ADVERTISEMENT

‘‘അദ്ദേഹം പാടാൻ തയാറാവുമോ?’’ ആ ചെറുപ്പക്കാരന് വല്ലാത്ത സംശയം. ‘‘എന്തായാലും നമുക്കൊന്നു ചോദിച്ചു നോക്കാം.’’ കൂട്ടുകാരൻ പക്ഷേ പ്രതീക്ഷ കൈവിടാനൊരുക്കമല്ല. അവർക്കറിയാം, ബോളിവുഡിന്റെ പിന്നാമ്പുറത്തുമാത്രം നിൽക്കുന്ന തങ്ങളുടെ പാട്ടുപാടാൻ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന മുഹമ്മദ് റഫി എന്ന സ്വരമാധുരിയുടെ സുൽത്താൻ അത്രകണ്ടങ്ങ് ചെറുതാവില്ലെന്ന്. എങ്കിലും എൽ.എസ്.കുദാൽകർ, പി.ആർ.ശർമ എന്നീ ചെറുപ്പക്കാർ പക്ഷേ പിന്നോട്ടു പോകാൻ ഒരുക്കമല്ല. മുമ്പ് പല പാട്ടുകളും ഇരുവരും ചേർന്ന് സംവിധാനം ചെയ്തിട്ടുണ്ട്, എങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ട് റഫിജീക്ക് തങ്ങളെ അറിയാനും തരമില്ല. മുൻനിര നായികാനായകന്മാരില്ലാതെ വെറുമൊരു ലോ ബജറ്റ് ചിത്രത്തിനായി, നിലവിലുള്ള പ്രതിഫലം പോലും അദ്ദേഹത്തിനു നൽകാൻ തങ്ങളുടെ നിർമാതാവിന് ആവില്ലെന്നും അവർക്കറിയാം. പിന്നോട്ടടിക്കുന്ന കാരണങ്ങൾ ഏറെയുണ്ടെങ്കിലും  കിടമത്സരങ്ങളുടെ വേദിയിൽ നിലനിൽപിനായി പോരാടിക്കൊണ്ടിരിക്കുന്ന അവർക്ക് ഒന്നുറപ്പാണ്, തങ്ങൾ ഇത്തവണ ഒരുക്കിയിരിക്കുന്ന പാട്ടുകൾ പാടാൻ ആ മഹാപ്രതിഭ തയാറായാൽ തങ്ങളുടെ തലവര തെളിയും!

 

കുദാൽകറും ശർമയും ബംഗ്ലാവിലെത്തുമ്പോൾ റഫിജി നല്ല മൂഡിലായിരുന്നു. തന്നെ തിരക്കിയെത്തിയ ചെറുപ്പക്കാരെ എന്തുകൊണ്ടോ കയ്യൊഴിയാൻ അദ്ദേഹത്തിനു തോന്നിയില്ല. തങ്ങൾ കൊണ്ടുവന്ന ഗാനങ്ങളും അതിനു തയാറാക്കിയ ട്യൂണുകളുമെല്ലാം അവർ അദ്ദേഹത്തെ കേൾപ്പിച്ചു. താൻ കാരണം തങ്ങളുടെ കരിയർ രക്ഷപ്പെടുമെന്ന് ഉറപ്പിച്ചെത്തിയ ഇരുവരെയും നിരാശപ്പെടുത്താതെ അവരുടെ ബജറ്റിനൊത്ത ഒരു പ്രതിഫലവും പറഞ്ഞ് വളരെ സന്തോഷത്തോടെ അവരെ പറഞ്ഞയയ്ക്കാൻ റാഫിജി ഒരുങ്ങി. പോകാനൊരുങ്ങവേ കുദാൽകറിന്റെ ചുണ്ടിൽ വെറുതെ ഒരു മൂളിപ്പാട്ടെത്തി - ‘‘ചാഹൂംഗി മേം തൂഝേ സാംഝ് സവേരേ....’’ അലസമായൊരീണത്തിലായിരുന്നെങ്കിലും അതുകേട്ട റഫി ‘‘യഹ് തോ കിസ്കാ ഹെ?’’ - അതിശയപ്പെട്ടു. ‘‘ലതാജീ കോ മൻ മേം രേഖേ ഹുയേ ബനായേ ഹേം...’’ - പോക്കറ്റിൽനിന്ന് ഒരു കടലാസ് എടുത്തുകൊണ്ടുള്ള കുദാൽകറിന്റെ മറുപടി. മറ്റേതെങ്കിലും സിനിമയിൽ ലതാ മങ്കേഷ്കറിനെക്കൊണ്ട് പാടിക്കാമെന്നു വച്ച ഗാനമാണത്രേ! പക്ഷേ റഫിജീ വിടാനൊരുക്കമല്ല - ‘‘സരാ ദേ ദോ ....’’ മഹാഗായകൻ വല്ലാത്തൊരാർത്തിയോടെയാണ് ആ കടലാസ് പിടിച്ചു വാങ്ങിയത്. വരികളിലൂടെ കണ്ണോടിക്കുമ്പോൾ അവരിലൊരാൾ തങ്ങളൊരുക്കിയ അതിന്റെ ഈണവും വെറുതെ മൂളിക്കേൾപ്പിച്ചു. ‘‘നമുക്ക് ഇതും പാടണം:...’’ ആവേശത്തിലായിരുന്നു ഗായകൻ. പക്ഷേ, പാട്ടിനു പറ്റിയ സിറ്റുവേഷൻ തങ്ങളുടെ ഈ ചിത്രത്തിലില്ല. തന്നെയുമല്ല ഗാനമാണെങ്കിൽ ഫീമെയിൽ വേർഷനും! കാര്യം ധരിപ്പിച്ചപ്പോൾ റഫിജീ അവർക്കു മുന്നിൽ കണ്ണുമടച്ച് ഒരു ഓഫർ - ‘‘ഈ പാട്ടു കൂടി പാടാനുണ്ടെങ്കിൽ ഇതിലെ മുഴുവൻ പാട്ടുകളും ഒരു പ്രതിഫലവും ഇല്ലാതെ ഞാൻ പാടും!’’

 

ആഹ്ലാദത്താൽ മതിമറന്ന ആ സംഗീതകാരൻമാർ നേരെ പോയത് ചിത്രത്തിന്റെ അണിയറക്കാരുടെയടുത്തേക്കാണ്. വരാൻ പോകുന്ന മഹാഭാഗ്യത്തെപ്പറ്റി ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. ലോകം കാതോർക്കുന്ന ഗായകന്റെ സ്വപ്നതുല്യ വാഗ്ദാനം എല്ലാവർക്കും ഒരു പുത്തൻ ഉണർവാണ് ഉണ്ടാക്കിയത്. നിമിഷങ്ങൾകൊണ്ട് റഫിജീയുടെ ഇഷ്ടഗാനത്തിന് സിനിമയിൽ സിറ്റുവേഷൻ ഒരുങ്ങി, ഫീമെയിൽ വേർഷൻ മെയിൽ വേർഷനായി. അവിടെത്തുടങ്ങുകയായിരുന്നു ‘എൽ - പി’ എന്ന രണ്ടക്ഷരങ്ങളിൽ കുറിക്കപ്പെട്ട ലക്ഷ്മീകാന്ത് - പ്യാരേലാൽ ജോടിയുടെ ഹിറ്റ് മേക്കിങ് ചരിത്രം!

