ADVERTISEMENT

എഴുന്നൂറോളം കച്ചേരികൾ പാടിയിട്ടുണ്ട് ഗായിക രേണുക അരുൺ. സിനിമയിൽ പാടിയത് രണ്ടു ഗാനങ്ങൾ മാത്രം. ഒന്നു തെലുങ്കിലും മറ്റൊന്ന് മലയാളത്തിലും. ദുൽഖർ സൽമാൻ നായകനായ സോളോ എന്ന ചിത്രത്തിൽ രേണുക പാടിയ 'സീതാ കല്ല്യാണം' എന്ന ഗാനം യുട്യൂബിൽ മാത്രം കണ്ടത് 16 ദശലക്ഷം പേരാണ്. ഈ ഗാനം പ്ലേലിസ്റ്റിൽ സൂക്ഷിക്കാത്ത സംഗീത ആസ്വാദകർ വിരളം. കച്ചേരികളും സ്വതന്ത്ര സംഗീതപരിപാടികളുമൊക്കെയായി തിരക്കിലാണെങ്കിലും, എല്ലാ ഞായറാഴ്ചകളിലും ഗുരു ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ വീട്ടിൽ പോയി സംഗീതം അഭ്യസിക്കാൻ സമയം കണ്ടെത്താറുണ്ട് രേണുക. 29 വർഷമായി ഈ സംഗീതപഠനവും സപര്യയും തുടങ്ങിയിട്ട്! ഏണസ്റ്റ് ആൻഡ്‌ യംങ്ങിൽ സോഫ്‌റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുമ്പോഴും സംഗീതത്തിനായി ഒരുപാടു സമയം ഈ ഗായിക മാറ്റി വയ്ക്കുന്നു. ശുദ്ധസംഗീതത്തിന്റെ വശ്യമായ ലോകത്തേക്ക് ആസ്വാദകരെ കൊണ്ടുപോകുന്ന രേണുക അരുൺ, മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്നും.

 

'സ്റ്റുഡിയോ ഒന്നാം നിലയിലാണെങ്കിൽ പാടാൻ പറ്റില്ല'

സിനിമയിൽ ആദ്യമായി പാടാൻ അവസരം ലഭിച്ചതിനു പിന്നിലുള്ള രസകരമായ കഥ രേണുക പറഞ്ഞു തുടങ്ങി- "എന്നെ ഒരു വണ്ടി ഇടിച്ചിട്ട്, ഇടത്തെ കാൽ പ്ലാസ്റ്ററിട്ട് കിടക്കുന്ന സമയത്താണ് ഗോപി സുന്ദറിന്റെ ഫോൺ വരുന്നത്. രണ്ടു പ്രാവശ്യത്തെ ആശുപത്രിവാസം കഴിഞ്ഞ് പൂർണമായും വിശ്രമിക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്ന സമയം. നടക്കാനൊന്നും പറ്റില്ല. കുറച്ചു സീരിയസായിരുന്നു. പൂർണമായും കിടപ്പാണ്. ഗോപി സുന്ദർ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, മുകളിലത്തെ നിലയിലുള്ള സ്റ്റുഡിയോ ആണെങ്കിൽ വരാൻ പറ്റില്ല എന്ന്! ഗോപി സുന്ദർ ദേശീയ പുരസ്കാരം നേടി തിളങ്ങി നിൽക്കുന്ന സമയമാണ്. സ്റ്റുഡിയോ മുകളിലത്തെ നിലയിലാണെങ്കിൽ വരാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് കാര്യം മനസിലായില്ല. അദ്ദേഹം പറഞ്ഞു, 'ഇത് ഐറ്റം ഡാൻസൊന്നുമല്ല. വന്നൊന്നു പാടി നോക്കൂ' എന്ന്. എന്തായാലും പോകാം എന്ന് ഞാൻ മനസുകൊണ്ട് തീരുമാനിച്ചു." 

