ഒറ്റ പാട്ടിലൂടെ നാല് പുരസ്കാരങ്ങൾ! മഞ്ഞൾപ്രസാദം നൽകി മലയാളത്തിലേക്കു വന്ന ആ ബോംബെക്കാരൻ
Mail This Article
സംഗീത സംവിധായകൻ ബോംബെ രവി എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയത് മൂന്നര പതിറ്റാണ്ട് മുൻപാണ്. കൃത്യം പറഞ്ഞാൽ 1986ൽ. എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത‘നഖക്ഷതങ്ങൾ’, ‘പഞ്ചാഗ്നി’ എന്നീ ചിത്രങ്ങൾ റിലീസ് ആയപ്പോൾ. സംഗീതത്തിന് മഞ്ഞൾപ്രസാദം നൽകിക്കൊണ്ടായിരുന്നു രവി ശങ്കർ ശർമ എന്ന ബോംബെ രവി മലയാളത്തിലേക്കു കടന്നുവന്നത്. മലയാള സിനിമാ സംഗീതത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഒരേ സമയം രണ്ടു സിനിമകൾക്കു സംഗീതം നൽകികൊണ്ടു രംഗപ്രവേശം ചെയ്തത്. ബോംബെ രവിയുടെ വരവിനെക്കുറിച്ച് ഹരിഹരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘പുതുമുഖങ്ങളെ വച്ച് സംഗീതപ്രാധാന്യമുള്ളൊരു ചിത്രമായി ചെയ്യാമെന്ന് എം.ടി പറഞ്ഞു. അങ്ങനെയാണ് നഖക്ഷതങ്ങൾ ഉണ്ടാകുന്നത്. സിനിമയിൽ സംഗീതത്തിനു പ്രാധാന്യമില്ലാത്ത കാലമായിരുന്നു അത്. എന്നാൽ ഈ ചിത്രം സംഗീതപ്രധാനമായിരിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. സിനിമയാകുമ്പോൾ സംഗീതമുണ്ടാകണം. പാട്ട് എവിടെ വേണം, അതുൾക്കൊള്ളുന്ന വികാരം എന്താണ് എന്നൊക്കെ നമ്മൾക്കാദ്യമേ ബോധ്യമുണ്ടായിരിക്കണം.
സംഗീതത്തിൽ എനിക്കു കുട്ടിക്കാലത്തേ താൽപര്യമുണ്ടായിരുന്നു. അച്ഛനായിരുന്നു സംഗീതത്തിൽ എന്റെ ഗുരു. അച്ഛൻ അക്കാലത്ത് റേഡിയോയിൽ സംഗീതമൊക്കെ അവതരിപ്പിക്കുമായിരുന്നു. ഞാൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അതോടെ സംഗീതപഠനം നിന്നു. എന്നാലും പലരിൽ നിന്നായി ഞാൻ സംഗീതം പഠിച്ചുകൊണ്ടിരുന്നു. അതെല്ലാം സിനിമ ചെയ്യുമ്പോൾ എനിക്കു വളരെ ഗുണം ചെയ്തു.
പഞ്ചാഗ്നിയുടെയും നഖക്ഷതങ്ങളുടെയും സംഗീതം ഒരുമിച്ചാണു ചെയ്യുന്നത്. ഒഎൻവി ആയിരുന്നു ഗാനങ്ങൾ എഴുതിയത്. പുതിയൊരാളെക്കൊണ്ട് സംഗീതം ചെയ്യിക്കാമെന്ന് ഞാൻ എംടിയോടു പറഞ്ഞു. ഹിന്ദി സിനിമയിൽ നിന്നു പ്രശസ്തരായ ആരെയെങ്കിലും കൊണ്ടുവരാൻ തീരുമാനിച്ച് ഞാനും എംടിയും മുംബൈയിലേക്കു ട്രെയിൻ കയറി. നൗഷാദിനെയോ ഖയ്യാമിനെയോ കൊണ്ടുവരാമെന്നായിരുന്നു കണക്കുകൂട്ടൽ. മലയാളത്തിൽ സംഗീതമൊരുക്കാൻ നൗഷാദ് ഒരുക്കമായിരുന്നു. എന്നാൽ ഞങ്ങളുടെ ചെറിയ സമയം അദ്ദേഹത്തിനു പോരായിരുന്നു. ഒരുമാസം കൊണ്ട് ഏഴെട്ടു പാട്ടുകൾ വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് ഒരു പാട്ടൊരുക്കാൻ ഒരു മാസം വേണം. അങ്ങനെ അതു നടക്കില്ലെന്നായി.