 

‘‘ചാഹൂംഗാ മേം തൂഝേ സാംഝ് സവേരേ....’’ പരസ്പര സ്നേഹത്തിന്റെ അങ്ങേയറ്റത്തെ ധ്വനിപ്പിക്കാൻ പോന്ന ആ വാക്കുകളിൽ കേൾവി വല്ലാതെ ഉടക്കി നിൽക്കുന്നു! കാലം കൊതികൊണ്ട ശബ്ദത്തിലെ ഉറഞ്ഞുകൂടുന്ന വൈകാരികതയിൽ നെഞ്ചൊന്നു പിടയുന്നുമുണ്ട്. സൗഹൃദത്തെ ഇങ്ങനെ ഹൃദയസ്പർശിയായി വരച്ചിടാനാവുമോ? കറയറ്റ സൗഹൃദത്തിനിടയിലെ മുറിപ്പാടുകൾ അല്ലെങ്കിലും ഇങ്ങനെയാണല്ലോ. ദോസ്തി (1964) എന്ന ചിത്രത്തിന്റെ കഥാവഴിയിൽ കണ്ണീരുണങ്ങാത്ത ചേരുവകൾ ഏറെയാണ്. ആത്മസുഹൃത്തുക്കളിൽ ഒരാൾ അന്ധനും മറ്റെയാൾ കാലിന് സ്വാധീനമില്ലാത്തവനുമാകുമ്പോൾ കഥ പകരുന്ന ഒരു ഫീൽ! അത് പറഞ്ഞറിയിക്കാൻ ആവുന്നില്ല. 

 

സാഹചര്യങ്ങൾ വില്ലനാവുമ്പോൾ കഥാകാരന് മറ്റൊരു വില്ലനെ തിരയേണ്ടല്ലോ! പരസ്പരം കാലും കണ്ണുമാകുന്ന സൗഹൃദത്തിൽ ക്രൂര പരിവേഷവുമായി സാഹചര്യങ്ങൾ പകർന്നാടുമ്പോൾ ഉള്ളു കൊണ്ടാഗ്രഹിക്കാതെ അവർ വേർപെടുന്നു. അകലമാണല്ലോ ബന്ധത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നത്. ആ നിസ്സഹായർക്കിടയിലെ മൗനവിലാപത്തിനാണ് ഇവിടെ കാവ്യഭാഷ്യം ചമച്ചിരിക്കുന്നത്. അതും, ആരാൽ? മുറിവേറ്റ ആത്മാവ് - wounded soul- മജ് രൂഹ്..... അതെ, കേൾവിയിടങ്ങളെയും മുറിപ്പെടുത്താൻ പോന്ന എഴുത്തു വഴിയിലെ ഒറ്റയാൻ - അസരാർ ഉൾ ഹസൻ ഖാൻ എന്ന മജരൂഹ് സുൽത്താൻപുരി കുറിക്കുമ്പോൾ സൗഹൃദം എന്നത് എന്താണെന്നും എങ്ങനെയാകണമെന്നും നമ്മൾ കേട്ടറിയുന്നു. 

 

വേർപെടുത്തപ്പെട്ട ചങ്ങാത്തത്തിന്റെ നോവുറഞ്ഞ് പിടയുന്ന ഹൃദയങ്ങളെയാണ് റഫിയുടെ ആർദ്ര ആലാപനം വെളിപ്പെടുത്തുന്നത്. രാവും പകലുമെല്ലാം കാണണമെന്നുണ്ടെങ്കിലും എന്റെ പ്രിയ ചങ്ങാതി, ഇല്ല, നിന്നെ ഞാൻ പേരെടുത്തുവിളിക്കില്ല. കല്ലിനെപ്പോലും അലിയിക്കാൻപോന്ന വാക്കുകൾ ചെന്നു തറയ്ക്കുന്നത് എവിടേക്കാണ്! സ്വാർഥതയുടെ അതിർവരകൾക്കപ്പുറത്ത് മാനുഷികതയുടെ വിശാലതയെ കാണാനാവാത്തവരെ ‘ദോസ്തി’ ചിലതു പഠിപ്പിക്കുന്നുണ്ട്. വേർപിരിഞ്ഞെങ്കിലും പരസ്പരമുള്ള കരുതൽ അതേ തീവ്രതയിൽ ഗാനത്തിലെ വരികളിലേക്കു നിവേശിക്കുമ്പോൾ ഗാനത്തിനു കൈവരുന്ന ഒരു റേഞ്ച് അപാരംതന്നെ. ഉള്ളുകൊണ്ട് നീ എനിക്കൊപ്പമുണ്ടെന്നും ഉള്ളിന്റെയുള്ളിൽ എന്നെ നീ കേൾക്കുന്നുണ്ടെന്നും എനിക്ക് നന്നായറിയാം എന്റെ പ്രിയ ചങ്ങാതി..... പക്ഷേ, ആവാസ് മേം ന ദൂംഗാ.... ഇല്ല, നിന്നെ ഞാൻ വിളിക്കുന്നില്ല ...... 

