‘ലാൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടാവും, അല്ലേ?’; പിന്നാമ്പുറത്തൊരു ചിരി പടർത്തി ഇന്നും അവശേഷിക്കുന്നു ആ ഉത്തരം!
Mail This Article
സദസ്സിനെ ഹർഷഭരിതമാക്കി വേദിയിൽ നടന ശോഭയുടെ ചിലങ്ക കെട്ടിയാടൽ.... കരണങ്ങളുടെ ലയമാണ് കല എന്ന തത്വത്തെ അറിഞ്ഞുകൊണ്ട് ഗുരു നന്ദഗോപന്റെ വായ്പാട്ടിലുണരുന്ന താളഗതിക്കൊപ്പം കൈമെയ് വഴക്കത്തിന്റെ പൂർണതയെ പുൽകിയുള്ള പ്രിയ ശിഷ്യയുടെ അരങ്ങേറ്റം. ഗുരുവിന്റെ ചിരകാലാഭിലാഷം കൂടിയായ സീതാരാമായണത്തിനാണ് ഭാവ-രാഗ-താളങ്ങളുടെ നാട്യമായ ഭരതനാട്യത്തിലൂടെ മാളവിക ജീവനേകുന്നത്. ഒരിക്കൽ ഇതേ നന്ദഗോപന്റെ കൂവലേറ്റ് അരങ്ങേറ്റം പാതിവഴിയിലുപേക്ഷിച്ച് വേദിവിട്ടു പോകേണ്ടി വന്ന നർത്തകിക്ക് ഇതു പക്ഷേ പ്രതികാരമല്ല. മുഖവുര മാത്രമായ നന്ദികേശന്റെ അഭിനയ ദർപ്പണത്തിനും ഭരതന്റെ നാട്യശാസ്ത്രത്തിനും അപ്പുറം നടന അടവുകളിലെ മനോധർമത്തിന്റെയും തിരിച്ചറിവിന്റെയും ചുവടുകളാൽ കലാശമാടാൻ തന്നെ പ്രാപ്തയാക്കിയതിനുള്ള ശിഷ്യയുടെ ഗുരുദക്ഷിണയാണ് ഈ അരങ്ങേറ്റം.
കലയുടെ ആത്മാവറിഞ്ഞ ഗുരുവിനെയും ആ വ്യക്തിജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലടർന്നു വീണുകൊണ്ടിരുന്ന കണ്ണീരിന്റെ പൊരുളും തിരിച്ചറിഞ്ഞ മാളവികയെ അതു വല്ലാതെയുലച്ചു. ഒരു നിമിഷത്തിന്റെ വിഡ്ഢിത്തം കൊണ്ട് സ്വയമൊടുങ്ങിയ ഭാര്യയുടെ ഓർമകൾ നന്ദഗോപനെ പുണർന്ന് നടനമാടിക്കൊണ്ടേയിരിക്കുകയാണെന്നു ശിഷ്യയ്ക്കറിയാം. ഒന്നു കയ്യനക്കിയാൽ പോലും നൃത്തച്ചുവടുകളാവുന്ന പ്രിയപ്പെട്ടവൾ ഏതോ പിൻവിളിയാൽ അരങ്ങൊഴിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ നന്ദഗോപൻ തളർന്നു. അവളിലൂടെ കാണാൻ കൊതിച്ച, പാതിയിൽ മുറിഞ്ഞ സ്വപ്നം, സീതാരാമായണം ആ മനസ്സിലെ നഷ്ടബോധത്തിന്റെ കനലിനെ കൂടുതൽ ഊതിയുണർത്തിക്കൊണ്ടേയിരിക്കുകയാണ്. ഒരു വെല്ലുവിളി പോലെ ഗുരുവിന്റെ സ്വപ്നത്തെ അരങ്ങിലാടാനുള്ള മാളവികയുടെ ശ്രമങ്ങൾക്കിടയിൽ കാത്തിരുന്നതു പക്ഷേ അനർഥങ്ങളുടെ ആസുര നടനമായിരുന്നു. മാളവികയെ ശ്വാസമായേറ്റിയ സോമശേഖരനുണ്ണിയിലെ അസൂയ ഒടുവിൽ ഗുരുവിന്റെ ജീവനെടുക്കുന്ന ക്ലൈമാക്സിലേക്ക്.... കമലദളമെന്ന മ്യൂസിക്കൽ ഡ്രാമയ്ക്ക് അങ്ങനെ സീതായനത്തിന്റെ ഇതിഹാസ വഴിയെ കൂട്ടുപിടിച്ചുള്ള തിരശ്ശീല വീഴൽ.
