ശ്യാമിന് മരവിപ്പ്, മുഖത്ത് ആശങ്ക; കട്ടയ്ക്ക് കൂടെ നിന്ന ബിച്ചു തിരുമല: ‘പാവാട വേണം മേലാട വേണം’ പാട്ട് പിറവി!
Mail This Article
കരിവളകൊഞ്ചലും മൈലാഞ്ചി ചേലുമുള്ളൊരു പാട്ട്. അങ്ങനെയൊരു പാട്ട് തന്നില്‍ നിന്ന് സംഗീതസംവിധായകന്‍ ശ്യാം തന്നെ പ്രതീക്ഷിച്ചിരുന്നില്ല. മാപ്പിളപ്പാട്ടിന്റെ ഖല്‍ബുള്ളൊരാ പാട്ട് ശ്യാമിനിന്നും അതിശയമാണ്. മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ വന്ന്, മണിക്കൂറുകള്‍കൊണ്ട് എന്താണെന്ന് മനസ്സിലാക്കി, അതിനേക്കാള്‍ വേഗത്തില്‍ ട്യൂണ്‍ ചെയ്തതുകൊണ്ടാകാം അത്. എന്നിട്ടും മലയാളത്തിലെ മാപ്പിളമധുരമുള്ള പാട്ടുകളില്‍ ഇന്നും ഒന്നാം സ്ഥാനത്ത് ഈ പാട്ടുണ്ട്. ബിച്ചു തിരുമല എപ്പോഴും ഒരു പുഞ്ചിരിയോടെ ഓര്‍ത്തെടുത്തിരുന്ന ശ്യാമിന്റെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നും ഇതുതന്നെ. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മലയാളി ഇന്നും മൂളി നടക്കുന്ന ഗാനത്തിന്റെ പിറവിയ്ക്കു പിന്നിലും കൗതുകങ്ങള്‍ ഏറെയുണ്ട്.
പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്...
മുത്തുപോലൊരു പാട്ട്..... അതിന് തിളക്കവും ഒഴുക്കുമൊക്കെ ആവോളമുണ്ട്. അങ്ങാടിയില്‍ ബിച്ചു തിരുമല- ശ്യാം കൂട്ടുകെട്ടിലെ നിത്യഹരിത ഗാനം. മുസ്‌ലിം പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അതുകൊണ്ടുതന്നെ മാപ്പിളപ്പാട്ടിന്റെ താളം പാട്ടുകള്‍ക്ക് വേണമെന്ന് സംവിധായകന്‍ ഐ.വി.ശശിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പാട്ടൊരുക്കം വേഗത്തിലാക്കി. തിരക്കൊഴിഞ്ഞ് നേരമില്ലാത്തതുകൊണ്ട് പാട്ടിന്റെ എല്ലാ കാര്യങ്ങളും ബിച്ചു വേണം നോക്കാനെന്ന് ഐ.വി ശശിയുടെ കല്‍പനയും വന്നു. തിരക്കഥയും ഗാനസന്ദര്‍ഭങ്ങളും വ്യക്തമായി ബിച്ചു തിരുമലയ്ക്ക് പകര്‍ന്നു കൊടുത്തു. അടുത്ത ദിവസം തന്നെ ചെന്നൈയില്‍ നിന്ന് സംഗീതസംവിധായകന്‍ ശ്യാമിനേയും വിളിച്ചുവരുത്തി.
അപ്രതീക്ഷിതമായ ഒരു ഹര്‍ത്താല്‍ ദിവസമാണത്. ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തിയ ശ്യാം, ബിച്ചു തിരുമലയ്‌ക്കൊപ്പം വിമാനത്താവളത്തിനു സമീപത്തുള്ള ഒരു ഹോട്ടലില്‍ തന്നെ താമസമാക്കി. പാട്ടൊരുക്കി അടുത്ത ദിവസത്തെ ഫ്‌ളൈറ്റിന് തന്നെ റെക്കോർഡിങ്ങിനുവേണ്ടി മടങ്ങണം. യാത്ര എളുപ്പമായല്ലോ എന്ന ചിന്തയായിരുന്നു ശ്യാമിന്.
ചിത്രത്തിന്റെ കഥയും ഗാനസന്ദര്‍ഭങ്ങളുമൊക്കെ സംവിധായകന്റെ അസാന്നിധ്യത്തില്‍ ബിച്ചു തിരുമല ശ്യാമിന് വിവരിച്ചു. പക്ഷേ എല്ലാം കേട്ടുകഴിഞ്ഞതോടെ ശ്യാമിന് ഒരു മരവിപ്പ്. മുഖത്ത് വല്ലാത്ത ആശങ്ക. മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ള പാട്ടുകളോ? എനിക്കൊരു പിടിയും ഇല്ല, അന്യനാട്ടുകാരനായ ശ്യാം സത്യം തുറന്നു പറഞ്ഞു. പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട ബിച്ചു തിരുമല തനിക്കറിയുന്ന മാപ്പിളപ്പാട്ടുകളൊക്കെ പാടി കേള്‍പ്പിച്ചെങ്കിലും ശ്യാമിന് സംതൃപ്തി പോരാ. എനിക്കതിന്റെ ഓര്‍ക്കസ്‌ട്രേഷനും മറ്റുമൊക്കെ കേട്ടാല്‍ കൊള്ളാം എന്നായി. ഹര്‍ത്താല്‍ ദിവസം എങ്ങനെ കേള്‍ക്കാന്‍? ആരെ വിളിക്കാന്‍? ബിച്ചു തിരുമലയും ധര്‍മസങ്കടത്തിലായി. ഇതിനിടില്‍ ഐ.വി ശശിയുടെ ഫോണ്‍ കോളുമെത്തി, നാളെ ചെന്നൈയില്‍ വച്ചു കാണാം.
