പണ്ഡിത് രാജൻ മിശ്ര: ഒടിഞ്ഞുവീണ ഒറ്റച്ചിറക്
Mail This Article
ലോകമെമ്പാടും വീശിയടിച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ കൊടുങ്കാറ്റിൽ ഒരു സംഗീതദീപംകൂടി കെട്ടുപോയിരിക്കുന്നു! ഹിന്ദുസ്താനി സംഗീതത്തിലെ ബനാറസി ഘരാനയുടെ പതാകവാഹകരായ പണ്ഡിത് രാജൻ മിശ്ര - സാജൻ മിശ്ര ദ്വയത്തിൽ ഇനി സാജൻ മിശ്ര മാത്രം അവശേഷിക്കുന്നു. ഗുരുവും ജേഷ്ഠനും സഹഗായകനുമായ രാജൻ മിശ്രയുടെ മരണത്തിൽ ആ അനുജൻ എങ്ങനെ പിടിച്ചുനിൽക്കും എന്നോർക്കുമ്പോൾ എൻറെ ഹൃദയവും വേദനിച്ചുപോകുന്നു. ഭാരതം പത്മഭൂഷൺ നൽകി സമാദരിച്ച പണ്ഡിത് രാജൻ മിശ്രയുടെ മരണം നമ്മുടെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. കൊറോണ ബാധിച്ച രാജൻ മിശ്രയെ പ്രവേശിപ്പിച്ചിരുന്ന, ദില്ലിയിലെ പ്രസിദ്ധ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്റർ ഉണ്ടായിരുന്നില്ല. ഈ വിവരമറിഞ്ഞ പണ്ഡിത് വിശ്വമോഹൻ ഭട്ട് രാജൻ മിശ്രക്കു വെൻറിലേറ്റർ സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി സമൂഹമാധ്യമത്തിൽ അഭ്യർഥനയും നടത്തി. എല്ലാം എത്തിച്ചേർന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. സംഗീതാസ്വാദകർ ശ്വാസമടക്കിപ്പിടിച്ചു കേട്ടുകൊണ്ടിരുന്ന മഹനീയ സംഗീതം അതിനിടെ ശ്വാസം കിട്ടാതെ പിടഞ്ഞും മരിച്ചു.
ബനാറസിലെ നാനൂറു വർഷം പഴക്കമുള്ള ഒരു സംഗീതപരമ്പരയിലെ ആറാം തലമുറക്കാരനായ പണ്ഡിത് രാജൻ മിശ്രയുടെ സംഗീതജീവിതം പത്താംവയസ്സിൽ തുടങ്ങി. അന്നേരം അനുജനു പ്രായം അഞ്ചോ ആറോ മാത്രം. പിതാമഹനായ ബഡേ രാംദാസ് മിശ്ര, പിതാവായ ഹനുമാൻ പ്രസാദ് മിശ്ര, മാതുലൻ ഗോപാൽ മിശ്ര എന്നിവരിൽനിന്നും സാമ്പ്രദായികമായി സംഗീതം പഠിച്ച രാജൻ മിശ്രയുടെ അരങ്ങേറ്റം കാശിയിലെ സങ്കട് മോചൻ ക്ഷേത്രസന്നിധിയിൽ നടന്നു. തനിച്ചു പാടാൻവേണ്ട ശാരീരഗുണവും നൈപുണിയും സർഗബലവും ഭാവനാസമ്പന്നതയും ഉണ്ടായിരുന്നിട്ടും അനുജനുമായി ചേർന്നുകൊണ്ട് കലാജീവിതം മുന്നോട്ടുകൊണ്ടുപോകാൻ രാജൻ മിശ്ര ആഗ്രഹിച്ചു. പിതാവിൽനിന്നു പഠിച്ചതിൽ എത്രയോ കൂടുതൽ സാജൻ മിശ്ര അഗ്രജനിൽനിന്നു സ്വായത്തമാക്കി. ഇരുവരും ചേർന്നുള്ള കച്ചേരികളിൽ സ്വാഭാവികമായും ഇതര സംഗീതജ്ഞരുടെ സ്വാധീനതയും കടന്നു വന്നിരുന്നു. അവരുടെ സംഗീത സാഹോദര്യം തൊണ്ണൂറുകളിൽ കീർത്തിയുടെ കൊടിമുടികളിൽ ചെന്നുതൊട്ടു. വർഷത്തിൽ അൻപത്തിയഞ്ചു കച്ചേരികൾവരെ അവർ നിർവഹിച്ചു. ആദ്യത്തെ വിദേശ സംഗീതപരിപാടി 1978 - ൽ ശ്രീലങ്കയിൽ അരങ്ങേറി. കേൾവിക്കാരായി ഏകദേശം ഒരു ലക്ഷംപേരുണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പ്രധാനപ്പെട്ട എല്ലാ ലോകരാജ്യങ്ങളിലും പണ്ഡിത് രാജൻ മിശ്ര സഹോദരനോടൊപ്പം സംഗീതപരിപാടികൾ നടത്തി, ഭാരതീയ സംഗീതത്തെ ദേശാന്തരങ്ങളിൽ പ്രചരിപ്പിച്ചു. ഒടുവിൽ കാശിയിലെ ഹരിശ്ചന്ദ്രഘട്ടിൽ ആ മഹാകാലത്തിനു തിരശീലവീണു.
