൊട്ടു പറക്കുന്നുണ്ട് ഈ രണ്ട് പാട്ടുകള്‍. അങ്ങനെയൊരു വിധിയല്ലാതെ മറിച്ച് സംഭവിക്കാനും തരമില്ല എന്ന് പറയുന്നതാവും ശരി. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചമാണ് തിരക്കഥയായത്. പ്രണയത്തിലും സംഗീതത്തിലും എ്‌ന്തെങ്കിലും വിട്ടുവീഴ്ചക്കു ബഷീര്‍ സമ്മതിക്കുമായിരുന്നോ.. പാട്ടിലങ്ങോളം ആ കാമുകഭാവം പതിയാന്‍ യേശുദാസിനെക്കൊണ്ട് 19 ടേക്കെടുപ്പിച്ചത്രേ ബാബുരാജും ബഷീറും. അങ്ങനെയാണ് ആ കാമുകനൊപ്പം നമ്മളും കാത്തിരിപ്പ് തുടര്‍ന്നത്.
ഗായകന്‍ ജയചന്ദ്രനും ഏറെ പ്രിയപ്പെട്ട ഗാനമാണ് താമസമന്തേ വരുവാന്‍. അതിനപ്പുറത്തേക്ക് ഒരു പാട്ടില്ല എന്ന് പറയും അദ്ദേഹം. ഈ പാട്ട് കേള്‍ക്കാനായി മാത്രം 27 തവണ ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഈ ഗാനം പ്രിയ ഗായകന്‍ നേരിട്ട് പാടുന്നത് കേള്‍ക്കാനിടയായ കാര്യവും അദ്ദേഹം ഓര്‍മ്മിക്കുന്നു. എറണാംകുളം ടിഡിഎം ഹാളില്‍ വെച്ച് താമസമെന്തേ വരുവാന്‍ നേരില്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. പാട്ട് തുടങ്ങിയതും ഹാളില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായി. ഇന്നും ഗാനത്തോടുള്ള ഇഷ്ടം ഇത്തിരി കൂടിയിട്ടേ ഉള്ളൂ അദ്ദേഹത്തിന് . ബാബുരാജിന്റെ പ്രിയ പത്‌നി ബിച്ച ബാബുരാജും തന്റെ ഖല്‍ബിനോട് ചേര്‍ന്നിരിക്കുന്ന പാട്ടുകളിലൊന്നെന്ന് ഈ ഗാനത്തെ ചേര്‍ത്ത് പിടിക്കുന്നു.
യേശുദാസിനെ മലയാളി ഗാനഗന്ധര്‍വ്വനായി സ്വീകരിച്ചത് ഈ പാട്ടോടെയാണല്ലോ. വര്‍ഷമെത്ര കഴിഞ്ഞാലും ഇന്നും ഈ പാട്ടുകള്‍ക്ക് ചെറുപ്പമാണ്. ഇഷ്ടപ്പെട്ട പ്രണയ ഗാനങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പലരും ആദ്യം പറയുന്ന രണ്ട് പാട്ടുകളായി ഇത്. വരിയും സംഗീതവും തങ്ങളുടെ സ്രഷ്ടാക്കളെ ഓര്‍മ്മിപ്പിക്കുംവിധം ഇഴയടുപ്പമുണ്ട് രണ്ട് പാട്ടിലും. പി.ഭാസ്‌ക്കരനെക്കുറിച്ച് ബാബുക്കായ്ക്ക് വേണ്ടി പടച്ചവന്‍ സൃഷ്ടിച്ച കവി' എന്ന് ഓര്‍മ്മിക്കാനാണ് ബിച്ച ബാബുരാജിനിഷ്ടം. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഗീതജ്ഞൻ ഉണ്ടാവില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
മലയാള സിനിമാ ചരിത്രത്തിലേക്ക് പ്രേതകഥകള്‍ കുടിയേറിയത് ഈ സിനിമയോടെയാണ്. കഥയും പാട്ടും എല്ലാമായി മലയാളി പ്രേക്ഷകര്‍ക്ക് നല്ല ഒരു വിരുന്നായി ചിത്രം. എന്തായാലും പ്രണയവും കാത്തിരിപ്പും തീരാത്ത കാലത്തോളം മലയാളി മറക്കില്ല ഈ രണ്ട് പാട്ടുകളും.