മനസ്സിലിന്നുമാ മേൽവിലാസം, മുഖമില്ലാത്ത നായകൻ, സുഗന്ധം മായാത്ത ചെമ്പകം; പക്ഷേ എഴുത്തുകാരൻ ഇപ്പോഴും പെയിന്റിങ് തൊഴിലാളി!
Mail This Article
സിനിമ ഗാനങ്ങള്‍ക്കും മേല്‍ ആല്‍ബം ഗാനങ്ങള്‍ ആസ്വാദകരില്‍ ഇടം നേടിയ കാലം. കേട്ട നാള് മുതല്‍ നമ്മുടെയൊക്കെ കരളില്‍ കൂടൊരുക്കിയത് എത്രയോ നല്ല ആല്‍ബം ഗാനങ്ങളായിരുന്നു. അവയില്‍ 'ചെമ്പകമേ' എന്ന ആല്‍ബം പരത്തിയ സുഗന്ധം ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. ചെമ്പകപ്പൂവിന്റെ നൈര്‍മല്യത്തോടെ അത് കേരളക്കരയാകെ വിരിഞ്ഞു നിന്നു. സുന്ദരിയേ വാ എന്നു പാടി പ്രേമിച്ചവരേക്കാള്‍ പ്രേമിക്കാന്‍ കൊതിച്ചവരാണ് ഏറെ. മേലേ മാനത്ത് താരകള്‍ മിന്നുമ്പോള്‍ മനം ഉരുകിയവര്‍ക്കും നീയെന്നും എന്റെതല്ലേ എന്നു പാടി നടന്നവര്‍ക്കും ചെമ്പകത്തിലെ ഗാനങ്ങള്‍ തന്നെ വേണമായിരുന്നു.
പാട്ടുപാടിയ ഫ്രാങ്കോ സ്റ്റാറായി. സംഗീതം ചെയ്ത ശ്യാം ധര്മന് പിന്നീട് സിനിമയിലും സജീവമായി. അപ്പോഴും പാട്ടെഴുതിയ രാജു രാഘവനെ ആരും തിരിച്ചറിഞ്ഞില്ല. ഒരു തലമുറയെ തന്നെ കോരിത്തരിപ്പിച്ച ചെമ്പകത്തിലെ പാട്ടുകളെഴുതിയ രാജു രാഘവന് ജീവിതത്തിന് നിറം പകരാന്‍ പെയിന്റിങ് തൊഴിലാളിയാകേണ്ടി വന്നു. ചെമ്പകത്തിലെ പാട്ടു പാടി ഓരോ പ്രേക്ഷകനും അത് തന്റേതായി സ്വയം പ്രഖ്യാപിച്ചതോടെ അറിയാതെ പോയത് ഈ എഴുത്തുകാരനെ കൂടിയായിരുന്നു.
മലയാള ആല്‍ബം ചരിത്രങ്ങളുടെ തിരുത്തിക്കുറിക്കലായിരുന്നു 2006ല്‍ സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ചെമ്പകമേ. ആസ്വാദനത്തിലെന്നപോലെ വിപണത്തിലും ചരിത്രം കുറിച്ചു. രാജു രാഘവന്റെ വരികള്‍ക്ക് ശ്യാം ധര്‍മനായിരുന്നു സംഗീതം. ഫ്രാങ്കോ എന്ന ഗായകനെ മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിച്ച ഗാനങ്ങളായിരുന്നു ചെമ്പകമേ എന്ന ആല്‍ബത്തിലെ സുന്ദരിയേ വാ, ചെമ്പകമേ ചെമ്പകമേ എന്നീ ഗാനങ്ങള്‍. ചിത്രീകരണത്തിലെ പുതുമയായിരുന്നു ചെമ്പകമേ എന്ന ആല്‍ബത്തിന്റെ മറ്റൊരു സവിശേഷത.