കർണാടകസംഗീതത്തേക്കാൾ വൈവിധ്യമുള്ള ഹിന്ദുസ്താനി സംഗീതം നിരവധി ഘരാനകളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നു. അവയിൽ പണ്ഡിത് രാജൻ മിശ്ര പിന്തുടരുന്ന ബനാറസി ഘരാന അത്രയൊന്നും ജനപ്രിയമല്ല. ചില പണ്ഡിതരെങ്കിലും അതിനെ ഒരു സ്വതന്ത്ര ഘരാനയായി അംഗീകരിക്കുന്നുമില്ല. സത്യത്തിൽ താരപദവി നേടിയ ഒട്ടേറെ ഗായകരെ ബനാറസി ഘരാനയുടെ ചരിത്രത്തിൽ ലഭിക്കുന്നുണ്ട്. അവരിലധികവും വനിതകളാണെന്ന സവിശേഷതകൂടിയുണ്ട്. റസൂലൻ ബായി, സിദ്ധേശ്വരി ദേവി, ഗിരിജ ദേവി, ബഡി മോത്തി ബായി തുടങ്ങി റീത ഗാൻഗുലി, പൂർണിമ ചൗധരി, അപരാജിത ലഹിരി വരെയുള്ളവർ ഈ പരമ്പരയെ മുന്നോട്ടു നയിക്കുന്നു. രാജൻ മിശ്രയുടെ പിതാമഹൻമാരായ നാനക് മിശ്ര, ഗണേശ് മിശ്ര, റാംബക്ഷ് മിശ്ര എന്നിവരും ബനാറസി ഘരാനയിലെ പ്രമുഖ ഗായകരാണ്. അവരുടെ മൂലകുടുംബം സെൻട്രൽ ബനാറസിൽ കബീർ ചൗരയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. പത്മപുരസ്കാര ജേതാക്കളായ പതിനഞ്ചോളം കലാകാരന്മാർ പാർക്കുന്നതിനാൽ ഈ പ്രദേശത്തെ പദ്മഗലി എന്നും പറയാറുണ്ട്. മേൽപറഞ്ഞ സംഗീത സാഹചര്യം രാജൻ മിശ്രയെ വളരെ സ്വാധീനിച്ചു. ബാല്യംമുതലേ മുൻനിര ഗായകരുടെ സംഗീതം നേരിൽ കേൾക്കാൻ ധാരാളമായി അവസരം സിദ്ധിച്ചതും പിതാവിലൂടെ അവരുമായി സമ്പർക്കത്തിൽ വരാനായതും അതുവഴി വലിയ പ്രചോദനങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതും രാജൻ മിശ്രയുടെ സംഗീതബോധത്തെ രൂപപ്പെടുത്തി. രാജൻ മിശ്ര പറഞ്ഞിട്ടുണ്ട്, പിതാവിലൂടെ സംഗീതം മാത്രമല്ല നൂറ്റാണ്ടുകളുടെ സംഗീതചരിത്രവും സംസ്കാരവും നിർലോഭം അവർക്കു പകർന്നുകിട്ടിയിരുന്നു. അതിനെ നിലനിർത്താൻ മക്കളായ റിതേഷ് - രജനീഷ് മിശ്രമാർ ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്.
