ADVERTISEMENT

 

ഓസ്‌കറില്‍ വരെ മുത്തമിട്ടെങ്കിലും ഇന്നും എആര്‍ റഹ്മാന്‍ എന്ന പേരിനൊപ്പം മനസ്സിലേക്കു ആദ്യം എത്തുന്ന പാട്ടാണ് 'ചിന്ന ചിന്ന ആശൈ'. ഈ പാട്ട് അറിയാത്ത, പാടാത്ത മലയാളി ഇല്ല... തമിഴരില്ല, തെലുങ്കരില്ല... ഒരു മനുഷ്യ മനസ്സില്‍ ഉടലെടുക്കാവുന്ന ഏറ്റവും നിഷ്‌കളങ്കമായ ആശകളെ  കുറിച്ച് പാടിയ പാട്ട് അനിതരസാധാരണമായ രീതിയിലാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. പാട്ടിന്റെ വരികളിലെ അര്‍ത്ഥം പോലെ ലളിതമായിരുന്നു പാട്ടു പാടിയ ഗായിക മിന്‍മിനിയുടെ സ്വപ്നങ്ങളും... പക്ഷേ കുഞ്ഞു സ്വപ്നങ്ങളെ കുറിച്ച് പാടിയ ആ സ്വരം രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അവരില്‍ നിന്ന് അകന്നു പോയി... പക്ഷേ മിന്‍മിനി എന്ന പേരും അവരുടെ ഗാനങ്ങളും എന്നും ഒരു പ്രത്യേക ഇഷ്ടത്തോടെ നമ്മളെല്ലാവരും നെഞ്ചില്‍ സൂക്ഷിച്ചു വച്ചു. 

 

ജീവാംശമായി വന്ന മകനു താരാട്ടീണം പാടി പൊയ്‌പ്പോയ സ്വരത്തെ അവര്‍ വീണ്ടും ശ്വാസത്തോടു ചേര്‍ത്തു പിന്നീട്.  ഇന്നുമാസ്വരത്തില്‍ ഒരു വരി മൂളിയാലും മലയാളികള്‍ അതേ ഇഷ്ടത്തോടെ കേട്ടിരിക്കും... എത്ര തിരക്കാണെങ്കിലും ഒരുവരിയെങ്കിലും കേട്ടിട്ടു പോകാം എന്നു ചിന്തിക്കും. അതുകൊണ്ടാകണം സോഷ്യല്‍ മീഡിയയില്‍ അവര്‍ പാടിയ പാട്ടുകളൊക്കെയും ഇത്രയധികം ശ്രദ്ധേയമാകുന്നത്. ഏറ്റവും പുതിയ പാട്ട് മകള്‍ക്കൊപ്പം പാടിയതാണ് എന്നത് കൗതുകമേറെയാക്കി. അമ്മയെ പോലെ മധുരതരമാര്‍ന്ന സ്വരമാണ് മകള്‍ അന്ന കീര്‍ത്തനയ്ക്കും. മകന്‍ അലന്‍ അടുത്തിടെ ഒരു സിനിമയില്‍ പാടുകയും സംഗീത രംഗത്ത് പ്രോഗ്രാമറായും അസിസ്റ്റന്റ് ആയും ചുവടുറപ്പിക്കുകയുമാണ്. മക്കള്‍ക്കൊപ്പമുള്ള പാട്ടു ജീവിതത്തെ കുറിച്ച് മിന്‍മിനി സംസാരിക്കുന്നു.

 

ദൈവം തന്ന പൂക്കള്‍

alan-anna

 

എല്ലാമെനിക്ക് ദൈവം തന്നതാണ്... അതിനപ്പുറം മിന്‍മിനി എന്ന ഗായികയ്ക്ക്് മറ്റു വാക്കുകളില്ല. ജീവിതത്തില്‍ പാടാന്‍ കിട്ടിയ പാട്ടുകളും പാട്ടുകള്‍ ചരിത്രമായി മാറിയതും അതൊരുപാടിഷ്ടത്തോടെ നമ്മളൊക്കെ മനസ്സോടു  ചേര്‍ത്തതുമെല്ലാം ദൈവത്തിനു സമ്മാനമായിട്ട് മാത്രമാണ് മിന്‍മിനി കാണുന്നത്. മക്കള്‍ക്കൊപ്പം പാടാന്‍ കഴിയുന്നതിന്റെ ക്രെഡിറ്റ് ദൈവത്തിനു തന്നെ. 

