ADVERTISEMENT

പാട്ടിന്റെ കതിര്‍ക്കാലമായിരുന്നു എസ്.പി വെങ്കടേഷിന്റെ പാട്ടുകളോരോന്നും. തുടര്‍ച്ചയായ ഹിറ്റുകള്‍ ചരിത്രമായി. അപ്പോഴും പുതിയ ഗാനരചയിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ മടിച്ചില്ല. ആ സംഗീതത്തില്‍ ആദ്യമായി പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ പോലെ എത്രയെത്ര പുതുമുഖങ്ങള്‍. അങ്ങനെ എസ്.പി.വെങ്കടേഷിലൂടെ തുടങ്ങി സിനിമാഗാനശാഖയില്‍ അടയാളപ്പെടുത്തിയ പേരാണ് കോന്നിയൂര്‍ ബാലചന്ദ്രന്റേതും. 1996ല്‍ പുറത്തിറങ്ങിയ സാമൂഹ്യപാഠത്തിൽ യേശുദാസും കെ.എസ്.ചിത്രയും ആലപിച്ച "കാവളം കിളിയെ" എന്ന ഹിറ്റ് ഗാനം രചിച്ചിട്ടും ബാലചന്ദ്രനെ തേടി പിന്നീട് അവസരങ്ങളെത്തിയില്ല. താന്‍ പ്രതീക്ഷയോടെ കണ്ട കോന്നിയൂര്‍ ബാലചന്ദ്രനെ രണ്ടര പതിറ്റാണ്ടിനു ശേഷം വീണ്ടും ഓര്‍ത്തെടുക്കുകയാണ് എസ്.പി.വെങ്കടേഷ്. വീണ്ടും അവര്‍ ഒത്തുചേരുമ്പോള്‍ പങ്കുവയ്ക്കുന്നതത്രയും പാട്ടിന്റെ നല്ലകാലത്തെ വര്‍ത്തമാനങ്ങള്‍.

 

balachandran-konniyoor
എസ്.പി.വെങ്കടേഷ് പാട്ടൊരുക്കുന്ന പഴയകാല ദൃശ്യം

'പുതിയ ഗാനരചയിതാക്കള്‍ വരുന്നതിനെ എപ്പോഴും സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. ഒരാളുടേയും അവസരത്തെ തട്ടിക്കളയുന്നത് ശരിയല്ലല്ലോ. അങ്ങനെ ഞാന്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഗാനരചയിതാവായിരുന്നു കോന്നിയൂര്‍ ബാലചന്ദ്രന്‍.' എസ്. പി. വെങ്കടേഷ് പാട്ടിന്റെ പഴയകാലം ഓര്‍ത്തെടുത്തു. "കാവളം കിളിയെ" ശരിക്കും മറ്റൊരു പടത്തിനായി ചെയ്ത പാട്ടായിരുന്നു. അന്ന് ആ പടത്തിലെ മറ്റു ഗാനങ്ങള്‍ എഴുതുന്നത് ഷിബു ചക്രവര്‍ത്തിയാണ്. എല്ലാ ഗാനങ്ങളും ഷിബു എഴുതുന്നു എന്നായിരുന്നു എന്റെ വിചാരം. പക്ഷേ സംവിധായകന്‍ വന്ന് നമുക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്, ആളിനെക്കൊണ്ട് ഒരു പാട്ടെഴുതിക്കണം എന്ന് എന്നോടു പറഞ്ഞു. ഞാനതിന് സന്തോഷത്തോടെ സമ്മതം മൂളി. ആളൊരു നല്ല കവിയാണെന്ന് കേട്ടതോടെ പ്രതീക്ഷയും ഏറെയായിരുന്നു. അന്ന് ആ പടം നടക്കാതെ വന്നതോടെ നിർമാതാക്കൾ ഈ ഗാനങ്ങൾ അവരുടെ തന്നെ മറ്റൊരു ചിത്രത്തിലേക്ക് ഉപയോഗിച്ചു. അങ്ങനെയാണ് ഈ ഗാനം 'സാമൂഹ്യപാഠത്തി'ലെത്തുന്നത്."

 