ബനാറസി ഘരാനയെ വികസിപ്പിക്കുന്നതിൽ പണ്ഡിത് രാജൻ മിശ്ര വഹിച്ച പങ്കിനെ ആരും അംഗീകരിച്ചുപോകും. ഹിന്ദുസ്താനി സംഗീതത്തിലെ ലളിത സംഗീതമാർഗമായ ഠുമ്രിയിൽ ഒതുങ്ങിനിന്ന ഈ ഘരാനയെ രാജൻ മിശ്ര അതിലടങ്ങിയിട്ടുള്ള ലാളിത്യവും സൗന്ദര്യവും കോമളതയും നിലനിർത്തിക്കൊണ്ടുതന്നെ കുറേക്കൂടി സംഗീത സാധ്യതകളുള്ള ഖയാൽ എന്ന സംഗീതരൂപത്തിലേക്കു വികസിപ്പിച്ചു. ഗുരു ജഗജീത് സിങ് മഹാരാജയുടെ പ്രേരണയാൽ അതിനുള്ളിൽ ഭക്തിയുടെ ഘടകങ്ങൾ ധാരാളമായി ചേർത്തു. തത്ത്വചിന്തകനായ ഓഷോയുടെ ദർശനങ്ങളുടെ അനുയായി എന്നനിലയിലുള്ള സ്വാധീനത അതിനെ പിന്നെയും ആത്മീയതലത്തിൽ ഉയർത്തി. ഈ ഉദ്യമത്തിൽ സഹോദരൻ സാജൻ മിശ്ര അദ്ദേഹത്തെ വളരെ സഹായിച്ചു. ശബ്ദത്തിലെ സമാനതയെ ഇവരുടെ സംഗീതത്തിലെ പ്രധാന സവിശേഷതയായിഎടുത്തു പറയാം. രണ്ടുപേർ ചേർന്നു പാടുന്നതാണെന്ന തോന്നൽ ഉളവാക്കാത്ത തരത്തിൽ എത്രയും ഐക്യത്തോടെ, ഏകമനസ്സോടെ രാജൻ - സാജൻ മിശ്രമാർ പാടി. ഇതിനുവേണ്ടി കഠിനമായ പരിശീലനങ്ങൾ അവർ നിർവഹിച്ചു. അവരുടെ സാധകരീതികളും തുലോം വ്യത്യസ്തപ്പെട്ടിരിരുന്നു. ഡെറാഡൂണിൽനിന്നു മുകളിലേക്കുള്ള മാർഗത്തിൽ മുസൂറിയുടെ ദിശയിൽ, സംഗീത പരിശീലനം നടത്തുന്നതിനും ശിഷ്യരെ സംഗീതം അഭ്യസിപ്പിക്കുന്നതിനുംവേണ്ടി പർവതങ്ങളുടെ നടുവിൽ, ഒരു നദിയുടെ സമീപത്തായി അവർ സ്ഥാപിച്ചിട്ടുള്ള 'വിരാം സംഗീത ഗുരുകുൽ ' സന്ദർശിച്ചിട്ടുള്ളവർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
പടിയാല ഘരാനയിലെ സലാമത് - നസാകത് അലിഖാൻ, കിരാന ഘരാനയിലെ നിയാസ് അഹമ്മദ് ഖാൻ- ഫയാസ് അഹമ്മദ് ഖാൻ എന്നിവരുടെ മാതൃകയിൽ പണ്ഡിത് രാജൻ മിശ്ര ഭാവനചെയ്ത സംഗീതസാഹോദര്യം പെട്ടെന്നുതന്നെ ജനപ്രിയമായി. ഭാരതത്തിലെ എല്ലാ സംഗീത സമ്മേളനങ്ങളിലും അവർ ക്ഷണിതാക്കളായി. അതി സരളമായ ബന്ദിഷുകൾ, കോമള രാഗങ്ങൾ, സംക്ഷിപ്ത ആലാപുകൾ, ഉള്ളടക്കം വിശദീകരിച്ചുകൊണ്ടുള്ള അവതരണരീതി, സങ്കീർണതകളിലേക്കു പോകാത്ത ഗാനശൈലി, കച്ചേരിയിൽ ഉടനീളം നിലനിർത്തുന്ന സാത്വികഭാവം എന്നിവ കാരണം അവരുടെ ശാസ്ത്രീയഗായൻ സാധാരണക്കാർക്കുപോലും രസിച്ചുകേൾക്കാൻ കഴിയുന്നതായി മാറി. 