ADVERTISEMENT

എനിക്കറിയില്ല, ഉത്തരേന്ത്യൻ മണ്ണിൽ ഹിന്ദിയെയും ഉർദുവിനെയുമൊക്കെ പ്രണയിച്ചു നടന്ന ഷകീൽ ബദായൂനി ഇങ്ങു തെക്കേയറ്റത്ത് ഒരു നൂറ്റാണ്ടിനപ്പുറത്തെ ഇരയിമ്മൻ തമ്പിയെ കേട്ടിട്ടുണ്ടാവുമോ എന്ന്. ഒരുപാടു തലമുറകളെ പാടിയുറക്കിയ രാജകീയ താരാട്ട് ‘ഓമനത്തിങ്കൾക്കിടാവോ....’ ഷക്കീൽദായ്ക്ക് ഒരുതരത്തിലും പ്രചോദനമാകാനും തരമില്ല. തൊട്ടിലിൽ കിടക്കുന്ന കുരുന്നിനെ നോക്കിയുള്ള ഉറക്കുപാട്ടായാണ് തമ്പിയുടെ രചന പിറന്നതെങ്കിൽ നിദ്ര തഴുകാനൊരുങ്ങുന്ന താരുണ്യത്തിന്റെ നിറസൗന്ദര്യത്തെ വരച്ചിടുന്ന ഒരു ഉണർത്തുപാട്ടിനെയാണ് ബദായൂനിയുടെ തൂലിക സമ്മാനിച്ചത്!

 

‘ചൗദവിം കാ ചാന്ദ് ഹോ യാ ആഫ്താബ് ഹോ.....’ പതിറ്റാണ്ടുകളും കടന്ന് തലമുറകളെ തഴുകി സ്വച്ഛന്ദമായൊരു നദിയൊഴുകും പോലെ മുഹമ്മദ് റാഫിയുടെ ഭാവാർദ്ര സ്വരം. ഓർക്കസ്ട്രേഷന്റെ അതിപ്രസരമില്ലാതെ തെളിഞ്ഞ വാക്കുകളുടെ താളാത്മകമായ ഒഴുക്ക്. തൊട്ടിലിൽ ഉറങ്ങാനൊരുങ്ങിയ കുഞ്ഞ് തിങ്കൾക്കിടാവും താമരപ്പൂവും പൂവിലെ മധുവുമൊക്കെയായി മാറിയപ്പോൾ അത് ചരിത്രത്തിന്റെ തലോടലേറ്റ താരാട്ടായി. പെൺസൗന്ദര്യത്തിന്റെ പൊൻവെളിച്ചം തൂവുന്ന ഉണർത്തുപാട്ടിന്റെ ഉന്മാദ വഴികളിൽ ഷക്കീൽദായുടെ കൽപനകൾക്കു ചിറകു മുളച്ചപ്പോൾ അത് ചരിത്രവും!

 

ഒരു സൗന്ദര്യ വർണന വേണമെന്നു മാത്രമായിരുന്നു സംവിധായകൻ എം.സാദിഖ് ആവശ്യപ്പെട്ടത്. പക്ഷേ തലമുറകളുടെ നാവിൽനിന്ന് ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്ത ഒരു ഗാനമാകാനുള്ള നിയോഗവുമായായിരുന്നു ഷക്കീൽദായുടെ ഗാനത്തിന്റെ പിറവി! ആദ്യ വരിയായ ‘ചൗദവീം കാ ചാന്ദ്’ സിനിമയ്ക്കു പേരായതും മറ്റൊരു ചരിത്രം.

 

എഴുതിവച്ച വരികളിൽത്തന്നെയുണ്ടായിരുന്നു കൽപനകൾ താരാട്ടുന്ന അഴകിന്റെ വെളിപ്പെടൽ. അതു ശരിവച്ചുകൊണ്ട് സ്ക്രീനിൽ തെളിയുന്നതോ, വഹീദ റഹ്മാൻ എന്ന ചന്ദ്രബിംബവും! പതിനാലാം രാവിലുദിച്ച, പ്രഭ കൂടാനൊരുങ്ങുന്ന ചന്ദ്രനായാലും ജ്വലിച്ച സൂര്യനായാലും ഖുദാ കി കസം - ദൈവത്തിനാണെ സത്യം.... അനുപമം! വരികളോ? ബോംബെ രവിയുടെ ഈണമോ? മുഹമ്മദ് റാഫിയുടെ ആലാപനമോ?.... എന്തായാലും ഷക്കീൽദാ വരച്ചിടുന്ന കാഴ്ചകൾക്കുമപ്പുറത്തേയ്ക്ക് കേൾവികൾക്കു സൗന്ദര്യമേറുന്നു. 