‘‘ഈ ക്ലൈമാക്സിനുള്ള പാട്ടാണ് വേണ്ടത്. നർത്തകിക്ക് ആടാനാവണം, രംഗം കൊഴുക്കണം.’’ കഥ പറഞ്ഞു കഴിഞ്ഞ് കഥമെനയിലിന്റെ തമ്പുരാൻ തിരുമേനിയുടെ മുഖത്തേക്കു നോക്കി. അതുവരെ എല്ലാം കേട്ടിരുന്ന കൈതപ്രം മെല്ലെ കണ്ണുകൾ തുറന്നു. ‘‘ലോഹി, നമുക്ക് സീതായനത്തിലൊന്ന് കൈവയ്ക്കാം.’’ ലോഹിതദാസിന്റെ മുഖത്ത് ഒരു തെളിച്ചം. ‘‘ഭാവവും രസവുമൊക്കെ ആവശ്യത്തിനു വേണ്ടതല്ലേ.’’ പറഞ്ഞതിനൊപ്പം കൂട്ടിച്ചേർത്തുകൊണ്ട് കൈതപ്രം ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോൾ തിരക്കഥാകൃത്തിന്റെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം. ഇതിഹാസങ്ങളുടെ കൂടെപ്പിറപ്പല്ലേ, എല്ലാം ആ കൈകളിൽ ഭദ്രമാണെന്നു മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ!
‘‘സുമുഹൂർത്തമായ് സ്വസ്തി..... സ്വസ്തി....’’ അത് കേവലം ഒരു ആശീർവദിക്കലായിരുന്നില്ല. ഒരു മൺകിടാവു മാത്രമായിരുന്ന തനിക്ക് രാജകലയുടെ വാമാങ്കം ലഭിച്ചതിനുള്ള സീതയുടെ നന്ദിപ്രകടനം കൂടിയായിരുന്നു അത്. തനിക്കിതുവരെ കിട്ടിയ എല്ലാ നന്മകൾക്കുമുള്ള നന്ദി. അയോധ്യയിലെ ഓരോ മൺതരിയോടും അവൾ കടപ്പെട്ടിരിക്കുകയാണ്. എന്നാൽ സീതായനത്തിന്റെ നടനചാരുത പകരുന്ന ആസ്വാദനത്തിലേക്ക് നന്ദഗോപന്റെ ആത്മസംഘർഷങ്ങളെ സന്നിവേശിപ്പിച്ച കൈതപ്രത്തിന്റെ ക്ലാസിക്കൽ തന്ത്രത്തിനു മുമ്പിലല്ലേ കാലം പറയേണ്ടത് - സ്വസ്തി! നാട്യ - നടനങ്ങളുടെ രാജവീഥികളിൽ ഓരം ചേർന്നു നടക്കാനായതിന്റെ, തന്നെ വല്ലാതെ സ്നേഹിച്ചു പോയ സുമയെന്ന വിടർന്ന ചെന്താമരയുടെ നന്ദേട്ടനായതിന്റെ.... ആ ചാരിതാർഥ്യത്തെ പറയാതെ പറഞ്ഞുവയ്ക്കുന്ന വരികൾ! സീതയെപ്പോലെ നന്ദഗോപനും തന്റെ ഭാഗം ആടിത്തീർത്ത് വിടയാവുകയാണ്. അടർന്നു വീഴുന്ന കണ്ണുനീർ മുത്തുകളിൽ തെളിയുകയല്ലേ ത്രേതായുഗത്തിന്റെ മങ്ങിയ കാഴ്ചകൾ.
സീതാസ്വയംവരത്തിന്റെ ഇതിഹാസം ചിന്തി, കരുത്തിനു മുന്നിൽ തകർന്നൊടിഞ്ഞ ത്രയംബകവും ജനകപുത്രിയുടെ രാജപത്നിയായുള്ള ആരോഹണവും എത്ര ഭംഗിയായി ആസ്വാദക സമക്ഷത്തെത്തുന്നു. പൗരാണികതയെ ഏറ്റുപിടിക്കുന്ന കാഴ്ചകൾക്ക് അല്ലെങ്കിലും എന്നും ഏഴഴകാണ്. അയോധ്യയുടെ വംശമഹിമയ്ക്കപ്പുറം കാഴ്ച വിരുന്നൊരുക്കുന്ന വരികൾ. ആ കൈതപ്രച്ചേലിന് സ്വസ്തി - ഈയുള്ളവന്റെ വകയായും ഇരിക്കട്ടെ!