 

അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ മരിച്ചു പോകുമായിരുന്നു അവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്... മിന്‍മിനി പറയുന്നു. പാട്ട് പാടാനുള്ള കഴിവ് മാത്രമല്ല എനിക്കന്ന് നഷ്ടപ്പെട്ടത്, ശബ്ദം ഒന്നാകെ പോവുകയായിരുന്നു. ശബ്ദം നഷ്ടപ്പെടുന്ന കാലത്തായിരുന്നു വിവാഹം

അതിന്റെ ചികിത്സയ്ക്കിടയില്‍ ആയിരുന്നു ജീവിച്ചു തുടങ്ങിയത്. അത്രമാത്രം എന്നെ സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ കിട്ടിയതുകൊണ്ടല്ലേ ജീവിതത്തില്‍ മുന്നോട്ടു പോകാനായത്. പിന്നെ പതിയെ പതിയെ പാടിത്തുടങ്ങിയത് മകനു വേണ്ടിയായിരുന്നു. അവനു വേണ്ടിയുള്ള താരാട്ടുകള്‍. ജീവിതത്തില്‍ ഏറ്റവും വലിയ അനുഗ്രഹമാണ് ഇതുപോലെയൊരു ജീവിതപങ്കാളിയും മക്കളും. അവരുടെ ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സംഗീതത്തോട് ആ മക്കളും ചേര്‍ന്നുനില്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ വലിയൊരു സമ്മാനമായിട്ടാണ് കരുതുന്നത്. ദൈവം തന്ന സമ്മാനം.

 

അന്ന കീര്‍ത്തനയും അലനും

 

minmini-alan-Copy

മക്കള്‍ രണ്ടാളും ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു വന്ന ആള്‍ക്കാര്‍ അല്ല വീട്ടില്‍ എപ്പോഴും സംഗീതം തന്നെയാണല്ലോ. പാട്ടും പിന്നെ ഞങ്ങളുടെ സ്‌കൂളില്‍ ആണെങ്കിലും സംഗീതവും നൃത്തവുമാണുളളത്. അവിടെ കുറേ വാദ്യോപകരങ്ങള്‍ പഠിപ്പിക്കുന്നുണ്ട് കര്‍ണാട്ടിക് പഠിപ്പിക്കുന്നുണ്ട്. അങ്ങനെ അതിന്‌റെ നടുവിലാണ് വളര്‍ന്നത്. ഔദ്യോഗികമായി ഒരു ഗുരുമുഖത്തുനിന്ന് സംഗീതം അഭ്യസിച്ചിട്ടില്ല രണ്ടാളും. എങ്കിലും ദൈവം അതിനുള്ള ഒരു വാസന കൊടുത്തു.

 

വീട്ടില്‍ എന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ശേഷം കുറെ നേരം പാട്ടുകള്‍ പാടാറുണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന്. ഭക്തിഗാനങ്ങള്‍ ആണ് അവയെല്ലാം. അങ്ങനെ ഒരു ദിവസം പാടുന്നതിന് ഇടയിലാണ് ‘ലോകം മുഴുവൻ സുഖം പകരാൻ’ എന്ന പാട്ട് പെട്ടെന്ന് മനസ്സിലേക്കു വന്നത്. നമ്മളെല്ലാവരും ഒരു രോഗത്തിനെതിരെ പോരാടുന്ന, ഒരുപാട് വിഷമത്തോടെ, മുന്‍പോട്ടു പോകുന്ന ഈ കാലത്ത് ഈ പാട്ട് ഒരു പ്രാര്‍ത്ഥന പോലെ ആയി മാറും എന്ന് വിചാരിച്ചിട്ടാണ് പാടിയത്. അതിത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. അവളെ നിര്‍ബന്ധിച്ച് പാടിച്ച പാട്ടാണ് കൂടുതലും ഇംഗ്ലീഷ് ഗാനങ്ങളാണ് അവള്‍ക്കിഷ്ടം. അതിനോടാണ് കൂടുതല്‍ താല്പര്യം. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പാടിയതാണ് ഈ പാട്ട്. മോളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല പത്താംക്ലാസില്‍ ആയിട്ടുള്ളൂ അവള്‍. പാടാന്‍ ഒരുപാട് ഇഷ്ടമാണ്. എന്നെപ്പോലെ തന്നെയാണ് അവളുടെയും ആഗ്രഹം. കഴിയുന്നത്രയും പാടുക. അത് സിനിമയില്‍ തന്നെ പാടണം എന്നോ പ്രശസ്ത ആകണം എന്നോ ഒന്നും നിര്‍ബന്ധമില്ല.