'എനിക്കത് നല്ല തിരക്കുള്ള കാലമാണ്. പാട്ടിന്റെ സിറ്റുവേഷന്‍ നേരത്തേ സംവിധായകന്‍ പറഞ്ഞിരുന്നതിനാല്‍ ട്യൂണിട്ട് ഞാന്‍ എന്റെ അസിസ്റ്റന്റ് പ്രഭാകറിന്റെ കൈയില്‍ കൊടുത്തയച്ചു. അടുത്ത ദിവസം തന്നെ കോഴിക്കോട് മഹാറാണിയില്‍ ഞാനെത്തി. ചിരിച്ച മുഖവുമായി മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഭവ്യതയോടെ എന്നെ നോക്കി നില്‍ക്കുന്നു. വാധ്യാരാണെന്ന് അപ്പോഴാണ് അറിയുന്നത്. അതിന്റെ ഒരു സ്‌നേഹവും നമ്മള്‍ നല്‍കണമല്ലോ. അപ്പോഴും തുടക്കക്കാരന്റെ ചെറിയൊരു ഭയം ആ മുഖത്തുണ്ട്. എങ്കിലും എഴുതിയ വരികള്‍ കാണിക്കാനായിരുന്നു ധൃതി. ഞാന്‍ ബാലചന്ദ്രനെ അടുത്തിരുത്തി. ഒരു കവിത ചൊല്ലാന്‍ പറഞ്ഞു, അപ്പോഴേക്കും ആ രൂപവും ഭാവവുമൊക്കെ മാറി. തുറന്ന ശബ്ദത്തില്‍ ഉറക്കെ പാടി. ഞാനത് നന്നായി ആസ്വദിച്ചു. അതോടെ ആളുമായി മാനസികമായ ഒരടുപ്പമായി. അന്നു രാത്രി മുഴുവന്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. അടുത്ത ദിവസമാണ് ഞങ്ങള്‍ കമ്പോസിങ്ങിലേക്ക് കടന്നത്. ചില മാറ്റങ്ങളൊക്കെ നിര്‍ദ്ദേശിച്ചപ്പോള്‍ അതിവേഗത്തില്‍ എഴുതി. മീറ്ററിന് ലവലേശം മാറ്റമില്ലാതെ കൃത്യമായി ഒരു തുടക്കക്കാരന്‍ എഴുതുന്നത് എനിക്കും അതിശയമായി. എന്റെ നല്ല പാട്ടുകളില്‍ ഒന്നാണ് ഇന്നും കാവളംകിളി. അന്ന് പാട്ടെഴുതി പോകുമ്പോള്‍ എനിക്കുറപ്പായിരുന്നു ഇനിയും ബാലചന്ദ്രനെ തേടി നിരവധി അവസരങ്ങളെത്തുമെന്ന്. അതിനുള്ള പ്രതിഭ അയാളിലുണ്ടായിരുന്നു. പക്ഷേ സത്യത്തില്‍ പിന്നീട് ഞാന്‍ ബാലചന്ദ്രനെ കണ്ടില്ല. പാട്ടിറങ്ങാന്‍ തന്നെ ഒരുപാട് വൈകിയെന്നു തോന്നുന്നു. അക്കാലത്ത് ചിലരോട് ഞാന്‍ ബാലചന്ദ്രനെക്കുറിച്ച് തിരക്കിയിരുന്നു,' എസ്.പി.വെങ്കടേഷ് പറയുന്നു.

 

'ആദ്യ സിനിമ ഇറങ്ങാന്‍ വൈകിയതും പിന്നീട് അവസരങ്ങളെത്താതെ പോയതും എന്നെ വല്ലാതെ നിരാശനാക്കിയിരുന്നു,' കോന്നിയൂര്‍ ബാലചന്ദ്രന്‍ പറയുന്നു. 'അവസരങ്ങള്‍ തേടി പോകാന്‍ നാട്ടുമ്പുറത്തുകാരനായ എനിക്ക് കഴിയാതെ പോയി. അധ്യാപനത്തിന്റെ തിരക്ക് അന്ന് ആവോളമുണ്ട്. ശരിക്കും ഞാനത് ആസ്വദിച്ചു. സിനിമാപ്പാട്ടെന്ന മോഹം പിന്നീടും ഉണ്ടായിരുന്നെങ്കിലും ഞാനതിനു ശ്രമിച്ചില്ല. ഇന്നും പലര്‍ക്കും അറിയില്ല ഞാനാണ് "കാവളം കിളിയെ" എഴുതിയതെന്ന്. അതില്‍ ആദ്യകാലത്തൊക്കെ നിരാശ തോന്നിയിരുന്നു. ഞാനിരുന്ന വേദിയില്‍ തന്നെ മറ്റൊരു പ്രശസ്ത ഗാനരചയിതാവിന്റെ പേരില്‍ ഈ ഗാനം ചാര്‍ത്തി നല്‍കി ആലപിക്കുന്നത് കേട്ടിട്ടുണ്ട്. ആകാശവാണിയിലടക്കം ഈ പാട്ടിനൊപ്പം എന്റെ പേരന്ന് വന്നില്ല. ഞാനത് തിരുത്താനും പോയിട്ടില്ല. എങ്കിലും കാലമിത്രയും കഴിഞ്ഞിട്ടും എസ്പിവി സര്‍ എന്നെ ഓര്‍ക്കുന്നതു തന്നെ വലിയ അംഗീകാരമല്ലേ. പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ വീണ്ടും സംവദിച്ചു. പാട്ടു പാടി, വിശേഷങ്ങള്‍ തിരക്കി..... എല്ലാം വലിയ സന്തോഷങ്ങള്‍!' കോന്നിയൂര്‍ ബാലചന്ദ്രന്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com