ADVERTISEMENT

'പ്രിയതമേ ശകുന്തളേ

പ്രമദ മാനസ സരസില്‍ നീന്തും

പ്രണയ ഹംസമല്ലേ നീ...'

 

Yesudas attended the birthday celebrations via online. File photo
കെ.ജെ. യേശുദാസ്

പ്രണയ ഗാനങ്ങള്‍കൊണ്ട് സമ്പന്നമായ മലയാള സിനിമയില്‍ ഇതിഹാസ പ്രണയ കാവ്യങ്ങളും കഥാപാത്രങ്ങളുമൊക്കെ വര്‍ണനകളിലും ഉപമകളിലും കുറച്ചൊന്നുമല്ല വന്നു പോയത്. മേഘസന്ദേശവും ശാകുന്തളവുമൊക്കെ പാടിയ ഗാനങ്ങളില്‍ മിക്കതും സൂപ്പര്‍ ഹിറ്റുമായിരുന്നു. ശാകുന്തളം പാടി ഹിറ്റായ ഗാനങ്ങളില്‍ ഒന്നായിരുന്നു  2006ല്‍ പുറത്തിറങ്ങിയ 'കനകസിംഹാസനം' എന്ന ചിത്രത്തിലെ 'പ്രിയതമേ ശകുന്തളേ'. രാജീവ് ആലുങ്കല്‍ - എം. ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടിന്റെ പുതുമയുടെ സുഗന്ധമായിരുന്നു ആകര്‍ഷണം. യേശുദാസും ചിത്രയും ചേര്‍ന്നു പാടിയതോടെ പിന്നെ പറയാനുണ്ടോ ചേല്.  ശാകുന്തളത്തിന്റെ ഭാവങ്ങള്‍ക്കു മങ്ങലേല്‍ക്കാതെ കവിത്വം നിറഞ്ഞ വരികളായിരുന്നു രാജീവ് ആലുങ്കലിന്റെ അക്ഷരങ്ങളായി പിറന്നത്. അറുപതുകളില്‍ മലയാളിയുടെ സംഗീത ചരിത്രത്തിന്റെ തന്നെ ഭാഗമായ 'ശകുന്തള' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ഗാനം. പുതിയ തലമുറയ്ക്കൊപ്പം പഴയ തലമുറയും ഈ ഗാനം ആസ്വദിക്കാന്‍ ഇതുമൊരു കാരണമായി.

 

എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965ല്‍ പുറത്തിറങ്ങിയ 'ശകുന്തള' എന്ന ചിത്രത്തില്‍ വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍', 'പ്രിയതമാ,' 'മാലിനി നദിയില്‍ കണ്ണാടി നോക്കും,' 'സ്വര്‍ണത്താമര ഇതളിലുറങ്ങും' തുടങ്ങിയ ഗാനങ്ങള്‍ മൂളാത്ത മലയാളിയുണ്ടോ! വരികളും സംഗീതവും ആലാപനവുമൊക്കെ എല്ലാ ഗാനങ്ങളിലും ഞാനാണു മുന്‍പേ എന്ന ഭാവത്തില്‍ മത്സരിച്ചു. പ്രണയവും വിരഹവും കൂട്ടിക്കിഴിച്ചു പാടുവാന്‍ ദുഷ്യന്തന്റെ ശബ്ദമായി യേശുദാസും വന്നതോടെ എത്രയോ കാമുക ഹൃദയങ്ങളെ ആ ഗാനങ്ങള്‍ ആര്‍ദ്രമാക്കിയിട്ടുണ്ടാവും. ശകുന്തളയിലെ ഗാനങ്ങള്‍ പാടുമ്പോള്‍ യേശുദാസ് ഓര്‍ത്തിട്ടുണ്ടാകില്ല,  ഈ താളങ്ങളെ 41 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഗാനത്തിലേക്ക് വീണ്ടും ആവാഹിക്കേണ്ടി വരുമെന്ന്.

m-jayachandran-2
എം. ജയചന്ദ്രൻ

 

രാജീവ് ആലുങ്കൽ

പ്രണയപരവശനായി ഉള്ളു നീറുന്ന ദുഷ്യന്തന്റെ മനോവികാരങ്ങളിലൂടെ സഞ്ചരിച്ച യേശുദാസ് 'ശകുന്തളേ... ശകുന്തളേ...' എന്ന് പാടിയത് ഓര്‍മയില്ലേ? ആ വിളിയുടെ ഓര്‍മപ്പെടുത്തലുകള്‍ വീണ്ടും മലയാളിയുടെ കാതുകളിലേക്ക് പകര്‍ത്തിയ ഗാനമായിരുന്നു 'പ്രിയതമേ ശകുന്തളേ' എന്നത്. 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍' എന്ന ഗാനത്തില്‍ പാടിയ 'ശകുന്തളേ ശകുന്തളേ' എന്ന വിളി 'പ്രിയതമേ ശകുന്തളേ' എന്ന ഗാനത്തിലും കേള്‍ക്കാം.

