ഇന്ദുപുഷ്പം ചൂടിയ പാട്ടുകൾ!
Mail This Article
പാട്ടിനു പ്രായമുണ്ടോ? പഴയൊരു ചോദ്യമാണ്. ഉത്തരത്തിനും പഴക്കമുണ്ട്- പാട്ടും പ്രായവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏതു പ്രായത്തെയും അതിജീവിക്കാൻ കഴിയുന്ന ആത്മചൈതന്യത്താൽ സംഗീതകല അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതിനുപോന്ന തെളിവുകൾ ലോകമെമ്പാടും ലഭിക്കുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ ഒരു ശുപാർശയെന്നോണം യൂട്യൂബിൽ തെളിഞ്ഞുവന്ന മുതിർന്ന ഹിന്ദുസ്ഥാനി ഗായികയെ പരിചയപ്പെടുത്താം- മോഗുബായി കുർദീകർ, രാജ്യം പത്മഭൂഷൺ നൽകി ബഹുമാനിച്ച ഗായിക. ഭൂമിയിലെ അവരുടെ അവസാന ദിവസത്തെപ്പറ്റി മകൾ കിശോരി ആമോങ്കർ എഴുതിയ വികാരഭരിതമായ വാക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്. കുടുംബമിത്രങ്ങൾക്കായി ഛായാനട് രാഗം ഒന്നരമണിക്കൂറിലേറെ വിശദീകരിച്ചു പാടിയ അമ്മയുടെ പ്രായം തൊണ്ണൂറ്റാറുതന്നെയോ എന്ന മകളുടെ അദ്ഭുതം അതിൽ ഞാൻ കണ്ടു. ശ്രുതിയിൽ അണുമാത്രയുടെ ഏറ്റക്കുറച്ചിൽപോലും വരാതെ ഒരു തൊണ്ണൂറ്റേഴുകാരൻ ഇപ്പോഴും കൊൽക്കൊത്തയിൽ പാടിക്കൊണ്ടിരിക്കുന്നു- പണ്ഡിത് അമിയ രഞ്ജൻ ബന്ദോപാധ്യായ! ഇത്രയും ഓർമിച്ചെഴുതാൻ കാരണം കെ.എസ്.ചിത്രയുടെ അറുപതാം ജന്മദിനമാണ്. മുകളിൽ പരാമർശിച്ച ഗായകരെപ്പോലെ ഇനിയും എത്രയോ പതിറ്റാണ്ടുകളിലൂടെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന സംഗീതസിദ്ധിയാൽ അവരുടെ ജീവിതം ധന്യത നേടിക്കഴിഞ്ഞു. ചിത്രയുടെ മധുരസ്വരത്തിന് ഏതു കാലത്തെയും ലോകത്തെയും അതിശയിക്കാതെ വയ്യ! രാജ്യാന്തരമായി അത്രമേൽ പ്രാർഥനകളും ആശംസകളും അവരിൽ വാസനപ്പൂക്കൾപോലെ വന്നു ചൊരിയുന്നുണ്ട്.
ഒരിക്കൽ ഒരു സ്വാതി മഹാരാജാവിനെ സംബന്ധിച്ച സന്ദേഹം നിവർത്തിക്കുന്നതിനായി ഡോ.ഓമനക്കുട്ടി ടീച്ചറെ സന്ദർശിച്ചു. ഇറങ്ങാൻ തുടങ്ങിയതേ കണ്ടു, എം.ജി. രാധാകൃഷ്‌ണൻ ചേട്ടൻ എതിരെ വരുന്നു. അവസരം പാഴാക്കണ്ട എന്നുകരുതി പ്രിയ ശിഷ്യയെപ്പറ്റി അന്നേരം നാവിൻതുമ്പിൽ വന്നതെന്തോ ചോദിച്ചു. വഴിയിൽ പിടിച്ചുനിർത്തിയുള്ള അഭിമുഖം ഒട്ടും രസിച്ചില്ല. നല്ലോണം തന്നു-
‘എടാ നീ ടീച്ചറെ കാണാൻ വന്നതല്ലേ! എന്നെ കാണാൻ വരുമ്പോ ചോദിക്ക്, പറയാം’
ഞാൻ അയ്യടാന്നായി! പക്ഷേ തൊട്ടടുത്ത ദിവസം രാവിലെതന്നെ വീട്ടിൽ അവതരിച്ചുകൊണ്ട് ഞാൻ എം.ജി.ആറിനെ ചിരിപ്പിച്ചു. നല്ല ചോദ്യങ്ങൾ കാലേകൂട്ടി കരുതിവച്ചിട്ടുണ്ടായിരുന്നു. സകലത്തിനും മറുപടി കിട്ടി. അതൊന്നു രേഖപ്പെടുത്താൻ ഇത്രയും കാലം വേണ്ടിവന്നു എന്നുമാത്രം.