 

പൊക്കിയെടുത്ത് സ്റ്റുഡിയോയിൽ എത്തിച്ചു, പാടി

വീട്ടിൽ നിന്ന് സ്റ്റുഡിയോയിലേക്ക് ഒരു മണിക്കൂർ ദൂരമുണ്ട്. കാലൊടിഞ്ഞ് കിടക്കുന്ന അവസ്ഥയിൽ തന്നെ പോയി പാടണമോ എന്നായി വീട്ടുകാർ.  ഒടുവിൽ, ഞാൻ അവസാന ആയുധം ഭർത്താവിന്റെ അടുത്ത് പ്രയോഗിച്ചു. 'പെണ്ണു കാണാൻ വന്നപ്പോൾ പാട്ടുകാരി ആയതുകൊണ്ട് പാട്ട് പ്രോത്സാഹിപ്പിക്കണം എന്നു പ്രത്യേകം പറഞ്ഞിട്ടാണ് വിവാഹത്തിന് സമ്മതിച്ചത്. അന്ന് അങ്ങനെ പറഞ്ഞിട്ട്, ഇപ്പോൾ വാക്ക് മാറ്റിയാൽ എങ്ങനെയാണ് ശരിയാവുക' എന്നായി ഞാൻ. അതോടെ ഭർത്താവിന് ടെൻഷനായി. പാവം, എന്റെ ആരോഗ്യം ഓർത്തിട്ടാണ് 'ഈ കാലും വച്ച് പോയി പാടണോ' എന്നു ചോദിച്ചത്. ഒടുവിൽ എല്ലാവരും സമ്മതിച്ചു. ഒടിഞ്ഞ കാലും വച്ച് ഞാൻ എറണാകുളത്ത് സ്റ്റുഡിയോയിൽ പോയി പാടി, റെക്കോർഡ് ചെയ്തു. അക്ഷരാർത്ഥത്തിൽ എന്നെ പൊക്കിയെടുത്ത് സ്റ്റുഡിയോയിൽ കൊണ്ടു പോയി വയ്ക്കുകയായിരുന്നു, പുഞ്ചിരിയോടെ രേണുക ഓർത്തെടുത്തു. 

 

ആദ്യ ഗാനത്തിനു പുരസ്കാരം

'എന്തൊരു മഹാനുഭവാലു' എന്ന ത്യാഗരാജ കൃതിയുടെ ഒരു വേർഷനായിരുന്നു ഗോപി സുന്ദറിനായി തെലുങ്കു ചിത്രത്തിൽ പാടിയത്. 'ബലെ ബലെ മഗാഡിവോയ്' എന്ന സിനിമയിലായിരുന്നു ആദ്യ ഗാനം. എന്നെ ഞെട്ടിച്ചുകൊണ്ട് ആ പാട്ട് അവിടെ വലിയ ഹിറ്റായി. ആദ്യ പാട്ടിന് എനിക്ക് പുരസ്കാരവും ലഭിച്ചു. ഗൾഫ് ആന്ധ്ര മ്യൂസിക് അവാർഡ്–GAMA ആണ് ലഭിച്ചത്. തെലുങ്കിൽ പിന്നീട് കീരവാണി സാറിനു വേണ്ടി പാടി. തിരുപ്പതി ക്ഷേത്രത്തിനുവേണ്ടിയുള്ള ഒരു പ്രൊജക്ടായിരുന്നു അത്.  

 

ഗായികയെ അറിയാത്ത ആസ്വാദകർ

മലയാളത്തിൽ പാടിയത് 'സോളോ' എന്ന ചിത്രത്തിലായിരുന്നു. ഗായകൻ സൂരജ് ആയിരുന്നു സംഗീതം. സൂരജിനൊപ്പമാണ് ആ പാട്ട് പാടിയത്. അതും വലിയ ഹിറ്റായി. ഇപ്പോഴും ആ പാട്ട് പല വിവാഹ ആൽബങ്ങളിലൊക്കെ ഉപയോഗിച്ച് കാണാറുണ്ട്. ഒരുപാടു പേർക്ക് വലിയ ഇഷ്ടമാണ് സീതാ കല്ല്യാണം എന്ന ഗാനം.  പലപ്പോഴും ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ എന്റെ അടുത്തിരിക്കുന്നവർ ഈ ഗാനം ലൂപ്പിൽ കേൾക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അവർക്ക് ഇത് പാടിയിരിക്കുന്നത് ഞാനാണ് എന്ന് അറിയില്ല. നമ്മുടെ പാട്ടുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്. 

