ADVERTISEMENT

അകാലത്തിൽ വേർപെട്ടുവെങ്കിലും അങ്ങകലെ എവിടെയോ ഇരുന്ന് പ്രിയപ്പെട്ട അമ്മ കേൾക്കുമെന്ന പ്രതീക്ഷയിലാണ് ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് പ്രിയപ്പെട്ട അമ്മയ്ക്കായി സംഗീതാദരമൊരുക്കിയത്. അമ്മയോടുള്ള മുഴുവൻ സ്നേഹവും ആദരവും പ്രകടിപ്പിച്ച് അമ്മയുടെ ഏറ്റവും ജനപ്രിയങ്ങളായ മായാമഞ്ചലിൽ, കാനനക്കുയിലേ, ദേവസംഗീതം എന്നീ ഗാനങ്ങൾ കോർത്തിണക്കി മെഡ്‌ലി ഒരുക്കിയപ്പോൾ അത് ആസ്വാദക ഹൃദയങ്ങളെ ഒന്നാകെ തൊട്ടുണർത്തുമെന്ന് ദേവിക പ്രതീക്ഷിച്ചിരുന്നില്ല. സംഗീതത്തിൽ ശരിയായ പരിശീലനം കിട്ടിയിട്ടില്ലെങ്കിലും അമ്മയിൽ നിന്നും പകർന്നു കിട്ടിയ സംഗീത വാസന മകളുടെ പാട്ടിൽ പ്രതിഫലിച്ചു. അത് പ്രേക്ഷകർ നെഞ്ചേറ്റുകയും ചെയ്തു. ‘ഇത് എന്നും എന്റെ കൂടെത്തന്നെയുള്ള പ്രിയപ്പെട്ട അമ്മയ്ക്കായുള്ള എന്റെ സ്നേഹമാണ്’ എന്ന് ദേവിക പറയുമ്പോൾ അറിയാതെയാണെങ്കിലും ആ വാക്കുകൾ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കും. കാരണം അർബുദ രോഗത്തെത്തുടർന്ന് അഞ്ചു വർഷങ്ങൾക്കു മുൻപ് രാധിക തിലക് വിടപറഞ്ഞപ്പോൾ മലയാളികൾക്കു നഷ്ടമായത് അത്രമേൽ മധുപൊഴിയും സുന്ദരനാദമായിരുന്നു. അമ്മയ്ക്കായൊരുക്കിയ സ്നേഹപ്പാട്ടിനെക്കുറിച്ച് ദേവിക സുരേഷ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

 

എന്റെ സുജു അമ്മായിയും ശ്വേത ചേച്ചിയും

radhika-thilak-family

 

അമ്മയ്ക്ക് വേണ്ടി സാംഗീതാദരം ഒരുക്കണമെന്ന് കുറച്ചു നാളുകളായി ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോഴാണ് അതിനുള്ള ഒരു സാഹചര്യം കിട്ടിയത്. ഞാൻ ഇപ്പോൾ ബെംഗലുരുവിൽ ഒരു കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി ചെയ്യുകയാണ്. ജോലിത്തിരക്കുകൾക്കിടയിൽ പാട്ടൊരുക്കാൻ സമയം കിട്ടുമായിരുന്നില്ല. ഇപ്പോൾ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു ഒഴിവു സമയം കിട്ടിയപ്പോൾ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിച്ചു. അങ്ങനെ അച്ഛനോടും സുജ അമ്മായിയോടും (സുജാത മോഹൻ) ശ്വേത ചേച്ചിയോടും (ശ്വേത മോഹൻ) ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചു. എല്ലാ പിന്തുണയും നൽകി അവർ ഒപ്പം നിന്നു. പാട്ടിൽ പിയാനോയിൽ താൻ ഈണമൊരുക്കാമെന്ന് ശ്വേത ചേച്ചി എന്നോട് ഇങ്ങോട്ടു പറഞ്ഞു. അത് കേട്ടപ്പോൾ വലിയ സന്തോഷവും ആത്മവിശ്വാസവും തോന്നി. സുജു അമ്മായിയും ശ്വേത ചേച്ചിയും ഇല്ലായിരുന്നെങ്കിൽ ഈ ഗാനം ഒരിക്കലും സാധ്യമാകുമായിരുന്നില്ല.

 

ഈ വിജയം അമ്മയോടുള്ള സ്നേഹം

 

പാട്ട് റിലീസ് ചെയ്തപ്പോൾ മുതൽ വലിയ സന്തോഷത്തിലും ആകാംക്ഷയിലുമായിരുന്നു ഞാൻ. എന്നാൽ ഇത്രയും മികച്ച പ്രതികരണങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഒരുപാട് പേർ ഫോൺ വിളിച്ചും മെസ്സേജുകൾ അയച്ചും പ്രശംസിച്ചു. അത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അമ്മയോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും പേർ പാട്ട് കണ്ടതും ഇഷ്ട്ടപ്പെട്ടതും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാട്ട് പാടുന്നത്. പൊതു വേദികളിൽ പാട്ട് അവതരിപ്പിക്കുകയൊന്നും ചെയ്തിട്ടില്ല. യഥാർഥത്തിൽ എന്റെ ആലാപനത്തിനൊപ്പം ശ്വേത ചേച്ചിയുടെ പിയാനോ സംഗീതം കൂടി ചേർന്നത് കൊണ്ടാണ് പാട്ട് ഇത്ര സുന്ദരമായത്. 

