ADVERTISEMENT

പെണ്‍ പ്രണയത്തെക്കുറിച്ചു പാടിയ മാരവൈരി ശ്രദ്ധേയമാകുകയാണ്. അനുരാഗിണിയായ പാര്‍വതി ദേവിയോട് തന്റെ തൃഷ്ണകളെ ഇല്ലാതാക്കു... എന്ന പ്രാര്‍ത്ഥനയാകുന്ന കൃതിയെ മനുഷ്യ പ്രണയത്തിലെ വിഭിന്നതയോടുള്ള ഐക്യദാര്‍ഢ്യം എന്നോണം പാടിയ പാട്ട് എക്കാലവും കേള്‍ക്കേണ്ടതു തന്നെയാണ്. പാരമ്പര്യത്തിലും സംസ്‌കാരത്തിലും അടിയുറച്ച കര്‍ണാടകസംഗീതത്തിലൂടെ, ഇനിയും സമൂഹം അംഗീകരിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഒരു ആശയത്തെ ചേര്‍ത്തുവച്ച് പാടാന്‍ തീരുമാനിച്ചു എന്നതാണ് മാരവൈരിയുടെ ആഴവും ആകര്‍ഷണീയതയും. ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ കൃതിയെ റോക്ക് സംഗീതത്തിനൊപ്പം ഫ്യൂഷന്‍ ചെയ്തു പാടിയ രേണുക അരുണ്‍ സംസാരിക്കുന്നു സ്വതന്ത്ര സംഗീത രംഗത്തെ പ്രതീക്ഷകളേയും മാരവൈരി പാട്ടായി മാറിയതിനേയും കുറിച്ച്.

ചിന്തിച്ചത് ഒരു പാട്ടുവേണമെന്നു മാത്രം

കര്‍ണാടിക് കൃതിയില്‍ ഒരു ഫ്യൂഷന്‍ ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ചിന്ത. രണ്ട് സംഗീത ശൈലികളെ തമ്മില്‍ ഒന്നിപ്പിക്കുമ്പോള്‍ രണ്ടില്‍ നിന്നും നമ്മള്‍ തിരഞ്ഞെടുക്കുന്ന പാട്ടുകള്‍ തമ്മില്‍ നന്നായി ചേരുന്നതും ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ മനോഹരമായതുമായിരിക്കണം. അങ്ങനെ പല ആലോചനകളില്‍ നിന്നാണ് റോക്ക് സംഗീതം കര്‍ണാടികിനൊപ്പം ചേര്‍ക്കാം എന്ന് തീരുമാനിച്ചത്. അപ്പോഴൊന്നും മനസ്സില്‍ അതൊരു ആശയത്തിലൂന്നി ചെയ്യണം എന്നു ചിന്തിച്ചിരുന്നില്ല.

വിവാതി മേളകര്‍ത്ത രാഗ വിഭാഗത്തില്‍പ്പെട്ട നാസികാഭൂഷണി എന്ന രാഗം എനിക്കൊരുപാട്് പ്രിയപ്പെട്ടതാണ്. ഒരുപാട് ഇഷ്ടത്തോടെ ആഗ്രഹത്തോടെ ഒരു ആവിഷ്‌കാരത്തിലേക്കു ചെല്ലുമ്പോള്‍ പ്രിയപ്പെട്ട രാഗം ആയിക്കോട്ടെ എന്നു ചിന്തിച്ചു. അതില്‍ നിന്നൊരു കൃതി തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. ഒരുപാട് ലൈവ് ഇൻസ്ട്രുമെന്റ്സ് പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. സെല്ലോ, മരിയ ഗ്രിഗോറെവയാണ് അതുപോലെ സാക്സോഫോണ്‍് ജോസി ആലപ്പുഴയും വായിച്ചു. കൊച്ചിന്‍ സ്ട്രിങ്സ് ഓര്‍ക്കസ്ട്രയാണ് സ്ട്രിങ്സ് കൈകാര്യം ചെയ്തത്. ഒപ്പം ഗിത്താറിലും മ്യൂസിക് അറേഞ്ച്മെന്റിലും പ്രശസ്തനായ സുമേഷ് പരമേശ്വറും.

