ADVERTISEMENT

പാലനാട് എന്ന പേര് കഥകളി സംഗീതജ്ഞര്‍ക്കിടയില്‍ സുപരിചിതമാണ്. ഈ വീട്ടില്‍ നിന്നെത്തിയ സുദീപ് പാലനാടും നമുക്കിടയില്‍ വൈറല്‍ ആകുന്നത് ആ സംഗീതത്തെ പുതിയ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. സുദീപ് പാടിയ അജിതഹരേ വേര്‍ഷന്‍ ഒരുപാടുപേര്‍ ഇപ്പോഴും മനസ്സുകൊണ്ട് ഏറ്റുപാടുകയും നര്‍ത്തകര്‍ മുദ്രകള്‍ പകര്‍ന്നു മനോഹരമാക്കുകയും ചെയ്യുന്നുണ്ട്. കഥകളി സംഗീതം കേട്ടുവളര്‍ന്ന, കര്‍ണാടിക് സംഗീതം അഭ്യസിച്ച് അതിന്റെ വേരുകളിലൂന്നി നില്‍ക്കുന്ന പാട്ടുകളൊരുക്കിയ ആ സുദീപില്‍ നിന്നാണ് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘അല്‍ഹംദിലുല്ല...’ എന്ന ഗാനമെത്തിയത്. സൂഫി സംഗീതത്തിന്റെ ആത്മാംശമുള്ള പാട്ടൊരുക്കിയതിനെ കുറിച്ചും സംഗീതത്തിലെ നിലപാടുകളെ കുറിച്ചും സുദീപ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

 

പുതുചിത്രം മനോഹരഗാനം

 

ആദ്യമായി പാടിയത് സുരേഷ് ഗോപി ചിത്രമായ അപ്പോത്തിക്കരിക്കു വേണ്ടിയായിരുന്നു. എന്റെ സുഹൃത്ത് ശൈഖ് സംഗീതം നല്‍കിയ ചിത്രമായിരുന്നു അത്. അതിനുശേഷം ‘സമീര്‍’ എന്ന ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കു സംഗീതം നല്‍കി അതിൽ രണ്ടെണ്ണം ഞാന്‍ തന്നെ പാടുകയും ചെയ്തു. ചെമ്പന്‍ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശിഖാമണി’ എന്ന ചിത്രത്തിനു വേണ്ടിയും സംഗീതസംവിധാനം നിർവഹിച്ചു. ഏറ്റവും ഒടുവിലത്തേതാണ് സൂഫിയും സുജാതയും. പാട്ട് ശ്രദ്ധിക്കപ്പെടുന്നതില്‍  ഒരുപാട് സന്തോഷമുണ്ട്

 

എന്റേതുകൂടിയായ സൂഫിയും സുജാതയും 

 

ചിത്രത്തിന്റെ സംവിധായകന്‍ ഷാനു ഇക്ക (നരണിപ്പുഴ ഷാനവാസ്) അടുത്ത സുഹൃത്താണ്. അദ്ദേഹം ചെയ്ത ഭൂരിഭാഗം ഹ്രസ്വ ചിത്രങ്ങൾക്കും സംഗീതം പകര്‍ന്നതു ഞാനാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തു. സ്വതന്ത്ര സംഗീതത്തിലേക്കു ധൈര്യത്തോടെ ചെന്നുകയറാന്‍ പ്രചോദനമായത് ഷാനു ഇക്കയോടൊപ്പമുള്ള യാത്രകളും വര്‍ത്തമാനങ്ങളുമൊക്കെയാണ്. ഞാൻ സിനിമയെ സ്നേഹിച്ചു തുടങ്ങിയത് ഇക്കയിലൂടെയാണ്. ലോക സിനിമകള്‍ കാണാന്‍ തുടങ്ങിയതും അതില്‍ എങ്ങനെയാണ് സന്ദര്‍ഭോചിതമായി സംഗീതം പകര്‍ന്നിരിക്കുന്നത് എന്നൊക്കെ ചിന്തിക്കാന്‍ കാരണമായതും അദ്ദേഹം തന്നെ.

sudeep-deepa
സുദീപ് പാലനാട്, സഹോദരി ദീപ പാലനാട്

 

