പ്രായം 24, റിലീസ് ചെയ്ത രണ്ടു പാട്ടും ഹിറ്റ്; അച്ഛന്റെ കവിത എടുത്ത് പണി പഠിച്ച ശ്രീഹരി സംഗീത സംവിധായകനായത് ഇങ്ങനെ
Mail This Article
ഒരു നിലാവു പോലെ ഒഴുകിപ്പരക്കുന്ന പ്രണയത്തിന്റെ അനുഭവമാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ 'പെയ്യും നിലാവുള്ള രാവിൽ' സമ്മാനിക്കുന്നത്. പാട്ടിനുള്ളിലെ ചൂളമടിയും സുഖമുള്ള ഈണവും അതിമനോഹരമായ ദൃശ്യങ്ങളും മണിക്കൂറുകൾക്കുള്ളിൽ പാട്ടിനെ വൈറലാക്കി. ഈ പാട്ടിലെ മെലഡിയാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതെങ്കിൽ, കൃസൃതികൊണ്ടാണ് ഇതിനുമുൻപിറങ്ങിയ ഉണ്ണിമായ പാട്ട് ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്.
പ്രണയവും കുസൃതിയും നിറഞ്ഞ ഈ പാട്ടുകളിലൂടെ മറ്റൊരു യുവസംഗീതസംവിധായകൻ കൂടി മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്. കാസർകോഡുകാരനായ ശ്രീഹരി കെ.നായർ. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ ത്രില്ലിലാണ് ഇരുപത്തിനാലുകാരനായ ശ്രീഹരി. പറയത്തക്ക സിനിമാപാരമ്പര്യങ്ങളൊന്നുമില്ലാതെ കാസർകോഡ് നിന്നു മലയാള സിനിമയിലേക്ക് വണ്ടി കയറുമ്പോൾ ശ്രീഹരിക്ക് കൂട്ടായുള്ളത് മനസു നിറയെ സംഗീതവും മാതാപിതാക്കളുടെ അനുഗ്രഹവും മാത്രം. ആദ്യചിത്രത്തിലെ അനുഭവങ്ങൾ പങ്കിട്ട് ശ്രീഹരി മനോരമ ഓൺലൈനിൽ.
അച്ഛന്റെ കവിതയ്ക്ക് ഈണമിട്ട് തുടക്കം
സ്കൂളിൽ പാട്ടുപാടിയാണ് എന്റെ തുടക്കം. ലളിതഗാനമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. എന്റെ അച്ഛൻ അൽപസ്വൽപം കവിത എഴുതുന്ന ആളാണ്. കറുത്ത ചട്ടയുള്ള ഒരു ഡയറിയുണ്ട് അച്ഛന്. കവിതകളെല്ലാം അതിലാണ് അച്ഛൻ എഴുതി വയ്ക്കാറുള്ളത്. ഞാൻ ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോൾ വെറുതെ ഒരു കൗതുകത്തിന് അച്ഛന്റെ കവിതകൾ ഈണമിട്ട് പാടാറുണ്ടായിരുന്നു. എട്ടാം ക്ലാസിൽ വച്ചാണ് അച്ഛന്റെ കവിതകളിലൊന്ന് ഈണമിട്ട് ഒരു പൊതുവേദിയിൽ പാടിയത്. സ്കൂൾ കലോത്സവത്തിൽ ലളിതഗാനമത്സരത്തിന് പാടിയത് ഞാൻ ഈണമിട്ട അച്ഛന്റെ വരികളായിരുന്നു. സത്യത്തിൽ അച്ഛന്റെ കവിതകൾ ഈണമിട്ട് പാടിയാണ് ഞാൻ സംഗീതം ചെയ്യാൻ തുടങ്ങിയത്.
സംഗീതത്തോടൊപ്പം പഠനം
സംഗീതത്തെ എല്ലാവരും പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും അതൊരു കരിയർ ആക്കുമ്പോൾ ആശങ്ക സ്വാഭാവികമാണല്ലോ. അച്ഛൻ സ്കൂൾ അധ്യാപകനായിരുന്നു. ഇപ്പോൾ വിരമിച്ചു. വിദ്യാഭ്യാസം ഒരിക്കലും വിട്ടുകളയരുതെന്ന് എപ്പോഴും അച്ഛൻ ഓർമിപ്പിക്കാറുണ്ട്. അതുകൊണ്ട്, സംഗീതത്തിനൊപ്പം പഠനത്തിലും ഞാൻ ശ്രദ്ധ വച്ചു. ബെംഗളൂരുവിൽ എം.ബി.എ പഠനത്തിനൊപ്പം സംഗീതസംവിധായകൻ പ്രശാന്ത് പിള്ളയുടെ സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി. രണ്ടു വർഷം മുൻപായിരുന്നു അത്. അതിനുശേഷം സ്വതന്ത്രമായി കീബോർഡ് പ്രോഗ്രാമിങ് ചെയ്തു. അപ്പോഴാണ് ഷംസുക്കയുടെ സിനിമാ പ്രൊജക്ട് വരുന്നത്.
കാണാൻ പോയത് പാട്ടും തിരക്കഥയുമായി
2017ലാണ് ഞാൻ ഷംസുക്കയെ പരിചയപ്പെടുന്നത്. ഷംസുക്ക (സംവിധായകൻ ഷംസു സൈബ) മുൻപൊരു ഷോർട്ട് ഫിലിം എടുത്തിരുന്നു. അതിൽ ഞാനും ഒരു ഭാഗമായിരുന്നു. അന്നു മുതലുള്ള ബന്ധമാണ്. ഫീച്ചർ ഫിലിം പ്രൊജക്ട് വന്നപ്പോൾ എല്ലാവരും കൂടി ചെയ്യാമെന്ന ഐഡിയ വന്നു. അങ്ങനെയാണ് ഞാനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. തിരക്കഥ എഴുതുന്നതിനൊപ്പം എനിക്ക് പാട്ടുകളെക്കുറിച്ചും വിവരണങ്ങൾ തന്നു പോന്നു. അതനുസരിച്ച് ഞാൻ ഈണങ്ങൾ ചിട്ടപ്പെടുത്തി. തിരക്കഥയും ആറു പാട്ടുകളുടെ ഈണവുമായാണ് ഞങ്ങൾ പ്രൊഡക്ഷൻ ടീമിനെ കാണാൻ പോകുന്നതു തന്നെ.
സിനിമ നൽകിയ അനുഗ്രഹങ്ങൾ
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപെ ആറു പാട്ടുകളും സെറ്റായിരുന്നു. 'ഉണ്ണിമായ പാട്ട്' ചെയ്തപ്പോൾ അത് ദുൽഖറിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു ആഗ്രഹം. പാട്ടു കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പാടാൻ അദ്ദേഹമെത്തിയത്. വലിയ സന്തോഷമായിരുന്നു. അദ്ദേഹത്തോടൊപ്പം നിന്നു ഫോട്ടോ എടുത്തു. സിനിമയിൽ പാട്ടു ചെയ്യുക, അതിന്റെ ഭാഗമാകാൻ ദുൽഖറിനെപ്പോലെ ഒരു താരമെത്തുക... ഇതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇത്ര ചെറുപ്പത്തിൽ തന്നെ നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞു. ഒരുപാടു നല്ല ആർടിസ്റ്റുകളെ പരിചയപ്പെടാൻ കഴിഞ്ഞു. ഇതെല്ലാമാണ് എനിക്ക് ഈ സിനിമ നൽകിയ സൗഭാഗ്യങ്ങൾ. വ്യക്തിജീവിതത്തിലും കരിയറിലും ഒരുപാടു കാര്യങ്ങൾ ഈ സിനിമയിലൂടെ പഠിക്കാൻ പറ്റി. കൊച്ചി പനമ്പിള്ളി നഗറിലുള്ള മൈ സ്റ്റുഡിയോയിലെ സുഹൃത്തുക്കൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പാട്ടുകളുടെ പ്രൊഡക്ഷൻ ഇവിടെ നിന്നാണ് ചെയ്തത്. അറിയാത്ത കാര്യങ്ങൾ എന്റെ കൂട്ടുകാർ എനിക്ക് പഠിപ്പിച്ചു തന്നു. ഈ സിനിമയിലെ സംഗീതത്തിൽ അവർക്കും പങ്കുണ്ട്.
അടുത്തത് സിദ് ശ്രീരാമിന്റെ പാട്ട്
ഇനി നാലു പാട്ടുകൾ കൂടി റിലീസ് ചെയ്യാനുണ്ട്. അതിലൊന്ന് പാടിയിരിക്കുന്നത് സിദ് ശ്രീരാം ആണ്. ആ പാട്ടാണ് ഞാൻ ഈ സിനിമയ്ക്കു വേണ്ടി ആദ്യം ചെയ്തത്. നല്ലൊരു മെലഡിയാണ് അത്. ഉടനെ ആ പാട്ട് യുട്യൂബിലെത്തും. ഒരു പാട്ട് സുജിത്ത് സുരേഷ് പാടിയിട്ടുണ്ട്. കൂടാതെ ഈ ചിത്രത്തിൽ രണ്ടു പാട്ടുകൾ ഞാനും പാടിയിട്ടുണ്ട്. ഷൂട്ടിങ് ആവശ്യത്തിനായി ഞാൻ ട്രാക്ക് പാടി വച്ചതായിരുന്നു. കേട്ടപ്പോൾ എല്ലാവരും പറഞ്ഞു, ആ ട്രാക്ക് ഇനി വേറെ ആരെക്കൊണ്ടും പാടിപ്പിക്കണ്ട എന്ന്. അങ്ങനെ ഈ ചിത്രത്തിലൂടെ ഗായകനാകാനും എനിക്ക് അവസരം ലഭിച്ചു. വളരെ ഇമോഷണലായ പാട്ടാണ് രണ്ടും.
English Summary: Interview with music director Sreehari