ADVERTISEMENT

ഹൃദയതന്ത്രികളിൽ ആർത്തിരമ്പുന്ന സംഗീതത്തിന്റെ അലയാഴിയുണർത്തി ഒരു പാട്ട്. ക്ലാസിക്കലോ സെമിക്ലാസിക്കലോ പോലുമല്ലാതിരുന്നിട്ടും ചടുലവേഗത്തിൽ ആവർത്തിച്ച് സ്ഥായികളെ ഉയർത്തിയും താഴ്ത്തിയും കേൾവിയിടങ്ങളെ വല്ലാതെയൊരു ഹരം കൊള്ളിക്കൽ. നടനവേദികളിലെ അരങ്ങുണർത്തലിനെന്നവണ്ണം അനർഗളമായൊഴുകുന്ന അനിതര സാധാരണമായ സ്വരാലാപനം. ഗന്ധർവസ്വരത്തിന്റെ ഭ്രമാത്മകസൗന്ദര്യത്തിന്റെ പത്തരമാറ്റിനോട് മത്സരിച്ചുകൊണ്ടെന്നവണ്ണം ഓരോ ഇൻസ്ട്രമെന്റിന്റെയും ഉജ്വലമായ ക്ലാസിക്കൽ പകർന്നാടൽ. എല്ലാത്തിനും മീതേ, രവീന്ദ്രസംഗീതത്തിന്റെ കയ്യൊപ്പു പതിഞ്ഞ ചിട്ടവട്ടങ്ങളുമായി ധൈവതം വിട്ട് നിഷാദത്തിലേക്കു പാഞ്ഞോടുന്ന രേവതിയുടെ അനുപമ രാഗസൗന്ദര്യം.

 

‘ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ..’ പാട്ടുശാഖകളിൽ പിണഞ്ഞ ലതികകളെ എത്രയോവട്ടം തളിരണിയിച്ച മലയാളത്തിന്റെ ശ്രീ. ഏറ്റവും കുറഞ്ഞ വാക്കുകളിൽ പല്ലവി സൃഷ്ടിച്ചു ഹിറ്റാക്കിയ പാട്ടെഴുത്തിലെ സ്വന്തം ശ്രീ. വാങ്മയങ്ങളുടെ ഐന്ദ്രജാലികൻ - പകരക്കാരനില്ലാത്ത ഒരേയൊരു ഒഎൻവി. അന്ന് ഈണങ്ങളുടെ ഐന്ദ്രജാലികനൊപ്പം ചേർന്ന് വേണു നാഗവള്ളിക്കായി മെനഞ്ഞുണ്ടാക്കിയ ജാലവിദ്യയുടെ പേരായിരുന്നല്ലോ ‘സുഖമോ ദേവി’ (1986). സംവിധാനരംഗത്തേക്കു വലതുകാൽ വച്ചു കയറാനൊരുങ്ങുമ്പോൾ ആ തുടക്കക്കാരന് വല്ലാത്ത ആഗ്രഹമായിരുന്നു ആദ്യസിനിമയിൽ ആരും കൊതിക്കുന്ന പാട്ടുകൾ ഉണ്ടാകണം, പാട്ടെഴുത്ത് താൻ ഗുരുതുല്യം കാണുന്ന ഒഎൻവി തന്നെ നിർവഹിക്കണമെന്ന വല്ലാത്ത നിർബന്ധവും! വേണു നാഗവള്ളിക്കോ കാലത്തിനോ അന്ന് ഒട്ടും പിഴച്ചില്ല. സ്വന്തമാക്കൽ മാത്രമല്ല പ്രണയം, അത് വിട്ടു കൊടുക്കലിന്റേതു കൂടിയാണെന്ന് ഉറപ്പിക്കുന്ന അഭ്രപാളിയിലെ മനോഹര കാവ്യം അങ്ങനെ പിറന്നു.