‘‘ആത്മനിവേദനമറിയാതെ എന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു.....’’ അധികാരത്തിന്റെ കിരീടവും ചെങ്കോലും കൈവന്ന രാമന്റെ അശ്വമേധത്തിലേക്ക് എത്തിപ്പെട്ട സീതയുടെ ഉള്ളു പിടയുന്നു. മുദ്രാംഗുലീയം വലിച്ചെറിഞ്ഞിട്ടും സീതയിലുണരുന്നത് പരിഭവമല്ല, പാതിവ്രത്യത്തിന്റെ പരമഭക്തി തന്നെ. താൻ ജീവിച്ചിരിക്കെ തനിക്കു പകരം കാഞ്ചനസീതയെ വാമഭാഗത്തിരുത്തി യാഗത്തിരി തെളിച്ച രാജാധികാരത്തോട് ചോദ്യശരങ്ങളെയ്യുമ്പോഴും അവളിൽ വെറുപ്പായിരുന്നില്ലല്ലോ. നന്ദന്റെ ഇടനെഞ്ചിലുണരുന്നതും ഇതേ ചോദ്യങ്ങൾതന്നെ. തന്റെ ഹൃദയസാമ്രാജ്യത്തിൽ പതിച്ചു നൽകിയ കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞായിരുന്നല്ലോ ഒരു പിൻവിളിക്കു പോലും കാത്തു നിൽക്കാതെ സുമ നടന്നകന്നത്. ‘‘രാഗ ചൂഢാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു വെറുതെ പതിച്ചു വച്ചു?’’- ചോദ്യം നാട്ടുനടപ്പിന്റെ നെറികേടിനോടെങ്കിലും ചെന്നു തറയ്ക്കുന്നതോ.....
"എന്നുമാ സങ്കൽപ പാദങ്ങളിൽ തലചായ്ച്ചു വച്ചേ ഉറങ്ങിയുള്ളു, സീത.... " പുൽക്കൊടിത്തുമ്പിനു പോലും പരിചിതമായ സീതയുടെ പാതിവ്രത്യത്തിന് സമം പോന്ന ജീവിതവുമായി നന്ദൻ ചമച്ച സീതായനം..... ലോഹിതദാസിനെ കടത്തിവെട്ടി വരികളിൽ കഥ മെനഞ്ഞ നമ്പൂതിരിയുടെ ചിന്തകളെ അതിഗംഭീരം എന്നേ വിശേഷിപ്പിക്കേണ്ടൂ. അഗ്നിശുദ്ധി വരുത്തിയിട്ടും അവിശ്വാസം തളർത്തിയ സീതയ്ക്ക് സർവംസഹയായ മാതൃഗർഭത്തിൽ അഭയം തേടേണ്ടിവന്ന ഇതിഹാസ വൈരുധ്യത്തിന് മാപ്പുണ്ടോ? തംപ്സ്അപ്പിൽ ചേർന്ന ഫ്യൂറഡാൻ തന്റെ റോൾ ഭംഗിയാക്കുന്നതോടെ അംഗുലീദളങ്ങൾ വിടർത്തി നടനാംഗനയായി സുമ അണയുന്നതും ചോര തുപ്പിക്കൊണ്ടും നന്ദൻ ആലാപനം തുടരുന്നതും കഥയുടെ ക്ലൈമാക്സിനെ വാക്കുകൾക്കതീതമാക്കുന്നു.
ഈണമൊരുക്കാൻ നിയോഗിക്കപ്പെട്ടിരുന്ന രവീന്ദ്രൻ മാഷിനോടും കൈതപ്രത്തിനോട് പറഞ്ഞിരുന്നതു തന്നെ ലോഹിതദാസ് ആവർത്തിച്ചു. മലയാളത്തിലെ എണ്ണംപറഞ്ഞ മികച്ച സെമിക്ലാസിക്കലുകളുടെ സ്രഷ്ടാവിനെ എന്തു പഠിപ്പിക്കാൻ! "മഴയാണ് എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ പാട്ടുകളും അത് പറയും. ആദ്യം ചാറി, പിന്നെ തിമിർത്ത് പെയ്യണം." മാജിക്കിനു പിന്നിലെ തന്ത്രം സ്വയം വെളിപ്പെടുത്തുന്ന മാഷ് പതിവു തെറ്റിച്ചില്ല. ആദ്യം ചാറിത്തുടങ്ങിയ ഗന്ധർവനാദം തിമിർത്തു പെയ്തൊഴിയുമ്പോൾ എഴുനേറ്റു നിൽക്കാത്ത ഒരു മുടിനാരുപോലും ഈ ദേഹത്തില്ലായിരുന്നു. ഹംസധ്വനിയും ഹംസാനന്ദിയും മധ്യമാവതിയും സാരമതിയും ആഭോഗിയും ചേർന്ന രാഗമാലിക ക്ലാസിക്കൽ രാജകീയതയുടെ സുവർണ ദശകത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. പാട്ടിന്റെ പ്രൗഢിക്ക് അംഗീകാരത്തിന്റെ തിളക്കം വലിയ അദ്ഭുതമൊന്നും അല്ല. ആ വർഷത്തെ മികച്ച സംഗീത സംവിധാനത്തിനും ആലാപനത്തിനുമുള്ള സംസ്ഥാന അവാർഡുകൾ മറ്റാർക്കുമായിരുന്നില്ല. നിർഭാഗ്യമെന്നു പറയട്ടെ, മികച്ച രചയിതാവിനുള്ള അംഗീകാരം നേടാൻ അന്ന് കൈതപ്രത്തിനായില്ല.
