‘അവരുണ്ടായിരുന്നില്ലെങ്കിൽ ഞാൻ ബിഗ് സീറോ’, മൃദുലയെ അന്ന് കാത്തവർ...!
Mail This Article
മാതൃത്വത്തിന്റെ മധുരം അത്രമേൽ നമ്മിലെത്തിച്ച പാട്ട്. വരികളില്‍, ഈണത്തിൽ, ശബ്ദത്തിൽ മനസ്സിൽ വാത്സല്യത്തിന്റെ വിത്തുപാകി. 2013ൽ പുറത്തിറങ്ങിയ ‘കളിമണ്ണി’ലെ ‘ലാലീ ലാലീ’ എന്ന ഗാനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാട്ടിനൊപ്പം മലയാളി നെഞ്ചിൽ ചേർത്തു, മൃദുല വാരിയർ എന്ന ഗായികയെയും. റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് മൃദുല ചുവടുവച്ചിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. മുന്നൂറിലധികം പാട്ടുകൾ ഇതിനോടകം പാടി. ഏറ്റവും ഒടുവിൽ ‘പോർക്കളം’ എന്ന ചിത്രത്തിനു വേണ്ടി വിധുപ്രതാപിനൊപ്പം പാടിയ ഗാനവും ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം പാട്ടു ജീവിതത്തെപ്പറ്റി മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ് മൃദുല.
റിയാലിറ്റി ഷോ കണ്ടെടുത്ത മൃദുല
റിയാലിറ്റി ഷോകള്‍ തന്നെയാണ് മൃദുല വാര്യർ എന്ന ഗായികയെ സൃഷ്ടിച്ചത്. സിനിമയിൽ പാടാനുള്ള അവസരം ലഭിച്ചതും റിയാലിറ്റി ഷോകളിൽ പങ്കെടുത്തതു കൊണ്ടുമാത്രമാണെന്ന് ഇന്നും വിശ്വസിക്കുന്നു. ഞാൻ പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി അൽഫോൺസ് സാറുണ്ടായിരുന്നു. അദ്ദേഹമാണ് എനിക്ക് ആദ്യമായി സിനിമയിൽ പാടാനുള്ള അവസരം നല്‍കിയത്; മമ്മൂക്കയുടെ ബിഗ്ബിയിൽ. പിന്നീട് ഗോൾ എന്ന ചിത്രത്തിലും പാടി. അതിനുശേഷം പഠനത്തിൽ ശ്രദ്ധിച്ചു. കോഴ്സിനു ശേഷം വീണ്ടും റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ശരത് സാറും എം.ജി. ശ്രീകുമാർ സാറും ചിത്രച്ചേച്ചിയുമായിരുന്നു ആ ഷോയുടെ വിധികർത്താക്കൾ. പരിപാടിയിൽ പങ്കെടുക്കുന്ന സമയത്തു തന്നെ ശരത് സാർ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ എനിക്കു പാടാൻ അവസരം നൽകി. ഒരു ഫോക്കിഷ് പെപ്പി ടൈപ്പ് ഗാനമായിരുന്നു അത്. അതിനു ശേഷമാണ് നിരവധി അവസരങ്ങൾ എന്നെ തേടി വന്നത്.
എന്നും പ്രിയം കളിമണ്ണിലെ ലാലീ...
കളിമണ്ണിനു മുൻപു തന്നെ 916, ഏഴാംസൂര്യൻ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ജയചന്ദ്രൻ സാറിനു വേണ്ടി പാടിയിരുന്നു. അതുകേട്ടതിനു ശേഷമാണ് സാർ എനിക്ക് കളിമണ്ണ്, പട്ടംപോലെ എന്നീ ചിത്രങ്ങളിൽ അവസരം നൽകിയത്. കളിമണ്ണിലെ ലാലീ എന്ന ഗാനത്തിനു നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.അതിൽ എം. ജയചന്ദ്രൻ സാറിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ പാട്ടിനെല്ലാം ശേഷമാണ് ഔസേപ്പച്ചൻ സാറിലേക്ക് എത്തുന്നത്. കളിമണ്ണിലെ പാട്ട് സാറിനു വളരെ ഇഷ്ടപ്പെട്ടിരുന്നു. അതിനു പിന്നാലെ മറ്റു സംഗീത സംവിധായകരും വിളിച്ചു. ചുരുങ്ങിയ കാലത്തിനിടെ മികച്ച സംഗീത സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതു തന്നെയാണു കരിയറിലെ ഭാഗ്യവും.