പ്രണയം പങ്കിട്ട് പിന്നാലെ നടക്കുന്ന നായകനേയും പ്രണയപരവശയായി നില്ക്കുന്ന നായികയേയും പൊളിച്ചെഴുതി. ഓരോ ഗാനത്തിനു പിന്നിലും ഒരു കഥയുടെ പശ്ചാത്തലമൊരുക്കി. വാട്ടര്‍മാന്‍ എന്ന ഉദയശങ്കരനായിരുന്നു സുന്ദരിയേ വാ, മേലേ മാനത്ത് എന്നീ ഗാനങ്ങളുടെ ഹൃദ്യമായ ചിത്രീകരണത്തിനു പിന്നില്‍. ആല്‍ബങ്ങള്‍ ജനപ്രീതി നേടിയ കാലമായതോടെ സ്വകാര്യ ചാനലുകളില്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി മാത്രം പ്രത്യേക പരിപാടികളും ആരംഭിച്ചു. കമിതാക്കള്‍ തങ്ങളുടെ ഹൃദയ സന്ദേശം ഓരോ ഗാനത്തിന്റെയും താഴെ എഴുതി കാണിക്കാനായി ചാനല്‍ ഓഫിസുകളിലേക്ക് എസ്എംഎസുകള്‍ അയച്ചുകൊണ്ടിരുന്നു. പാട്ടിനായി ജുക്ക് ബോക്സ് ചാനലില്‍ ഫോണ്‍ വിളിച്ച് നിരാശരായവര്‍ അതിലും ഏറെ.
രാമവര്‍മപുരം സര്‍ക്കാര്‍ ഹൈസ്കൂളിലെ ജീവിതമാണ് രാജു രാഘവനെ കവിതയിലേക്ക് അടുപ്പിക്കുന്നത്. അവിടെ മലയാളം അധ്യാപകനായിരുന്നത് സാക്ഷാല്‍ മുല്ലനേഴി മാഷ്. നാല് മണിക്ക് സ്കൂള്‍വിട്ടു കഴിഞ്ഞും മുല്ലനേഴി സാഹിത്യ താല്പര്യമുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കും. അവിടെ കഥയും കവിതയുമൊക്കെ ചര്‍ച്ചയാകും. രാജുവിനെ സാഹിത്യത്തിലേക്ക് അടുപ്പിച്ചതും മുല്ലനേഴിയുടെ ഈ ക്ലാസുകളായിരുന്നു. കവിതകളൊക്കെ എഴുതി തുടങ്ങിയ രാജുവിനെ മുല്ലനേഴി ആവോളം പ്രോത്സാഹിപ്പിച്ചു. പിന്നീട് ആകാശവാണിക്കുവേണ്ടി കവിതകളും ലളിതഗാനങ്ങളും എഴുതി. വിജയന് രാഗസുധയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘അഭയമന്ത്രാക്ഷരം’ എന്ന അയ്യപ്പഭക്തിഗാനമാണ് രാജു രാഘവന്റെ ആദ്യ സംഗീത ആല്‍ബം. തൃശൂരിലെ പ്രിയഗീതം സ്റ്റുഡിയോയില്‍ ഈ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് നടക്കുമ്പോള്‍ അവിടെവച്ചാണ് രാജു സംഗീതസംവിധായകന് ശ്യാം ധര്‍മനെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണ് പിന്നീട് ചെമ്പകമേ എന്ന ആല്‍ബത്തിലേക്ക് എത്തുന്നത്.
‘സുന്ദരിയേ വാ വെണ്ണിലവേ വാ
എന്‍ ജീവതാളം നീ പ്രണയിനീ....’
ജീവതാളമായ പ്രണയിനിയെ നോക്കി സുന്ദരിയേ എന്നു പാടാത്ത കാമുകന്മാരുണ്ടോ ലോകത്ത്. വെള്ളിക്കൊലുസിട്ട കാലൊച്ച കേള്‍ക്കാന്‍ കാത്തിരിക്കുന്ന കാമുക മനസ്സിന്റെ ചിന്തകളായിരുന്നു ഈ പ്രണയഗാനം. മലയാളി മുക്കിനും മൂലയിലുമൊക്കെ ഈ ഗാനം പാടി നടന്നു.
