ഇരുട്ടിൽ വീണുപോയ പ്രണയസംഗീതം
Mail This Article
മുപ്പതുവർഷത്തെ സംഗീതസൗഹൃദം. നൂറ്റിപ്പതിനാറോളം സിനിമകൾ. എഴുന്നൂറിലേറെ ഗാനങ്ങൾ. നാലു തവണ ഫിലിം ഫെയർ അവാർഡ് നേടി, ആറുതവണ നോമിനേഷനും. അവസാനമായി 2005ൽ സണ്ണി ദേയോൾ, അക്ഷയ്കുമാർ, കരീന കപൂർ, ജൂഹി ചാവ്‌ലാ എന്നിവർ അഭിനയിച്ച സൗഹൃദത്തെക്കുറിച്ചുള്ള ഒരു ബോളിവുഡ് സിനിമക്കുവേണ്ടി ഏഴു ഗാനങ്ങൾ ഒരുക്കിയശേഷം അവർ വേർപിരിഞ്ഞു. തിരിച്ചുകൊണ്ടുവരാനും ഒരുമിച്ചു നിർത്താനും പലരും ശ്രമിച്ചു, യാഥാർഥ്യമായില്ല. അവരിലൊരാൾ കഴിഞ്ഞദിവസം അറുപത്തിയാറാം വയസ്സിൽ ഒരു മഹാമാരിയുടെ ഇരയായി മരിച്ചു. ചില ദുരൂഹ സാഹചര്യങ്ങളിൽ എന്നന്നേക്കുമായി ഇന്ത്യ ഉപേക്ഷിച്ചുപോകുകയും ലണ്ടനിൽ തുടർജീവിതം നയിക്കുകയും ചെയ്യുന്ന രണ്ടാമൻ നദ്ദു, പ്രിയപ്പെട്ട ഭായി ശമ്മുവിനെ ഓർത്ത് വിലപിക്കുന്നു. തൊണ്ണൂറുകളിൽ ബോളിവുഡിൽ രാജകുമാരന്മാരെപോലെ സകല സൗഭാഗ്യങ്ങളിലും വാണിരുന്ന ഈ സംഗീത സംവിധായക ദ്വയത്തെപ്പറ്റി എഴുതാനിരിക്കുമ്പോൾ ഓർമകളിൽ ഇങ്ങനെ ചില വിചാരങ്ങൾ ചിതറിക്കിടക്കുന്നു. നദീം - ശ്രവണിൽ ഇനി ഒരാളെ ബാക്കിയുള്ളൂ, ശ്രവൺകുമാർ റാഠൗഡ് മരണത്തിൻറെ കറുത്ത തിരശ്ശീലയുടെ പുറകിൽ മറഞ്ഞുകഴിഞ്ഞു.
ഓരോ ദശകങ്ങൾക്കും അടയാളപ്പെടുത്താൻ കഴിയുന്ന ചില സവിശേഷതകളുണ്ട്. നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അറുപതുകളും എഴുപതുകളും പിന്നിട്ടുവന്ന എൺപതുകൾ ഒരു ശുഭപ്രതീക്ഷയായിരുന്നു. തൊണ്ണൂറുകൾ ലാളിത്യത്തിന്റെയും. മനസ്സുകളിൽ വസന്തകാലത്തിന്റെ വർണ സമൃദ്ധികൾ നിർമിച്ച തൊണ്ണൂറുകളിലെ ചലച്ചിത്രഗാനങ്ങളിലും ഇതേ ഭാവമാറ്റം ഏറെ പ്രകടമാകുന്നു. ഈ പത്തു വർഷത്തിനുള്ളിൽ മലയാളത്തിൽ എന്നതുപോലെ ബോളിവുഡിലെയും ഗാനങ്ങൾ ശ്രോതാക്കളുടെ ഉൾത്തടങ്ങളിൽ സന്തോഷവും സൗന്ദര്യവും മാധുര്യവും നിറച്ചുകൊടുത്തു. നദീം - ശ്രവൺ പ്രതിനിധീകരിക്കുന്നത് ഈ കാലഘട്ടത്തെയാണ്. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളുടെ സവിശേഷതയായി ഞാൻ ശ്രദ്ധിച്ചിട്ടുള്ളതും ഹൃദയം തുളുമ്പുന്ന പ്രസാദഭാവം തന്നെ. രണ്ടുപേരിലും സംഗീതവാസനകൾ രണ്ടുതരത്തിൽ പ്രകാശംപരത്തി. ആറടിയിലധികം ഉയരമുള്ള നദീം നല്ലൊരു ഭാവഗായകനായിരുന്നു. ശാസ്ത്രീയസംഗീത പരിശീലനങ്ങൾ ലഭിച്ചിരുന്നില്ല. എങ്കിലും മനോഹരമായി പാടി. ഇവരുടെ സംഗീത സംവിധാനത്തിൽ നിർമിക്കപ്പെട്ട ചലച്ചിത്രേതര ആൽബങ്ങളിൽ ഒരെണ്ണത്തിൽ നദീമിന്റെ ഗാനവൈഭവം നമുക്കു കേൾക്കാൻ സാധിക്കുന്നു.