പിന്നീട് ഖയ്യാമിനെ കാണാമെന്നു വച്ചപ്പോൾ അദ്ദേഹം വിദേശത്തായിരുന്നു. അങ്ങനെയാണ് രവി സാബിനെ കാണാൻ തീരുമാനിച്ചത്. അദ്ദേഹം സംഗീതം നൽകിയ ചില ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ആദ്യം അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. പ്രതിഫലവും അതിലൊരു ഘടകമായിരുന്നു. മലയാള സിനിമയുടെ പ്രത്യേകതയെക്കുറിച്ച് എംടി സംസാരിച്ചു. ഒടുവിൽ അദ്ദേഹം വരാമെന്നേറ്റു.
മദ്രാസിൽ വച്ചായിരുന്നു കംപോസിങ്. ഒഎൻവിയും രവിസാബും പെട്ടെന്നു തന്നെ സൗഹൃദത്തിലായി. ഏറെ ദിവസമെടുത്താണ് പഞ്ചാഗ്നിയിലേയും നഖക്ഷതങ്ങളിലേയും പാട്ടുകൾ കംപോസ് ചെയ്തത്. ചെയ്തുവന്നപ്പോൾ വളരെ ഭംഗിയായി തോന്നി. നഖക്ഷതങ്ങളുടെ പാട്ടുകൾ ചെയ്യും മുൻപേ രവിസാബിന് ഗുരുവായൂർ അമ്പലത്തിലെ പശ്ചാത്തലം മനസ്സിക്കാൻ വേണ്ടി എന്റെ അസോസിയേറ്റ് ആയിരുന്ന ശ്രീക്കുട്ടനെക്കൊണ്ട് അമ്പലത്തിൽ നടതുറക്കുന്നതുമുതൽ നട അടയ്ക്കുന്നതുവരെയുള്ള ശബ്ദം റെക്കോർഡ് ചെയ്തുകേൾപ്പിച്ചുകൊടുത്തു. അത് കാര്യങ്ങൾ എളുപ്പമാക്കി.
ബാലപംക്തിയിൽ രാമു എഴുതിയ ഒരു കവിത ഗൗരി ചൊല്ലുന്നതിലൂടെയാണ് നായികാനായകന്മാരുടെ ബന്ധം തുടങ്ങുന്നത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ... എന്ന ഗാനം ഗുരുവായൂർ അമ്പലവുമായി ചേർന്നുപോകുന്നരീതിയിൽ ഒരുക്കാൻ രവിസാബിനു സാധിച്ചത് ഈയൊരു കാര്യത്തിലൂടെയാണ്.
മികച്ച സംഗീതമൊരുക്കണമെന്ന ഞങ്ങളുടെ ആഗ്രഹത്തിനു ഫലമുണ്ടായി. 1986ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഗാനരചനയ്ക്ക് ഒഎൻവിക്കും സംഗീത സംവിധാനത്തിന് ബോംബെ രവിയ്ക്കും അവാർഡ് ലഭിച്ചു. ഗായകൻ യേശുദാസും ഗായിക ചിത്രയും. സംഗീതത്തിനു മാത്രം നാല് അവാർഡാണു വാരിക്കൂട്ടിയത്. അതിനെല്ലാം പുറമേ, സിനിമയിൽ ഗാനങ്ങൾ വരുമ്പോൾ ആളുകൾ എഴുന്നേറ്റുപോകുന്ന പ്രവണതയും നിലച്ചു. മലയാള സിനിമയിൽ സംഗീതത്തിനു വലിയ പ്രാധാന്യം ലഭിച്ചു. അതും ഹൃദയഹാരിയായ സംഗീതത്തിന്’.