രാജു രാഘവിന്റെ സുഹൃത്തിന്റെ തൃശൂരിലുള്ള ഫ്ളാറ്റിലായിരുന്നു പാട്ടുകളുടെ കമ്പോസിങ്. രാജു രാഘവന്, ശ്യാം ധര്മന്, കീ ബോര്‍ഡിസ്റ്റ് രാംദാസ് എന്നിവര്‍ക്കൊപ്പം രാജുവിന്റെ അടുത്ത ചില സുഹൃത്തുക്കളും. പാട്ടും പറച്ചിലുമൊക്കെയായി ഉത്സവാന്തരീക്ഷമാണ് എപ്പോഴും. മിക്കപ്പോഴും മദ്യത്തിന്റെ ലഹരിയില്‍ രാജു മതിമറക്കും. അപ്പോഴും പാട്ടെഴുത്തിന് മുടക്കമില്ല. ശ്യാമിന്റെ മൂളലുകളില്‍ ലഹരി പുതച്ച മനസ്സുമായി എങ്ങനെയൊക്കെയോ ഗാനങ്ങള്‍ എഴുതി. രാജു രാഘവന് ഇപ്പോഴും അതിശയാണ് എല്ലാം ഓര്‍ക്കുമ്പോള്‍.
‘ഒരു നാടന്‍ പ്രേമവും അതിന്റെ നൊമ്പരവുമൊക്കെയായിരുന്നു സുന്ദരിയേ വാ എന്ന ഗാനം ഒരുക്കുമ്പോള്‍. ഓരോ പാട്ടു തയാറാക്കുമ്പോഴും ഓരോ പശ്ചാത്തലം മനസ്സില്‍ കാണാറുണ്ട്. പാട്ട് ഹിറ്റാകുമെന്ന ചിന്ത സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ല’. രാജു രാഘവന് പറയുന്നു. സുന്ദരിയേ വാ എന്ന പ്രയോഗത്തോടെ പാട്ടു തുടങ്ങാം എന്ന് രാജു രാഘവന് പറഞ്ഞതോടെ ശ്യാം ധര്മന് വെറുതെ ഒന്നു പാടി. മദ്യത്തിന്റെ ലഹരിയില്‍ രാജു രാഘവനും കൂടെ പാടി. അറിയാതെ ശ്യാമിന്റെ സംഗീതത്തിലേക്ക് രാജു വരികളെ ചേര്‍ത്തു തുന്നി. ഒരു രാത്രി കൊണ്ട് വളരെ പെട്ടന്നായിരുന്നു മലയാളത്തിലെ ഈ ഹിറ്റ് ഗാനത്തിന്റെ പിറവി.