ഒരേ പ്രായക്കാരായിരുന്നുവെങ്കിലും ശ്രവൺ, നദീമിൽനിന്നു പലതുകൊണ്ടും വ്യത്യസ്തനായി. രാജസ്ഥാനിൽ ജനിച്ചുവളർന്ന ശ്രവൺ വലിയ സംഗീതപൈതൃകം അവകാശപ്പെടാൻ അർഹതയുള്ള സംഗീതജ്ഞനാണ്. ഹിന്ദുസ്താനി ശാസ്ത്രീയ സംഗീതത്തിലെ ഏറ്റവും കടുപ്പപ്പെട്ടതും സങ്കീർണവുമായ ധ്രുപദിൽ ശ്രവൺ ദീർഘകാല സംഗീതപരിശീലനം നേടിയിയിട്ടുണ്ട്. ധ്രുപദീയ സംഗീതപരമ്പരയെ ഒരു കെടാവിളക്കുപോലെ കൊണ്ടുനടന്ന പണ്ഡിത് ചതുർഭുജ് റാഠൗഡിന്റെ കീർത്തികൾ ഹിന്ദുസ്ഥാനി സംഗീതചരിത്രത്തിൽ എഴുതപ്പെട്ടു കിടക്കുന്നു. അതികഠിനമായ സാധകവും അനാരോഗ്യവും പണ്ഡിത് ചതുർഭുജിനെ നിർഭാഗ്യവശാൽ ജനപ്രിയ സംഗീതതജ്ഞനാക്കിയില്ല. പക്ഷേ നിരവധി ശിഷ്യരിലൂടെ ഈ നാമധേയം ഇന്നും നിലനിൽക്കുന്നുണ്ട്. ഒരിക്കൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതവിദുഷി മാലിനി രാജൂർകറുമായി സംസാരിക്കാൻ മഹാഭാഗ്യം ലഭിച്ചപ്പോൾ, അവർ പണ്ഡിത് ചതുർഭുജ് റാഠൗഡ് എന്ന പേരിനോടു കാണിച്ച വിനയവും ബഹുമാനവും നേരിൽ അനുഭവിച്ചിട്ടുണ്ട്.
ഗുരുവും പിതാവുമായ ചതുർഭുജ് തീവ്രമായി മോഹിച്ചുവെങ്കിലും ശ്രവൺ, വംശപരമ്പരയുടെ വഴക്കത്തിനു നിന്നു കൊടുത്തില്ല. ആ കലാകാരന് വേറൊരു ദൗത്യം പൂർത്തിയാക്കാനുണ്ടായിരുന്നു. അതിനു പിന്നാലേ സഞ്ചരിച്ചുകൊണ്ട് ശ്രവൺ ബോളിവുഡിലെത്തി. സംഗീത വ്യവസായിയായ ഗുൽശൻ കുമാർ നൽകിയ പിന്തുണയിലും നദീം നൽകിയ ഉറച്ച പിൻബലത്തിലും ഒരിക്കലും ഓർമയിൽനിന്നു മാഞ്ഞുപോകാത്ത മനോഹരഗാനങ്ങൾ ലോകത്തിനു നൽകാൻ ശ്രവണിനു സാധിച്ചു. പക്ഷേ ആ ഗാനങ്ങളെയൊന്നും ശാസ്ത്രീയസംഗീതത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്നു വിട്ടുമാറാൻ ശ്രവൺ അനുവദിച്ചതായി കാണുന്നില്ല.