 

യാനിയോട് എനിക്ക് ഒടുക്കത്തെ പ്രേമമാണ്

യാനി എന്ന വിശ്വവിഖ്യാത ഗ്രീക്ക് സംഗീതജ്ഞനോട് എനിക്ക് പ്രണയമാണ്. എന്റെ അടുത്ത സുഹൃത്തുക്കൾക്കൊക്കെ അത് അറിയാം.  2014ൽ അദ്ദേഹം ഇന്ത്യയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കോൺസെർട്ട് കാണാൻ ഞാനും പോയിരുന്നു. യാനിയെ കാണാനും അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവിടാനും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരിൽ ഒരാളാകാൻ എനിക്കും ക്ഷണം ലഭിച്ചിരുന്നു. യാദൃച്ഛികമായി സംഭവിച്ചതാണ് അതൊക്കെ. 

 

ആ കൂടിക്കാഴ്ച അന്നു നടന്നില്ല

യാനിയുടെ ചെന്നൈ പരിപാടിക്കാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഏറ്റവും മുന്നിലുള്ള സീറ്റ് തന്നെ ബുക്ക് ചെയ്തിരുന്നു. പാസ് എടുക്കാൻ ചെന്നപ്പോൾ ആ ഇവന്റ് കമ്പനിയുടെ ഒരു പ്രതിനിധിയുമായി പരിചയത്തിലായി. അവർ തമിഴ്നാട്ടുകാരിയാണ്. യാനിയുടെ പരിപാടി ആസ്വദിക്കാനായി കേരളത്തിൽ നിന്നു വരികയാണ് എന്നു അറിഞ്ഞപ്പോൾ അവർക്ക് അതിശയം. അപ്പോൾ തന്നെ യാനിയുടെ ആരാധകർക്കായുള്ള പ്രത്യേക പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. പക്ഷേ, ഷോ കഴിഞ്ഞപ്പോൾ സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ആ പരിപാടി അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഒറ്റ ദിവസത്തെ അവധി മാത്രമെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ കൂടിക്കാഴ്ച അന്നു നടന്നില്ല. 

 

ഈ രാത്രി എനിക്ക് പേനയെടുക്കാൻ നിർവാഹമില്ല, യാനി പറഞ്ഞു

ബെംഗളൂരുവിലും യാനിയുടെ പരിപാടിയുണ്ടായിരുന്നു. ചെന്നൈയിൽ പോയപ്പോൾ പരിചയപ്പെട്ട പരിപാടിയുടെ ഇവന്റ് ടീമിലെ തമിഴ്നാട്ടുകാരി എന്നെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു. ഒരു വിധത്തിൽ വീട്ടുകാരെ സമ്മതിപ്പിച്ച് ഞാൻ ബെംഗളൂരുവിലെത്തി. അദ്ദേഹത്തെ കണ്ടു. എന്റെയൊപ്പം യാനി ആരാധകരായ വേറെയും ചിലരുണ്ടായിരുന്നു. യാനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ ജീവചരിത്രമായ 'യാനി ഇൻ വേർഡ്സ്' എന്ന പുസ്തകം എടുത്താണ് ഞാൻ ആ പരിപാടിക്ക് പോയത്. അതിൽ അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം. ഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "ഈ രാത്രി എന്റെ വിരലുകൾ സംഗീത പരിപാടിക്കായി ഇൻഷൂർ ചെയ്തിരിക്കുകയാണ്. എനിക്ക് പേന എടുക്കാൻ നിർവാഹമില്ല"! ഞാൻ അതിശയിച്ചു പോയി. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം അംഗീകരിച്ചേ മതിയാകൂ. ലോകമെമ്പാടുമുള്ള ആരാധകരെ വിസ്മയിപ്പിക്കുന്ന സംഗീതം പിറക്കുന്ന വിരലുകൾ എത്ര അമൂല്യമാണ്! 

