ഗൂഗിളിൽ ആളുകൾ തിരഞ്ഞത് മരണ വാർത്ത; സംഗീതലോകത്തെ ഉലച്ച നഷ്ടങ്ങൾ, നൊമ്പരങ്ങൾ!
Mail This Article
ഇന്ത്യൻ സംഗീത ലോകം ചില അപ്രതീക്ഷിത വിയോഗങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമാണ് 2022. ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ, ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലഹിരി, ഗായകൻ കെകെ എന്നിവരുടെ മരണവാർത്ത ബോളിവുഡിനെ ഉലച്ചു കളഞ്ഞു. ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ സംഗീതവാർത്തകളിൽ ഇവ മൂന്നും ഉൾപ്പെടുന്നു. കൂടാതെ കൊറിയൻ ബാൻഡ് ബിടിഎസിന്റെ വേർപിരിയലും ‘തിരച്ചില്‍’ പട്ടികയിലുണ്ട്. ഈ വർഷം സംഗീതലോകത്തുണ്ടായ നഷ്ടങ്ങൾ:
സ്വരവിസ്മയം അഥവാ ലത
പാടിപ്പാടി ഗിന്നസ്ബുക്കിന്റെ താളിൽവരെ ഇടം നേടിയ ഈ ശബ്ദം. ഏഴുപതിറ്റാണ്ടിലേറെയായി ഏതൊരു ഇന്ത്യക്കാരന്റെയും ഇടനെഞ്ചിന്റെ ഈണമായിരുന്നു ലത മങ്കേഷ്കർ എന്ന സ്വരസൗന്ദര്യം. പ്രണയങ്ങൾക്കും വിരഹങ്ങൾക്കും സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കുമെല്ലാം പിന്നണിയിൽ ആ സ്വരമുണ്ടായിരുന്നു. തലമുറകളിൽ നിന്നു തലമുറകളിലേക്ക് പകർന്നൊഴുകിയ സ്വരത്തിനുടമയെ ഒടുവിൽ രാജ്യം വിളിച്ചു, വാനമ്പാടിയെന്ന്. രാജ്യം സ്വാതന്ത്ര്യം തേടുന്നതിനുമുൻപ് 1942 ൽ തന്നെ ലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കു പിച്ചവച്ചിരുന്നു.
ലത മങ്കേഷ്കർ എത്ര ഗാനം പാടിയിട്ടുണ്ടാവും എന്നതിനു കൃത്യമായ കണക്കില്ല. കണക്കു സൂക്ഷിച്ചുവയ്ക്കാറില്ലെന്ന് ലത തന്നെ പറഞ്ഞിട്ടുണ്ട്. 1948നും 1974നുനിടയിൽ 20 ഇന്ത്യൻ ഭാഷകളിലായി 25,000 ഓളം പാട്ടുകൾ പാടിയതിന്റെ പേരിലാണ് 1974ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലതയുടെ പേര് ഇടം പിടിച്ചത്. എന്നാൽ താൻ 28,000 ഗാനങ്ങൾ പാടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുഹമ്മദ് റഫി ഇതിനെ എതിർത്ത് രംഗത്തുവന്നിരുന്നു. റഫിയുടെ മരണശേഷം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 1984 പതിപ്പിൽ ലതയുടെ ഗാനങ്ങളുടെ എണ്ണം 30,000 ആയി പുതുക്കി. എന്നാൽ, ചലച്ചിത്രേതര ഗാനങ്ങൾ കൂടി കണക്കാക്കുമ്പോൾ ലത അരലക്ഷത്തിലേറെ പാട്ടുകൾ പാടിയതായി ആസ്വാദകർ ചൂണ്ടിക്കാട്ടുന്നു.
കണക്കില്ലാതെ പാട്ടുകൾ പാടി രാജ്യത്തിന്റെ ഹൃദയം ഒന്നാകെ കവർന്ന ലത മങ്കേഷ്കറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.
ഈ വർഷം ഫെബ്രുവരി 6നായിരുന്നു ലതയുടെ വിയോഗം. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായെങ്കിലും വീണ്ടും ആരോഗ്യനില വഷളാവുകയും തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ലതയുടെ മരണം രാജ്യത്തിനു കനത്ത നഷ്ടമായി മാറി. സംഗീതലോകത്ത് അവർ അവശേഷിപ്പിച്ചു പോയ വിടവ് ഇന്നും ആരാധകഹൃദയങ്ങളിൽ നോവായി പടർന്നു കയറുന്നു, ആ ഗാനങ്ങൾ ഇന്നും കണ്ണീരോർമയായി പെയ്തുകൊണ്ടേയിരിക്കുന്നു.