ചിത്രയെപ്പറ്റി എം.ജി.ആർ ആദ്യം പറഞ്ഞ വാക്യം അതുപോലെ ഉദ്ധരിക്കാം-
‘അവളെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്താൽ അതങ്ങനെ വൃത്തിയായി പാടിത്തരും.’
അദ്ദേഹം സംഭാഷണം തുടർന്നു.
‘പറഞ്ഞു കൊടുക്കുന്നതുപോലെ പാടാനുള്ള വൈഭവം പാട്ടുകാർക്കു വേണ്ടതുതന്നെ. പക്ഷേ അതുമാത്രം പോരല്ലോ! തത്തമ്മേ പൂച്ച എനിക്ക് ആവശ്യമില്ല. ‘പ്രണയവസന്ത’വും ‘രജനി’യുമൊക്കെ പാടുമ്പോൾ അവൾക്ക് എന്തൊരു പേടിയാരുന്നു! കൊച്ചിലേ മുതലേ ഞാൻ കൊണ്ടുനടന്നു പാട്ടു പാടിച്ച പെണ്ണല്ലേ. വല്ല അബദ്ധവും സംഭവിക്കുമോന്നാ അവളുടെ ടെൻഷൻ. പാട്ടിൽ വരുത്തുന്ന ചെറിയ വ്യത്യാസംപോലും ഗുരുത്വദോഷമായിട്ടാ അവൾ കാണുന്നത്. അതെല്ലാം ഞാൻ പതിയെ മാറ്റിയെടുത്തു. പിന്നെപ്പിന്നെ എന്റെ പാട്ടുകളിൽ അവളുടെയും ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. അതങ്ങനെ വേണമല്ലോ, എന്നാലല്ലേ പ്രഫഷനലായി നിലനിൽക്കാൻ സാധിക്കൂ.’
പേടിച്ചും വിറച്ചും പാടേണ്ടിവന്ന പഴയ കാലത്തെ ഓർത്തുകൊണ്ടാവാം ചിത്രയും വ്യക്തമാക്കിയിട്ടുണ്ട്–
‘എനിക്കെപ്പോഴും സംഗീതസംവിധായകരുടെ ഇഷ്ടത്തിന് പാടുന്നതാ ഇഷ്ടം. അവരൊക്കെ എത്രയോ പ്രാവശ്യം ആലോചിച്ചുണ്ടാക്കുന്ന ട്യൂൺസ് അല്ലേ, അതിൽ ഒരു വ്യത്യാസവും വരുത്തേണ്ട കാര്യമില്ല. ചില ട്യൂണുകൾ നമ്മുടെ വോയിസിലും പിച്ചിലും പിടിച്ചാൽ കിട്ടില്ല. അപ്പോൾപിന്നെ വേറെ വഴിയില്ലല്ലോ, കുറച്ചു ചേഞ്ചസ് വരും. അതെല്ലാം എനിക്കുവേണ്ടി വരുത്തുന്നതാണ്. എന്നെക്കൊണ്ടു പാടിച്ചിട്ടുള്ള എല്ലാ സംഗീത സംവിധായകരുടെയും റെക്കോർഡുകൾ ഞാൻ എടുത്തു വച്ചിട്ടുണ്ട്. അവർ പാടിത്തന്നതുമായി നോക്കുമ്പോൾ ഞാൻ പാടിയതിൽ കുറെ കുറവുകളും തെറ്റുകളും വന്നിട്ടുണ്ടാകും. പാട്ടു കേൾക്കുന്നവർ ഇതൊന്നും അറിയുന്നില്ലെങ്കിലും എനിക്കു മനസിലാക്കാൻ സാധിക്കുമല്ലോ. ചിലപ്പോൾ നല്ല വിഷമവും തോന്നും.’
സത്യത്തിൽ ഇങ്ങനെ സങ്കോചം കൊള്ളേണ്ട തരത്തിൽ ചിത്ര ഇന്നുവരെ ഒരു പാട്ടും പാടിയിട്ടില്ല. ഈ വാക്കുകൾ അവരുടെ കന്മഷം പുരളാത്ത വിനയത്തിൽനിന്നും സ്വാഭാവികമായി രൂപമെടുക്കുന്നതാവാം.