ഷാനു ഇക്ക ഈ സിനിമയെ കുറിച്ച് ആദ്യം എന്നോടാണു പറഞ്ഞത്. നാലഞ്ചു വര്‍ഷം മുന്‍പ് ഒരു യാത്രയ്ക്കിടയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴായിരുന്നു സിനിമയുടെ ത്രെഡ് കിട്ടിയത്. അന്നുമുതല്‍ ഈ സിനിമ എന്റേതും കൂടിയാണ്. പലവഴി തിരിഞ്ഞ്് ഒടുവില്‍ അത് ഫ്രൈഡേ ഫിലിംസ് എന്ന വലിയ ബാനറില്‍ എത്തി. ഞാന്‍ ഈ ഗാനം മുന്‍പേ തന്നെ ഈ സിനിമയ്ക്കായി ചെയ്തു വച്ചതാണ്. ചിത്രത്തിനു സംഗീതമൊരുക്കിയത് എം.ജയചന്ദ്രന്‍ സാറാണെങ്കിലും ഷാനു ഇക്കയ്ക്ക് എന്റെ പാട്ട് സിനിമയില്‍ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നിര്‍മ്മാതാവ് വിജയ് ബാബു സാറിനോടും ജയചന്ദ്രന്‍ സാറിനോടും സംസാരിക്കുന്നത്. അവര്‍ക്കും സന്തോഷമായി. അങ്ങനെ പാട്ട് സിനിമയിലെത്തി. അതുപോലെ പാട്ടിന് വരികളെഴുതിയ ഹരിനാരായണന്‍ ചേട്ടന്‍ എന്റെ ഏറ്റവുമടുത്ത സ്‌നേഹിതന്‍മാരിലൊരാളാണ്. എന്റെ വീട്ടില്‍ വരികയും വര്‍ത്തമാനം പറഞ്ഞിരിക്കുകയും ചെയ്യാറുള്ള പ്രിയപ്പെട്ടൊരാള്‍. എന്റെ വീട്ടിലെ സ്റ്റുഡിയോയിലിരുന്നാണ് അദ്ദഹം പാട്ടെഴുതിയത്. 

 

ഈ സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് എത്രയോ കാലമായിരിക്കുന്നു. സ്‌ക്രിപ്റ്റ് എഴുതുന്ന ഓരോ ഘട്ടത്തിലും അതിന്റെ വിശദാംശങ്ങള്‍ എന്നോടും കൂടി ഷാനു ഇക്ക പറയുമായിരുന്നു. ഓരോ തവണയും എഴുതി കഴിഞ്ഞ് അതിന്റെ പിഡിഎഫ് അയക്കും. ചില സമയം ആ മെയില്‍ വായിക്കുന്നത് അമ്മയോ ഭാര്യയോ ഒക്കെയായിരിക്കും. അങ്ങനെ സൂഫിയും സുജാതയും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെയായി. അവര്‍ക്കായൊരു പാട്ട് ചെയ്യുന്നു എന്നേ കരുതിയുള്ളൂ. അങ്ങനെ എല്ലാ തരത്തിലും ഈ ചിത്രവും ഗാനവും എന്റേതുകൂടിയായി. 

 

കര്‍ണാടക സംഗീതത്തിനും കഥകളി സംഗീതത്തിനുമൊപ്പം സൂഫി സംഗീതം 

 

മലപ്പുറം ജില്ലയിലെ കട്ടുപ്പാറ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളർന്നത്. ഗ്രാമങ്ങളുടേതായ എല്ലാ ഭംഗിയുമുള്ളൊരിടം. അവിടെയുള്ളൊരു മനയില്‍ ജനിച്ച ഞാന്‍ ‘അല്‍ഹംദുലില്ലാഹ്’ എന്ന് പാടുന്നതില്‍ പലര്‍ക്കും ആശ്ചര്യം തോന്നിയേക്കാം. സൂഫി സംഗീതത്തിനോടു ചേര്‍ന്നുനില്‍ക്കുന്നൊരു ഗാനം എങ്ങനെ സംഗീതം നല്‍കി പാടി എന്നൊക്കെ ചിന്തിക്കാം. ആ സംഗീതത്തിന്റെ ഭംഗി ആദ്യം മനസ്സിലേക്കു തന്നത് എന്റെ വീടിന്റെ നാലു ദിക്കിലുമുള്ള പള്ളികളാണ്. അവിടെ നിന്നുള്ള ബാങ്ക് വിളിയും പ്രാര്‍ത്ഥനയും എന്നും മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെയാണ് മനസ്സിലേക്ക് സൂഫി സംഗീതം ഒരു ഭ്രാന്തുപോലെ വന്നെത്തുന്നത്. അതൊക്കെയാണ് ഈ പാട്ടുണ്ടാക്കാനുള്ള മൂലധനം. ഭാഷയ്ക്ക് എന്ന പോലെ സംഗീതത്തിനും അതിര്‍വരമ്പുകളില്ലല്ലോ. എല്ലാ സംഗീതവും സത്യമാണ് അതുല്യവുമാണ്. അതിലേക്ക് ഏറ്റവും ആത്മാര്‍ത്ഥതയോടെ ചെന്നിറങ്ങുന്നവര്‍ക്കു മുന്നിലേക്ക് അതേ രീതിയിലേക്ക് സംഗീതവും വന്നെത്തും എന്നു ഞാന്‍ വിശ്വസിച്ചു. ആ വിശ്വാസം പാട്ടിലൂടെ തെളിയിക്കപ്പെട്ടു.