 

എത്രവട്ടം കേട്ടിരിക്കുന്നു. ചടുലവേഗത്തിലെ നടകളിൽ ഉള്ളം കൊരുത്തുപോകുന്ന പതിവുള്ളതുകൊണ്ട് പല്ലവിയുടെ വരവറിയിച്ച് മൃദംഗത്തിലും തബലയിലും ഉതിർന്ന ആ ഹൃദ്യനാദങ്ങൾ എന്നെ ഒട്ടൊന്നുമല്ല പാട്ടുപെട്ടിക്കു മുന്നിൽ പിടിച്ചിരുത്തിയത്. പശ്ചാത്തലത്തിൽ കഥ പറഞ്ഞു പായുന്ന വയലിൻ ബിറ്റുകൾ. രാഗിലമായ ദേവസഭയിൽ കാതുണർത്തി കാത്തിരിക്കുന്ന പ്രതീതി. ദൈവമേ, എന്തും എങ്ങനെയും സൃഷ്ടിച്ചെടുക്കാൻപോന്ന ആധുനിക സങ്കേതങ്ങളുടെ മൂക്കത്ത് വിരൽ വയ്പിച്ചു കൊണ്ട്, കളവില്ലാത്ത കരവിരുതിൽ കത്തിക്കയറുകയല്ലേ രവീന്ദ്രജാലം! നിമിഷാർധം കൊണ്ട് കേൾവിയിടങ്ങൾ തളിരണിഞ്ഞുലയുന്നു. അതിമനോഹരമായ ഊഞ്ഞാലിൽ അജ്ഞാത കാമുകിയെ വിളിച്ചിരുത്തി ആടിക്കാൻ ഉള്ളം വല്ലാതെ തുടിക്കുന്നു.

 

അക്ഷരവിന്യാസങ്ങളിലെ ചടുലത അപാരമായ താളവിന്യാസം കൊണ്ട് തുല്യപ്പെടുത്തിയപ്പോൾ വരികൾക്കു കൈവന്ന റേഞ്ച് സ്വപ്നതുല്യം എന്നേ പറയേണ്ടൂ. കീഴ്സ്ഥായിയിൽനിന്ന് ഉച്ചസ്ഥായിയിലേക്കും അതേപടി തിരിച്ചും അതിവേഗത്തിലുള്ള ആലാപനത്തിന്റെ ചുവടുമാറ്റത്തെ അന്ന് വിമർശിച്ചവരും കുറവായിരുന്നില്ല. രവീന്ദ്രൻ മാഷ് സംഗീതത്തെ സംഘർഷഭരിതമാക്കുന്നത്രേ! സംഗീതത്തിന്റെ ശാസ്ത്രവുമായി പുലബന്ധം പോലും ഇല്ലാത്ത, മേലുകീഴ് നോക്കാത്ത ആസ്വാദനം മാത്രം കൈമുതലായുള്ള എന്നെപ്പോലുള്ളവർക്ക് ആ വാദത്തിന്റെ യുക്തി എങ്ങനെ അറിയാൻ! പക്ഷേ ഒന്നറിയാം, ഒരു പാട്ടിന്റെ കേൾവിയിൽനിന്ന് എന്താണോ കിട്ടേണ്ടത് അത് ആവോളം പകർന്നേകാൻ മാഷിന്റെ ആ ‘സംഘർഷാത്മകത’യ്ക്കു കഴിഞ്ഞു എന്നതിൽ ഒരു സംശയവുമില്ല. കീഴ്‌വഴക്കങ്ങളിലെ ശരിതെറ്റുകൾ പരതേണ്ടതില്ലാത്ത കേവലമൊരു ആസ്വാദകന് എന്ത് ശാസ്ത്രം!

 

ഇടവേളകളിലെ പരീക്ഷണങ്ങൾ കാലഗതിയെ അടയാളപ്പെടുത്തുന്ന രവീന്ദ്രസംഗീതത്തിന്റെ വേറിട്ട കാഴ്ചകളാണല്ലോ. യേശുദാസ് എന്ന പ്രിയസുഹൃത്തിന്റെ ഗ്രാഫുയർത്താനുള്ള കച്ചമുറുക്കലാവും പലപ്പോഴും പരീക്ഷണങ്ങളിലേക്കുള്ള വഴി തുറക്കുക. തനിയാവർത്തനങ്ങളുടെ വിരസത ഗന്ധർവനാദത്തെ മുറിപ്പെടുത്തിയാലോ? 