'നിലാവുള്ള രാത്രിയിൽ ഗംഗാനദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്ന അനുഭവം' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഗാനപദ്ധതി ശ്രോതാക്കളെ ആധ്യാത്മികതലത്തിൽ ഉയർത്തിക്കൊണ്ടുപോകാൻ പരിശ്രമിച്ചു. പൂജയെന്നും ആരാധനയെന്നും സംഗീതക്കച്ചേരികളെ പരാമർശിക്കുന്ന രാജൻ മിശ്ര ഒരിക്കൽ പറഞ്ഞു, 'സ്വർ' എന്ന പദത്തിനു മുന്നിൽ 'ഈ' ചേർത്താൽ 'സ്വർ', 'ഈശ്വർ' എന്നായി മാറും. ഈശ്വരനുവേണ്ടി പാടുമ്പോൾ സംഗീതം കൂടുതൽ ചൈതന്യമുള്ളതായിത്തീരും. ഇത്തരത്തിൽ സ്വന്തം സംഗീതത്തെ ഉത്തരഭാരതത്തിലെ പ്രാക്തന ഭക്തിസമ്പ്രദായവുമായി കൂട്ടിച്ചേർക്കാൻ രാജൻ മിശ്ര താല്പര്യപ്പെട്ടു. ഇക്കാരണത്താൽ സ്വന്തം സംഗീതത്തെ വൈവിധ്യപൂർണമാക്കാൻ രാജൻ മിശ്രക്കു വേണ്ടത്ര സാഹചര്യം കിട്ടിയില്ല. പൊതുവേ ശൃംഗാരരസ പ്രധാനമായി കരുതപ്പെടുന്ന മാൽകൗൻസ് രാഗം രാജൻ മിശ്ര പാടുന്ന രീതി ശ്രദ്ധിച്ചാൽ ഇക്കാര്യം എളുപ്പത്തിൽ വ്യക്തമാകും.
ലളിതസുന്ദരമായ വ്യക്തിജീവിതം നയിച്ച പണ്ഡിത് രാജൻ മിശ്രയുടെ അപാരമായ നർമബോധം വളരെ പ്രസിദ്ധമായിരുന്നു. താരപദവിയുള്ള ഗായകനായി മാറിയതിനുശേഷവും കാശിയുടെ തെരുവുകളിലൂടെ അദ്ദേഹം സ്കൂട്ടർ യാത്ര നടത്തി. വലിയ സംഗീതജ്ഞരിൽ പലരിലും കാണാത്ത മറ്റൊരു സത്വഗുണവും രാജൻ മിശ്രയിലുണ്ടായിരുന്നു. ഇതര ഘരാനയിലെ ഗായകരെ, അവർ എത്ര ചെറിയവകരാകട്ടെ, കേൾക്കാൻ ലഭിച്ച അവസരങ്ങൾ അദ്ദേഹം പാഴാക്കിയില്ല. രാജൻ മിശ്രയുടെ വ്യക്തിത്വശുദ്ധി ഏറെ പ്രസിദ്ധമായിരുന്നു. സാമ്പ്രദായിക സംഗീതപരിശീലനത്തിനു പുറമേ അദ്ദേഹം ഉയർന്ന വിദ്യാഭ്യാസയോഗ്യതയും സ്വന്തമാക്കി. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ രാജൻ മിശ്ര സർവകലാശാലയിൽ വിദ്യാർഥി യായിരിക്കേ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വിലസിയിട്ടുണ്ട്. വർഷങ്ങൾ കടന്നുപോകേ, ശതാബ്ദി ആഘോഷവേളയിൽ രാജൻ - സാജൻ മിശ്രമാരെ ബനാറസ് ഹിന്ദു സർവകലാശാല ഓണററി ഡോക്ടർ ബിരുദം നൽകി ആദരിച്ചു. മിശ്ര സഹോദരങ്ങളുടെ സംഗീതജീവിതയാത്രകൾ പ്രമേയമാക്കി മകരന്ദ് ബ്രഹ്മ സംവിധാനം നിർവഹിച്ച 'അദ്വൈദ് സംഗീത് - ടു വോയിസ് - വൺ സോൾ' എന്ന ചലച്ചിത്രം 2011-ലെ ഗോവൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു . ഇതിപ്പോൾ രണ്ടു ഡിവിഡി കളിലായി വിപണിയിൽ ലഭിക്കുന്നുമുണ്ട്.