എന്തായാലും ഒരു ചായ കുടിച്ചിട്ടു വരാം എന്നു പറഞ്ഞ് ബിച്ചു തിരുമല പുറത്തേക്കിറങ്ങി. ഹര്‍ത്താല്‍ ദിവസം എവിടെ ചായ കിട്ടാന്‍? എങ്കിലും നടത്തം തുടങ്ങി. പോകും വഴി ചില കസെറ്റ് കടകളിലൊക്കെ ചെന്നു മുട്ടി നോക്കിയെങ്കിലും ആളനക്കമില്ല. ഇതിനിടയില്‍ തുറന്നിരിക്കുന്ന ഒരു കസെറ്റ് കട കണ്ട്, അവിടേക്ക് ഓടിക്കയറിയ ബിച്ചു തിരുമലയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. കച്ചവടക്കാരനോട് കാര്യം പറഞ്ഞു, അലിവ് തോന്നിയ അയാള്‍ അവിടെയുള്ള മാപ്പിളപ്പാട്ടുകളുടെ കസെറ്റുകള്‍ നല്‍കി കടയടച്ചു. ചൂടു ചായയേക്കാള്‍ ബിച്ചുവിനും ആവശ്യം അപ്പോള്‍ അതായിരുന്നു.
പിന്നെ അതൊരു ഉറക്കമില്ലാത്ത രാത്രി. പാട്ടുകള്‍ കേട്ടതോടെ ശ്യാമിന്റെ മുഖം തെളിഞ്ഞു. നിലാവും നക്ഷത്രങ്ങളുമൊക്കെ മാപ്പിളപ്പാട്ടു മൂളി. പിന്നെ ട്യൂണുകള്‍ ഓരോന്നായി മൂളിതുടങ്ങി. പാവാട വേണം എന്ന ഗാനത്തിന്റെ ട്യൂണ്‍ ആ രാത്രി തന്നെ പിറന്നു. അടുത്ത ദിവസം ചെന്നൈയിലെത്തണം. അതിരാവിലത്തെ ഫ്ളൈറ്റിന് യാത്രയും പുറപ്പെട്ടു. ആ യാത്രയ്ക്കിടയില്‍ ഫ്ളൈറ്റിലിരുന്നാണ് ബിച്ചു തിരുമല വരികള്‍ എഴുതി പൂര്‍ത്തിയാക്കുന്നത്. ചെന്നൈയില്‍ ഫ്‌ളൈറ്റിറങ്ങിയപ്പോഴേക്കും പാട്ടു റെഡി. 'ശ്യാമിന്റെ കൂടെ കുറേ നല്ല പാട്ടുകള്‍ ചെയ്തെങ്കിലും വ്യത്യസ്തമായ അനുഭവം തനിക്ക് ഇതായിരുന്നു'വെന്ന് ബിച്ചു തിരുമല ഈ പാട്ടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ശ്യാമിന്റെ പ്രതിഭ നമുക്ക് നന്നായി അറിയാം. കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ അതിവേഗത്തിലാണ് പിന്നെ ട്യൂണ്‍ ഒരുക്കുന്നത്. മലയാള സിനിമയില്‍ വന്നുപോയ മാപ്പിളപ്പാട്ടുകളില്‍ എക്കാലവും ഈ ഗാനവും ഓര്‍ത്തിരിക്കും. അത് ശ്യാമിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണെന്നും ബിച്ചു തിരുമല പറയുന്നു.
എന്നാലീ ഗാനം ബിച്ചുവിന്റെ കരുതലിനുള്ള സമര്‍പ്പണമാണെന്ന് ശ്യാമും പറയുന്നു, 'ബിച്ചു അന്നെനിക്ക് കുറേ പാട്ടുകള്‍ പാടി തന്നു. എത്ര ക്ഷമയോടെയാണ് എനിക്കു മുന്നിലിരുന്നത്. പാവം, ആ ഹര്‍ത്താല്‍ ദിവസം കസെറ്റൊക്കെ തപ്പി കുറേ അലഞ്ഞിട്ടുണ്ട്. സത്യത്തില്‍ ബിച്ചുവിന് അതിന്റെയൊന്നും ആവശ്യമില്ല. അതെനിക്കുള്ള സ്നേഹമായിരുന്നു. പാട്ട് പുറത്തിറങ്ങി വലിയ ഹിറ്റായപ്പോള്‍ എനിക്ക് തന്നെ അതിശയം തോന്നി.'