minmini-family-Copy

 

മകന്‍ അലന്‍ ജോയ് മാത്യുവിന് അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ ചെന്നൈയില്‍ നിന്ന് ഇങ്ങോട്ടേക്ക് പോരുന്നത്. അവന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ 2009ലാണ് ഞങ്ങള്‍ കാക്കനാട് മ്യൂസിക് അക്കാദമി തുടങ്ങിയത്. അതിനു മുന്‍പേ മോന്‍ അവന്റെ ഡാഡിയെ കണ്ട് സംഗീതത്തോട് അടുത്തിരുന്നു. അങ്ങനെയാണ് കലാഭവന്‍ ജെറോം സാറിന്‌റെ കീഴില്‍ ഗിറ്റാര്‍ പഠിക്കാന്‍ വിട്ടത്. പക്ഷേ അവന്‍ അത് പൂര്‍ത്തിയാക്കിയില്ല. പിന്നെ ഞങ്ങളും നിര്‍ബന്ധിച്ചില്ല. മ്യൂസിക് സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ഡാഡി തന്നെ തന്റെ വാദ്യോപകരണമായ കീബോര്‍ഡ് പഠിപ്പിച്ചു തുടങ്ങി. അവിടെ അന്നു തൊട്ടെ ഒട്ടേറെ വാദ്യോപകരണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അത് കണ്ടിട്ടാകണം ഞങ്ങളാരും പറയാതെ അവന്‍ തനിയെ ഗിറ്റാര്‍ പഠിക്കാന്‍ തുടങ്ങി. 

 

അവിടുത്തെ ക്ലാസുകളുടെ ഇടവേളകളിലും മറ്റും അവന്‍ തനിയെ പ്രാക്ടീസ് ചെയ്തു. ഗിറ്റാര്‍ തനിയെ പഠിച്ചെടുത്തതാണ്. പിന്നെ ചെറിയ തിരുത്തുകള്‍ ഡാഡി പറഞ്ഞു കൊടുത്തു. പിയാനോ പഠനവും ഗ്രേഡില്‍ പൂര്‍ത്തിയായി. അവന്‍ പഠിച്ച സ്‌കൂളിലൊക്കെ സംഗീത വാസനയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ഇടമായിരുന്നു. പ്ലസ് ടു കഴിയുമ്പോഴും സംഗീതം ആണ് പ്രൊഫഷന്‍ എന്നൊന്നും തീരുമാനിച്ചിരുന്നില്ല. പക്ഷേ മോനെ അറിയാവുന്നവര്‍ അതു തന്നെയാകും എന്നു ചിന്തിച്ചിരിക്കണം. സ്റ്റീഫന്‍ ദേവസിയുടെ നിര്‍ബന്ധപ്രകാരമാണ് ചെന്നൈയിലുളള അവരുടെ സ്‌കൂളില്‍ പഠിക്കാന്‍ വിടുന്നത്. അങ്ങനെ വളരെ യാദൃശ്ചികമായി സംഗീതം അവന്റെ പ്രൊഫഷനായി മാറി. മോനെ കൊണ്ട് ആദ്യം ഒരു പാട്ട് പാടിപ്പിക്കുന്നത് ബിജിബാലാണ്. ചങ്ങാതി മുത്തുമായി എന്ന പാട്ടിന്റെ കോറസ് ആണത്. അതൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. 

 

പാട്ടിന്റെ വഴികളിൽ മക്കൾ

a-r-rahman-55363-gif

 

