ADVERTISEMENT

കപില്‍ കപിലൻ എന്ന ഗായകൻ മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലെ ഗാനങ്ങൾ കേട്ടാൽ മനസിലാകും ഈ ഗായകൻ ആരാണെന്ന്. അത് കേരളത്തിന്റെ സ്വന്തം കലാകാരനാണെന്ന് അറിയുമ്പോൾ അത്ഭുതവും തോന്നിയേക്കാം. കുട്ടിക്കാലം മുതൽ കപിലന് അന്യഭാഷകളോട് ഏറെ ഇഷ്ടമായിരുന്നു. മാതൃഭാഷയ്ക്കൊപ്പം അന്യഭാഷകളെയും അദ്ദേഹം സ്നേഹിച്ചു. പാട്ട് കേട്ടും ആസ്വദിച്ചുമായിരുന്നു വളർന്നത്. തിരുവനന്തപുരം മാർ ഇവാനിയസ് കോളജിൽ നിന്നും ഫിസിക്സിൽ ബിരുദമെടുത്ത ശേഷം നേരെ ചെന്നൈയിലേക്ക് വണ്ടി കയറി. പിന്നീട് സംഗീതവുമായി അവിടെ തന്നെ സ്ഥിരതാമസമാക്കി. തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ച ഈ ഗായകൻ,  ‘ഇടം’, ‘പനിനീരഴകേ’ എന്നീ മലയാള ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ‘കന’ എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണേ എൻ കണ്ണഴകേ...’ എന്ന ഗാനം ആലപിച്ചതും ഈ ഗായകനാണ്. സംഗീതത്തിന്റെ ആസ്വാദനതലത്തിൽ ഭാഷയ്ക്ക് പ്രസക്തിയില്ല എന്ന പക്ഷക്കാരനാണ് കപിലൻ. സംഗീത ജീവിതത്തിലെ വിശേഷങ്ങളും അന്യഭാഷാ സംഗീത വിശേഷങ്ങളും കപിലൻ മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു. 

പ്രാരംഭകാലം

അച്ഛൻ വീട്ടിൽ ടേപ്പ് സെറ്റൊക്കെ വാങ്ങി വച്ച് എപ്പോഴും പാട്ടുകൾ വയ്ക്കുമായിരുന്നു. പാട്ടുകൾ കേട്ടും ആസ്വദിച്ചുമായിരുന്നു ഞാൻ വളർന്നത്. പന്ത്രണ്ട് വർഷത്തോളം ഞാൻ ക്ലാസിക്കൽ സംഗീതം പഠിച്ചിട്ടുണ്ട്. കോളജിൽ പഠിക്കുന്ന കാലം മുതൽ സ്റ്റേജ് ഷോകൾ ചെയ്യുമായിരുന്നു. പിന്നീട് ഒരുപാട് വേദികളിൽ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലും പങ്കെടുത്തു. 

അന്യഭാഷ സ്നേഹം

അച്ഛന്റേത് സംഗീത കുടുംബമാണ്. അച്ഛൻ മലയാളം പാട്ടുകൾക്കൊപ്പം ബംഗാളി ഗാനങ്ങളും കേട്ടിരുന്നു. അങ്ങനെയാണ് യഥാർഥത്തിൽ അന്യഭാഷ പാട്ടുകളോട് എനിക്ക് താത്പര്യം തോന്നിത്തുടങ്ങിയത്. കുട്ടിക്കാലം മുതൽ എനിക്ക് ഹിന്ദിയിൽ പാടണമെന്നായിരുന്നു ആഗ്രഹം. ഹിന്ദി മാത്രമല്ല മറ്റ് ഭാഷകളിലെ ഗാനങ്ങൾ കേൾക്കാനും അത് അനുകരിച്ച് പാടാനും ഒക്കെ എനിക്ക് വളരെ താത്പര്യമുണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചിട്ടുമുണ്ട്. അത് ഒരിക്കലും നമ്മുടെ ഭാഷയോടുള്ള അവഗണന കൊണ്ടൊന്നും അല്ല. എനിക്ക് എപ്പോഴും എന്റെ മാതൃഭാഷ പ്രിയപ്പെട്ടതാണ്. പിന്നെ മറ്റ് ഭാഷകളിൽ പാടുന്നതിനോട് ഒരു കൗതുകം തോന്നിയിരുന്നു. ആദ്യമൊക്കെ അന്യഭാഷകളിലെ ഗാനങ്ങള്‍ കേൾക്കുമ്പോൾ എല്ലാ വാക്കുകളും  മനസിലാകുമായിരുന്നില്ല. എങ്കിലും ഞാൻ സ്വന്തമായി ഓരോ വാക്കുകൾ കൂട്ടിച്ചേർത്ത് പാടുമായിരുന്നു. ഹിന്ദിയിൽ പാടാൻ ഒരു അവസരം കിട്ടണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പിന്നെ എനിക്കൊരുപാട് ഇഷ്ടമുള്ള ഭാഷയാണ് ബംഗാളി. ബംഗാളിയിൽ പാടണമെന്നും അതിയായ ആഗ്രഹവുമുണ്ട്. തെലുങ്കിലും കന്നടയിലും പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. 