 

അമൃതയ്ക്കൊപ്പം

 

ഈ പാട്ട് ഒരു പുരുഷ ശബ്ദത്തിനു ചേരുന്ന വിധത്തിലാണ് ആദ്യം ഒരുക്കിയത്. പിന്നീട് സിനിമയുടെ സ്‌ക്രിപ്റ്റ് മാറിയതോടെ അത് സൂഫിയുടെ മാത്രമല്ല സുജാതയുടെയും കൂടി പാട്ട് ആയി. യുഗ്മഗാനത്തിനു വേണ്ടിയുള്ള പെണ്‍സ്വരം തേടിയുള്ള അന്വേഷണം അമൃത സുരേഷിലെത്തി. പാട്ട് നന്നായി വരാന്‍ അമൃതയും ഒരുപാട് കഷ്ടപ്പെട്ടു. പാട്ടിന്റെ ഈണം പലവിധത്തില്‍ മാറ്റിയിട്ടുണ്ട്. എത്ര സമയം വേണമെങ്കിലും ചെലവിട്ട് പാടാന്‍ അമൃത തയ്യാറായിരുന്നു. അങ്ങനെയുണ്ടായ ഗാനമാണിത്. 

 

സ്വന്തം ഈണത്തില്‍ പാടുമ്പോള്‍

 

ആല്‍ബങ്ങള്‍ക്കായി സംഗീതമൊരുക്കിയപ്പോള്‍ അതെനിക്കു തന്നെ പാടാന്‍ തോന്നി. ആ ഈണങ്ങള്‍ മറ്റാരെക്കാളും നന്നായി ഉള്‍ക്കൊണ്ട് പാടാനാകും എന്നു തോന്നി. സംഗീത സംവിധായകര്‍ക്ക് പാടാനും കൂടിയുള്ള ആത്മവിശ്വാസം കിട്ടുമ്പോഴാണ് അങ്ങനെ ചിന്തിക്കുന്നത്. ഗായകനാകുക എന്നത് മനസ്സില്‍ ഇല്ലാത്ത കാര്യമായിരുന്നു. സിനിമയ്ക്ക് സംഗീതമൊരുക്കിയതോടെയാണ് ആ ചിന്ത മാറിയത്. ആദ്യ ചിത്രത്തിലെ പാട്ടുകള്‍ക്ക് ട്രാക്ക് പാടിയത് ഞാന്‍ തന്നെയായിരുന്നു. 

 

ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനുമൊക്കെ പലപ്പോഴായി ആ വേര്‍ഷന്‍ കേട്ടു. പിന്നീട് ഒറിജിനല്‍ റെക്കോഡിങിന്റെ കാര്യം പറഞ്ഞപ്പപോള്‍ ഇനിയിപ്പോള്‍ ഇത് മാറ്റണ്ട് എന്നു പറഞ്ഞതിന്റെ ഫലമായി ആ പാട്ടുകള്‍ ഞാന്‍ തന്നെ പാടിയതാണ്. സൂഫിയും സുജാതയും ചിത്രത്തിലെ കാര്യവും അങ്ങനെ തന്നെ. ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ട വിജയ് ബാബു സര്‍ ഇനിയിപ്പോ ഇതെന്തിനാ വേറെ ആരെയെങ്കിലും കൊണ്ടു പാടിക്കുന്നത് ഇത് നന്നായിട്ടുണ്ടെന്നും പറഞ്ഞു.  സംഗീത സംവിധായകര്‍ എന്താണോ ഉദ്ദേശിക്കുന്നത് അതിന്റെ ഇരട്ടി മനോഹാരിതയോടെ പാടിത്തരുന്ന പ്രഗത്ഭരായ ഒരുപാട് ഗായകര്‍ നമുക്കുണ്ട്. അതുകൊണ്ട് എന്നും എന്റെ സംഗീതത്തില്‍ ഞാന്‍ തന്നെ പാടുകയില്ല.

