ADVERTISEMENT

പ്രണയിനിയെ നെഞ്ചോടു ചേർത്ത് പ്രണയത്തിന്റെ സമ്മോഹന ചാരുത പകർന്നേകി അവൾക്കു മേലുള്ള തന്റെ ഉടമസ്ഥതയെ കാമുകൻ ഉദ്ഘോഷിക്കുക! കാവ്യബിംബങ്ങളുടെ കനക കാന്തിയാൽ കേൾക്കുന്നവരിൽ അസൂയ മുളപ്പിച്ച്, ഇവൾ തന്റേതു മാത്രമാണെണ് ഉറപ്പിച്ച്, ഇവളിലേക്ക് ഒന്ന് കണ്ണെറിയുക പോലും അരുതെന്നു വിലക്കുക കൂടിയാണെങ്കിലോ....? മലയാളത്തിന്റെ  ഗാനാസ്വാദന വഴികളിലേക്ക് ഒരു പൂനിലാവു പോലെ പതിറ്റാണ്ടുകൾ പരന്നൊഴുകിയ കവിത്വകാന്തി ഭാസ്കരൻ മാഷ് മറക്കാനാവാത്ത വരികളിലൂടെ തന്റെ പ്രിയപ്പെട്ടവളെ ചേർത്തുപിടിക്കുന്നതു കാണുമ്പോൾ അസൂയ തോന്നിപ്പോവുകയല്ലേ!

 

നായകന്റെ കരവലയത്തിൽ നെഞ്ചിലേക്കു തല ചായ്ച്ച് പ്രിയപ്പെട്ടവൾ ആ സുരഭില നിമിഷത്തിന്റെ ധന്യത നുകരുമ്പോൾ ആകാശമേലാപ്പിൽ ഒരു മന്ദഹാസവുമായി പൂർണ ചന്ദ്രൻ! തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലേക്കു കടന്നുവരാൻ നോക്കുന്ന ചന്ദ്രബിംബത്തെ നോക്കി ബിംബ കൽപനകളുടെ തമ്പുരാൻ വിളിക്കുകയാണ് - ‘വൃശ്ചിക പൂനിലാവേ പിച്ചക പൂനിലാവേ...’ എന്നിട്ടോ, ഒട്ടും മറയില്ലാത്ത ഒരു ചോദ്യവുമെറിയുന്നു - ‘മച്ചിന്റെ  മേലിരുന്ന് ഒളിഞ്ഞു നോക്കാൻ ലജ്ജയില്ലേ, നിനക്കു ലജ്ജയില്ലേ ....!’ എഴുത്തു വഴിയിലെ വയലാർ പ്രൗഢിയിൽ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരുന്ന അപ്സര സ്ത്രീയായിരുന്നെങ്കിൽ, ഭാസ്കര തൂലികയിൽ പൂനിലാവ് എന്തേ വെറുമൊരു വഷളനായി മാറിയോ?

 

അര നൂറ്റാണ്ടാവുന്നു, 1974 ൽ പുറത്തിറങ്ങിയ ‘തച്ചോളി മരുമകൻ ചന്തു’ എന്ന സിനിമയ്ക്കു വേണ്ടി, ആരിലും മധുരവികാരങ്ങളെ ഒന്നു തൊട്ടുണർത്താൻപോന്ന ഈ ഗാനം പിറന്നിട്ട്. ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിൽ മോഹന രാഗത്തിന്റെ ചാരുതയോട് ഗാനഗന്ധർവന്റെ സ്വരഭംഗി ചേർന്നപ്പോൾ ഗാനമൊരുക്കിയ ആസ്വാദന വഴികൾക്കു തിരശീല വീഴ്ത്താൻ കാലത്തിനും കഴിഞ്ഞിട്ടില്ല. ഗാനരചനയ്ക്കൊപ്പം സിനിമയുടെ നിർമാണവും സംവിധാനവും സ്വയം നിർവഹിച്ച ഭാസ്കരൻ മാഷിന് അക്കാലത്തെ കിടമത്സരങ്ങളിൽ പുറകോട്ട് പോകാൻ ഒട്ടും മനസ്സില്ലായിരുന്നു. അഭിമാന പോരാട്ടത്തിലെ പ്രതിഭ കൊണ്ട് മാറ്റുരയ്ക്കുന്ന ഗോദയിൽ മാഷിന്റെ എഴുത്തു വഴക്കത്തിന് എന്നും ഏഴഴകായിരുന്നു. ഇമ്പമാർന്ന പദങ്ങളെ വരികളിൽ കൊരുത്ത് ഏറ്റു പാടലിന് എക്കാലവും മലയാളത്തെ പ്രേരിപ്പിക്കുന്ന ആ അപാര ശൈലിയിൽ കാലവും വല്ലാതെ മയങ്ങിപ്പോയിരിക്കണം.