നദീം - ശ്രവൺ ദ്വയം ഈണമിട്ട ഗാനങ്ങൾ സൂക്ഷ്മതയോടെ പരിശോധിച്ചാൽ അവയിൽ ശ്രവൺ നൽകിയിട്ടുള്ള സംഭാവനകളെ വേറിട്ടു കേൾക്കാം. മിക്കവാറും പാട്ടുകൾ യമൻ, ജോഗ്, ബസന്ത്, ഭൈരവ് ഭൂപാളി, ബാഗേശ്രീ, ബഹാർ, നന്ദ്, ചന്ദ്രകൗൻസ് തുടങ്ങി ഏതെങ്കിലും രാഗങ്ങളിൽ അടിസ്ഥാനമാക്കിയിരിക്കുന്നു അഥവാ അവ രാഗമിശ്രങ്ങളിൽ ആന്തോളനം ചെയ്യുന്നു. ശാസ്ത്രീയസംഗീതത്തിൽ ലഭിച്ച ദീർഘപരിചയം ഇവിടെ ശ്രവണിനെ വളരെ സഹായിച്ചിട്ടുണ്ട്. നദീം - ശ്രവൺ നിർമിച്ച പാട്ടുകളിൽ ഉപയോഗിച്ചിട്ടുള്ള സംഗീതവാദ്യങ്ങളുടെ സാന്നിധ്യവും ഇതിനെ സമർഥിക്കുന്നു. പലപ്പോഴും, നദീം മടുത്തുവെന്നാൽപോലും മികച്ച ഈണങ്ങളുടെ തിരുപ്പിറവിക്കുവേണ്ടി സ്റ്റുഡിയോയിൽ തുടർച്ചയായി പത്തൊൻപതുമണിക്കൂർവരെ കഠിനാധ്വാനം ചെയ്യാൻ ശ്രവണിനു മടിയുണ്ടായിരുന്നില്ല. ഇതിനിടെ പുറംലോകത്തിൽ എന്തൊക്കെ സംഭവിക്കുന്നു എന്നുപോലും ശ്രദ്ധിച്ചില്ല. ശ്രവൺ തന്നെ പറഞ്ഞിട്ടുണ്ട്, 'സാജനി'ലെ 'ദേഖാ ഹെ പഹലി ബാർ' എന്ന ഗാനം റിക്കോഡുചെയ്യുമ്പോൾ ലോകത്തെല്ലായിടത്തും പുതുവർഷ ആഘോഷങ്ങൾ അരങ്ങു തകർക്കുകയായിരുന്നു. ശ്രവൺ അക്കാര്യം അറിഞ്ഞതേയില്ലപോലും! അതറിഞ്ഞപ്പോൾ വെളുപ്പിനെ എപ്പോഴോ അവർ രണ്ടുപേരും തമ്മിൽ കെട്ടിപ്പിടിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
ലക്ഷ്മികാന്ത് - പ്യാരേലാൽ, ആനന്ദ് - മിലിന്ദ് മാതൃകയിൽ രൂപപ്പെട്ട സംഗീത സൗഹൃദ സഖ്യം ബോളിവുഡിൽ ആരെയും അസൂയപ്പെടുത്തുന്ന വിജയങ്ങൾ നേടി. അവരുടെ ജനപ്രിയ ഗാനങ്ങളുടെ പടവുകൾ കയറിവന്നവർ വലിയ താരങ്ങളായി. കുമാർ സാനുവും ഉദിത് നാരായണും അൽകാ യാജ്ഞിക്കും സ്ഥിരം ഗായകരായിരുന്നുവെന്നാൽപോലും തുടക്കത്തിൽ മന്നാ ഡേ, മുഹമ്മദ് റഫി, കിഷോർകുമാർ, ലത മങ്കേഷ്കർ, ആശ ഭോസ്‌ലെ എന്നിവരും നദീം-ശ്രവണിനുവേണ്ടി പാടിയിട്ടുണ്ട്. ഗാനരചയിതാക്കളിൽ സമീറുമായുള്ള ഹൃദയബന്ധം മറ്റാരുമായും ഉണ്ടായിരുന്നില്ല. എന്നിട്ടും ശൈലേന്ദ്രയും മജ്‌രൂഹ് സുൽത്താൻപുരിയും ഹസ്രത് ജയ്‌പുരിയും ആനന്ദ് ബക്ഷിയും അവർക്കുവേണ്ടി ഗാനങ്ങൾ എഴുതി. അനിൽ കപൂർ, ജാക്കി ഷറഫ്, മിഥുൻ ചക്രവർത്തി, കാജൽ കിരൺ തുടങ്ങിയ വൻകിട താരങ്ങൾ പാടിയ 'സ്റ്റാർ ടെൻ' എന്ന ആൽബത്തിലെ ഗാനങ്ങൾ അൻവർ സാഗറും എഴുതികൊടുത്തു.