 

ഐഡന്റിറ്റിയും നിലപാടും

 

സംഗീതത്തെ വളരെ ഗൗരവത്തോടെയാണു ഞാന്‍ കാണുന്നത്. അതൊരുപക്ഷേ സംഗീതാത്മകമായ അന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടാകാം. സിനിമ സംഗീതത്തിലും സമാന്തര സംഗീത രംഗത്തും പ്രവര്‍ത്തിക്കണം എന്നു വിചാരിക്കുന്നു. ഒരു സിനിമയ്ക്കോ ആല്‍ബത്തിനോ സംഗീതം നല്‍കുമ്പോള്‍ അതിന്റെ സംവിധായകര്‍ എന്നോ കേട്ട്  ഇഷ്ടപ്പെട്ട  സംഗീത ശൈലിയോടോ പാട്ടിനോടോ സാമ്യമുള്ളതു പോലെ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. സ്വതന്ത്ര സംഗീത രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ അത് അനുസരിക്കാന്‍ ബാധ്യതയുണ്ട്. പക്ഷേ അത് പൂര്‍ണമായും കോപ്പിയടിയുടെ തലത്തിലേക്കു പോകുന്നതിനോട് ഒട്ടും യോജിപ്പില്ല. എല്ലാത്തിത്തിലുമുപരി നമ്മളുണ്ടാക്കുന്ന സംഗീതത്തില്‍ തൊണ്ണൂറു ശതമാനവും നമ്മുടെ ഒരു നിലപാട്, ഒരു ഐഡന്റിറ്റി ആണ് പ്രതിഫലിക്കേണ്ടത് എന്ന് ആഗ്രഹിച്ചു കൊണ്ടാണ് സംഗീത രംഗത്തേക്കു വന്നത്. ഇതുവരെ ചെയ്ത ബാലെ, ചാരുലത  എന്നീ ആല്‍ബങ്ങള്‍ പൂര്‍ണ്ണമായും എന്റെ മനസ്സിലുള്ള സംഗീത ചിന്തയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പ്രേക്ഷകരിൽ ഒരു വിഭാഗമെങ്കിലും അത് മനസ്സറിഞ്ഞു സ്വീകരിക്കുകയും എന്റെ നിലപാടുകള്‍ ശരിയാണെന്നു പറയുകയും ചെയ്യുമ്പോൾ അതുമായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം ലഭിക്കുന്നു. 

 

പാട്ടിന്‍ വീട്ടില്‍

 

ഞങ്ങളുടെ കുടുംബം പാലനാട് മന പാരമ്പര്യമുള്ള ഒരു കുടുംബമാണ്. അച്ഛന്‍ പാലനാട് ദിവാകരന്‍ കഥകളി സംഗീതത്തില്‍ പ്രശസ്തനാണ്. സംഗീതം പഠിക്കാന്‍  തുടങ്ങിയത് അച്ഛനിലൂടെയാണ്. അമ്മയ്ക്കും സംഗീതത്തിൽ അറിവുണ്ട്. അച്ഛന്‍ മാത്രമല്ല ചേച്ചി ദീപയും എന്റെ ഗുരുവാണ്. ഞങ്ങളുടെ അരങ്ങേറ്റവും ഒരുമിച്ചായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗുരുവായൂരില്‍ കുചേലവൃത്തം കഥകളി പാടി അരങ്ങേറി. പിന്നീട് ഒരുപാട് വേദികളില്‍ ഒന്നിച്ചു പാടി. സൂരജ്.എസ് കുറുപ്പ് സംഗീതം നല്‍കിയ ‘ലൂക്കാ’ എന്ന ചിത്രത്തിലെ ‘നീയില്ലാ നേരം...’ എന്ന യുഗ്മഗാനത്തിൽ ചേച്ചിയും ഭാഗമായിട്ടുണ്ട്. ചേച്ചി കഥകളി സംഗീതത്തില്‍ ഉറച്ചു നിന്നപ്പോള്‍ ഞാന്‍ സ്വതന്ത്ര സംഗീതത്തിലേക്കു പോയി. ഞാൻ ഈണം നൽകിയ പാട്ട് ശ്രദ്ധ നേടിയതില്‍ വീട്ടുകാര്‍ക്കു മാത്രമല്ല നാട്ടുകാര്‍ക്കും ഒരുപാട് സന്തോഷം. അച്ഛനും അമ്മയും മാത്രമല്ല ഞങ്ങള്‍ രണ്ടാളുടേയും ജീവിത പങ്കാളികളും സംഗീതകാര്യത്തില്‍ എല്ലാ പിന്തുണയും നൽകിയാണ് ഒപ്പം നില്‍ക്കുന്നത്.

