ADVERTISEMENT

'തോക്ക് തോൽക്കും 

കാലം വരും വരെ 

വാക്ക് തോൽക്കില്ലെടോ 

എന്റെ വാക്ക് തോൽക്കില്ലെടോ'

 

ഈയടുത്ത കാലത്ത് കേരളത്തിലെ ക്യാമ്പസുകൾ ആവേശപൂർവം ഒരു പാട്ടേറ്റു പാടിയിട്ടുണ്ടെങ്കിൽ അത് ഈ വരികളായിരിക്കും. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഹോസ്റ്റൽ പ്രവേശന സമയം ദീർഘിപ്പിക്കുന്നതിനായി പെൺകുട്ടികൾ നടത്തിയ സമരങ്ങളിലും ശബ്ദമായത് തോൽക്കാൻ മനസില്ലെന്ന് ആവർത്തിക്കുന്ന ഈ വരികളായിരുന്നു. കുട്ടികളുടെ നാടകത്തിനു വേണ്ടി കവി കണ്ണൻ സിദ്ധാർഥ് എഴുതിയ വരികൾ കേട്ടവരെയെല്ലാം അതിന്റെ ആരാധകരാക്കി. സമൂഹമാധ്യമങ്ങളിൽ ഈ പാട്ടിനു നിരവധി വൈറൽ വിഡിയോകൾ ഉണ്ടെങ്കിലും വരികളുടെ അർഥമുൾക്കൊണ്ടു കരുത്തുറ്റ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത ഗായിക രശ്മി സതീഷ്. രശ്മിയുടെ ബാൻഡായ 'രസ ട്രിപ്പിങ്' ആണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

 

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരിയിൽ നടത്തിയ സംഗീത പരിപാടിയിൽ രശ്മി സതീഷ് 'പടുപാട്ട്' അവതരിപ്പിച്ചിരുന്നു. കവി കണ്ണൻ സിദ്ധാർത്ഥിൽ നിന്നും പകർപ്പാവകാശം വാങ്ങിയായിരുന്നു രശ്മി തന്റെ ബാൻഡിൽ ഈ പാട്ട് അവതരിപ്പിച്ചത്. അതിനുശേഷം, പാട്ടിനൊരു ദൃശ്യാവിഷ്കാരം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. 'സ്വേച്ഛാധിപത്യത്തിനെതിരെ നിശബ്ദരാകാതെ പോരാടുന്ന എല്ലാ എഴുത്തുകാർക്കും കാലാകാരന്മാർക്കും ആക്ടവിസ്റ്റുകൾക്കുമുള്ള ആദരമാണ് ഈ പടുപാട്ട്' എന്ന് പാട്ടിന് ആമുഖമായി രശ്മി കുറിക്കുന്നു. 

 

രശ്മിയുടെ വാക്കുകൾ ഇങ്ങനെ: "കഴിഞ്ഞ കുറെ വർഷങ്ങളായി കലാകാരന്മാർ ഭരണകൂടത്തിന്റെ നിർദയമായ അടിച്ചമർത്തലിനെ നേരിടുകയാണ്. വിമതശബ്ദങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിയാത്മക സമരങ്ങളിൽ ഏറ്റവും ശക്തമായ കൂട്ടാളിയായിരുന്നു സംഗീതം. നിശബ്ദരാകാതെ പോരാടുന്ന എല്ലാവർക്കുമുള്ള ആദരമാണ് ഈ ഗാനം."

 

എന്തൊരു ഊർജമാണീ വരികളിൽ?!

 

പടുപാട്ട് പണ്ട് കളിയാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു. ഇതെന്തു പടുപാട്ടാടോ എന്നൊക്കെ നാട്ടുഭാഷയിൽ ചോദിക്കാറുണ്ട്. സാധാരണക്കാരുടെ ഭാഷയെ കളിയാക്കാനൊക്കെയായിരുന്നു ഈ വാക്ക് ഉപയോഗിച്ചിരുന്നത്. ആ ഭാഷയ്ക്ക് നിലവാരമില്ല എന്നു കരുതിയിരുന്ന കാലം. യഥാർത്ഥത്തിൽ ഈ നാട്ടുഭാഷയെക്കാൾ കരുത്ത് വേറെന്തിനാണുള്ളത്? രശ്മി സതീഷ് ചോദിക്കുന്നു. കണ്ണൻ സിദ്ധാർഥ് എഴുതിയ വരികളിൽ തന്നെ എന്തൊരു ഊർജ്ജമാണുള്ളത്? ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിലാണ് അതിന്റെ എഴുത്ത്, രശ്മി പറയുന്നു  