പക്ഷേ അമ്മ പറയും പോലെ അത്ര സിമ്പിളല്ല അലന്റെ കരിയര്‍ ഇപ്പോള്‍. ചെന്നൈയിലെ പഠിത്തം കഴിഞ്ഞ് ഗോപി സുന്ദര്‍, എം.ജയചന്ദ്രന്‍, അച്ചു രാജാമണി തുടങ്ങിയവരുടെ അസിസ്റ്റന്റ് ആയി. ഇപ്പോള്‍ ജേക്‌സ് ബിജോയ്‌യുടെ അസിസ്റ്റന്റ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമൊടുവില്‍ ഗിറ്റാര്‍ വായിച്ചത് അയ്യപ്പനും കോശിയും എന്ന ചിച്രത്തില്‍. വിമാനം, മഴയത്ത്, മേരാ നാം ഷാജി, കക്ഷി അമ്മിണിപ്പിള്ള, കല്‍ക്കി, ഇഷ്ഖ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങി പത്തോളം സിനിമകളില്‍ പ്രോഗ്രാമറായും ഗിറ്റാറിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് അലന്‍. അനിയത്തി അന്ന കീര്‍ത്തനയ്ക്ക് വെസ്‌റ്റേണ്‍ സംഗീതത്തോടാണ് താല്‍പര്യം. സംഗീതത്തിന്‌റെ വഴി തന്നെയാണ് അന്നയ്ക്കും ഇഷ്ടം. ലേഡി ഗാഗയുടെ ഒരു പാട്ടിന്‌റെ കവര്‍ ചേട്ടന്റെ ഗിറ്റാർ വായനയ്‌ക്കൊപ്പം പാടി യുട്യൂബില്‍ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

അന്നയ്ക്കും അലനും അമ്മ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും ഊര്‍ജ്ജവും. പക്ഷേ സംഗീതത്തെ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ഡാഡിയുടെ കീബോര്‍ഡിലൂടെയാണ്. ഡാഡിയാണ് ജീവിതത്തിന്റെ താളവും ശക്തിയുമെന്ന് ഇരുവരും ഒരുമിച്ച് പറയുന്നു. പിന്നെ ഒരാള്‍ കൂടിയുണ്ട് അക്കൂട്ടത്തിലെന്ന് അലന്‍ പറയുന്നു. എ.ആര്‍.റഹ്മാന്‍. അനിയത്തി അന്ന കീര്‍ത്തനയെ കൊണ്ട് ഒരു ജിംഗിള്‍ പാടിച്ചപ്പോഴാണ് എ.ആര്‍. റഹ്മാനെ ആദ്യമായി കാണുന്നത്. അധികം സംസാരിക്കുന്ന കൂട്ടത്തില്ലല്ലോ. പക്ഷേ സംഗീതത്തില്‍ എന്ത് നേടിയാലും അതിനൊപ്പം തലക്കനം കൂടരുതെന്നും സംഗീതമെന്നത് കുറേ പാട്ടുകള്‍ സൃഷ്ടിക്കുക എന്നതിനപ്പുറം ഒരുപാട് ചെയ്യാനും പഠിക്കാനുമുള്ള ഇടമാണെന്ന് മനസ്സിലാക്കി തന്നത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ അവസരം കിട്ടുമോ ഇല്ലയോ എന്നതൊന്നും ഒരിക്കലും എന്റെ ആകുലതയല്ല. അവിടെ നടക്കുന്ന മത്സരങ്ങളൊന്നും ബാധിക്കുന്നുമില്ല. സംഗീതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന പ്രതീക്ഷയിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. അലന്‍ പറഞ്ഞു.

 

വീട്ടില്‍ ഏതൊരു അമ്മയേയും പോലെ തന്നെയാണ് ഞങ്ങള്‍ക്കും. പക്ഷേ പുറത്തൊക്കെ പോകുമ്പോള്‍ ആളുകൾ അമ്മയോടു പെരുമാറുന്ന രീതി കാണുമ്പോള്‍ അതിശയം തോന്നും. ഇത്രയും വര്‍ഷമായിട്ടും അവരുടെ ഓര്‍മയില്‍ അമ്മയുണ്ട്. വളരെ അടുത്തൊരാളെ പോലെയാണ് അമ്മയുടെ കൈപിടിച്ച് വിശേഷം ചോദിക്കുന്നതും ഫോട്ടോ എടുക്കുന്നതും പാട്ടുകളെ കുറിച്ച് തിരക്കുന്നതുമൊക്കെ. നല്ല ഗാനങ്ങളും സംഗീതവും എന്നും എല്ലാവരും ഓര്‍ത്തിരിക്കുമെന്നും അത് ഒരുപാട് ആളുകള്‍ക്ക് സന്തോഷം പകരുമെന്നും മനസ്സിലായത് അങ്ങനെയാണ്. അന്ന പറയുന്നു. അമ്മയ്‌ക്കൊപ്പം കീര്‍ത്തനം ആലപിച്ച മകള്‍ക്ക് അമ്മയുടെ പാട്ടുകളില്‍ ഏറെയിഷ്ടവും അങ്ങനെയൊരു പാട്ടാണ്, നീ എന്നെ മറന്നോ നാഥാ....