 

സംഗീതമേ ജീവിതം

 

സംഗീതമാണ് എന്റെ വഴിയെന്ന് എനിക്കു തിരഞ്ഞെടുക്കേണ്ടി വന്നില്ല. അത് എന്നെ കൂട്ടി മുന്നോട്ടു പോവുകയായിരുന്നു. കഥകളി സംഗീതം കേട്ടാണു  വളര്‍ന്നത്. അഞ്ചാം വയസ്സിൽ അച്ഛനില്‍ നിന്നു ചേച്ചിയ്ക്കൊപ്പം സംഗീതം പഠിച്ചു തുടങ്ങി. കര്‍ണാടിക് സംഗീതം പഠിച്ചത് പൂര്‍ണമായും ഗുരുകുല സമ്പ്രദായത്തിലായിരുന്നു. വെള്ളിനേഴി സുബ്രഹ്മണ്യന്‍, പുന്നപ്പുഴ രാമനാഥന്‍ എന്നീ ഗുരുക്കന്‍മാരുടെ വീട്ടില്‍ താമസിച്ചും അവരെന്റെ വീട്ടില്‍ വന്നുനിന്നുമൊക്കെയാണ് പഠിച്ചത്. വിഷ്വല്‍ കമ്മ്യൂണിക്കേഷനും സൗണ്ട് എഞ്ചിനീയറിങ് പഠനവും പൂർത്തിയാക്കിയ ശേഷം കുറച്ചു കാലം ഞാന്‍ ഒരു ചാനലില്‍ ജോലി ചെയ്തു. പിന്നീടാണ് സംഗീതത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഔസേപ്പച്ചന്‍ സാറിന്റെ അസിസ്റ്റന്റ് ആയാണു തുടക്കം. ബോധി സൈലന്റ് സ്‌കേപ്പ് പുറത്തിറക്കിയ ബാലെ, ചാരുലത എന്നീ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയതാണ് ജീവിതത്തിലെ വഴിത്തിരിവ്.

 

പ്രചോദനം നൽകിയ ബിജിയേട്ടന്‍

 

എനിക്കേറ്റവും ആത്മബന്ധമുള്ള വ്യക്തികളില്‍ ഒരാളാണ് ബിജിബാല്‍. ബിജിയേട്ടന്‍, നന്ദു ചേട്ടന്‍ അവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ ബോധി സൈലന്റ് സ്‌കേപ്, ബിജിയേട്ടന്റെ ഭാര്യ ശാന്തി ചേച്ചി അവരെല്ലാം എന്നും നന്മകളേ ചെയ്തിട്ടുള്ളൂ. ഞാനും ശ്രുതി ചേച്ചിയും (ശ്രുതി നമ്പൂതിരി) ബാലെ മ്യൂസിക് വിഡിയോയുടെ ആശയവുമായി നില്‍ക്കുന്ന കാലത്ത് ബിജിയേട്ടനാണ് ചെറിയൊരു തുക കൈയില്‍ വച്ചു തന്നിട്ട് മുന്നോട്ടു പോകൂ എന്നു പറഞ്ഞത്. അത് യാഥാര്‍ഥ്യമാകാന്‍ തന്നെ കാരണക്കാരനായത് അദ്ദേഹമാണ്. ചാരുലത എന്ന സംഗീത വിഡിയോ ചെയ്യുമ്പോള്‍ ബോധി റിലീസിങ് പാര്‍ട്ണര്‍ ആയി. അത് ബിജിയേട്ടനോടുള്ള ഇഷ്ടം കൊണ്ടു സംഭവിച്ചതാണ്. കാരണം ആ സമയമായപ്പോള്‍ കുറേ കമ്പനികള്‍ റിലീസിങ് പാര്‍ട്ണര്‍ ആകാന്‍ വേണ്ടി എത്തിയിരുന്നു. അത് ഹിറ്റ് ആയപ്പോള്‍ ബിജിയേട്ടന്‍ തന്നെയാണ് പറഞ്ഞത് ബോധിയുടേതായിട്ടല്ല നിങ്ങളുടെ ഐഡന്റിറ്റിയില്‍ ഈ പാട്ടുകള്‍ റിലീസ് ചെയ്യണം എന്ന്. അത്രമാത്രം നിസ്വാര്‍ത്ഥനായ മനുഷ്യനാണ് അദ്ദേഹം. ഇങ്ങനെയുള്ള കുറേയാളുകളുടെ വലയം തന്നെ എനിക്കു ചുറ്റുമുണ്ട്. അതാണ് സംഗീതത്തിലേക്ക് ഓരോ ദിനത്തിലും കൂടുതല്‍ ശക്തിയോടെ ചേര്‍ത്തു നിര്‍ത്തുന്നത്.

 

എന്നെന്നും ബാബുക്ക

 

ബാബുക്ക (എം.എസ്.ബാബുരാജ്), ജോണ്‍സണ്‍ മാസ്റ്റര്‍, വിദ്യാസാഗര്‍ സര്‍, എ.ആര്‍.റഹ്മാന്‍ എന്നിവരാണ് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകര്‍. എങ്കിലും കുറച്ചധികം ഇഷ്ടം ബാബുക്കയോടാണ്. അവരൊക്കെ ചെയ്തുവച്ച മനോഹരങ്ങളായ ഗാനങ്ങള്‍ക്ക് കവര്‍ വേര്‍ഷന്‍ ഒരുക്കുന്നത് ഇ്ഷ്ടമുള്ള പരിപാടി ആണെങ്കിലും ഞാന്‍ മനപൂര്‍വ്വം അതിനു അധികം മുതിരാറില്ല. കാരണം എത്ര കവര്‍ വേര്‍ഷനുകള്‍ കേട്ടാലും ഒറിജിനല്‍ തന്നെയായിരുന്നു എന്നും മനോഹരം.

 

പാട്ടുകാരന്റെ നിലനില്‍പ്

 

സാമ്പത്തികമായ വശത്തെ കുറിച്ച് ഞാന്‍ ആലോചിക്കാറില്ല. അത് അതിന്റേതായ രീതിയില്‍ അങ്ങു പോകും എന്നാണ് ചിന്തിക്കുന്നത്. പക്ഷേ എനിക്ക് സംഗീതമില്ലെങ്കില്‍ അതിനോട് ആത്മാര്‍ഥത പുലര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പില്ല എന്നറിയാം. ആ ചിന്തയില്‍ നിന്നാണ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസികിലേക്ക് എത്തിയത്. എങ്ങനെ സംഗീതം കൊണ്ട് മറ്റുള്ളവരെ ജീവിപ്പിക്കാം സന്തോഷിപ്പിക്കാം നമ്മുടെ സംഗീതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു കിട്ടുന്നു എന്നിങ്ങനെയുള്ള ചിന്തകളാണ് കൂടുതല്‍ കൗതുകവും വ്യക്തിപരമായി സംതൃപ്തി തരുന്നതുമായ കാര്യം. ഇതേ രീതിയിൽ ചിന്തിക്കുന്ന കുറേ സുഹൃത്തുക്കളുമുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നു തുടങ്ങിയതാണ് വേള്‍ഡ് മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍. സംഗീതം കൊണ്ട് എങ്ങനെ മറ്റുള്ളവരെ സഹായിക്കാമെന്ന അന്വേഷണത്തിന് എനിക്ക് കിട്ടിയ ഉത്തരങ്ങളിലൊന്നാണിത്. നിലനില്‍പ് എന്ന് ചിന്തിക്കുമ്പോള്‍ അതു മാത്രമാണ് മനസ്സില്‍ വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com