മാരവൈരിയുടെ ദൃശ്യഭംഗിയിലേക്ക്

ഓഡിയോയുടെ കാര്യത്തില്‍ മാത്രമായിരുന്നു ഞാന്‍ അങ്ങേയറ്റം ശ്രദ്ധിച്ചത്. അതില്‍ ഒരുപാട് തവണ റിഹേഴ്സലും തിരുത്തലും കൂട്ടിച്ചേര്‍ക്കലുമൊക്കെ നടത്തിയിരുന്നു. ഓഫീസിലേക്കുള്ള യാത്രകളിലും അവിടെ കിട്ടുന്ന ബ്രേക്കിലുമൊക്കെ അതേപ്പറ്റിയായിരുന്നു ചിന്ത. അങ്ങനെ പാട്ട് ചെയ്തു വന്നപ്പോള്‍ ഒപ്പം നിന്നവരെല്ലാം പറഞ്ഞു ഇതിനൊരു നല്ല ദൃശ്യം കൊടുക്കണമെന്ന്. അപ്പോഴും മനസ്സില്‍ ഇങ്ങനെയൊരു ആശയമില്ലായിരുന്നു. ത്യൂഗരാജ സ്വാമികളുടെ ഭക്തിരസ പ്രധാനമായ കൃതിയാണ് മാരവൈരി. മാരവൈരിയെന്നാല്‍ കാമത്തെ നശിപ്പിക്കുന്ന ദേവി എന്നാണ് അര്‍ഥം. കര്‍മബന്ധവാരണ അഥവാ ലോകത്തിന്റെ തൃഷ്ണകളില്‍ നിന്നെന്നെ മോചിപ്പിക്കൂവെന്ന് പാര്‍വ്വതി ദേവിയോട് അഭ്യര്‍ഥിക്കുന്ന, അവരെ സ്തുതിക്കുന്ന കൃതിയാണിത്.

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം എല്‍ജിബിറ്റി കമ്യൂണിറ്റിക്ക് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്ന സ്ഥാപനമാണ്. മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുക എന്ന ആശയത്തിലൂന്നി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. അന്നൊന്നും എനിക്ക് അതേക്കുറിച്ച് അത്ര വലിയ ധാരണയില്ലായിരുന്നു. പക്ഷേ ഈ പാട്ടിനു ദൃശ്യങ്ങള്‍ എന്തു ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ആ ആശയം ആവിഷ്‌കരിച്ചൂകൂട എന്നു തോന്നിയത്. കാരണം മാരവൈരി എന്ന ദേവി കാമ തൃഷ്ണയില്‍ നിന്ന് മോചിപ്പിക്കുന്നവളാണ് എന്നാണ് സങ്കല്‍പം. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് ആ ദേവി സ്നേഹത്തിലൂന്നിയാണ് നിലകൊള്ളുന്നത് എന്നാണ്. മനുഷ്യര്‍ക്ക് പരസ്പരം കൈമാറാവുന്ന ഏറ്റവും മനോഹരമായ സമ്മാനവും സ്നേഹമാണ്. അപ്പോള്‍ വിഭിന്ന സംഗീത ശൈലിയെ കൂട്ടിയോജിക്കുമ്പോള്‍ നമ്മളില്‍ തന്നെയുള്ള വൈവിധ്യതയ്ക്ക് പ്രാധാന്യം കൊടുത്ത് അവരോടുള്ള സ്നേഹവും ഐക്യവും ഒന്നുകൂടി ചേര്‍ത്തുപിടിക്കാം എന്നു തീരുമാനിച്ചു. മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തെ ദേവീഭാവം ഒന്നുകൂടി ജ്വലിപ്പിക്കുന്നു എന്നാണ് പാട്ടിലൂടെ സംവദിക്കാന്‍ ഉദ്ദേശിച്ചത്. അങ്ങനെയാണ് മാരവൈരി അവര്‍ക്കുള്ള പാട്ടായി മാറുന്നത്.