ചിത്രയെ ഉയർന്ന താരപദവിയിൽ എത്തിച്ച ജനപ്രിയ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകരുമായും ഇക്കാര്യം സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പാട്ടുകളിൽ ചിത്ര കൊണ്ടുവരുന്ന വൈകാരികഭാവങ്ങളെ അവരും ഏറെ വിലമതിക്കുന്നു. അവർ ആഗ്രഹിച്ചതിനെ ചിത്രയും അങ്ങേയറ്റം സാധിച്ചു കൊടുത്തു. അവരുടെ ആത്മസമർപ്പണം ഓരോ പാട്ടിലും ചേർത്തു കൊടുക്കുന്ന വിശേഷപ്പെട്ട നാദസൗന്ദര്യത്തെ രവീന്ദ്രൻ മാസ്റ്റർ ഉദാരമായി പ്രകീർത്തിച്ചു-
‘നമ്മൾ ഒരു സ്വർണമാല ഉണ്ടാക്കി അവളുടെ കയ്യിൽ ഏൽപ്പിച്ചു കൊടുത്താൽ, അവൾ അതിന്മേൽ കുറെ രത്നക്കല്ലുകൾ പിടിപ്പിച്ചിട്ട് ഇങ്ങോട്ടു തരും. മനസ്സിലായില്ലേടാ, കൂടുതൽ തെളിച്ചു പറയണോ?'
തൊട്ടടുത്തിരുന്ന ഒഎൻവി സർ ചിരിച്ചുപോയി. 'രവീന്ദ്രൻ ഒരു കാളിദാസനാണല്ലോ' എന്നൊരു പ്രശംസയും ചേർത്തു. അതിനും മാസ്റ്റർ കൗണ്ടർ ഇട്ടു.
‘നമ്മൾ അങ്ങനെ ആകുന്നതല്ലല്ലോ. അവളുടെ പാട്ട് നമ്മളെക്കൊണ്ടു പറയിപ്പിക്കുന്നതല്ലേ?’
ചിത്രയുടെ സംഗീതം ഇത്തരം പ്രോത്സാഹനങ്ങളിലൂടെ, പരിലാളനകളിലൂടെ, വാത്സല്യങ്ങളിലൂടെ വളർന്നു പടർന്നു. ഭാഷകൾക്കതീതമായി ഭാരതമെമ്പാടും അവരുടെ പാട്ടുകൾ ശാഖകൾ വിരിച്ചു. അവയിൽ പൂത്തുവിടർന്ന സൗഗന്ധികങ്ങളുടെ സൗമ്യസൗരഭ്യം സകലമാന ദേശങ്ങളിലും വ്യാപിച്ചു, അവരുടെ തെളിഞ്ഞ പുഞ്ചിരിപോലെ. ചിത്ര പാടിയ അന്യഭാഷാ ഗാനങ്ങളുടെ കാനേഷുമാരി ഏതു മലയാളിയെയും അഭിമാനം കൊള്ളിക്കും. 'മഞ്ഞൾ പ്രസാദ'ത്തിനു നാഷനൽ അവാർഡ് ലഭിച്ച വേളയിൽ 'ചിത്ര ജനിക്കാൻ കുറച്ചു വൈകിപ്പോയെ'ന്നു ബോംബെ രവി അഭിപ്രായപ്പെട്ടതിൽ ഒരു ധ്വനി കലർന്നിട്ടുണ്ട്. ലതാജിയുടെയും ആശാജിയുടെയും തലത്തിൽ ഉയരാനുള്ള സാധ്യത അദ്ദേഹം ചിത്രയിൽ കണ്ടുകാണണം. 'ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി' അതിനെ സമർഥിച്ചതായി ഒഎൻവിയും പറഞ്ഞു.