ഇതൊരു എൻജിനീയറിങ് സംഗീതം!
പ്ലസ്ടു എല്ലാം കഴിഞ്ഞപ്പോൾ 94 ശതമാനത്തോളം മാർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടർന്നു പഠിക്കാൻ താൽപര്യമുണ്ടായിരുന്നു. പിന്നെ, തീരുമാനമെടുക്കാനെല്ലാം നമുക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള സമയമാണല്ലോ ആ ഒരു കാലഘട്ടം. പാടാൻ നല്ല കഴിവുണ്ട്. നല്ല ഉയരങ്ങളിലെത്താൻ സാധിക്കും എന്നൊക്കെ എല്ലാവരും എന്നോടു പറഞ്ഞു. എന്റെ സഹോദരനടക്കമുള്ളവർ അന്നു തന്നെ എന്തുകൊണ്ട് മ്യൂസിക് മെയിൻ ആയി എടുത്തു പഠിച്ചുകൂടാ എന്നു ചോദിച്ചു. അച്ഛനും അമ്മയും എനിക്കെന്താണോ ഇഷ്ടം അതു പഠിക്കാനാണു പറഞ്ഞത്. സംഗീതം പ്രഫഷനാക്കും എന്ന ചിന്തയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.
നല്ല പാട്ടുകൾ സ്റ്റേജുകളിൽ പാടുക, നല്ല ആളുകൾക്കു മുന്നിൽ പാടുക ഇതൊക്കെ മാത്രമായിരുന്നു ചിന്തിച്ചത്. പിന്നെ, നമ്മുടെ കൂടപ്പിറപ്പുകൾ ഏതുപാത പിന്തുടരുന്നുവോ ആ പാത തന്നെയായിരിക്കും മിക്കപ്പോഴും നമ്മളും പിന്തുടരുക. ഏട്ടൻ എൻജിനീയറിങ് ആണ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി എന്നിലും ആ താൽപര്യം ഉണ്ടായി.
എന്റെ പ്രഫഷനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് ഞാൻ പഠിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്. പക്ഷേ, പഠിച്ചതുകൊണ്ട് ഈ സൗണ്ട് എൻജിനീയറിങ് കാര്യങ്ങളൊക്ക് നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ലാപ്ടോപ്പിൽ ചില സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് സ്വന്തമായി ട്രാക്കുകളൊക്കെ സെറ്റ് ചെയ്യാൻ കഴിയുന്നതും എനിക്ക് എൻജിനീയറിങ് പഠനം മൂലമുണ്ടായ നേട്ടമാണ്.
അവരുണ്ടായിരുന്നില്ലെങ്കിൽ ഞാൻ ബിഗ് സീറോ
പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ റിയാലിറ്റി ഷോകളിലെല്ലാം പങ്കെടുക്കുന്നത്. പഠനവും പാട്ടും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസം തന്നെയായിരുന്നു. അക്കാലങ്ങളിൽ അച്ഛനും അമ്മയും സഹോദരനും വലിയ പിന്തുണ നൽകി. ഞാനും ഏട്ടനും തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ഒരു കുഞ്ഞിനെപ്പോലെയാണ് ഏട്ടൻ എന്നെ കൊണ്ടു നടന്നിരുന്നത്. ഇന്ന് എനിക്ക് എവിടെയെങ്കിലും എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ അച്ഛനും അമ്മയും സഹോദരനും നൽകിയ പിന്തുണയിലൂടെയാണ്. അവരില്ലായിരുന്നെങ്കിൽ ഞാൻ ബിഗ് സീറോ ആകുമായിരുന്നു.
മോഡലോ...ഞാനോ?