 

ഹൃദയങ്ങൾ പ്രണയബദ്ധമാകണമെന്നതിൽ കാവ്യലോകത്തെ കാരണവർക്ക് ഒരു കാലത്തും സന്ദേഹമുണ്ടായിട്ടില്ല. പ്രണയം കുടിയേറിയ ഹൃദയങ്ങളിൽ തന്റെ ഇണയ്ക്ക് എപ്പോഴും അതീവ സൗന്ദര്യമാണ്. എത്ര ഉപമകൾ ചേർത്തു വച്ചാലും ആ സൗന്ദര്യത്തിന് ഒപ്പം നിൽക്കാനാവില്ലെന്ന് ഒരിക്കലെങ്കിലും അതു രുചിച്ചവർക്കറിയാം. തളിർത്ത ഇളമാവിൻ തൈയ്യോടും പൂത്ത വയനാടൻ വാകത്തയ്യോടും തന്റെ പ്രിയപ്പെട്ടവളെ ഉപമിച്ചിട്ടും കവി ഹൃദയത്തിന് തൃപ്തി പോരാ. അനുപല്ലവിയിൽ അനുചിതമാകില്ലെന്നറിഞ്ഞുകൊണ്ടു തന്നെ, 

 

ഭാസുര ചിന്തകൾ വീണ്ടും ആകാശസീമയെ തൊടുകയല്ലേ... 

മാറത്തു മയങ്ങുന്ന മംഗളാംഗി അങ്ങനെ വാനത്തെ വളർമഴവില്ലുമാകുന്നു!! 

 

ഹൊ! നമിച്ചു പോകും. അക്ഷരങ്ങൾ കൊണ്ട് മെനയുകയല്ലേ അകം നിറയ്ക്കുന്ന വാക്കുകൾ. ആ വാക്കുകളാൽ ചമയ്ക്കുന്നതോ തികവാർന്ന അഭൗമ ശില്പങ്ങളെയും! കാലം വിലക്കാത്ത ആ ചാതുരിയിൽ തലമുറകൾ തരിച്ചു നിൽക്കും. കേട്ടു മതിയാവാതെ കേൾവിയിടങ്ങളിൽ കൊതിയൂറും.... ഒന്നുറപ്പാണ്, ആരാലും നെഞ്ചേറ്റപ്പെടുന്ന ആ പദഭംഗിക്കോ തന്മയത്വം തുളുമ്പുന്ന ഇമ്പമാർന്ന കാവ്യ കൽപനകൾക്കോ സമം പോന്ന ഒരു തൂലിക പിറക്കാൻ കാലത്തിന് ഇനിയും ഏറെ ഓടിത്തളരേണ്ടി വരും! 