മാറ്റമില്ലാത്ത കാലത്തിന്റെ ഒഴുക്കിലേക്കു തറപ്പിച്ചുനോക്കി ആ കുളത്തൂപ്പുഴക്കാരൻ ആദ്യം ഒന്നു മന്ദഹസിക്കും. മദിരാശിപ്പട്ടണത്തിൽ പൈപ്പുവെള്ളം കുടിച്ച് വയറുനിറയ്ക്കേണ്ടിവന്ന ദുരിതപ്പെയ്ത്തുകളുടെ ഭൂതകാലത്തിൽ കൈപിടിച്ചു കരപറ്റിച്ച പ്രിയചങ്ങാതിക്കായി മാഷിൽ പിന്നെയുണ്ടാവുന്നത് എല്ലാം തീരുമാനിച്ചുറപ്പിച്ച ചിരിയാണ്. ഒടുവിൽ അതൊരു അർഥഗർഭമായ പൊട്ടിച്ചിരിയാവും. പരീക്ഷണം വിജയിച്ചു! മലയാളത്തിന് അതുവരെ അന്യമായ ശ്രവ്യചാരുതയിൽ പാട്ടു പിറന്നു. മുമ്പേ പട്ടാഭിഷേകം ചെയ്യപ്പെട്ടിരുന്ന ഗാനഗന്ധർവന്റെ പൊൻകിരീടത്തിന് അങ്ങനെ പിന്നെയും പ്രഭയേറും. 

 

‘ഏഴു സാഗരവുമേറ്റുപാടുമൊരു 

ഗാനമായുണരു നീ.’

തനിക്കു പ്രിയപ്പെട്ടവൾ വെറുതെ തന്നിലേക്കു വരുന്നതിനോട് കവി യോജിക്കുന്നില്ല. സംഗീതത്തിന്റെ വശ്യചാരുതയെ നന്നായറിയുന്ന കവി, പ്രിയപ്പെട്ടവൾ തരളനാദമായും മധുരഭാവമായും ഹൃദയഗീതമായും തന്നിലേക്കു വരാൻ ആഗ്രഹിച്ചില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടൂ! പല്ലവിയുടെ പണിപ്പുരയിൽ യമകപ്രയോഗങ്ങളെ വിളക്കിച്ചേർക്കാൻ കവി അത്രകണ്ട് ആയാസപ്പെട്ടിരിക്കില്ല. പക്ഷേ, സ്വരവിന്യാസത്തിന് രവീന്ദ്രൻ മാഷ് നന്നായി വിയർത്തിരുന്നിരിക്കണം. ശാസ്ത്രീയ സംഗീതവേദികൾക്കോ നൃത്തവേദികൾക്കോ മാത്രമായിരുന്നല്ലോ അതിവേഗത്തിൽ ഒഴുകിപ്പരക്കുന്ന സ്വരവിന്യാസം അന്നുവരെ പരിചിതമായിരുന്നത്. അവിടെയാണല്ലോ ഒരു തിരുത്തിക്കുറിക്കലിന് രവീന്ദ്രൻ മാഷ് ഒരുമ്പെട്ടത്. ഓരോ ആവർത്തനത്തിലും ഓരോ സ്വരത്തെ കൂടുതൽ ചേർത്ത് അതിന്റെ വ്യാപ്തി കൂട്ടുന്ന തന്ത്രം കണ്ട് സംഗീത ലോകം ഞെട്ടി! ദാസേട്ടന്റെ അസാധ്യമായ ആലാപനത്തിൽ രോമകൂപങ്ങൾ കാട്ടുന്ന അനുസരണക്കേട് ഇതുവരെ മാറിയിട്ടില്ല!

 

കുത്തിനിറച്ച അദ്ഭുതങ്ങൾ പിന്നെയും ഉണ്ടായിരുന്നല്ലോ ഞെട്ടിക്കാൻ. 

‘പോരികെൻ - തരള നാദമായ് - 

മധുരഭാവമായ് - ഹൃദയഗീതമായ് - വരിക.’ 