 

താളമയഞ്ഞു, ജീവിത ഗാനമപൂര്‍ണം...; സംഗീതസംവിധായകൻ വിജയൻ കോട്ടയ്ക്കൽ ഒരു ഭാഗം തളർന്ന് വീട്ടിൽ

 

പാട്ട് പിന്നിട്ട ആറു പതിറ്റാണ്ടുകൾ എന്നത് അത്ര അകലെയല്ല, അകന്നു പോയത് കുറച്ച് അക്കങ്ങൾ മാത്രം. അകലാതെ നിൽക്കുന്നതോ, ഉത്തരേന്ത്യൻ ശൈലിയുടെ സകല സൗന്ദര്യവും ആവാഹിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു വാങ്മയചിത്രവും. സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ചകളിലേയ്ക്ക് തീക്ഷ്ണ പ്രണയത്തിന്റെ ചേരുവകളും കൂടിയായതു കൊണ്ടു തന്നെ ജരാനരകൾക്കിടം കൊടുക്കാതെ ആ വർണ്ണനയിങ്ങനെ വശ്യചാരുതയുമായി ഒരേ നിൽപ് നിൽക്കുകയല്ലേ! കാർമേഘങ്ങളെപ്പോലെ ചുമലിൽ ചുംബിക്കാനെത്തുന്ന മുടിയിഴകളും മധുചഷകങ്ങൾ കണക്കെ പ്രണയലഹരി തുളുമ്പുന്ന മിഴിയിണകളും ഏതു കാലത്തെയാണ് ഹരം കൊള്ളിക്കാത്തത്!

 

ഉപമകൾ ഉത്സവക്കാഴ്ചകളൊരുക്കുന്ന വരികൾ. പദങ്ങൾക്കു പത്തരമാറ്റൊത്ത പത്മരാഗച്ചേല്! ‘സിന്ദഗി കേ സാജ് പേ ഛേടി ഹുയി ഗസൽ’- നായികയ്ക്കു പകരുന്ന, വിടർന്ന താമരച്ചന്തം അത്ര പുതുമയുള്ളതല്ലെങ്കിലും ജീവിതമെന്ന സംഗീത ഉപകരണത്തിൽനിന്ന് ഉതിർന്നു വീണ ഗസലാണോ, ഏതോ കവിയിലേക്കു കടന്നുവന്ന സുന്ദരസ്വപ്നമാണോ എന്നൊക്കെ സംശയിക്കുന്നിടത്ത് കാലത്തിനെങ്ങനെ മടുപ്പു തോന്നാൻ! ‘ഏതൊരു കോവിലും ദേവതയാക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും’ - ശ്രീകുമാരൻ തമ്പിയുടെ എഴുത്തുവഴിയിൽ തെളിഞ്ഞ സൗന്ദര്യം കണ്ട് മലയാളം വല്ലാതെ അതിശയിച്ചിട്ടുണ്ട്. അവിടേക്ക്, നക്ഷത്ര സഞ്ചയങ്ങളെ പോലും മുട്ടുകുത്തിപ്പിക്കുന്ന സൗന്ദര്യത്തെ വരച്ചിടുന്ന ഷക്കീൽദാ ഒരു റിയൽ ഹീറോ തന്നെ! സൗന്ദര്യത്തിന്റെ ഏറ്റവും അറ്റത്ത് എന്തിനെയെങ്കിലുമൊന്നു പ്രതിഷ്ഠിക്കാനുണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ടവളേ.... ‘തുമ്... ഹി ശബാബ് ഹോ ....’ - അതിനുമപ്പുറത്താണ് നീ! കാമുക ഹൃദയത്തിൽ തന്റെ പ്രിയപ്പെട്ടവളുടെ സ്ഥാനം എത്രത്തോളമെന്ന് ഇതിനുമപ്പുറത്തേക്ക്് ഉദാഹരിക്കാൻ ഇനിയാർക്കാണു കഴിയുക! ബദായൂനീ ജീ, നിങ്ങളെ എനിക്കറിയില്ല, എങ്കിലും ആപ് കോ മേരാ പ്രണാം!!