താളം മുറിഞ്ഞു, ബപ്പി മറഞ്ഞപ്പോൾ
ലത മങ്കേഷ്കറിന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും സംഗീതലോകം മുക്തമാകും മുന്നേയായിരുന്നു ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലഹിരിയുടെ വിടവാങ്ങൽ. ലതയുടെ കടുത്ത ആരാധകനായിരുന്നു ലഹിരി. പ്രിയ ഗായികയുടെ വിയോഗം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. ദിവസങ്ങൾക്കിപ്പുറം അപ്രതീക്ഷിതമായി ലഹിരിയും വിടപറഞ്ഞു. സംഗീതലോകത്തിനു വലിയ വേദന സമ്മാനിച്ചായിരുന്നു ആ വിയോഗം. റീമിക്സുകളും കവർ പതിപ്പുകളും ഡിജെകളുമായി സംഗീത ലോകം മറ്റൊരു തലത്തിൽ എത്തുന്നതിനു ദശാബ്ദങ്ങൾക്കു മുൻപു തനത് ഈണങ്ങൾ കൊണ്ട് ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ച സംഗീതജ്ഞനാണ് ബപ്പി ലഹിരി.
19–ാം വയസ്സിൽ മുംബൈയിലെത്തിയ ബപ്പി ലഹിരി 1972ൽ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറി. പിന്നാലെ ‘നൻഹാ ശിക്കാരി’യിലൂടെ ബോളിവുഡിൽ ഇടം തേടിയ അദ്ദേഹം 1975ൽ ‘സാക്മീ’യിലൂടെ കാലുറപ്പിച്ചു. ഇതേ ചിത്രത്തിൽതന്നെ പിന്നണി ഗായകനുമായി. ‘ഡിസ്കോ ഡാൻസർ’ (1982) ആണ് ബപ്പി ലാഹിരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ‘ഗുഡ് ബോയ്സ്’(1997) എന്ന മലയാള സിനിമയിലെ ഗാനങ്ങൾക്കും ഈണമിട്ടു. പ്രമുഖ ഗായകൻ കിഷോർ കുമാറിന്റെ അനന്തരവൻ കൂടിയാണ് ബപ്പി ലഹിരി. ഗായകന്റെ അകാല വേർപാടിന്റെ വേദന ബോളിവുഡിനെ തളർത്തി. കോയി യഹാ നാച്ചേ നാച്ചേ..., കലിയോം കാ ചമൻ..., സൂ സൂ സുബി സുബി..., ഊലാലാ ഉലാലാ... തുടങ്ങി അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും ആരാധകഹൃദയങ്ങളെ താളം പിടിപ്പിക്കുന്നു.
പറയാതെ പറന്നകന്ന കെകെ
ഗായകൻ കെകെയുടെ (കൃഷ്ണകുമാർ കുന്നത്ത്) വിയോഗമാണ് ഈ വര്‍ഷം സംഗീതലോകത്തിനേറ്റ മറ്റൊരു മുറിവ്. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിനു നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്.
ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. 3500ൽ അധികം ജിംഗിളുകൾ (പരസ്യചിത്രഗാനങ്ങൾ). ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്‌ദം എല്ലാ പ്രേക്ഷകർക്കും പരിചിതം. മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം....’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു.
ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി. 1999ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. പിന്നാലെ സ്‌റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീർത്തു. കേൾവിക്കാരെ ഒന്നടങ്കം പാട്ടിലാക്കി ഒടുവിൽ പാതിയിൽ മുറിഞ്ഞ ഈണമായി മാറിയ കെകെ ഇന്നും ആരാധകമനസ്സുകളിൽ നോവായി നിറയുന്നു.
പാതിയിലടർന്നു വീണ ബിടിഎസ്
കൊറിയൻ ബാൻഡ് ബിടിഎസിന്റെ വേർപിരിയൽ പ്രഖ്യാപനം ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചതാണ്. പുതിയ ആൽബമായ ‘പ്രൂഫി’ന്റെ റിലീസിനു ശേഷം അപ്രതീക്ഷിതമായാണ് സംഘം ദീർഘ കാലത്തെ ഇടവേള പ്രഖ്യാപിച്ചത്. സ്വതന്ത്ര സംഗീതജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് വേർപിരിയുന്നതെന്ന് ബിടിഎസ് അറിയിച്ചു.
ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘത്തിന്റെ സംഗീതജീവിത വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. വേർപിരിയലിനു ശേഷവും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി സജീവമായിത്തന്നെ തുടരുകയാണ് അംഗങ്ങൾ. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇവർ വേര്‍പിരിയൽ പ്രഖ്യാപനം നടത്തിയത്. ജംഗൂക്, ആർഎം, വി, ജെഹോപ്, ജിമിൻ, ജിൻ, സുഗ, എന്നിവരാണ് കൊറിയന്‍ ബാൻഡ് ആയ ബിടിഎസിലെ അംഗങ്ങൾ.
സ്വതന്ത്ര സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു ബാൻഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിൽ ചേരാനാണു സംഘം വേർപിരിഞ്ഞതെന്ന അനൗദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തു വന്നിരുന്നു. ബിടിഎസ് താരങ്ങളെല്ലാം ഉടൻ തന്നെ സൈനികസേവനത്തിനിറങ്ങുമെന്ന് കൊറിയയിലെ മേലധികാരികളും അറിയിച്ചു. ബാൻഡ് അംഗം ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു.