ചന്ദ്രലേഖയിൽ വേണ്ടെന്നു വച്ച ഈണം പിന്നീട് കല്യാണരാമനിൽ; ഹിറ്റാകുമെന്ന പ്രിയദർശന്റെ വാക്ക് തെറ്റിയില്ല
Mail This Article
ഒരു സന്ദര്‍ഭത്തിനു സംഗീതസംവിധായകന്‍ ഒരുക്കുന്ന ഒന്നിലധികം ഈണങ്ങള്‍. അതില്‍ ഒന്ന് സംവിധായകന്‍ തിരഞ്ഞെടുക്കുന്നതോടെ ചിലപ്പോള്‍ ഇല്ലാതായി പോകുന്നത് ചില മികച്ച ഈണങ്ങള്‍കൂടിയാകും. ആ ഈണങ്ങളെ പിന്നീട് സംഗീതസംവിധായകനും മറന്നു പോയേക്കാം. വരികളുടെ ശ്വാസം ലഭിക്കാതെ, സംഗീതത്തില്‍ അലിയാതെ, എങ്ങോ പോയി മറഞ്ഞ എത്രയോ ഈണങ്ങളുണ്ടാകാം അങ്ങനെ. എന്നാല്‍ മറവിയുടെ മറനീക്കി ഒഴുകി വന്നൊരു ഈണത്തിന്റെ കഥ പറയാനുണ്ട് സംഗീതസംവിധായകരായ ബേണി ഇഗ്‌നേഷ്യസിന്.
ചെന്നൈയില്‍ നിര്‍മാതാവ് ഈരാളിയുടെ ഫ്ളാറ്റില്‍ ചന്ദ്രലേഖയിലെ പാട്ടുകള്‍ ഒരുക്കുന്ന തിരക്കിലാണ് ബേണി ഇഗ്നേഷ്യസ്. എം.ജി. ശ്രീകുമാര്‍ മുഴുവന്‍ സമയവും ഒപ്പം തന്നെയുണ്ട്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ പാട്ടുകളൊരുക്കുന്നതും ചെന്നൈയില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഗിരീഷ് പുത്തഞ്ചേരി ഇടയ്ക്ക് അവിടേക്കും പോയിവരും. പ്രിയദര്‍ശനും ചിത്രത്തിന്റെ നിര്‍മാതാവായ ഫാസിലും ട്യൂണ്‍ തയാറായെന്നറിഞ്ഞാല്‍ ഓടിയെത്തുകയും ചെയ്യും. സംഗീതം മാത്രം നിറഞ്ഞൊഴുകുകയാണ് ആ ഫ്‌ളാറ്റില്‍.
ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭം പ്രിയദര്‍ശന്‍ ഗംഭീരമായി അവതരിപ്പിച്ചു. മോഹന്‍ലാലിന്റെ കഥാപാത്രം ആലപിക്കുന്ന ഗാനമാണ്. ചന്ദ്രയെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരിക എന്നതാണ് പാട്ടിന്റെ പ്രധാന ലക്ഷ്യം. ഏതെങ്കിലും രാഗത്തിലൊരു പാട്ടു ചെയ്താല്‍ നന്നാകും എന്നൊരു നിര്‍ദേശവും നല്‍കി മടങ്ങി. വലിയ ആലോചനകളൊന്നും ഇല്ലാതെ സംഗീത സഹോദരന്മാര്‍ അതിവേഗത്തില്‍ ചില ട്യൂണുകളും തയാറാക്കി.
രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രിയദര്‍ശന് അതൊന്നും അത്ര ദഹിച്ചില്ല. എങ്കിലും അതിലൊരു ട്യൂണ്‍ സംവിധായകന്റെ മനസ്സിലുടക്കി. വീണ്ടും പാടിച്ചു. പ്രിയദര്‍ശന്‍ കണ്ണടച്ചിരുന്ന് ആസ്വദിച്ചു. ഇത് ഓക്കെ ആയിരിക്കുമെന്ന് ബേണി ഇഗ്‌നേഷ്യസും ഉറപ്പിച്ചു. ഇതെങ്ങനെയുണ്ടെന്ന് ആകാംക്ഷയോടെ ചോദിച്ചു. 'സംഭവം കലക്കിയിട്ടുണ്ട്. പക്ഷേ ഇങ്ങനൊരു പാട്ടല്ല നമുക്കിവിടെ വേണ്ടത്, പ്രിയദര്‍ശന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു. പ്രതീക്ഷിച്ച മറുപടി കിട്ടാത്തതുകൊണ്ട് അതിലൊരു നിരാശ തോന്നിയെങ്കിലും അടുത്ത ട്യൂണ്‍ തേടിയുള്ള യാത്രയ്ക്ക് ബേണി ഇഗ്നേഷ്യസ് തയാറായി. എങ്കിലും നിങ്ങളീ ട്യൂണ്‍ കളയരുത്. മറ്റെവിടെയെങ്കിലും ഉപയോഗിക്കണം. ഒരു ഹിറ്റിനുള്ള എല്ലാ സാധ്യതയും ആ പാട്ടിലുണ്ട്, അടുത്ത ട്യൂണിന്റെ കൈപിടിക്കും മുന്‍പ് പ്രിയദര്‍ശന്‍ പറഞ്ഞു. അപ്പോഴത്തെ തിരക്കില്‍ അത്ര കാര്യമായി സംഗീതസംവിധായകരും അതൊന്നും ഓര്‍ത്തുവച്ചില്ല.
വീണ്ടും ചില ട്യൂണുകള്‍ അതിവേഗത്തില്‍ തയാറാക്കി. അതില്‍ ഇഷ്ടം തോന്നിയ ഒരു ട്യൂണിന് പുത്തഞ്ചേരി പതിയെ വരികള്‍ എഴുതി തുടങ്ങി, താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ.... വരികളടക്കം ചേര്‍ത്ത് എം.ജി.ശ്രീകുമാര്‍ തന്നെ പാട്ടു പാടിയതോടെ ഫാസിലിന്റെയും പ്രിയദര്‍ശന്റേയും മുഖം തെളിഞ്ഞു. ഇതാണ് വേണ്ടതെന്നു പറഞ്ഞ് പ്രിയദര്‍ശന്‍ മടങ്ങി.
പാട്ട് റെഡിയായതോടെ അതിന്റെ ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കാനുള്ള തയാറെടുപ്പുകള്‍ ഓരോന്നായി ആരംഭിച്ചു. അപ്പോഴേക്കും പ്രിയദര്‍ശന്‍ ഓടിയെത്തി. നമുക്കൊരു മാറ്റം കൂടിയുണ്ട്. വീല്‍ചെയറില്‍ തളര്‍ന്നിരിക്കുന്ന നായികയായ ചന്ദ്ര ഈ പാട്ടുകേള്‍ക്കുന്നതോടെ വേണം എഴുന്നേറ്റ് നടക്കാന്‍. സ്വരങ്ങളും ജതികളുമൊക്കെ ചേര്‍ത്ത് ഒരു പിടിപിടിയ്ക്കണം എന്നു പറഞ്ഞുകൊണ്ട് ചിത്രീകരിക്കാനുദ്ദേശിക്കുന്ന ഓരോ രംഗവും വ്യക്തമാക്കി. ഒപ്പം നായികയുടെ മാറ്റവും ഉയര്‍ത്തെഴുന്നേല്‍പ്പുമൊക്കെ എങ്ങനെ സംഗീതാത്മകമാക്കണമെന്ന ചില നിര്‍ദേശങ്ങളും.
തീര്‍ത്തും വെല്ലുവിളി നിറഞ്ഞൊരു സന്ദര്‍ഭമായിരുന്നു അത്. സരിഗമ മാത്രമായി പോകാതെ ലാറ്റിന്‍ ഡോറേമീയൊക്കെ ചേര്‍ത്ത് അതൊന്നു പൊലിപ്പിച്ചാലോ എന്നു ചോദിച്ചതോടെ പ്രിയദര്‍ശന്റെ മുഖം തെളിഞ്ഞുവെന്ന് ബേണി പറയുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. അതൊരു പരീക്ഷണം തന്നെയായിരുന്നു. പിന്നെ അന്നു രാത്രി ഉറങ്ങിയില്ല. അടുത്ത ദിവസം തന്നെ റെക്കോര്‍ഡ് ചെയ്യേണ്ട പാട്ടല്ലേ. പാട്ടിലെ അവസാന ഭാഗത്തെ മ്യൂസിക് ബിറ്റുണ്ടാക്കാന്‍ തന്നെ നല്ല സമയമെടുത്തു. ഞങ്ങളുടെ സംഗീത ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ പാട്ടുകളില്‍ ഒന്നായിരുന്നു താമരപ്പൂവില്‍, ബേണി പറയുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം....
കല്യാണരാമന്‍ സിനിമ തുടങ്ങുന്നതു തന്നെ ഒരു പാട്ടോടെയാണ്. സെമി ക്ലാസിക്കല്‍ ശൈലിയിലുള്ള ഒരു പാട്ടുവേണം നമുക്കവിടെ. സംവിധായന്‍ ഷാഫി ഗൗരവത്തോടെ ബേണി ഇഗ്‌നേഷ്യസിനോടു പറഞ്ഞു. അതെ, അത് അങ്ങനെ തന്നെയൊരു ഈണത്തില്‍ തുടങ്ങട്ടെയെന്നായി നിര്‍മാതാവായ ലാലും. അങ്ങനെയെങ്കില്‍ ഒരു ഗംഭീര സാധനമുണ്ട്. പക്ഷേ അത് നമുക്ക് ദാസേട്ടനെക്കൊണ്ടു പാടിക്കണം എന്ന് ഇഗ്‌നേഷ്യസ് എന്തോ ചിന്തിച്ചിരുന്നുകൊണ്ടു പറഞ്ഞു. നമുക്കാരെക്കൊണ്ടു വേണമെങ്കിലും പാടിക്കാം, ആദ്യം ട്യൂണ്‍ കേള്‍ക്കട്ടെ എന്നായി ഷാഫി. പതിയെ ഗിറ്റാറില്‍ താളമിട്ട് ഇഗ്‌നേഷ്യസ് പാടി തുടങ്ങി. ഓര്‍മകളിലേക്ക് ഓടിയെത്തിയ ആ ട്യൂണിനൊപ്പം ബേണിയും ചേര്‍ന്നു. പല്ലവി കേട്ടപ്പോള്‍ തന്നെ എല്ലാവരുടെയും മുഖം വിടര്‍ന്നു. നമുക്കിതുമതി എന്നായി എല്ലാവരും. ട്യൂണ്‍ കേട്ടതോടെ കൈതപ്രം എഴുതി തുടങ്ങി, കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍, പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍....
ശരിക്കും താമരപ്പൂവില്‍ വാഴും ദേവിയല്ലോ എന്ന പാട്ടിന് പകരമായി ഒരുക്കിയ ട്യൂണായിരുന്നു കഥയിലെ രാജകുമാരിയും എന്ന പാട്ടിന്റേത്, ബേണി ഇഗ്നേഷ്യസ് പറയുന്നു. എങ്ങനെയോ ആ സന്ദര്‍ഭത്തില്‍ അത് മനസ്സിലേക്ക് ഓടിയെത്തിയതാണ്. അനുപല്ലവിയൊക്കെ മറന്നു പോയിരുന്നു. പിന്നെ ഞങ്ങളിരുന്ന് രണ്ട് വ്യത്യസ്ത ട്യൂണുകളാണ് തയാറാക്കിയത്. രണ്ടും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അത് അനുപല്ലവിയായും ചരണമായും ഉപയോഗിച്ചാലോ എന്നുള്ള ആലോചനയില്‍ വരെ അന്നെത്തി. പിന്നെ അതൊരു കണ്‍ഫ്യൂഷനായാലോ എന്നോര്‍ത്ത് ഉപേക്ഷിച്ചു. എന്തായാലും പ്രിയദര്‍ശന്‍ അന്നു പറഞ്ഞപോലെ ആ പാട്ട് വലിയ ഹിറ്റുതന്നെയായി മാറി, ബേണി ഇഗ്നേഷ്യസ് പറയുന്നു.