 

‘യദി ആപ് ആഗേ ബഢേം തോ ആപ് കേ ലിയേ കോയി കാം ആഗേ മേം നഹിം ലേ ലൂംഗാ.’ അതൊരു ഭീഷണിയായിരുന്നു. 'കാഗസ് കേ ഫൂൽ' എന്ന സിനിമയുമായി മുന്നോട്ടു പോയാൽ ഇനി പാട്ടൊരുക്കാൻ താൻ വരില്ലെന്ന എസ്.ഡി.ബർമന്റെ മുന്നറിയിപ്പ്. സ്വന്തം ജീവിതവുമായി കഥയ്ക്കുള്ള സാമ്യമാണ് എസ്.ഡി.ബർമനെ ചൊടിപ്പിച്ചത്. തന്റെ സിനിമകൾക്കായി അതുവരെ പാട്ടൊരുക്കിയ സുഹൃത്തിന്റെ വാക്കുകൾ കേട്ട് പക്ഷേ നിർമാതാവും നായകനുമായ ഗുരുദത്ത് അന്ന് പിന്നോട്ടു പോയില്ല. നിർഭാഗ്യമെന്നു പറയട്ടെ, തനിക്കു വേണ്ടി നിരവധി ഹിറ്റുകൾ സൃഷ്ടിച്ച സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നതു മാത്രമല്ല, ശാപം കിട്ടിയിട്ടെന്നവണ്ണം സിനിമ വമ്പൻ തകർച്ചയുമായി! ആ സമയത്ത് ഇറക്കിയ മറ്റ് രണ്ടു സിനിമകളും പരാജയപ്പെട്ടു നിൽക്കെ വൻ സാമ്പത്തിക ബാധ്യതയെയാണ് അന്ന് ഗുരുദത്തിന് നേരിടേണ്ടി വന്നത്. ഈ ദുർഘടാവസ്ഥയിലാണ് 'ചൗദവീം കാ ചാന്ദ്' (1960) ഗുരുദത്തിന്റെ ചിന്തയിലേക്ക് എത്തുന്നത്. എസ്.ഡി.ബർമന് പകരക്കാരനായി ഒപ്പം നിൽക്കാൻ പോന്ന ഒരു കംപോസർ വേണം - കൂറ്റൻ കടബാധ്യതകൾ തലയ്ക്കു മുകളിൽ ഡമോക്ലീസിന്റെ വാളായി നിൽക്കുമ്പോഴും ഗുരുദത്ത് മുന്നോട്ടു തന്നെ! 'വചനി'ലൂടെ ശ്രദ്ധേയനായ ബോംബെ രവിയെ പരീക്ഷിക്കാൻ അങ്ങനെയാണ് അന്ന് ഗുരുദത്ത് തീരുമാനിക്കുന്നത്. 

 

ഞാൻ ബ്രാഹ്മണൻ, എല്ലാ മതത്തോടും ബഹുമാനം, നിങ്ങളുടെ ചിന്തയാണു പ്രശ്നം; മതവിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് ഷാൻ

 