അപ്രതീക്ഷിതമായി വന്ന അവസരം, ഹൃദയങ്ങളെ പാട്ടിലാക്കി റാനിയ ഹനീഫ്; വഴിതെളിച്ചത് അഫ്സൽ യൂസഫ്
"ദേശീയാംഗീകാരത്തിന് ഗാനമയയ്ക്കാൻ ഇംഗ്ലിഷിൽ സബ്ടൈറ്റിൽ തയാറാക്കിയത് ഏട്ടനായിരുന്നു. വരികളെ മൊഴിമാറ്റവേ ഏട്ടനിൽ കണ്ണീർ പൊടിഞ്ഞത് ഞാൻ കണ്ടു. എന്റെ വരികൾക്ക് മറ്റൊരവാർഡ് എന്തിനാ?" അവാർഡ് കിട്ടിയില്ലെങ്കിലും നിരാശയില്ലെന്ന് കൈതപ്രത്തിന്റെ വെളിപ്പെടുത്തൽ. രചയിതാവിന് ഇല്ലെങ്കിലും മലയാളത്തിനായിരുന്നു നിരാശ. ത്രേതായുഗത്തിന്റെ കണ്ണുനീർ മുത്തിനെ വർത്തമാനത്തിന്റെ നന്ദഗോപനിലേക്കു സമന്വയിപ്പിച്ച എഴുത്തുകാരനെ മറന്ന മാനദണ്ഡങ്ങളെന്താണോ ആവോ! എന്തായാലും മൂന്നു പതിറ്റാണ്ടു കടന്നെങ്കിലും വാടാനാവാതെ വിടർന്ന ദളങ്ങളുമായി ആ താമരയിങ്ങനെ മലയാളത്തിനലങ്കാരമായി ഇന്നും നിൽക്കുകയല്ലേ ....
ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവുമൊക്കെയായി ഹിസ്ഹൈനസ് അബ്ദുള്ളയും ശുദ്ധ കർണാടകയുമായി ഭരതവും അരങ്ങുണർത്തിയതിന്റെ അലയൊടുങ്ങിയിട്ടില്ല. ഇനിയെന്തിനെയാവണം ഇതിവൃത്തമാക്കാൻ..... ലോഹിതദാസിന്റെ തല പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മമ്മൂട്ടിയുമായുണ്ടായ സൗഹൃദ സംഭാഷണത്തിൽ ഇക്കാര്യവും അവിചാരിതമായി വെറുതെ അവതരിപ്പിച്ചു. "എന്നാൽ വല്ല കഥകളിയോ ഭരതനാട്യമോ ഇനി നോക്ക്." - അലക്ഷ്യമായായിരുന്നു മഹാനടന്റെ മറുപടി. അന്ന് വീണുകിട്ടിയ തുരുമ്പിൽ നിന്നും പിടിച്ചു കയറി എത്തിയതോ.... കലയുടെ ശ്രീകോവിലായ കലാമണ്ഡലത്തിലും! ആ മനസ്സിൽ പിന്നെ കഥയുടെ കമലദളം വിടരാൻ എന്തുതാമസം!
"ഇത്ര ഭംഗിയായി മുദ്രകൾ കാട്ടുന്ന ലാൽ ക്ലാസിക് ഡാൻസ് പഠിച്ചിട്ടുണ്ടാവും, ല്ലേ?" സംവിധായകൻ സിബി മലയിലിനോടുള്ള പ്രശസ്ത നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ചോദ്യം പിന്നാമ്പുറത്തൊരു ചിരി പടർത്തി ഇന്നും അവശേഷിക്കുന്നു. കാലത്തെ നോക്കി കണ്ണിറുക്കി കള്ളച്ചിരിയുമായി ഒളിച്ചുവച്ച ഒരു ഉത്തരമുണ്ട് - "ഇല്ല"!.