 

രസയുടെ ഊരുചുറ്റൽ

 

'രണ്ടു വർഷമായി രസ ബാൻഡ് തുടങ്ങിയിട്ട്. ലൈവ് പെർഫോമൻസുകളാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഒരു വിഡിയോ പ്രൊഡക്ഷനായി ചെയ്യുന്ന ആദ്യത്തെ പാട്ടാണ് ‘പടുപാട്ട്’. സ്ക്രീനിൽ ഒരു ഗായികയെ കാണുന്നതും സ്റ്റേജിൽ ലൈവ് ആയി പാടുന്നതും തമ്മിൽ നല്ല അന്തരമുണ്ട്. രണ്ടു തരത്തിലും കാണികളുമായി സംഗീതം സംവദിക്കുന്നുണ്ട്. എന്നാൽ, സ്റ്റേജിൽ നിൽക്കുമ്പോൾ കാണികളുടെ ഊർജ്ജം നമുക്ക് നേരിട്ട് അനുഭവിക്കാൻ കഴിയും,'- രസയുടെ സംഗീതയാത്രയെക്കുറിച്ച് രശ്മി വാചാലയായി.  

 

ചങ്കിൽ തറയ്ക്കുന്ന സംഗീതം

 

രാഷ്ട്രീയം പറയുന്ന പാട്ടുകൾ മാത്രമല്ല രസ ചെയ്യുന്നത്. തോറ്റംപാട്ട്, നാഗപ്പാട്ട്, കവിതകൾ അങ്ങനെ വൈവിധ്യമുള്ള അവതരണങ്ങളാണ് രസ ചെയ്യുന്നത്. രാഷ്ട്രീയം എന്നു പറഞ്ഞ് ബ്രാൻഡ് ചെയ്യേണ്ടതില്ല. സംഗീതത്തിന്റെ വലിയ ലോകത്തേക്ക് നമ്മുടെ ഗോത്രപാരമ്പര്യങ്ങളുടെ ചുവടു പറ്റുന്ന സംഗീതത്തെ ചേർത്തു വയ്ക്കുകയാണ്. സംഗീതത്തിന് ഭാഷയില്ല. എങ്കിലും, സംഗീതത്തിലൂടെ ലോകത്തോട് സംവദിക്കാൻ കഴിയും. തോക്ക് തോൽക്കും എന്ന ഗാനം ഞാൻ വെറുതെ പാടിയാൽ, അത് ആ ഭാഷ അറിയുന്ന വ്യക്തിക്കു മാത്രമെ ഒരു പക്ഷേ, ആസ്വദിക്കാൻ കഴിയൂ. എന്നാൽ, അതിലേക്ക് സംഗീതം കൂടി ചേരുമ്പോൾ ഭാഷയുടെ മതിലുകൾ മാഞ്ഞുപോകുകയാണ്. ഭാഷ അറിഞ്ഞില്ലെങ്കിലും ആസ്വാദകർക്ക് ആ സംഗീതം 'റിലേറ്റ്' ചെയ്യാൻ കഴിയും. അവർക്കത് അനുഭവിക്കാൻ കഴിയും. 

 

പടുപാട്ടിന്റെ വിഡിയോ

 

സഫ്രു ഷാഫിയും രശ്മിയുമാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയനാണ് സംഗീതത്തിന്റെ ക്രിയേറ്റീവ് കൺസൾട്ടന്റ്. പടുപാട്ട് അറേഞ്ച് ചെയ്തിരിക്കുന്നത് രസ ബാൻഡ് അംഗങ്ങളായ അമൽ നാസറും വിമൽ നാസറുമാണ്. വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മുരളി ധരിനും ക്യാമറ മുഹമ്മദ് അബ്ദുള്ളയുമാണ്. മഹേഷ് നാരായണനാണ് എഡിറ്റർ. പെർകഷൻ: അസൻ നിധീഷ്, ഡ്രംസ്: രാംകുമാർ കനകരാജൻ, മിക്സ്: വിവേക് തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് ലാൽ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com