 

എന്റെ പ്രിയപ്പെട്ട ‘അമ്മ’ ഗാനങ്ങൾ

 

അമ്മയുടെ പാട്ടുകളിൽ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് മായാമഞ്ചലിൽ, കാനനക്കുയിലേ, ദേവസംഗീതം എന്നിവ. അതു കൊണ്ടാണ് മെ‍ഡ്‌ലിയ്ക്കായി ആ മൂന്ന് ഗാനങ്ങൾ തിരഞ്ഞെടുത്തത്. പിന്നെ എനിക്ക് തോന്നുന്നു അമ്മയുടെ പാട്ടുകളിൽ എല്ലാവരും ഇപ്പോഴും ഓർത്തു വയ്ക്കുന്നതും ഈ ഗാനങ്ങൾ തന്നെയാണ്. ഈ പാട്ടുകളോടുള്ള ഇഷ്ടത്തെക്കുറിച്ച് എന്റെ പ്രായത്തിലുള്ള പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പുറത്തിറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയെല്ലാം ഇപ്പോഴും ആളുകൾ ഇഷ്ടത്തോടെ കേൾക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. അമ്മയ്ക്കായി ഈ പാട്ടുകള്‍ തന്നെ തിരഞ്ഞെടുത്തത് നന്നായി എന്ന് എനിക്കു തോന്നുന്നു.

 

പെട്ടെന്നുണ്ടായ പാട്ട്

 

പാട്ടൊരുക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും അതിനായി യാതൊരു പ്ലാനിങ്ങും നടത്തിയിരുന്നില്ല. എല്ലാം വളരെ പെട്ടെന്നു സംഭവിച്ചതാണ്. വിഡിയോ ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും നിലവിൽ പുറത്തു പോയി ഷൂട്ട്‌ ചെയ്യാനുള്ള സാഹചര്യം ഇല്ല എന്ന് തിരിച്ചറിഞ്ഞു. ബെംഗലുരുവിൽ ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ പരിസര പ്രദേശത്തു വച്ചാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. എന്റെ ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ആണ് വിഡിയോ ഷൂട്ടിങ്ങും മറ്റു കാര്യങ്ങളും ചെയ്തത്.

 

അച്ഛന്റെ ആകാംക്ഷ

 

പാട്ട് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മുതൽ അച്ഛൻ വളരെ ആകാംക്ഷയിൽ ആയിരുന്നു. എല്ലാ വിധത്തിലുള്ള പ്രോത്സാഹനവും നൽകി. മെയ്‌ മാസത്തിലാണ് അമ്മയുടെ പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ചു പാട്ട് പുറത്തിറക്കണമെന്ന് ആയിരുന്നു ആദ്യ വിചാരിച്ചത്. പക്ഷേ അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നതോടെ പദ്ധതികൾ തെറ്റി. രണ്ടു മാസത്തിനു ശേഷമാണു ഇപ്പോൾ പാട്ട് ഇറക്കിയത്. അതിന്റെ ഇടയിലൊക്കെ അച്ഛൻ പാട്ടിന്റെ കാര്യം  എന്തായി എന്നു ചോദിക്കുമായിരുന്നു. റിലീസ് ചെയ്തപ്പോൾ മുതൽ അച്ഛൻ വളരെ സന്തോഷത്തിലാണ്. 

 

അമ്മ ഇത് കേൾക്കുമായിരിക്കും

 

ഞാൻ എന്റെ അമ്മയ്ക്കു വേണ്ടി മാത്രം ചെയ്തതാണീ പാട്ട്. പക്ഷേ ഇതിനോടുള്ള ആളുകളുടെ പ്രതികരണങ്ങൾ ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി. ഈ പാട്ട് എവിടെയെങ്കിലും ഇരുന്ന് എന്റെ അമ്മ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അമ്മ ഒത്തിരി സന്തോഷിക്കുമെന്ന് എനിക്കുറപ്പാണ്. കാരണം ഒരുപാട്  ആളുകൾ അമ്മയെ ഇപ്പോഴും സ്നേഹിക്കുകയും അമ്മയുടെ പാട്ടുകൾ കേൾക്കുകയും ചെയ്യുന്നു. അതിൽ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരും സന്തോഷിക്കുന്നു. പാട്ട് കേൾക്കുക മാത്രമല്ല പലരും അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയും ചെയ്തു. എന്നെ ഒരുപാട് പേർ വിളിച്ചു. അതൊക്ക തന്നെയാണ് എന്റെ ഈ പാട്ടിനുള്ള അംഗീകാരം. അതൊരു അനുഗ്രഹം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. 

 

എന്റെ പാട്ട് ജീവിതം 

 

സംഗീതരംഗത്തു സജീവമാകണമെന്ന് ഒരുപാട് പേർ പറഞ്ഞു. അവരുടെ പ്രോത്സാഹനങ്ങൾക്കു നന്ദി പറയുകയാണ്. എന്നാൽ പാട്ടു ജീവിതം തുടരുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ചിന്തിച്ചിട്ടില്ല. എങ്കിലും പൂർണമായി സംഗീത രംഗത്തു നിന്നും മാറി നിൽക്കില്ല. കവർ ഗാനങ്ങൾ ചെയ്യണമെന്ന് വിചാരിക്കുന്നു. പാട്ട് പഠിക്കണമെന്ന് പലരും പറഞ്ഞു. ഇത്രയും കാലമായിട്ടും ഞാൻ ഇങ്ങനെ പാട്ട് പാടുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇനി ചെറിയ രീതിയിൽ പാട്ട് പഠിക്കുകയും പാടുകയുമൊക്കെ ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

 

English Summary: Radhika Thilak's daughter Devika Suresh open up about her musical tribute for mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com