 

സിനിമ ഞാൻ അഗ്രഹിച്ചിട്ടു പോലുമില്ല

ചെറുപ്പം മുതലേ കർണാടിക് സംഗീതമാണ് ഞാൻ പഠിച്ചത്. എന്റെ ശബ്ദം കച്ചേരിക്കാണ് അനുയോജ്യം എന്ന ചിന്തയായിരുന്നു മനസിൽ. ചിത്ര ചേച്ചിയെപ്പോലെ പാടുന്നവർക്കാണ് സിനിമയിൽ അവസരം ലഭിക്കുക, എന്നൊക്കെയുള്ള തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. അതുകൊണ്ട്, സിനിമ ഞാൻ ആഗ്രഹിച്ചിട്ടു പോലുമില്ല. എങ്കിലും, ഞാൻ വിചാരിച്ചതിലും കൂടുതൽ അംഗീകാരം ഞാൻ പാടിയ പാട്ടുകൾക്ക് ലഭിച്ചു. പലർക്കും എന്നെ അറിയില്ലെങ്കിലും ഞാൻ പാടിയ പാട്ട് സുപരിചിതമാണ്. ഒറ്റ പാട്ടു പാടി തമിഴിലും മലയാളത്തിലും എൻട്രി കിട്ടി. ആ പാട്ടിന്റെ വിജയം ഉപയോഗിച്ച് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അവസരങ്ങൾ തേടിപ്പോകാൻ എനിക്ക് ബുദ്ധിമുട്ടാണ്. സത്യത്തിൽ അതിനു വേണ്ട നെറ്റ്വർക്കിങ് എനിക്ക് അറിയില്ല. 

 

സ്വതന്ത്രസംഗീത സംരംഭങ്ങൾ

അവസരങ്ങൾ തേടിപ്പോകാനുള്ള മടി കാരണം സ്വന്തമായി വേദിയുണ്ടാക്കുകയാണ് ഇപ്പോൾ. 'ഗോൾഡൻ ലയർ മ്യൂസിക് ഫൗണ്ടേഷൻ' സ്ഥാപിച്ച് അതിന്റെ പരിപാടികളുമായി മുന്നോട്ടു പോകുന്നു. അതിന്റെ ബാനറിൽ ചില മ്യൂസിക് വിഡിയോസ് നിർമിക്കുന്നുണ്ട്. ഹിന്ദുസ്ഥാനി ആയാലും കർണാടിക് ആണെങ്കിലും ലോകത്തിലെ ഏറ്റവും സങ്കീർണമായ സംഗീതശാഖകളിലൊന്നാണ് നമ്മുടേത്. പക്ഷേ, ഇന്ത്യയിൽ ഇപ്പോഴും പോപ്പുലർ സംഗീതം എന്നു പറയുന്നത് സിനിമാസംഗീതമാണ്. മറ്റ് രാജ്യങ്ങളിൽ സ്ഥിതി വ്യത്യസ്ഥമാണ്. അതിനെതിരെയുള്ള ഒരു ചെറിയ പ്രതിരോധമാണ് 'ഗോൾഡൻ ലയർ മ്യൂസിക് ഫൗണ്ടേഷനും' അതിന്റെ മ്യൂസിക് പ്രൊഡക്ഷനുകളും. സ്വതന്ത്രസംഗീത പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുക എന്നതാണ് ലക്ഷ്യം. സ്വന്തമായി എഴുതി, ഈണമിട്ട്, പാടുന്ന പാട്ടുകളൊക്കെ ഉണ്ടാകണം. സിനിമയോടോ സിനിമാപാട്ടുകളോടോ വിരോധം ഉണ്ടായിട്ടല്ല. പൊതുധാരയ്ക്കെതിരെയുള്ള ചെറിയൊരു പ്രതിരോധം മാത്രം. സ്വതന്ത്രമായി സംഗീതമുണ്ടാക്കുന്നവർക്ക് പ്രചോദനമാകണം. അതാണ് ആഗ്രഹം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com