സൈക്കിളില്‍ വരുന്ന സുന്ദരിയായ പോസ്റ്റ് വുമണ്‍, അവളെ കാണാനായി സ്വന്തം വീട്ടിലേക്ക് സ്വന്തം പേരില്‍ കത്തുകളെഴുതി പോസ്റ്റ് ചെയ്യുന്ന കാമുകന്. അങ്ങനെയിരിക്കെ ഒരു ദിവസം കത്തുകളുമായി എത്തിയത് മറ്റൊരാള്‍. അവള് സ്ഥലം മാറി പോയിരിക്കുന്നു. ഒടുവില്‍ പച്ചമഞ്ഞളരച്ചുതേച്ച് സുന്ദരനായി കാത്തിരുന്ന കാമുകനരികിലേക്ക് പിറന്നാള്‍ സമ്മാനവുമായി വരുന്നു നമ്മുടെ പോസ്റ്റ് വുമണ്‍. കണ്ടു മറന്ന ആല്‍ബക്കാഴ്ചകളില്‍ നിന്ന് മലയാളിക്ക് പുതിയ കഥാനുഭവം കൂടിയായിരുന്നു ചെമ്പകമേ ആല്‍ബത്തിലെ ഗാനങ്ങള്‍. ലോഹിതദാസിന്റെ മുഖ്യ സംവിധാന സഹായിയായിരുന്ന ഉദയശങ്കരനായിരുന്നു പാട്ടിന്റെ സംവിധാനം. "തൃശൂര്‍ മുതല്‍ പാലക്കാട് വരെയുള്ള ഒരു യാത്രയിലുടനീളം ചിത്രീകരിച്ച ഗാനമാണ് സുന്ദരിയേ വാ. ലൊക്കേഷന്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ കൊല്ലങ്കോട് ചിങ്ങംചിറയിലെ ക്ഷേത്രത്തിനു മുന്നിലെത്തി. അവിടെ എത്തിയപ്പോഴാണ് തൊഴുതു നില്ക്കുന്ന നായികയേയും അവൾ തേങ്ങ ഉടയ്ക്കുന്നതുമൊക്കെ ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ യാത്രയില്‍ ഇഷ്ടം തോന്നിയ നല്ല സ്ഥലങ്ങളിലൊക്കെ ചിത്രീകരിച്ചു. ചിത്രീകരണം എത്ര നന്നായാലും പാട്ടാണ് അടിസ്ഥാനം' ഉദയശങ്കരന്‍ പറയുന്നു.
‘മേലേ മാനത്ത് താരകള്‍ മിന്നുന്നു
ഓര്‍മകളുണരുന്നു മനമുരുകുന്നു
പ്രിയനേ നീ എന്നു വരും
നിഴലായ് ഞാന്‍ കൂടെ വരാം...’
ഓര്‍മകള്‍ തന് വേദനയില്‍ പ്രിയരൂപം തെളിയുന്നവനെ ഓര്‍ത്തു പാടുന്ന പ്രിയപ്പെട്ടവളുടെ ഗാനം. ജ്യോത്സ്ന ആലപിച്ച ഈ ഗാനമായിരുന്നു രാജു രാഘവന്റെ മറ്റൊരു ഹിറ്റ്. വേര്‍പാടിന്റെ വേദനയില്‍ തീര്‍ത്തൊരു ഗാനം. മരണത്തിലും അയാള്‍ക്കൊപ്പം മാത്രം സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടി ഓര്‍ത്തു പാടുന്ന പാട്ട്, അതായിരുന്നു രാജുവിന്റെ മനസ്സില്‍.
'തീവ്രവാദികള്‍ ഒരു സൈനികനെ തട്ടികൊണ്ടുപോയ പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അയാളെ ഓര്‍ത്തു കഴിയുന്ന ഭാര്യയുടെ സങ്കടം ദൃശ്യവത്ക്കരിച്ചാല്‍ വലിയ സാധ്യതകളുണ്ടെന്നു തോന്നി. മേലേ മാനത്ത് എന്ന പാട്ടിന്റെ ആശയം അങ്ങനെയായിരുന്നു ഉണ്ടായത്, ഉദയശങ്കരന്‍ പറയുന്നു. 'നായകന്റെ മുഖം കാണിക്കാതെ നമുക്കീ ഗാനം ചിത്രീകരിക്കാം', ഉദയ ശങ്കരന് എല്ലാവരോടും ഇത് പറയുമ്പോള്‍ ശരിയാകുമോ എന്നായിരുന്നു പലരുടെയും സംശയം. കാലം ഇന്നും ഈ ഗാനത്തെ ഓര്‍ക്കുന്നതിന്റെ ഒരു കാരണംകൂടിയായി മാറി പിന്നീടത്.
‘നിനയ്ക്കാത്ത നേരത്തെന് അരികില്‍
വന്നിട്ടനുരാഗം മൂളിയതാരോ...’