എല്ലാത്തരത്തിലും ഒരു മാറിനടത്തം

തീര്‍ച്ചയായും ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസികില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു സംഗീത സൃഷ്ടിയാണിത്. സംഗീതം കൊണ്ടും അതിനൊപ്പമുള്ള ദൃശ്യങ്ങളും ആശയവും തീർത്തും വ്യത്യസ്തമാണ്. പരമ്പരാഗത സംഗീത ശൈലിയ്ക്കൊപ്പം സമൂഹം അംഗീകരിച്ചു തുടങ്ങലിന്റെ പാതയില്‍ മാത്രമെത്തിയ മറ്റൊന്നിനെ ചേര്‍ത്തുവയ്ക്കുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധിക്കപ്പെടും എന്നാല്‍ അംഗീകരിക്കപ്പെടണമെന്നില്ല. വിമര്‍ശനത്തിനും സാധ്യതയുണ്ട്. പക്ഷേ ഞാന്‍ അത്രയൊന്നും കടന്നുചിന്തിക്കുന്നില്ല. ഞാന്‍ ചിന്തിച്ചത് സംഗീതത്തെക്കുറിച്ചു മാത്രമാണ്. കര്‍ണാടിക് സംഗീതമാണ് ഞാന്‍ പഠിച്ചത്. അത് വേദികളില്‍ പാടുമ്പോള്‍ അത് അനുശാസിക്കുന്ന ചട്ടക്കൂടില്‍ നിന്നു മാത്രം പാടുന്നൊരാളാണ് ഞാന്‍. അങ്ങനെ തന്നെയാണു വേണ്ടതും. ത്യാഗരാജ സ്വാമികളും ശ്യാമശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും മുന്നില്‍ നിന്നു സൃഷ്ടിച്ച കര്‍ണാടിക് സംഗീത രംഗത്തെ അങ്ങേയറ്റം ബഹുമാനിക്കേണ്ടതുണ്ട്. അതിലെ കൃതികള്‍ പൂര്‍ണമായും അത് സൃഷ്ടിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്. അത് പാടുമ്പോള്‍ ഒരു തരിപോലും മാറ്റം വരുത്താന്‍ പാടില്ല.

പക്ഷേ അതേസമയം കര്‍ണാടിക് സംഗീതമെന്നത് ഒരുപാടു സാധ്യതകളുള്ള പരീക്ഷണങ്ങള്‍ക്കു വഴങ്ങുന്ന സംഗീതശൈലി കൂടിയാണ്. എനിക്ക് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലും കൂടി താല്‍പര്യമുള്ളതുകൊണ്ട് കച്ചേരികളില്‍ അല്ലാതെ പാടുമ്പോള്‍ ഞാന്‍ പഠിച്ച കര്‍ണാടിക് സംഗീതത്തിന്റെ സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നു. പാടിയും പിന്നെയും പാടിയും കൊടുത്തും വാങ്ങിയും തന്നെയാണ് ലോകത്ത് എല്ലാത്തരത്തിലുമുള്ള സംഗീത ശാഖകള്‍ നിലകൊള്ളുന്നത്. അതുകൊണ്ടു കര്‍ണാടിക് സംഗീതത്തില്‍ ഫ്യൂഷന്‍ ചെയ്യുന്നതോ അതില്‍ നമുക്കിഷ്ടപ്പെട്ടവ നമ്മള്‍ പങ്കുവയ്ക്കണം എന്ന‌ ആശയത്തിലൂന്നി ചെയ്യുന്നതോ തെറ്റായി കരുതുന്നില്ല.