 

‘.... എന്റെ മാറത്തു മയങ്ങുമീ മംഗളാംഗിയെ അരുതേ .... അരുതേ ... നോക്കരുതേ ..’ പല്ലവിയിൽ ഒരു ശകാര ധ്വനിയായിരുന്നെങ്കിൽ അനുപല്ലവിയിൽ അത് അപേക്ഷയ്ക്ക് വഴിമാറി. വയനാടൻ വാകത്തൈ പൂത്താലുള്ള പ്രത്യേകത എന്തെന്നറിയാത്ത എനിക്ക് കവിയുടെ ഈ മനം മാറ്റത്തിൽ അതിശയിക്കാനേ ആവൂ. പ്രണയിനിയോടുള്ള പ്രിയം പ്രണയത്തിന്റെ പകർത്തിയെഴുത്തുകാരനിലെ ഉടമസ്ഥതാ ബോധത്തെ ഏറ്റിയിരിക്കുന്നു! ‘എന്റെ മടിയിൽ മയങ്ങുമീ മാലതീലതയെ തൊടല്ലേ ....’ (നഖങ്ങൾ) എന്ന് മറ്റൊരിക്കൽ വയലാറിലെ കാമുകൻ പാടിയിട്ടുണ്ടെന്നോർക്കുമ്പോൾ അത് കവിഹൃദയങ്ങളിലെ കേവലം ഭംഗിവാക്കുകളുടെ വിളംബരം ചെയ്യലല്ല. പിന്നെയോ, ഏത് കാമുകനിലേയും സ്വാഭാവിക സ്വാർഥതയ്ക്ക് ഒന്നുകൂടി അടിവരയിടുകയാണ് - അത്ര തന്നെ! ‘എന്നെയോർത്തു മയങ്ങുമീ തങ്കവർണ പൈങ്കിളിയേ 

കണ്ണുവയ്ക്കല്ലേ ...’ (യത്തീം) എന്നും മാപ്പിളപ്പാട്ടിന്റെ ശീലു ചുരത്തി മറ്റൊരിയ്ക്കൽ ഭാസ്കര തൂലിക നിലാവിനോട് അപേക്ഷിച്ചിട്ടുള്ളതുകൂടി ഒന്നു ചേർത്ത് വായിക്കാം. 

 

‘നാകീയ സുന്ദരി മഞ്ഞണി രാത്രി ...’ മഞ്ഞണിഞ്ഞ രാത്രിയെ സ്വർഗീയ സുന്ദരിയോടുപമിച്ച കവിത്വ ബോധത്തിന് എന്തു ഭംഗിയാണ്! ചരണത്തിന്റെ മിനുക്കുപണിക്ക് നാണിച്ചു നഖം കടിച്ചു നിൽക്കുന്ന നവവധുവിന്റെ ചേല് പകരുമ്പോൾ വരഞ്ഞു വീഴുന്ന വരികൾക്കും ഒരു മഞ്ഞണി രാവിന്റെ കുളിര്! നിലാവും കുളിരും ഇണ ചേരുന്ന രാവുകൾ... അതു മെനയുന്ന പ്രണയത്തിന്റെ രസതന്ത്രം.... കേവലം വാക്കുകൾ കൊണ്ടുള്ള അരങ്ങുണർത്തലല്ലല്ലോ ആ തൂലികയുടേത്! ഹൃദയങ്ങളെ തൊട്ടറിഞ്ഞ എഴുത്തു വഴിയിൽ ഇഷ്ടങ്ങളിങ്ങനെ പച്ചയ്ക്കു പാടുവാൻ ആ ശൈലിക്കുണ്ടോ മടി?

 

നാണിച്ച രാത്രിപോലും വാതിലിൻ പിറകിൽ ഒരു  നവവധുവായി നിൽക്കുകയാണത്രേ! രാവിനു ചാർത്തിയ പെണ്ണാഭയിൽ ആസ്വാദനത്തിനും മധുരമേറുന്നു. ചരണം പെയ്തു തോരുന്നതോ - അല്ലയോ പൂനിലാവേ, നീ ‘വാതായനത്തിലൂടെ നോക്കരുതേ.... അരുതേ.... അരുതേ .... നോക്കരുതേ ...’ കാവ്യഭംഗിയിൽ പിന്നെയും ദാ ഒഴുകിപ്പരക്കുന്നു അപേക്ഷയുടെ ചായ്‌വ്. സ്വാർഥതാ ബോധത്തിന്റെ ജന്യകാമുക ഭാവം! ‘ഒന്നിനി തിരി താഴ്ത്തു ശാരദ നിലാവേ, ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ ....’ അക്ഷര വഴിയിലെ ത്ര്യക്ഷര പുണ്യം ഒഎൻവി ഒരിക്കൽ പ്രിയപ്പെട്ടവളുടെ നിദ്രയ്ക്കു ഭംഗം വരുത്താതിരിക്കാൻ അപേക്ഷിച്ചതും പ്രണയത്തിന്റെ ഇതേ സ്വാർഥതാ ബോധം കൊണ്ടാവണം. 