മലയാള ചലച്ചിത്ര ഗാനശാഖയെ സമൃദ്ധമാക്കിയതിൽ ലീല, സുശീല, ഈശ്വരി, മാധുരി, ജാനകി, വാണി, വസന്ത, കോമളം, ജിക്കി തുടങ്ങിയ മുതിർന്ന ഗായികമാരുടെ മഹത്തായ സംഭാവനകളെ ഓരോ മലയാളിയും കൃതാർഥതയോടെ ഓർക്കുന്നുണ്ട്. ഇവരിൽ ലീല ഒഴികെ മറ്റെല്ലാവരും മറുനാട്ടുകാരാണല്ലോ. അവരുടെ ശരിയായ പിൻഗാമി എന്നതിലുപരി സമ്പൂർണ മലയാളി എന്ന നിലയിൽ ചിത്ര കേരളീയരുടെ അന്തസ്സുയർത്തുന്നു. സംഗീതമേന്മയോടൊപ്പം ഭാഷാമേന്മയും വിളക്കിച്ചേർത്ത ചിത്രയുടെ പാട്ടുകളിലെ ഉച്ചാരണശുദ്ധി എടുത്തു പറയേണ്ട ഗുണമാണ്. മലയാളഭാഷയുടെ തനതു സവിശേഷതകൾ മനസ്സിലാക്കാനും ഉച്ചാരണഭേദങ്ങൾ പാലിക്കാനും പൂർവികരെക്കാൾ വിശേഷാൽ അവസരം അവർക്കു ലഭിച്ചു. സ്വനയന്ത്രങ്ങളുടെ പ്രത്യേകത കാരണം ഗായകർ വിവിധ തരത്തിൽ ഉച്ചരിക്കുന്ന വ്യഞ്ജനാക്ഷരങ്ങൾ ചിത്ര പാട്ടുകളിൽ കൃത്യമായി പ്രയോഗിക്കുന്നു. ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിവയിലെ വ്യത്യാസങ്ങളിൽ ചിത്രയോളം ജാഗ്രത പ്രദർശിപ്പിക്കുന്ന പാട്ടുകാരികൾ കുറവാണ്. ന്യൂനതയായി ഉയർത്തിക്കാട്ടുന്നില്ലെങ്കിലും ഭാഷാവിഷയത്തിൽ ഇത്രയും കണിശത പുലർത്താൻ അന്യഭാഷാ ഗായികമാർക്കു സാധിച്ചിട്ടില്ല എന്ന സത്യം അവരുടെ പാട്ടുകളിൽ കേൾക്കാൻ കഴിയും.
പാട്ടുകൾക്കു നൽകുന്ന അമൂർത്ത ശിൽപഭംഗി ചിത്രയുടെ സംഗീതത്തെ വേറിട്ടു നിർത്തുന്നു. രാഗങ്ങളെ ആധാരമാക്കി നിർമിച്ച പാട്ടുകളിൽ ഗാനഭാവത്തോടൊപ്പം രാഗഭാവത്തെയും സംയോജിപ്പിക്കാൻ ചിത്ര തുടക്കംമുതലേ ശ്രദ്ധ കൊടുക്കുന്നു. പ്രഫ. മാവേലിക്കര പ്രഭാകരവർമ, ഡോ. ഓമനക്കുട്ടി, ഹരിഹരഅയ്യർ, സാവിത്രിയമ്മ, എം.ജി. രാധാകൃഷ്ണൻ എന്നിവരുടെ കീഴിലുള്ള കർണാടക സംഗീതപഠനം അതിനു സഹായകമായി. സംഗീതം അക്കാദമികമായും പഠിച്ചതിലൂടെ ജനക-ജന്യരാഗങ്ങളുടെ വൈവിധ്യത്തെ തിരിച്ചറിയാൻവേണ്ട വിപുലമായ സൈദ്ധാന്തികജ്ഞാനം ചിത്രയിൽ നിറഞ്ഞു. ഹിന്ദോളത്തിൽ ചിട്ടപ്പെടുത്തിയ 'രാജഹംസമേ, താരം വാൽക്കണ്ണാടി നോക്കി, ഇന്ദ്രനീലിമയോലും' എന്നീ മൂന്നു ഗാനങ്ങൾ മാത്രമെടുത്താൽപോലും ഇതിനുള്ള തെളിവുകൾ തരമാകും. 