ശ്യാം ധര്മന് തന്നെ ആലപിച്ച മറ്റൊരു ശ്രദ്ധേയമായ ഗാനമായിരുന്നു നിനയ്ക്കാത്ത നേരത്തെന് അരികില്‍. രാത്രി ഏറെ വൈകി മനസ്സില്‍ തോന്നിയ ചില പ്രണയ ചിന്തകളാണ് രാജു രാഘവിനെ ഈ പാട്ടിലേക്ക് എത്തിച്ചത്. പൂര്‍ണമായും എഴുതിയ ശേഷം സംഗീതം നല്കിയ ഗാനം കൂടിയായിരുന്നു ഇത്. ചെമ്പകമേ എന്ന കസെറ്റില്‍ ഏറ്റവും വലിയ ഹിറ്റാകുമെന്ന് ഞങ്ങളൊക്കെ പ്രതീക്ഷിച്ച ഗാനം ഇതായിരുന്നു. റെക്കോര്‍ഡിങ് നടക്കുമ്പോഴും വലിയ പ്രതീക്ഷ നല്‍കിയത് ഈ ഗാനത്തിലായിരുന്നു രാജു രാഘവന് പറയുന്നു.
പാട്ടില്‍ പുതിയൊരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചുകൊണ്ടായിരുന്നു 'ചെമ്പകമേ ചെമ്പകമേ നീയെന്നും എന്റേതല്ലേ 'എന്ന ഗാനം പിറന്നത്. പാശ്ചാത്യ സംഗീത താളങ്ങള്‍ക്കിടയിലും സുഖമുള്ള മെലഡി കലര്‍ത്തിയ ഈ ഗാനം ചിത്രീകരിച്ചത് ആദിത്യനായിരുന്നു.
മധു ബാലകൃഷ്ണന് പാടിയ ചെമ്പനീര്‍പൂവില്‍ മുത്തമിട്ടുംപാടും, ആശാ ജി.മേനോന് പാടിയ പ്രിയതമനേ പ്രിയതമനേ, വിധു പ്രതാപ് പാടിയ മേലേമാനത്ത്, ശ്യാം ധര്മന് പാടിയ പൂങ്കുയിലേ പൂവഴകേ എന്നീ ഗാനങ്ങളും ആസ്വാദക മനസ്സില്‍ ഇടം നേടി. പാട്ടുകളുടെ റെക്കോര്‍ഡിങ് കഴിഞ്ഞിട്ടും വിതരണം ചെയ്യാനില്ലാതെ വലഞ്ഞത് മാസങ്ങളോളം. അതിനെയൊക്കെ തരണം ചെയ്ത് പാട്ട് ഹിറ്റായത് മറ്റൊരു ചരിത്രം. 2006ല്‍ പുറത്തിറങ്ങിയ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ പലര്‍ക്കും ഒരു കാലഘട്ടത്തിന്റെ കൂടി ഓര്‍മപ്പെടുത്തലാണ്.
തുടര്‍ന്നും ചില ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും പാട്ടെഴുതിയ രാജു രാഘവന്റെ ആദ്യ ചിത്രം 2015ല്‍ പുറത്തിറങ്ങിയ 'സിഗ്നലാണ്'. അൻവര്‍ മുഹമ്മദായിരുന്നു സംഗീതം. 'നല്ല പാട്ടുകളെഴുതിയ ആള്' എന്ന് എല്ലാവരും പറയുമ്പോഴും രാജു രാഘവനെ തേടി അവസരങ്ങള്‍ എത്തിയില്ല. മദ്യത്തിന്റെ മണം മറന്ന പുതുജീവിതത്തില്‍ തന്റെ ഏകാന്തതകളില്‍ പിറന്ന ഒരായിരം ഗാനങ്ങളുമായി രാജു ഇന്നും കാത്തിരിക്കുകയാണ്. തന്റെ പാട്ടുകള്‍ മൂളാന്‍ വരുന്ന പാട്ടുകാര്‍ക്കായി, ചായം പൂശിയ ചുവരുകള്‍പോലെ തന്റെ ജീവിതത്തിനും നിറം പകരുന്ന ദിവസത്തിനായി.