 

നാഴിയുരിപ്പാലു കൊണ്ട് നാടാകെ കല്യാണം നടത്തിയ കവിയിൽ കൽപനാ ദാരിദ്ര്യം കേട്ടുകേൾവിയില്ല. ആ കൽപനകൾ ഏതു തലത്തിലുള്ള കേൾവിക്കാർക്കും ഒരുപോലെ ആസ്വാദ്യകരമാകുമ്പോൾ പി. ഭാസ്കരൻ എന്ന കവി സമകാലികരിൽ ഒറ്റയാനാവുന്നു. 

 

ക്ലാസിക് കംപോസിങ്ങിനു കീർത്തി കേട്ട ദക്ഷിണാമൂർത്തി സ്വാമികൾക്ക് വരികളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതിയായിരുന്നു - ഈണം തനിയെ എത്തും! അല്ലെങ്കിലും സ്വാമികളുടെ ക്ലാസിക്കുകളിൽ ഏറിയ പങ്കും ഇതേ ലാഘവത്തിൽ പിറവി കൊണ്ടവയാണ്. ട്യൂണിട്ടു കൊടുത്തിട്ട് പാട്ടെഴുതിക്കുന്ന പതിവ് ശുദ്ധസംഗീതത്തിന്റെ നിത്യോപാസകന് എന്നും നിഷിദ്ധമായിരുന്നു. ‘‘എഴുതിത്തരുന്നത് ഞാൻ നന്നായി വായിക്കും. സാഹിത്യത്തിലാണ് നല്ല സംഗീതത്തിന്റെ പിറവി. വരികൾ കാണുമ്പോൾ, എങ്ങനെയെന്ന് അറിയില്ല, ഈണം തനിയെ വരും... അത് വൈക്കത്തപ്പൻ തരും.’’ - വൈക്കത്തപ്പന്റെ പരമഭക്തന് ഒരു കാലത്തും മറിച്ചൊരു അഭിപ്രായം ഉണ്ടായിട്ടില്ല. ആ വർഷത്തെ ഏറ്റവും മികച്ച ആലാപനമായി തിരഞ്ഞെടുത്ത ഗാനവും ഇതു തന്നെയായിരുന്നു. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു - പ്രേം നസീറും ജയഭാരതിയും ജോഡികളായി അഭിനയിച്ച ആദ്യ വര്‍ണചിത്രമായിരുന്നു ‘തച്ചോളി മരുമകന്‍ ചന്തു’.

 

ഗാനഗന്ധർവന് തിരക്കേറിയ വർഷം കൂടിയായിരുന്നു 1974. ഗന്ധർവ സ്വരത്തിൽ 72 ഗാനങ്ങളാണ് ആ വർഷം പിറന്നത്, ഒപ്പം ആ വർഷത്തെ മികച്ച ഗായകനെന്ന ബഹുമതിയും ദാസേട്ടൻ സ്വന്തമാക്കി!

 

മറവിയുടെ കൈ പിടിച്ച് പി. ഭാസ്കരൻ എന്ന വിസ്മയം നടന്നകന്നുവെങ്കിലും സമയമാം യമുനയെ പിറകിലേക്കൊഴുക്കി ഓടക്കുഴലുമൂതി ഓർമകൾ അനുനിമിഷം പുനർജനിക്കുന്നു ... ഏഴിമല പൂഞ്ചോലയും കടന്ന് ... മലയാളത്തിന്റെ പൂമുഖത്തിണ്ണയിൽ ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com