ചെന്നൈ ജീവിതം

എന്റെ സംഗീത ജീവിതം ആരംഭിച്ചത് ചെന്നൈയിൽ നിന്നാണ് അതുകൊണ്ടാണ് കൂടുതലായും അന്യഭാഷകളിൽ പാടുന്നത്. നാട്ടിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ എ.ആർ. റഹ്മാൻ സാറിന്റെ കെ.എം സംഗീതകോളജിൽ നിന്നും ഞാൻ വെസ്റ്റേണ്‍ മ്യൂസിക് തിയറി പഠിച്ചു. അതിന് ശേഷം സ്റ്റീഫൻ ദേവസ്സിയുടെ മ്യൂസിക് ലോഞ്ചിൽ നിന്നും സൗണ്ട് എൻജിനീറിങിൽ ഡിപ്ലോമ എടുത്തു. സംഗീതജീവിതവുമായി ചെന്നൈയിൽ തന്നെ താമസമാക്കി. അങ്ങനെയാണ് തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ പാടാന്‍ തുടങ്ങിയത്. പിന്നെ നാടുമായിട്ട് അധികം ബന്ധം ഉണ്ടായിരുന്നില്ല. 

മലയാള ഗാനങ്ങളെക്കുറിച്ച്

മലയാളത്തിലേക്ക് ഗോപി സുന്ദർ പാടാൻ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി പാടിയെങ്കിലും നിർഭാഗ്യവശാൽ ആ പാട്ടുകൾ ഫൈനൽ ആയില്ല. മലയാളത്തിലേക്കെത്താൻ ഞാൻ അധികം ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് മലയാളം പാട്ടുകൾ വളരെ ഇഷ്ടമാണ്. ബാബുരാജ് സംവിധാനം ചെയ്യുന്ന ഒരു പുതിയ ചിത്രത്തിൽ ഞാൻ പാടിയിട്ടുണ്ട്. പക്ഷേ ആ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്കെ എവിടെ വരെ എത്തി എന്നതിനെക്കുറിച്ചൊന്നും ഇപ്പോൾ അറിയില്ല. ആ ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത് ചെന്നൈയിലുള്ള എന്റെ സുഹൃത്താണ്. 

മറ്റ് ഗായകരെക്കുറിച്ച്

ഈ അടുത്ത കാലത്ത് ഇളയരാജ സാറിനൊപ്പം തമിഴിൽ പാടിയിരുന്നു. അത് എടുത്ത് പറയേണ്ട ഒരു ഭാഗ്യമാണ്. പാട്ടിന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. എങ്കിലും അദ്ദേഹം പറഞ്ഞുതന്ന നാല് വരികൾ കേട്ട് അത് പാടാൻ സാധിച്ചത് വലിയ അനുഗ്രഹമായി കണക്കാക്കുന്നു. പിന്നെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് ഗായകരുണ്ട്. ഓരോരുത്തർക്കും ഓരോ പ്രത്യേകതകളുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ഇഷ്ടം ആരെയാണെന്ന് പറയാൻ സാധിക്കില്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. രഘു ദീക്ഷിത് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലൂടെയാണ് ഞാൻ കന്നട ഗാനരംഗത്തേയ്ക്കെത്തിയത്. അതിന് ശേഷം ഒരുപാട് സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. തെലുങ്ക് സംഗീതരംഗത്തിന് എന്നെ പരിചയപ്പെടുത്തിയത് ദേവി ശ്രീ പ്രസാദ് ആണ്. തുടക്കം തന്നെ വലിയ കലാകാരൻമാരുടെ ഒപ്പമായിരുന്നു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു. കാരണം സാധാരണ ചെറിയ ആളുകളിൽ നിന്നുമാണ് വലിയവരിലേക്കെത്തുന്നത്. എനിക്ക് തുടക്കത്തിൽ തന്നെ അങ്ങനൊരു അവസരം കിട്ടിയത് വളരെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. ആരുടെ കൂടെ പാടാനും എനിക്കിഷ്ടമാണ്. കാരണം അതൊക്കെ ഓരോ അനുഭവമാണ്. അവരിൽ നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഞാൻ എല്ലാ ഗായകരെയും ഒരുപോലെ ബഹുമാനിക്കുന്നു. കാരണം, സംഗീത മേഖലയിൽ സജീവമായിട്ടുള്ള ഓരോ വ്യക്തിക്കും പിന്നിൽ പരിശ്രമത്തിന്റെ ഒരു വലിയ കഥയുണ്ട്. ഒരുപാട് ത്യാഗങ്ങൾ സഹിച്ച് കടന്നുവന്നവരായിരിക്കാം അവർ. അപ്പോൾ നമ്മൾ അവരെ ബഹുമാനിക്കണം. 

സംഗീത ഇഷ്ടങ്ങള്‍

പല വേദികളിൽ പാടാറുണ്ടെങ്കിലും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. ഞാൻ പിയാനോ വായിക്കാറുണ്ട്. ആരുടെയും കീഴിൽ പഠിച്ചിട്ടില്ല. സ്വന്തമായി പരിശ്രമിച്ച് പഠിച്ചതാണ്. ചെന്നൈയിൽ എത്തിയതിന് ശേഷം അധികം ഷോകൾ ചെയ്തിട്ടില്ല.  എനിക്ക് അന്യഭാഷകളിൽ പാടുന്നതിന് ബുദ്ദിമുട്ടുകൾ ഉണ്ടായിട്ടില്ല. അതൊരുപക്ഷേ കുട്ടിക്കാലം മുതൽ മറ്റു ഭാഷകളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം. മാത്രവുമല്ല അതൊരു അനുഗ്രഹവും ഭാഗ്യവുമാട്ടാണ് എനിക്ക് തോന്നുന്നത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com