 

'മാലിനി നദിയില്‍ കണ്ണാടി നോക്കും,' 'പ്രിയതമാ' തുടങ്ങിയ ഗാനങ്ങളുടെ ഓര്‍മകളും 'പ്രിയതമേ ശകുന്തളേ' എന്ന ഗാനത്തില്‍  ആസ്വാദ്യമായികൊണ്ടു വന്നത് എം. ജയചന്ദ്രന്റെ പാടവമായി. ഗാനത്തിലെ വാദ്യനാദങ്ങളായി ഇടയ്ക്കിടെ വന്നു പോകുന്നതൊക്കെയും 'ശകുന്തള'യിലെ ഗാനങ്ങളാണ്. പുതിയ പാട്ടിലൂടെ പഴയ പാട്ടിന്റെ ഓര്‍മകളിലേക്കു കൊണ്ടുപോയ അപൂര്‍വം സംഗീതങ്ങളില്‍ ഒന്നാണ് 'പ്രിയതമേ ശകുന്തളേ' എന്ന ഗാനം. യേശുദാസിനും 'ശകുന്തള'യിലെ  മറ്റു ഗാനങ്ങള്‍ക്കും കാലം നല്‍കിയ ആദരവായി മാറിയ ഈ ഗാനം തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നായി രാജീവ് ആലുങ്കലും കരുതുന്നു. പ്രിയപ്പെട്ട പാട്ടിന്റെ ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ രാജീവ് ആലുങ്കല്‍ ആദ്യം സഞ്ചരിക്കുക തന്റെ യൗവനത്തിലേക്കാണ്.

 

ചേര്‍ത്തലയ്ക്കടുത്ത് കടയ്ക്കരപ്പള്ളി എന്ന ഗ്രാമത്തില്‍ 'കടിഞ്ഞൂല്‍കല്യണം' എന്ന രാജസേനന്‍ ചിത്രത്തിന്റെ ചത്രീകരണം നടക്കുകയാണ്. തന്റെ നാട്ടില്‍ നടക്കുന്ന ഷൂട്ടിങ്ങ് കാണാന്‍ പതിനേഴുകാരനായ രാജീവ് എന്ന ചെറുപ്പക്കാരനും അവിടെയെത്തി. ഉള്ളിലെ അടങ്ങാത്ത പാട്ടെഴുത്ത് മോഹം സംവിധായകനോടു പങ്കുവയ്ക്കാന്‍ ആ ചെറുപ്പക്കാരന്‍ അവിടെ ചുറ്റിപ്പറ്റി നിന്നു. അവസരം കിട്ടിയപ്പോള്‍ സംവിധായകനോടു തന്നെ പാട്ടെഴുതാന്‍ അവസരവും ചോദിച്ചു. ഗാനങ്ങള്‍ എല്ലാം റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു എന്ന മറുപടി ആ ചെറുപ്പക്കാരനെ നിരാശനാക്കിയില്ല. രാജസേനന്‍ ഉത്സാഹിയായ ആ ചെറുപ്പക്കാരന്റെ പുറത്തു തട്ടി സെറ്റിലേക്ക് മടങ്ങി. അത്രമേല്‍ നിറഞ്ഞ കരുതലോടെയായിരുന്നു രാജസേനന്റെ സംസാരം. രാജീവ് ആലുങ്കല്‍ ഓര്‍ത്തെടുക്കുന്നു. അങ്ങനെ 15 വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്വപ്‌നവും സാധ്യമാക്കി. ആദ്യം ചാന്‍സ് ചോദിച്ച സംവിധായകന്റെ സിനിമ, ആദ്യമായി അടുത്തു കണ്ട സൂപ്പര്‍ താരത്തിന്റെ സിനിമ.... 'കനകസിംഹാസന'ത്തിലെ പാട്ട് ഒട്ടും മോശമാകരുതെന്ന വാശി രാജീവ് ആലുങ്കലിന്റെ മനസ്സിലുണ്ടായിരുന്നു.

 

ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്ന ബാലയിലെ ഗാനമാണ് 'പ്രിയതമേ ശകുന്തളേ' എന്നത്. രാജസേനന്‍ കഥാസന്ദര്‍ഭം പറഞ്ഞതോടെ എം. ജയചന്ദ്രന്‍ പാട്ടുമൂളി തുടങ്ങി. 'പാട്ടെഴുത്തു വഴിയില്‍ ഒരു ഗാനരചയിതാവിനു എപ്പോഴും കിട്ടാത്ത കഥാസന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ളവ. വരികളില്‍ കവിതയും കലര്‍ത്താന്‍ കഴിയുന്നൊരിടം. ശകുന്തളയുടെ നിഷ്‌ക്കളങ്കതയും ദുഷ്യന്തന്റെ ചിന്തകളുമൊക്കെ മനസില്‍ നിറഞ്ഞു നിന്നു. സംഗീതത്തിനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തിയ ഗാനമാണെങ്കിലും ശകുന്തളേ എന്ന വിളിയോടെ തുടങ്ങാന്‍ ആദ്യം തന്നെ തീരുമാനിച്ചു. പിന്നീടത് 'പ്രിയതമേ ശകുന്തളേ' എന്നായി എന്നു മാത്രം.' രാജീവ് ആലുങ്കലിന് പറയാന്‍ ഒരായിരം ഓര്‍മകള്‍.

 

'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍' എന്ന ഗാനത്തിന്റെ സ്വാധീനം ഒരു വരികളില്‍പോലും വരാതെ എഴുതാനുള്ള രാജീവ് ആലുങ്കലിന്റെ ശ്രമം വിജയം കണ്ടെത്തുകയും ചെയ്തു. 'ഓര്‍മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം' എന്ന വരികള്‍ എടുത്തുകാട്ടി 'ശാകുന്തളത്തിന്റെ ആത്മാവ് കണ്ട ഗാന'മെന്നാണ് ഒ.എന്‍.വി കുറുപ്പ് ഈ ഗാനത്തെ വിശേഷിപ്പിച്ചത്.  ആ വര്‍ഷത്തെ മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് രാജീവ് ആലുങ്കല്‍ നേടുന്നതിനൊപ്പം എം. ജയചന്ദ്രനോടൊപ്പമുള്ള ഹിറ്റ് കൂട്ടുകെട്ടിന്റെ തുടക്കവും അവിടെ നിന്നായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com