നദീം- ശ്രവൺ ചലച്ചിത്ര സംഗീതവേദിയിൽ വരുന്നതിനും വളരെ മുമ്പേ ബോളിവുഡ് സംഗീതത്തിൽ അലയടിച്ച ജാസ്, ആർ ആൻഡ് ബി, ഹിപ്ഹോപ്, റോക്ക് ആൻഡ് റോൾ സംഗീതസംസ്കൃതി ഇവരെ അത്രയൊന്നും ആകർഷിച്ചു കാണുന്നില്ല. എന്നാലോ, അതിനു ബദലെന്നനിലയിൽ ഭാരതീയ സംഗീത ശൈലികളെ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ട് ഭാവസംഗീതത്തിന്റെ വലിയൊരു ശ്രേണിയും നദീം- ശ്രവൺ നിർമിച്ചു. അതിലൂടെ ജനഹൃദയങ്ങളിൽ ഇളക്കമില്ലാതെ ഇരിപ്പുറപ്പിക്കാനും അവർക്കു സാധിച്ചു. ഈ യാഥാർഥ്യം കുറേക്കൂടി ബോധ്യപ്പെടുത്തുന്ന ചില തെളിവുകൾ സമീപകാലത്തായി എനിക്കും ലഭിച്ചു. പുതിയ വീടിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി വന്ന ഭായിമാരിൽ ചിലർ അവരുടെ വിലകുറഞ്ഞ മൊബൈലിൽ നിറച്ചുവച്ചിട്ടുള്ളതും നിരന്തരം കേൾക്കുന്നതുമായ പാട്ടുകളിൽ ഏറെയും നദീം-ശ്രവൺ സൃഷ്ടികളായിരുന്നു എന്ന സത്യം ഇപ്പോൾ അതിശയത്തോടെ ഞാനും തിരിച്ചറിയുന്നു. 'ദിൽ ഹേ കേ മാൻതാ നഹിം, തൂ പ്യാർ ഹേ കിസി ഔർ കാ, പർദേശി പർദേശി, ധീരേ ധീരേ പ്യാർ കോ, ദിൽ യേ കഹ്താ ഹേ, ഘുംഘട് കി ആഡ് സേ, അഖിയാ മിലാവൂം കഭി, നസരേം മിലി ദിൽ ധഡ്‌കാ, ദിൽ നേ യേ കഹാ' തുടങ്ങിയ ഗാനങ്ങൾ ഒരേ ദിവസംതന്നെ പത്തും പന്ത്രണ്ടും തവണ കേൾക്കേണ്ടിവന്നപ്പോൾ ഒരിക്കൽ ഹിലാൽ ഭായിയോടു ഞാൻ ചോദിച്ചുപോയി. അതിനു കിട്ടിയ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു, 'മാലിക്, യെ ഹമാരേലിയേ ജരൂരി ചീസ് ഹേ നാ! ഗാവ് കി യാദ് ദിലാതാ ഹേ, ദോസ്തോൻ കി യാദ് ദിലാതാ ഹേ, വൈഫ് കി യാദ് ദിലാതാ ഹേ. തും ഭി സുനോ മാലിക്, ദേ ദേംഗേ. മജാ ലോ, ഖുശി ബനേ രഹോ'.
ഹിലാൽ പറഞ്ഞതിൽ വാസ്തവമുണ്ട്. അവരുടെ ചെറിയ ഗ്രാമീണ ജീവിതത്തെയും സ്നേഹബന്ധങ്ങളെയും മുറിഞ്ഞുപോയ പ്രണയത്തെയുമൊക്കെ പിന്നെയും പിന്നെയും ഓർമയിൽ കൊണ്ടുവരുന്ന ഗാനങ്ങൾ ശ്രവണിനു നൽകുന്നത് ഒരു മരണാനന്തര ജീവിതമാണ്. ശ്രവണിന്റെ വിയോഗത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവർത്തകനോടായി നദീം പറയുന്നതും ഇതാണ്, 'ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആരാധകരെ ഞങ്ങളുടെ പാട്ടുകൾ നേടിത്തന്നു. ശ്രവൺ ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നുമില്ല.' സത്യത്തിൽ, ഈ വാക്കുകളിൽ പൊള്ളുന്ന ദുഃഖംതന്നെയല്ലേ, വേറൊരു തരത്തിൽ മുർഷിദാബാദുകാരൻ ഹിലാൽ ഭായിയുടെ സന്തോഷത്തിൽ ഞാൻ തിരിച്ചറിയുന്നതും?
കോവിഡ് മഹാമാരി ബലത്തിൽ പിടിച്ചുകൊണ്ടുപോയ പോയ ഈ മഹാപ്രാണനു മുന്നിൽ എന്റെ വിനീതമായ പ്രണാമം.
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്.)