 

അതിനൊപ്പം എനിക്ക് ഓടിയെത്താനായില്ല... സാരമില്ല

 

 

വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാ സംഗീതത്തിലേക്ക് തിരികെയെത്തിയെങ്കിലും പക്ഷേ പുതിയ സംഗീതത്തിന്റെ തിരക്കുകളിലേക്ക് മിന്‍മിനി വന്നില്ല. വരാന്‍ അവരൊരിക്കലും ശ്രമിച്ചിട്ടില്ല എന്നുകൂടി പറയണം. അലന് പാടിയ താരാട്ടുകള്‍ എന്റെ രണ്ടാം ജന്മത്തിന്റെ തുടക്കം തന്നെയായിരുന്നുവെന്ന് പറയാം. ജീവനുള്ളിടത്തോളം പാടണം എന്നതിനപ്പുറം മറ്റൊന്നും പണ്ടേ ചിന്തിക്കാത്ത എനിക്ക് ഈ സാഹചര്യത്തില്‍ അതേപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയില്ലല്ലോ. അവസരം തേടി എങ്ങും പോയിട്ടില്ല. അത് അറിയുകയില്ല. കാരണം അങ്ങനെയൊരു കാലത്തല്ല ഞാന്‍ ഏറ്റവുമധികം ഗാനങ്ങള്‍ പാടിയത്. ഞങ്ങള്‍ ഗായകരെ ആദ്യമേ മനസ്സില്‍ കണ്ടുകൊണ്ട് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലം പോയി. ഇന്ന് ഒരുപാട് ആള്‍ക്കാരുണ്ട് പാടാന്‍. ഒരുപാട് സാധ്യതകള്‍ ഉണ്ട്. ഒരു വ്യക്തിയെ കൊണ്ട് തന്നെ പാടിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്ന സംവിധായകരും സംഗീതസംവിധായകരും ഇന്നില്ല എന്നു തന്നെ പറയാം. ചേരുന്നൊരു വോയ്‌സ് കിട്ടിയാല്‍ അയാളെക്കൊണ്ട് പാടിക്കുക മുന്നോട്ടുപോവുക, ആരെയും കാത്തു നില്‍ക്കാന്‍ വലിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും ഒന്നുമുള്ള സമയം ഇന്നാര്‍ക്കുമില്ല. അത് പോസിറ്റിവ് ആയി പറഞ്ഞതാണ്. കാലത്തിന്റെ മാറ്റം കൊണ്ടു സംഭവിച്ചതാണ്. ആരുടെയും കുറ്റമല്ല. എങ്കിലും നമുക്കുള്ള ഗാനങ്ങള്‍ നമ്മളിലേക്കു തന്നെ ദൈവം കൊണ്ടെത്തിക്കും. 

 

മെജോ ആണ് എന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടാം വരവില്‍ പാടാന്‍ വിളിക്കുന്നത്. അതിനുശേഷം ഗോപി സുന്ദര്‍, ബിജിബാല്‍, ദീപക് ദേവ്, ആനന്ദ് മധുസുദനന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ പാടി. സിനിമയിലെ അവസരങ്ങളെയോ ഹിറ്റുകളെയോ ഓര്‍ത്ത് ഒരിക്കലും ഞാന്‍ ആകുലതപ്പെട്ടിട്ടില്ല. ‘ചിന്ന ചിന്ന ആശൈ’ ഹിറ്റ് ആയപ്പോള്‍ പോലും ഒരു അതിശയം തോന്നി എന്നതിനപ്പുറം അതിന്‌റെ വിജയത്തില്‍ ഞാന്‍ ഒരിക്കലും അമിതമായി ആഹ്‌ളാദിച്ചിട്ടില്ല. റഹ്മാന്‍ സാറിന്റെ പാട്ട് പാടാനും അതിപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നവെന്ന് അറിയുന്നതിലുമാണ് ഏറെ സന്തോഷം.