'പുടമുറിക്കല്യാണം' (ആരഭി), 'എന്തിനായ് നിൻ' (ആഭേരി), 'ആദ്യ വസന്തമേ' (ദേശ്) 'പട്ടണത്തിൽ എന്നും പത്തുനേരം' (ചക്രവാകം), പുഴയോരത്തിൽ (ശിവരഞ്ജിനി) 'അംഗോപാംഗം' (ചന്ദ്രകൗൻസ്) 'ഏതോ വാർമുകിലിൻ' (ശ്രീ) 'ചീരപ്പൂവുകൾ' (യമൻ കല്യാൺ) 'കണ്ണാടിക്കയ്യിൽ' (ഖരഹരപ്രിയ) 'ചൂളമടിച്ചു കറങ്ങി നടക്കും' (വൃന്ദാവനസാരംഗ) 'ശിവമല്ലിപ്പൂവേ' (ഷണ്മുഖപ്രിയ) 'ശശികല ചാർത്തിയ' (ശുദ്ധധന്യാസി), 'മയങ്ങിപ്പോയി' (ബേഗഡ) 'ചെല്ലച്ചെറു വീടു തരാം' (സിന്ധുഭൈരവി) 'മൗലിയിൽ മയിൽപ്പീലി'(മോഹനം), ഒരു മുറൈ വന്ത് (കുന്തളവരാളി) 'അലയുമെൻ പ്രിയതര' (ഹമീർ കല്യാണി), 'വാർമുകിലേ' (ജോഗ്), 'ഇന്ദുപുഷ്പം ചൂടിനിൽക്കും'(മിയാ മൽഹാർ), 'നാദങ്ങളായ്' (ഹംസധ്വനി)
'ഞാറ്റുവേലക്കിളിയേ' (മധ്യമാവതി)
'പാലപ്പൂവേ' (കാപ്പി)
'പാർവണ പാൽമഴ' (ശുദ്ധ സാവേരി) 'മാലേയം മാറോടലിഞ്ഞും' (മോഹന കല്യാണി) എന്നിങ്ങനെ രാഗങ്ങളിലും രാഗഛായകളിലുമായി ഒരുക്കിയ ഒട്ടേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. അവരുടെ ആഴമുള്ള ശ്രുതിജ്ഞാനവും സ്വരജ്ഞാനവും ലയജ്ഞാനവും ഇവയിൽ അഗാധമായി അനുഭവപ്പെടുന്നു.
കെ.എസ്.ചിത്രയെക്കുറിച്ചുള്ള വിചാരങ്ങൾ സ്വാഭാവികമായും ഞങ്ങളുടെ നാട്ടിലെ വേറൊരു ചിത്രയിലും ചെന്നുചേരുന്നു. പന്ത്രണ്ടു വർഷം ആലപ്പുഴ ‘ബ്ലൂ ഡയമണ്ട്സ്’ ഓർക്കസ്ട്രയിൽ പ്രധാന ഗായികയായി വിലസിയ കെ. ചിത്രയെ എസ്.ഡി. കോളേജിലെ വിദ്യാർഥിനി എന്ന നിലയിലും ഞാൻ അറിയും. സോഡക്കുപ്പി കണ്ണട അണിഞ്ഞ, മെലിഞ്ഞ, നീളൻ പട്ടു പാവാടയും ജാക്കറ്റും ധരിച്ച ചിത്ര ഗാനമേളകളിൽ ഒറിജിനൽ ചിത്രയുടെ ഒപ്പവും പാടിയിട്ടുണ്ട്. ആയിടെ ‘ബ്ലൂ ഡയമണ്ട്സ്’ പുറത്തിറക്കിയ പോസ്റ്ററിലെ ഒരു വരി ഇപ്പോഴും ഞാൻ ഓർക്കുന്നു- 'ഞങ്ങൾക്കുമുണ്ട് ഒരു ചിത്ര'. ചിത്ര എന്ന പേരുപോലും പാട്ടുപ്രേമികളെ ഹരം കൊള്ളിച്ച കാലമായതിനാൽ ഈ പരസ്യവാക്യം പെട്ടെന്നങ്ങു ക്ലിക്കായി. കെ.ചിത്ര കാസർകോടു മുതൽ പാറശാലവരെ ഗാനമേള പാടി. ഒരിക്കൽ മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ വച്ചു കണ്ടപ്പോൾ അവളെ ഞാൻ അഭിനന്ദിച്ചു-
‘ചിത്രേടെ പാട്ട് വളരെ നല്ലതാണ്. പേരിൽ ഒരു 'എസ്' കുറവാണെന്നേയുള്ളൂ.'
ഒരു പൊട്ടിച്ചിരിക്കു പുറകെ മറുപടി ഇങ്ങനെ വന്നു-
'അതു മാത്രം ഒരുപോലായാൽ മതിയോ, കെ.എസ്. ചിത്രയെപ്പോലെ പാടുകേം വേണ്ടേ? അതൊക്കെ ആർക്കു സാധിക്കും?'
അന്നത്തെ കെ.ചിത്ര, ഇപ്പോഴത്തെ ചിത്ര നാരായണൻ, പറഞ്ഞ വാക്കുകൾ തീർത്തും സത്യമാണ്. മലയാളികളുടെ മഹാസുകൃതമായ ചിത്ര ഒന്നേയുള്ളൂ. ഗാനലോകവീഥികളിൽ രാജഹംസത്തെപ്പോലെ പാറിപ്പറക്കുന്ന കെ.എസ്.ചിത്ര- 'കേരളത്തിന്റെ സ്വന്തം ചിത്ര.'
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)