പഹാഡിയിൽ ബോംബെ രവിയൊരുക്കിയ ഈണം മുംബൈ മഹാലക്ഷ്മിയിലെ ഫേമസ് സിനി ലാബിൽ മുഹമ്മദ് റാഫിയുടെ സുന്ദര ശബ്ദത്താൽ ഗാനമായി മാറിയതോടെ ഒരിടവേളയ്ക്കു ശേഷം ഗുരുദത്തിന്റെ മുഖത്ത് ആഹ്ലാദം പരന്നു. സൗണ്ട് എൻജിനീയർ മീനു ഖത്രക്കിനെ കെട്ടിപ്പുണർന്ന ശേഷം ഗുരുദത്ത് റാഫിയുടേയും രവിയുടേയും അടുത്തെത്തി. ‘സരൂർ ഹമാരാ ഫിലിം സൂപ്പർ ഹിറ്റ് ഹോ ജായേഗാ.’- ഒരുക്കിയ പാട്ടുകളിൽ ആത്മവിശ്വാസം തോന്നിയ, നായകൻ കൂടിയായ നിർമാതാവ് ഉള്ളിൽ അലതല്ലിയ സന്തോഷത്തെ പുറത്തുകാട്ടാൻ ഒട്ടും പിശുക്കില്ലാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് നീട്ടി! വാങ്ങുന്നവർക്ക് ഇഷ്ടമുള്ള തുക എഴുതിയെടുക്കാം. അതായിരുന്നു വസന്തകുമാർ ശിവശങ്കർ പദുക്കോൺ എന്ന ഗുരുദത്ത്. പൂർത്തിയായ ഗാനത്തിൽ ചില മാറ്റങ്ങൾക്ക് രവിജി നിർദ്ദേശിച്ചെങ്കിലും ഗുരുദത്ത് അതിന് ഒരുക്കമായിരുന്നില്ലത്രേ! ഗുരുദത്തിന്റെ ആ തീരുമാനത്തിനൊപ്പമായിരുന്നു കാലവും. 

 

വമ്പൻ ഹിറ്റായ സിനിമ സകല സാമ്പത്തിക പരാധീനതകളിൽനിന്നും നിർമാതാവിനെ കരകയറ്റി. താനുണ്ടാക്കിയ ഗുരുദത്ത് ഫിലിംസ് എന്ന സിനിമ നിർമാണക്കമ്പനിയും തകർന്ന്, ഒരുപക്ഷേ മേഖലയിൽ നിന്നുതന്നെ തുടച്ചു മാറ്റപ്പെട്ടേക്കുമായിരുന്ന ദുഃസ്ഥിതിയിൽനിന്നും ഇങ്ങനെ ഒരു തിരിച്ചുവരവിനു കളമൊരുങ്ങിയതിനു പിന്നിൽ ഗാനത്തിന്റെ പങ്ക് ഒട്ടും ചെറുതായിരുന്നില്ല. പാട്ടു പാടാൻ മോഹിച്ച് ഉത്തരേന്ത്യയിൽനിന്നു ബോളിവുഡിലെത്തി പാട്ടൊരുക്കുന്നവനായി മാറിയ ബോംബെ രവിയുടെ ഈണങ്ങൾ അങ്ങനെ കാലത്തിനു കാത്തുസൂക്ഷിക്കാനുള്ള അദ്ഭുതമായി. പാട്ടു പാടാൻ തുടങ്ങി ഒന്നരപ്പതിറ്റാണ്ടായ മുഹമ്മദ് റാഫിയെ തേടി ആദ്യ ഫിലിം ഫെയർ അവാർഡ്. ആ വർഷത്തെ മികച്ച രചയിതാവിനുള്ള അംഗീകാരം ഷക്കീൽ ദായ്ക്ക്. എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളിലൊന്ന് എന്നു ഗണിക്കപ്പെടുന്ന ഈ ഗാനം അങ്ങനെ നേട്ടങ്ങളുടെ പട്ടികയെ പിന്നെയും നീട്ടുന്നു...

 

കിഷോർ ദായും റാഫിജിയുമൊക്കെ ഉറക്കത്തിലേക്കുള്ള പോക്കിൽ എനിക്ക് കൂട്ടുവരാൻ തുടങ്ങിയതോടെ യാത്ര എളുപ്പമാവുന്നുണ്ട്. പക്ഷേ ചന്ദ്രബിംബത്തിന്റെ പിടയുന്ന കണ്ണുകൾ വഴിമുടക്കാനെത്തുമ്പോൾ ഉള്ളിൽ പിന്നെയൊരു പഹാഡിയുടെ മൂളലാണ് ...... ജോ ഭീ ഹോ തും ഖുദാ കി കസം ലാ ജവാബ് ഹോ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com