 

ആസ്വദിക്കാത്ത സെലിബ്രിറ്റി ലൈഫ്

 

സംഗീതരംഗത്ത് വലിയ ആളാകണം അങ്ങനെ ഒന്നും ചിന്തിച്ചുവന്ന ഒരാളല്ല ഞാന്‍. സിനിമയുടെ സാധ്യതകളോ അതിന്റെ ആഘോഷങ്ങളേയോ കുറിച്ച് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലാത്ത ഒരു സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ് ഞാന്‍. ഒരു ഗ്രാമത്തിലെ വളരെ സാധാരണക്കാരായ അപ്പച്ചനും അമ്മച്ചിക്കും മൂന്ന് ചേച്ചിമാര്‍ക്കും ഒപ്പമുള്ള കുഞ്ഞു ജീവിതം. പാടാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ചുറ്റുമുളള സ്‌നേഹമുള്ള മനുഷ്യരെല്ലാം പ്രോത്സാഹിപ്പിച്ചു. സിനിമയില്‍ പാടി എന്നതുപോലും മനസ്സിലാക്കും മുന്‍പേ, പിന്നണി ഗായികയായി എന്ന് തിരിച്ചറിയും മുന്‍പേ സിനിമയിലെത്തിയ ആളാണ് ഞാന്‍. പാടിയ പാട്ടിനൊപ്പം അഭിനേതാക്കള്‍ അഭിനിയിക്കും, നമ്മുടെ പേര് തിയേറ്ററില്‍ വലിയ അക്ഷരത്തില്‍ എഴുതി കാണിക്കും, കൂടുതലായി ആളുകൾ അറിയും, കൂടുതലായി വേദികളിലേക്ക് പാടാന്‍ ക്ഷണം വരും, പുരസ്‌കാരങ്ങള്‍ വരും, പ്രശസ്തി വരും, അങ്ങനെ ഒന്നും ചിന്തിക്കുന്നതിനു മുന്നേ തന്നെ പിന്നണിഗാന രംഗത്ത് വന്ന ആളാണു ഞാന്‍. അപ്പച്ചനൊപ്പം ഒരു സ്റ്റുഡിയോയിലേക്കു പോയി, പാടാന്‍ പറഞ്ഞതു കൊണ്ട് പാടി. രാജാമണി സാറിന്റെ പാട്ടായിരുന്നു അത്. വളരെ യാദൃശ്ചികമായി അത് സിനിമയിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു. 

 

പിന്നെ എന്നെ സംബന്ധിച്ച് നേരത്തെ പറഞ്ഞതുപോലെ പാടാന്‍ കഴിയണം ഒരു വിധം നന്നായി ജീവിച്ചു പോകണം അങ്ങനെയേ ചിന്തിച്ചിരുന്നുള്ളൂ. മരിക്കുവോളം പാടാന്‍ കഴിയണം, ഒപ്പം ഒരു നല്ല കുടുംബ ജീവിതം നയിക്കാന്‍ കഴിയണം, വളരെ സാധാരണക്കാരെ പോലെ ആ ജീവിതത്തിന്റെ സന്തോഷമറിഞ്ഞ് ജീവിക്കണം അത്രയേ കരുതിയിരുന്നുളളൂ. പിന്നെ ജീവിതം നമ്മെ ഓരോന്ന് പഠിപ്പിച്ചുവല്ലോ. ഒന്നിലും അധികം സന്തോഷിക്കാതിരുന്ന എന്നെ ആ അനുഭവങ്ങള്‍ കൂടുതല്‍ പരുവപ്പെടുത്തി എന്നുവേണം പറയാന്‍. അതുകൊണ്ട് സെലിബ്രിറ്റി ലൈഫിന്റെ കാര്യമൊന്നും ചോദിക്കരുത്.

 

വര്‍ഷങ്ങള്‍ക്കിപ്പുറം റഹ്മാനെ കണ്ടപ്പോൾ

 