ഒന്നിടവിട്ട ഉയർച്ചതാഴ്ചകളിൽ ആലാപനമിങ്ങനെ കയറിയിറങ്ങുന്നത് ചലച്ചിത്ര ഗാനലോകത്തിന് വിസ്മയങ്ങളുടെ ആദ്യാനുഭവമായി.

 

താൻ കുറിച്ചിട്ടതിനും മീതേ രവീന്ദ്രൻ മാഷിന്റെ കൂട്ടിച്ചേർക്കലുണ്ടായപ്പോൾ ഒഎൻവിയിലും ആവേശം അതിരുവിട്ടു. രവീന്ദ്രന്റെ ഉള്ളിലിരുപ്പിനെ വായിച്ചറിഞ്ഞ കവിക്ക് ചലച്ചിത്രരംഗത്തെ നവ്യസങ്കേതങ്ങളോട്, ശീലങ്ങളോട് കോംപ്രമൈസ് ചെയ്യാനുണ്ടോ മടി. രവീന്ദ്രൻ എന്ന ഉറ്റ ചങ്ങാതിയെ കാലം ചിലത് പറഞ്ഞേൽപിച്ചിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിച്ചവരിൽ മുമ്പനായിരുന്നല്ലോ ഒഎൻവി. 

 

ചരണം കൊട്ടിക്കയറുമ്പോൾ പ്രിയപ്പെട്ടവൾ ഏഴുപൊൻതിരികൾ പൂത്തുനിൽക്കുന്ന ദീപമാവുന്നതും മലയസാനുവിലെ നിറനിലാവാകുന്നതും കണ്ട് കേൾവിയിടങ്ങൾ എത്ര കോരിത്തരിച്ചു. കരളുനിറയ്ക്കാനെത്തുന്ന അവളുടെ വരവിനായി കാത്തിരുന്ന കാമുകഹൃദയങ്ങളിൽ അദൃശ്യസമാഗമം പകർന്ന ഒരു പെയ്തൊഴിയലായാണല്ലോ താളം തോരുന്നത്.

കാവ്യകുലപതി ചമച്ച പദഭംഗിയുടെ രത്നശോഭയിൽ ഹരംകൊണ്ട മലയാളം അതിന്റെ നല്ലകാലത്തിന്റെ ലക്ഷണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയതും ഇതേ ഗാനത്തെത്തന്നെ. വിഭവങ്ങളെ മാറ്റി രുചിഭേദങ്ങൾക്ക് തിരുത്തൽ വന്നുകഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിന് ഇപ്പുറവും പൂത്തുലഞ്ഞ ശ്രീലതികകളുടെ ഭംഗിക്ക് പക്ഷേ ഒരു കുറവും കാണാനില്ല. 

 

വേണു നാഗവള്ളി അകാലത്തിൽപ്പൊലിഞ്ഞ തന്റെ പ്രിയ സുഹൃത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ച സിനിമയായിരുന്നു കണ്ണീർ നനവുമായി പിറന്ന ‘സുഖമോ ദേവി’. ഏറ്റവും കുറഞ്ഞ വാക്കുകളിൽ പല്ലവി സൃഷ്ടിക്കാനുള്ള വെല്ലുവിളി അന്ന് രവീന്ദ്രനും ഒഎൻവിയും ചേർന്ന് ഏറ്റെടുത്തതിന്റെ ഫലമായിരുന്നു ഇതിലെ ‘സുഖമോ ദേവി’ എന്ന കാലം മറക്കാത്ത ഗാനം. മറ്റൊരു ഗാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത ഈ കൂട്ടുകെട്ടിന്റെ തലപ്പാവിലെ പൊൻതൂവൽ തന്നെ!

 

കനകലിപികളിൽ കോറിയ കവിതകളും കനവുകളിൽ തളിർത്തുലയുന്ന ഈണപ്പൊലിമയും ഇന്നലെകൾക്കു പകർന്ന ശ്രുതിഭംഗി ഇനിയുണ്ടാകുമോ എന്നറിയില്ല. എങ്കിലും കാത്തിരിക്കാം. 

‘പോരികെൻ തരള നാദമായ്

മധുരഭാവമായ് ഹൃദയഗീതമായ് വരിക’

 

 

English Summary: Sreelathikakal song special feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com