 

കൂട്ടുകാരന്റെ നന്മയ്ക്കായാണ് വേർപെട്ടതെന്ന് സ്വയം സമാധാനിക്കുന്ന മോഹന് തന്റെ ഇരുൾ മൂടിയ കണ്ണുകളിലെ നിറഞ്ഞ കാഴ്ചയായിരുന്നല്ലോ രാമു. ‘‘ദർദ് ഭി തൂ, ചേൻ ഭി തൂ, ദരശ് ഭി തൂ, നൈന് ഭി തൂ.....’’ വേർപെടൽ വേദനയാണെങ്കിലും രാമുവിന്റെ ഭാവിയെയോർത്ത് അവന് ആശ്വസിക്കാനാവുന്നു.

തന്റെ കണ്ണും കാഴ്ചയും ഒക്കെയാണ് രാമുവെന്ന് ഓർക്കാൻ ആ നിസ്സഹായതയിലും അവന് കഴിയുന്നിടത്ത് ദോസ്തി അർഥപൂർണമാകുന്നു.  മാനുഷികതയുടെ കേവലം മൂടുപടമണിഞ്ഞ കമ്യൂണിസ്റ്റായിരുന്നില്ലല്ലോ സുൽത്താൻപുരി! ആ മനസ്സിൽ നിറഞ്ഞ ചങ്ങാത്തത്തിന് ഉള്ളുതൊടാൻപോന്ന പ്രത്യയശാസ്ത്രത്തിന്റെ തണുപ്പുണ്ടായിരുന്നു, നേരുനെറികളുടെ ചൂടുണ്ടായിരുന്നു.

 

ഗസലുകളെ പ്രണയിച്ച് ഗസൽവഴിയിൽ തന്റെ ഭിഷഗ്വരവൃത്തിയുപേക്ഷിച്ച് സന്ധ്യകളെ ഗസൽ സാന്ദ്രമാക്കാൻ തുനിഞ്ഞ സുൽത്താൻപുരിയെ അക്ഷരാർഥത്തിൽ അന്ന് എ.ആർ.കർദാർ ഏറ്റെടുക്കുകയായിരുന്നു. എന്തിന്? ആ സന്ധ്യയിൽ  'മുറിവേറ്റ ആത്മാവി'ൽ നിന്നും അടർന്നുവീണു കൊണ്ടിരുന്ന ആലാപനം കർദാറിനെ വല്ലാതെ മോഹിപ്പിച്ചു. തന്റെ സിനിമകൾക്ക് പാട്ടെഴുതാൻ പറ്റിയ ആളെ കിട്ടിയ സന്തോഷമായിരുന്നു ഉത്തരേന്ത്യൻ സിനിമാനിർമാണരംഗത്തെ ആ അതികായന്. നേരേ കൊണ്ടുപോയി നിർത്തിയതോ, നൗഷാദ് അലിയുടെയും കുന്ദൻലാൽ സെയ്ഗാളിന്റെയും മുമ്പിലേക്ക്! അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്ന 'ഷാജഹാനു' വേണ്ടി പാട്ടെഴുതിക്കോളാനായിരുന്നു കൽപന! എഴുത്തിനോടും ആത്മബന്ധം ഉറപ്പിച്ചുകഴിഞ്ഞിരുന്ന മജരൂഹിനുണ്ടോ മടി. തനിക്കു മുന്നിൽ മലർക്കെത്തുറന്നുവച്ച സിനിമാലോകത്തേയ്ക്കുള്ള ആദ്യ ചുവടുകൾ അന്നു പിഴച്ചില്ല, നൗഷാദിന്റെ ഈണത്തെ സെയ്ഗാൾ ഏറ്റുപാടിയ ഷാജഹാനിലെ പാട്ടുകളെല്ലാം ഹിറ്റ്! ഹിറ്റുകളുടെ അശ്വമേധം സെയ്ഗാൾ എന്ന ഹിസ്റ്റോറിക്കൽ ലെജൻഡ് പിന്നെയും തുടർന്നെങ്കിലും തന്റെ അന്ത്യയാത്രാവേളയിൽ പശ്ചാത്തലമായുണ്ടാകണമെന്നാഗ്രഹിച്ചത് മജരൂഹിനാൽ കുറിക്കപ്പെട്ട ഷാജഹാനിലെ ‘‘ജബ് ദിൽ ഹി ടൂട്ട് ഗയാ’’ ആയിരുന്നത്രേ! കാലം വല്ലാതെ കടപ്പെട്ട എഴുത്തുതന്നെയായിന്നു സുൽത്താൻപുരിയുടേത്. 1993 ൽ ദാദാ സാഹേബ് ഫാൽകേ നൽകി ആ പ്രതിഭയ്ക്ക് ആദരം അർപ്പിക്കുമ്പോൾ, സിനിമാ ചരിത്രത്തിൽ ഒരു ഗാനരചയിതാവ് ആ നേട്ടത്തിനർഹനാകുന്നത് ആദ്യമായായിരുന്നു!