മോഡലിങ് താൽപര്യമൊന്നുമില്ല. ഇപ്പോൾ ഗായകരെല്ലാം ചെയ്യുന്നുണ്ടല്ലോ ഫോട്ടോ ഷൂട്ടുകൾ. അത്രേയുള്ളൂ. പോസ്റ്ററിലൊക്കെ അത്തരം നല്ല ഫോട്ടോകള്‍ വേണം. പലരുടെയും സോഷ്യല്‍മീഡിയ പേജുകളിലും മറ്റും ഇത്തരം ഭംഗിയുള്ള ഫോട്ടോകൾ കാണാം. ഞാൻ മാത്രം ഇതൊന്നും ചെയ്തിരുന്നില്ല. പഴയ ഫോട്ടോകൾ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ സോഷ്യൽ മീഡിയ പേജൊക്കെ തുടങ്ങുമ്പോൾ നല്ല ഫോട്ടോകൾ വേണ്ടി വരും. സ്റ്റേജ് ഷോകളിലും മറ്റും സംഘാടകർ ചിത്രങ്ങൾ ചോദിക്കും. അത് പ്രഫഷനൽ രീതിയിൽ വേണമല്ലോ എന്നു കരുതി ഒരു ഫോട്ടോഷൂട്ട് ചെയ്തു. എടുത്തു വന്നപ്പോൾ നന്നായി. അതിന്റെ മുഴുവൻ ക്രെഡിറ്റും കോസ്റ്റ്യൂം, മെയ്ക്കപ്പ് എല്ലാം ചെയ്തവർക്കാണ്. പിന്നെ ഫോട്ടോഗ്രാഫറിനും. കാരണം എനിക്ക് ഈ ഫീൽഡുമായി യാതൊരു ബന്ധവുമില്ല. ഫോട്ടോഗ്രാഫർ പറഞ്ഞു തന്നതു പ്രകാരം പോസ് ചെയ്യുകമാത്രമാണു ചെയ്തത്. അങ്ങനെ കുറെ നല്ല ഫോട്ടോകളും കിട്ടി.
സിനിമയിൽ മെലഡി, വേദിയിൽ എല്ലാം
സംഗീത സംവിധായകരെല്ലാം എന്നെ വിളിക്കുന്നത് മെലഡി പാടാനാണ്. അതിനിടയിൽ ചിൽഡ്രൻസ് പാർക്കിൽ കുറച്ചൊക്കെ ഒരു പെപ്പിനമ്പർ പാടിയിട്ടുണ്ട്. എന്റെ ശബ്ദം മെലഡിക്കായിരിക്കും ചേർന്നു നിൽക്കുന്നത്. പക്ഷേ, ലൈവ് ഷോകളിൽ ഞാൻ മെലഡി, ഫാസ്റ്റ് നമ്പർ, സെമിക്ലാസിക്കല്‍ എല്ലാം പാടാറുണ്ട്. എല്ലാ ടൈപ്പ് ഗാനങ്ങളും പാടാൻ ഇഷ്ടമാണ്. പ്രത്യേകിച്ച് സ്റ്റേജ് ഷോകളിൽ. ഇപ്പോഴത്തെ ഗായകർ എല്ലാ ഗാനങ്ങളും പാടാൻ തയാറായിരിക്കണം എന്ന അഭിപ്രായക്കാരിയാണ് ഞാൻ. കാരണം ഷോകളിലും മറ്റും പലതരം കാഴ്ചക്കാർ ഉണ്ടായിരിക്കും. പല പ്രായത്തിലുള്ളവർ. അവർക്ക് ഇഷ്ടപ്പെടുന്ന ഗാനങ്ങൾ പാടാൻ കഴിയണം. ഞാൻ എന്റെ ലൈവ് പ്രോഗ്രാമിനെല്ലാം ബാലൻസ്ഡ് ആയിട്ടുള്ള ഒരു ലിസ്റ്റാണ് ഇടാറുള്ളത്. എങ്കിൽ മാത്രമേ എല്ലാ തരം ആളുകൾക്കും ആസ്വദിക്കാൻ സാധിക്കൂ.