പണ്ഡിത് രാജൻ മിശ്രയുടെ കലാജീവിതം ഒരിക്കലും മത്സരാധിഷ്ഠിതമായിരുന്നില്ല. എന്നിട്ടും അവരുടെ പേരുകൾ ഗിന്നസ് റെക്കോർഡിൽ കാണുന്നുണ്ട്. ശ്രീശ്രീ രവിശങ്കറുടെ ആതിഥേയത്വത്തിൽ, 2010 ജനുവരിമാസം പന്ത്രണ്ടാം തീയതി പുനെയിൽ രാജൻ മിശ്ര നേതൃത്വം നൽകി സംഘടിപ്പിച്ച 'അന്തർനാദ്' എന്ന സംഗീതസമാരോഹിൽ 2750 ശാസ്ത്രീയസംഗീതജ്ഞർ പങ്കെടുത്തു. ബസന്ത് ബഹാറും വന്ദേമാതരവും മറ്റും ശ്രുതിഭംഗം ഏതുമില്ലാതെ അവതരിപ്പിക്കപ്പെട്ടപ്പോൾ രണ്ടുലക്ഷത്തോളം ശ്രോതാക്കൾ അതിനു സാക്ഷ്യം വഹിച്ചു.
ഹിന്ദുസ്താനി ശാസ്ത്രീയ സംഗീതത്തിലെ പാരമ്പര്യമാർഗത്തെ പണ്ഡിത് രാജൻ മിശ്ര മുറതെറ്റാതെ പിന്തുടർന്നു. ഫ്യുഷൻ സംഗീതത്തെ എതിർക്കുന്നതിനു പകരം അങ്ങനെയൊരു സംഗീതശൈലി ഭാരതീയ സംഗീതപൈതൃകത്തിൽ പണ്ടേ നിലനിന്നിരുന്നുവെന്നു സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചു. അനുബന്ധമായി, സമകാലീന ശാസ്ത്രീയ സംഗീതരംഗത്തു കണ്ടുവരുന്ന ചില ശീലങ്ങളെയും രാജൻ മിശ്ര വിമർശിച്ചു. അദ്ദേഹം പറഞ്ഞു, 'ഇപ്പോഴത്തെ സംഗീതജ്ഞരിൽ പലർക്കും ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥായിയായ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല. പത്രമാധ്യമങ്ങളിൽ ചിത്രം വരുന്നുണ്ടോ എന്നതിലാണ് ശ്രദ്ധ. കഠിന സാധനയിലൂടെ സ്വന്തം സംഗീതം മെച്ചപ്പെടുത്തുന്നതിനേക്കാൾ ആരു പ്രശംസിക്കുന്നു, ആരു നിന്ദിക്കുന്നു എന്നൊക്കെ അവർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്തു ചെയ്താലും കവറേജ് വരണം. എയർപോർട്ടിൽ പോയിനിന്നാൽ അതും ഫേസ്ബുക്കിൽ വരണം. ഈ ശ്രദ്ധയൊന്നും പക്ഷേ സംഗീതത്തിൽ കേൾക്കാനില്ല!' രാജൻ മിശ്രയുടെ വാക്കുകൾ വെറും കുറ്റപ്പെടുത്തലിനപ്പുറം ശാസ്ത്രീയസംഗീതം ഭാവിയിലും നിലനിൽക്കണമെന്നുള്ള ശുഭേച്ഛയിൽനിന്നു പുറപ്പെട്ടു വരുന്നതായിട്ടേ ഞാൻ കരുതുന്നുള്ളൂ.