 

‘‘ചാഹൂംഗ മേം തുഝേ...’’ യിലൂടെ മികച്ച പിന്നണി ഗായകനുള്ള ദേശീയാംഗീകാരം അത്തവണ മുഹമ്മദ് റഫിയെ തേടിയെത്തി. മാത്രവുമല്ല മികച്ച ഗാനരചയിതാവ്, മികച്ച ഗായകൻ, മികച്ച സംഗീത സംവിധായകർ എന്നിവയുൾപ്പെടെ അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഒരു നായിക ഇല്ലാതിരുന്നിട്ടും 'ദോസ്തി' അന്ന് സ്വന്തമാക്കി. ഭാഗ്യങ്ങളും ഭാഗ്യക്കേടുകളുമൊക്കെ ഗതി നിർണയിക്കുന്ന സിനിമാമേഖലയിൽ റഫീജിയുമായുള്ള കൂടിക്കാഴ്ചയാണ് എൽ - പി യുടെ ഉദയത്തിനിടയാക്കിയത് എന്നതിന് കാലത്തിന്റെ സാക്ഷ്യപ്പെടുത്തലുണ്ട്. എൽ - പി യുടെ ആദ്യ ഹിറ്റ്ഗാനം റഫിജീ പാടിയെങ്കിൽ റഫിജീയുടെ അവസാന ഹിറ്റ് ഗാനം എൽ- പി യുടേതായിരുന്നു എന്നത് കാലം മറക്കാത്ത ഒരു യാദൃച്ഛികതയാണ്! 

 

അവനവനിലേക്ക് ഒളിച്ചോടുവാൻ കാലം പഠിപ്പിക്കുന്ന പാഠങ്ങൾ ഇന്ന് ഏറെയുണ്ട്. ഭംഗി വാക്കുകളുടെ അടിത്തറയിൽ കെട്ടിപ്പൊക്കുന്ന പുറംമോടിയുടെ സൗഹൃദക്കാഴ്ചകളിൽ നമുക്കും നിസ്സംഗരാകാം. പ്രിയ സുഹൃത്തിനെയോർത്ത് നമുക്കും വെറുതെ ആശ്വസിക്കാം - ‘‘ദേഖ് മുഝേ സബ് ഹെ പതാ, സുൻതാ ഹെ തൂ മൻ കീ സദാ .....’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com