റഹ്മാന്‍ സാറിനെ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊച്ചിയില്‍ വച്ച് രണ്ടു വര്‍ഷം മുന്നേ ഞാന്‍ കാണുന്നത്. അന്ന് അദ്ദേഹത്തിനു മുന്നില്‍ വച്ച് വീണ്ടും ‘ചിന്ന ചിന്ന ആശൈ’ പാടാന്‍ കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ അനുഗ്രഹങ്ങളാണ്. ഞാന്‍ കൊച്ചിയിലുണ്ട് എന്നാരോ പറഞ്ഞ് എന്നെ വിളിച്ചതാണ്. എല്ലാവരും പറയും പോലെ അന്നുമിന്നും അദ്ദേഹം ഒരുപോലെയാണ് പെരുമാറുന്നത്. അന്ന് കുറച്ചുനേരം സംസാരിച്ചു നിന്നു. അത്രയും തിരക്കുള്ള ഒരു വേദിയില്‍ വച്ച് എന്നോട് സമയം ചെലവഴിക്കാന്‍ അദ്ദേഹത്തെ പോലൊരു വലിയ സംഗീത സംവിധായകന്‍ കാണിച്ച മനസ്സ് കാണാതിരിക്കാന്‍ കഴിയില്ല. മിനീ... എന്നു വിളിച്ചുകൊണ്ട്, കുട്ടികളെ കുറിച്ച് കുടുംബത്തെ കുറിച്ചൊക്കെയായിരുന്നു ചോദ്യങ്ങള്‍. അറിയാമല്ലോ വളരെ കുറച്ചേ അദ്ദേഹം സംസാരിക്കാറുള്ളൂ. സംസാരിക്കാന്‍ കഴിഞ്ഞു എന്നതിനേക്കാള്‍ ഞാന്‍ ഇവിടെയുണ്ട് എന്ന് അറിഞ്ഞ് എന്നെ പാടാന്‍ വിളിച്ചതിലും കാണാന്‍ സാധിച്ചതിലും അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു എന്ന് അറിഞ്ഞതിലും ആയിരുന്നു ഏറ്റവും വലിയ സന്തോഷം.

 

റഹ്മാനെക്കാള്‍ അദ്ദേഹത്തിന്റെ അമ്മയുമായി അടുപ്പമുണ്ട്. എനിക്ക് സുഖമില്ലാതിരുന്ന സമയത്ത് അമ്മ എന്നെ ഒരുപാട് സ്ഥലത്ത് പ്രാര്‍ത്ഥനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. എനിക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചിട്ടുള്ളവരില്‍ ഒരാളാണ് ആ അമ്മ. അമ്മയാണ് ആദ്യമായി ‘ചിന്ന ചിന്ന ആശൈ’ എന്ന പാട്ട് എനിക്ക് പറഞ്ഞു തരുന്നതൊക്കെ. അമ്മ പറഞ്ഞു തന്ന വരികള്‍ എഴുതിയെടുത്താണ് പാടിയതും. അന്നും ഇന്നും വളരെ മാനസികമായ അടുപ്പം ഉണ്ട് എനിക്ക് അമ്മയുമായി. കണ്ടിട്ട് ഒരുപാട് വര്‍ഷങ്ങളായി. എന്നെങ്കിലും സാധ്യമാവും എന്ന് കരുതുന്നു. പണ്ടത്തെ പോലെയല്ല അവിടുത്തെ സ്റ്റുഡിയോ. അത് ഒരുപാട് മാറി. അവിടുത്തെ രീതികളും മാറി. പക്ഷേ അമ്മയ്ക്കും മകനും ആ കുടുംബത്തിനും മാറ്റമുണ്ടാകില്ല എന്നറിയാം. എന്നും  ഒരുപാട് നേരം പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് ഞാന്‍, ആ പ്രാര്‍ത്ഥനയില്‍ എന്നും ഞാനോര്‍ക്കുന്നവരിലൊരാള്‍ അമ്മയാണ്. അതെനിക്ക് അറിയാം. അമ്മയ്ക്കും അറിയാം ഞാന്‍ അവരെ എന്നും ഓര്‍ക്കുമെന്ന്. അത്രയും മതിയല്ലോ. അമ്മയെ കണ്ടില്ലെങ്കില്‍ കൂടി അടുത്തുള്ള പോലെ എന്നും മനസ്സിലുണ്ട്. പോയി കാണണം എന്നും ആഗ്രഹമുണ്ട്. 

 

സ്‌നേഹക്കൂടാരത്തിനുള്ളില്‍

 

സ്‌നേഹകൂടാരത്തിനു നടുവിലാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചും അതിജീവിച്ചതും പിന്നെ ഇപ്പോള്‍ മുന്നോട്ടുപോകുന്നതും. കല്യാണം കഴിയുന്നതുവരെ അച്ഛന്‍ അമ്മ സഹോദരിമാര്‍, അതുകഴിഞ്ഞ് അവര്‍ക്കൊപ്പം ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷേ ഇന്നുണ്ടാവില്ല. ആ അച്ഛനമമ്മാര്‍ ഇന്നില്ല. പക്ഷേ അവരുടെ വെളിച്ചത്തിലാണ് ഞാനും എന്റെ ജീവിതവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com