നമ്മുടെ ഭാഗ്യം, ഇരുപതോളം ആൽബങ്ങൾകൂടാതെ യൂട്യൂബിലും പണ്ഡിത് രാജൻ - സാജൻ മിശ്രമാരുടെ സംഗീതം ധാരാളമായി ലഭിക്കുന്നുണ്ട്. കലാസ്വാദകരുടെ കാരുണ്യത്തിൽ ഒട്ടേറെ ലൈവ് കച്ചേരികളും സമീപകാലത്തായി ഉയർന്നുവന്നിരിക്കുന്നു. അവയിൽ ഛായാനട്, ദർബാരി, കുസും കേദാർ, ശുദ്ധസാരംഗ് എന്നിവയുടെ അവതരണം എന്നെ വിശേഷമായി ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിവാൻ സിങ് പ്രസിദ്ധീകരിച്ച കാമോദ് രാഗത്തിൽ, മധ്യലയത്തിൽ, തീൻതാളിൽ ചിട്ടപ്പെടുത്തിയ 'കാരേ ജാനേ നാ ദൂംഗി' എന്നു തുടങ്ങുന്ന പരമ്പരാഗത ബന്ദിഷിൽ രാജൻ മിശ്രയുടെ ശൈലിയുടെ എല്ലാ ഭാവഭേദങ്ങളും ഉൾക്കൊണ്ടിരിക്കുന്നതായി ഞാൻ മനസിലാക്കുന്നു.
ഹിന്ദുസ്താനി സംഗീതത്തിലെ മഹാഗായകരെ ഒന്നിലേറെ തവണ കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കൽ മാത്രമേ പണ്ഡിത് രാജൻ - സാജൻ മിശ്രമാരെ നേരിൽ കേൾക്കാൻ അവസരം ലഭിച്ചതുള്ളൂ. തൊണ്ണൂറുകളുടെ തുടക്കത്തിൽ എപ്പോഴോ കാശിയിലെ കബീർ മഠത്തിൽ നടന്ന സംഗീതാർച്ചന ഇപ്പോഴും മനസിൽ പ്രകാശിച്ചു നിൽക്കുന്നു. തൊണ്ടയെ ബാധിച്ച ദീനം കാരണം സാജൻ മിശ്ര ചെറിയ പിന്തുണ കൊടുത്തുകൊണ്ട് ഒതുങ്ങിയിരുന്ന വേദിയിൽ രാജൻ മിശ്രയുടെ സംഗീത കല്പനകളും ഭാവനാ സമ്പന്നതയും വേറിട്ടു കേൾക്കാനുള്ള അപൂർവ ഭാഗ്യം എനിക്കും ലഭിച്ചു. രണ്ടു രാഗങ്ങൾ പാടിയപ്പോഴേക്കും ഇടിവെട്ടി ഇറങ്ങിവന്ന മഴ എല്ലാം തുലച്ചുകളഞ്ഞു. ക്ഷമാപണത്തോടെ മിശ്ര സഹോദരങ്ങളും ഉടനടി വേദി വിട്ടുപോയി. സംസാരിക്കാനോ അടുത്തുനിന്നു കാണാനോ സാധിക്കാതെ പോയതിലുള്ള നിരാശ ഹൃദയത്തിൽ ഇന്നും ബാക്കി കിടക്കുന്നു. അതിനെ മായിച്ചു കളയാൻ രാവിലെ കേട്ട ജയ് ജയ് വന്ദിയും ആഹിർഭൈരവും ആവതു ശ്രമിക്കുന്നു. പക്ഷേ, സാധിക്കുന്നില്ല. അതിനു കാരണമുണ്ട്. നിമിഷാർദ്ധംകൊണ്ട് കൃതജ്ഞത കൃതഘ്നതയും അനുഗ്രഹം നിഗ്രഹവും വാത്സല്യം വൈരവും കരുണ ഹിംസയുമായി മാറിപ്പോകുന്ന ഈ കലിസന്ധ്യയിൽ ശാശ്വതമായി പിന്നെ എന്തുണ്ട് എന്ന ചോദ്യം ഉയരുമ്പോൾ ഓർത്തുപറയാൻ ഞാൻ കരുതിവച്ച സംഗീതമായിരുന്നല്ലോ പണ്ഡിത് രാജൻ മിശ്ര! അദ്ദേഹത്തെപ്പോലെയുള്ള ഗായകരില്ലാതെ എന്നെപ്പോലെയുള്ള അൽപപ്രാണികൾ ഭൂമിയിൽ നിലനിൽക്കുന്നതെങ്ങനെ ?
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )