ബോളിവുഡ് ഈസി അല്ല, സുശാന്തിന്റെ മരണം വേദനിപ്പിച്ചു; മനസു തുറന്ന് സന മൊയ്തൂട്ടി
Mail This Article
കേൾക്കുന്നവരുടെ ഉടലിലേക്ക് ഒരു താളമായി സംക്രമിക്കുന്ന പാട്ടാണ് സന മൊയ്തൂട്ടിയുടേത്. ഏതു പാട്ടും സന പാടുമ്പോൾ ഭാഷ അറിയാത്തവർ പോലും അതു കേട്ട് രസിച്ചിരിക്കും. അതിനു തെളിവാണ്, സന കവർ പാടിയ മലയാളം പാട്ടുകൾക്ക് ഉത്തരേന്ത്യയിൽ ലഭിച്ച സ്വീകാര്യത. ഈ പാട്ടുകളെ മലയാളികൾ കണക്കറ്റ് വിമർശിച്ചിട്ടുണ്ടെങ്കിലും അവ ഇഷ്ടപ്പെടുന്നവരും കുറവല്ല. ടാലന്റ് മാനേജർമാരും കോടികൾ മറയുന്ന മ്യൂസിക് കമ്പനികളും അടക്കിവാഴുന്ന ബോളിവുഡിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ ഒരു പാട്ടു പാടിക്കൊണ്ടാണ് വിമർശകർക്കു മുന്നിൽ സന തലയുയർത്തി നിൽക്കുന്നത്.
ജന്മം കൊണ്ട് മലയാളിയാണെങ്കിലും മുംബൈ നഗരത്തിലാണ് സനയുടെ പാട്ടും ജീവിതവും. കടുത്ത മത്സരമുള്ള ബോളിവുഡ് സിനിമാസംഗീതലോകത്ത് സന മൊയ്തൂട്ടി സ്വന്തം പേര് എഴുതി ചേർത്തതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. വമ്പൻ സിനിമാ ഓഫറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം ചാനൽ വഴി സ്വതന്ത്ര സംഗീതത്തിന്റെ മറുവഴി തേടിക്കൊണ്ടാണ് സനയുടെ യാത്ര. സംഗീതവിശേഷങ്ങളുമായി സന മൊയ്തൂട്ടി മനോരമ ഓൺലൈനിൽ.
ഞാൻ മുംബൈ മലയാളി
ഞാൻ ജനിച്ചതും വളർന്നതും മുംബൈയിലാണ്. മലയാളം പാട്ടുകൾ കേൾക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നില്ല. ടെലിവിഷനിൽ വരുന്ന മലയാളം സിനിമകൾ മാത്രമാണ് കാണാൻ പറ്റിയിരുന്നത്. മലയാളം സിനിമകളുടെ വലിയൊരു ആരാധികയാണ് ഞാൻ. എൻജിനീയറിങ് കഴിഞ്ഞാണ് ഞാൻ സംഗീതത്തിലേക്ക് വരുന്നത്. സ്കൂൾ കാലം മുതലേ ടിവിയിൽ വരുന്ന എല്ലാ മലയാളം സിനിമകളും കാണും. അതിലൂടെ കണ്ട പാട്ടുകൾ എന്റെ ഓർമയിൽ ഇപ്പോഴുമുണ്ട്. ആ പാട്ടുകളാണ് ഞാൻ പിന്നീട് കവർ ചെയ്യാനായി തിരഞ്ഞെടുക്കുന്നതും. ആദ്യം ചെയ്തത് പൊൻവീണേ എന്ന പാട്ടായിരുന്നു. അതെങ്ങനെ സ്വീകരിക്കപ്പെടുമെന്നതിൽ ആശങ്കയുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ആ ഗാനത്തിന് എനിക്ക് ലഭിച്ചത്. വലിയ സന്തോഷം തോന്നി. കൂടുതൽ മലയാളം ഗാനങ്ങൾ ചെയ്യാൻ പ്രചോദനമായത് ആ ഗാനത്തിന് ലഭിച്ച പോസിറ്റീവ് കമന്റുകളാണ്.
വിമർശിക്കപ്പെട്ട കറുത്ത പെണ്ണ്
ഏറ്റവും കൂടുതൽ പേർ സ്വീകരിച്ചതും വിമർശിച്ചതും കറുത്ത പെണ്ണേ എന്ന പാട്ടിന്റെ കവർ ആയിരുന്നു. അതിലെ റാപ്പ് സെക്ഷൻ എന്റേതായ ഒരു കൂട്ടിച്ചേർക്കലായിരുന്നു. ആ പാട്ടിന് എന്റേതായ രീതിയിൽ ഒരു വ്യാഖ്യാനം നൽകാനാണ് ശ്രമിച്ചത്. ഒറിജിനൽ പാട്ടിൽ ഇല്ലാത്ത റാപ്പ് കൂട്ടിച്ചേർത്തതിനെ നിരവധി പേർ വിമർശിച്ചു. ഞാനെന്തിന് അത് ചെയ്തെന്ന് ചോദിച്ചവരുണ്ട്. അതിൽ എനിക്ക് പറയാനുള്ളത്, ആ പാട്ട് എന്റേയും പ്രിയപ്പെട്ട ഒരു ട്രാക്കാണ്. അതിന് എന്റേതായ ഒരു വ്യാഖ്യാനം കൊടുക്കാനാണ് ഞാൻ ശ്രമിച്ചത്. നെഗറ്റീവ് കമന്റ്സ് ഞാൻ ഗൗരവമായി എടുത്തതേയില്ല. ആളുകളുടെ പൾസ് അറിയാനുള്ള ഒരു അവസരമായിരുന്നു അത്. പിന്നെ, ഒരു ആർടിസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും ഇഷ്ടപ്പെടണമെന്നോ അംഗീകരിക്കണമെന്നോ ഇല്ലല്ലോ. വിമർശനങ്ങൾ നല്ലതാണ്. പക്ഷേ, ചില കമന്റുകൾ നമ്മെ വ്യക്തിപരമായി അധിക്ഷേപിക്കാനും വേദനിപ്പിക്കാനും മാത്രം ലക്ഷ്യം വച്ചുള്ളതാണ്. അതു ഞാൻ ശ്രദ്ധിക്കാറേയില്ല. അങ്ങനെ കമന്റിടുന്നവർക്ക് സ്വന്തമായി ഒരു ഡിപി പോലും ഉണ്ടാകില്ല. മുഖമില്ലാത്ത അത്തരം ആളുകൾ പറയുന്നത് ഞാനെന്തിന് പരിഗണിക്കണം?
ബോളിവുഡ് സമ്മർദ്ദങ്ങളുടെ ഇൻഡസ്ട്രി
സുശാന്തിന്റെ മരണം എന്നെ വളരെ അസ്വസ്ഥയാക്കി. എന്നെ വ്യക്തിപരമായി പോലും അതു ബാധിച്ചു. കുറച്ചു ദിവസങ്ങൾ എനിക്ക് ജോലി ചെയ്യാൻ പോലും പറ്റിയില്ല. ബോളിവുഡ് പോലെ ഇത്രയും മത്സരമുള്ള എന്റർടെയ്ൻമെന്റ് മേഖലയിൽ നിൽക്കുമ്പോഴുള്ള ഒരാളുടെ മാനസിക നിലയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആ മരണം ഇടയാക്കി. ഈ മേഖലയിൽ ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദം വളരെ സാധാരണമാണ്. അരക്ഷിതാവസ്ഥയും സമ്മർദ്ദവും വളരെ വലുതാണ്. അതു നേരിടാൻ പഠിക്കലാണ് ഇവിടെ നിൽക്കുമ്പോൾ ആദ്യം പഠിക്കേണ്ടത്. പലരും ഈ സമ്മർദ്ദങ്ങൾക്കു മുന്നിൽ തകർന്നു പോകും. ബോളിവുഡ് ഈസി അല്ല. ഇവിടെ ഒരു ഇടമുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. സമാന്തരമായി നമ്മുടേതായ ഒരു പാത ഉണ്ടാക്കുക എന്ന രീതിയാണ് ഞാൻ പിന്തുടർന്നത്. ലക്ഷ്യം ബോളിവുഡ് മാത്രമായി വച്ചാൽ ഒരുപക്ഷേ നിരാശപ്പെട്ടേക്കാം. കരിയറിന്റെ തുടക്കത്തിൽ തന്നെ ഞാൻ സ്വന്തമായ യുട്യൂബ് ചാനൽ തുടങ്ങി. പ്ലേബാക്ക് ചെയ്താലും എന്റെ വർക്കുകൾ പങ്കുവയ്ക്കാൻ എനിക്കൊരു പ്ലാറ്റ്ഫോം വേണമായിരുന്നു. സിനിമയിൽ പാടാൻ അവസരം കിട്ടിയില്ലെങ്കിലും എനിക്ക് എന്റേതായ പ്രൊജക്ടുകളുമായി മുന്നോട്ടു പോകാനുള്ള വഴിയാണ് അതിലൂടെ തുറന്നത്.
ടാലന്റ് മാനേജർ പ്രധാനം
ഒരു ആർടിസ്റ്റിന് തീർച്ചയായും ടാലന്റ് മാനേജർ വേണം. പ്രത്യേകിച്ചും ബോളിവുഡിൽ. അത് പ്രധാനമാണ്. എന്റെ ടാലന്റ് മാനേജർ ബെൻ തോമസാണ്. അദ്ദേഹം മലയാളിയാണ്. കരിയറിൽ ഇത്രയും കാര്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഒരു ആർടിസ്റ്റിന് ഒറ്റയ്ക്ക് ഇടപെടാൻ കഴിയാത്ത മേഖലകളുണ്ട്. കരിയറിൽ മുന്നേറണമെങ്കിൽ നിരവധി ഘടകങ്ങൾ വളരെ നിർണായകമാണ്. തീർച്ചയായും കുടുംബത്തിന്റെ പിന്തുണ വേണം. പിന്നെ, നല്ല നിർദേശങ്ങൾ നൽകുന്ന ടാലന്റ് മാനേജ്മെന്റ് സംഘം വേണം. കൂടാതെ, സിനിമയ്ക്ക് സമാന്തരമായി സ്വന്തമായ ഒരു പ്ലാറ്റ്ഫോം വേണം. ഇതൊക്കെയുണ്ടെങ്കിലേ ബോളിവുഡിൽ മുന്നോട്ടു പോകാൻ കഴിയൂ. ബോളിവുഡ് ഒരു ഗ്ലാമർ ലോകമാണ്. സിനിമയ്ക്കു വേണ്ടി പാട്ടു ചെയ്യുന്നത് വളരെ രസകരമായ അനുഭവമാണ്. സൂപ്പർതാരങ്ങളുടെ ശബ്ദമായി വലിയ തിരശീലയിൽ നിങ്ങളെ കേൾക്കുന്നത് ഒരു പ്രത്യേക ഫീലാണ്. റഹ്മാൻ സാറിനൊപ്പം വർക്ക് ചെയ്യാൻ കിട്ടിയ അനുഭവം സ്വപ്നം പോലെയായിരുന്നു. 'മോൻജൊദാരോ'യിലെ 'തൂ ഹേ' എന്ന ഗാനം അദ്ദേഹത്തിനൊപ്പമാണ് പാടിയത്. ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല. ബോളിവുഡിലെ വമ്പൻ ബാനറിൽ ജാവേദ് സാറിനെപ്പോലെയുള്ള പ്രതിഭകളുടെ പേരിനൊപ്പം എന്റെ പേരും വന്നത് സ്വപ്നതുല്യമായ നിമഷമായിരുന്നു.
വീട്ടിലിരുന്ന് മ്യൂസിക് പ്രൊഡക്ഷൻ
എന്റെ ഏറ്റവും വലിയ വിമർശക വീട്ടിലുണ്ട്. എന്റെ സോഹദരി സജിത. അവൾ എല്ലായ്പ്പോഴും ക്യാമറയ്ക്കു പുറകിലാണ്. എന്റെ എല്ലാ പ്രൊഡക്ഷനിലും സജിതയുടെ വലിയൊരു കോൺട്രിബ്യൂഷനുണ്ട്. പാട്ടിലായാലും സ്റ്റൈലിങ്ങിൽ ആയാലും വിഷ്വൽസിലായാലും സജിതയ്ക്കു കൃത്യമായി കാര്യങ്ങൾ അറിയാം. പലപ്പോഴും ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ, അവളൊരിക്കലും മുഖസ്തുതി പറയില്ല. തോന്നുന്നത് കൃത്യമായി മുഖത്തു നോക്കി പറയും. ലോക്ഡൗണിൽ ഞങ്ങൾ വീട്ടിലിരുന്ന് തന്നെ ഒരു പാട്ട് ചെയ്തു. 'സമ്മർ ഇൻ ബത്‍ലഹമി'ലെ ചൂളമടിച്ചു കറങ്ങി നടക്കും എന്ന പാട്ടിന്റെ കവർ. സജിതയാണ് ഷൂട്ട് ചെയ്തത്. എഡിറ്റിങ് ഞാൻ ചെയ്തു. വീട്ടിൽ തന്നെ പാടി റെക്കോർഡ് ചെയ്തു. ടെറസിലായിരുന്നു ഷൂട്ട്. അതുകൊണ്ടു തന്നെ, ഈ പാട്ട് എനിക്ക് സ്പെഷലാണ്.