കര്‍ണാട്ടിക് സംഗീതം ബൃഹത്തായ സംസ്‌കാരവും പാരമ്പര്യമുള്ള ഒരു ശാഖയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. എങ്കിലും അത് മറ്റെല്ലാ സംഗീത ശൈലിയെയും പോലെ തന്നെ കാലങ്ങള്‍ എടുത്തു മാറി വന്ന ഒന്നുതന്നെയാണ്. അതിപ്പോള്‍ സംഗീതത്തിന്റെ കാര്യത്തില്‍ എടുക്കുകയാണെങ്കില്‍, ആദ്യകാലത്ത് അഞ്ച് ആറു മണിക്കൂര്‍ നീളുന്ന കച്ചേരികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് ദൈര്‍ഘ്യം എത്രയോ ചുരുങ്ങി പോയിരിക്കുന്നു. കര്‍ണാടക സംഗീത ലോകം എന്നു പറയുന്നതു തന്നെ പുരുഷകേന്ദ്രീകൃതമായ ഒരിടമാണ്. കര്‍ണാടക സംഗീതത്തിന് അടിത്തറപാകിയ എല്ലാവരും പുരുഷന്മാരാണ്. പക്ഷേ കാലം ചെല്ലുന്തോറും എല്ലാ മേഖലയിലും മാറ്റം വന്നു എന്നുള്ളതുപോലെതന്നെ കര്‍ണ്ണാടകസംഗീത രംഗത്തും മാറ്റം വന്നു. അവിടേക്കു സ്ത്രീകള്‍ കൂടുതല്‍ കടന്നുവരാനും നമ്മള്‍ അവരെ അംഗീകരിക്കാനും തുടങ്ങി. അത് എത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് സംഭവിച്ചത്. എം എസ് സുബ്ബലക്ഷ്മി, എം എല്‍ വസന്തകുമാരി, ഡി. കെ. പട്ടമ്മാള്‍ തുടങ്ങിയ പ്രതിഭാധനരായ കര്‍ണ്ണാടക സംഗീത വനിതകള്‍ നമുക്കു മുന്നിലുണ്ട്. എങ്കിലും ലോകം കാലാകാലങ്ങളായി കൈവരിച്ച മാറ്റത്തിനൊപ്പം നമ്മുടെ സംഗീതലോകവും കലാലയവും ചെറുതായിട്ടെങ്കിലും മുന്നോട്ടുപോയി എന്നെ പറയാന്‍ സാധിക്കൂ. പെണ്‍ പ്രണയത്തെ അല്ലെങ്കില്‍ കെട്ടുപാടുകള്‍ പൊട്ടിക്കുന്ന മനുഷ്യ പ്രണയത്തെ സ്വീകരിക്കുവാന്‍ പാരമ്പര്യത്തിലൂന്നിയ സംഗീതശൈലിക്കോ അതിനെ പിന്തുടരുന്നവര്‍ക്കോ സാധിക്കണമെന്നില്ല. ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഈ സംഗീത വിഡിയോ ചെയ്തത്. പക്ഷേ എനിക്ക് ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. മാസ്റ്ററിങ് മിക്‌സിങ് സമയത്തെക്കുറിച്ചു മാത്രമാണ് എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നത്. ഓഡിയോയില്‍ അത്രമാത്രം ശ്രദ്ധിക്കുന്നതു കൊണ്ടു തന്നെ അത് ശരിയായി വരുമോ എന്നതു മാത്രമായിരുന്നു എപ്പോഴുമെന്റെ ആശങ്ക. വിഡിയോയുടെ ആശയം എല്ലാവര്‍ക്കും ദഹിക്കുമോ ഇല്ലയോ എന്നുള്ളത് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒന്ന് ഒരു കലയിലും സാധ്യമല്ലല്ലോ.

എവിടെയുമില്ല സ്ഥാനം

ഇന്‍ഡിപെന്‍ഡന്‍സ് മ്യൂസികിന് ഇന്ത്യന്‍  കലാലോകത്ത് തന്നെ എവിടെയാണ് സ്ഥാനമുള്ളത്. ഇതുവരെയും കിട്ടിയിട്ടില്ല. ഇന്ത്യയില്‍ പോപ്പുലര്‍ മ്യൂസികിനാണ് പ്രാധാന്യമുള്ളത്. അതിന്റെ ഓരത്തു കൂടി പോകുന്ന ഒരു കാര്യം മാത്രമാണ് നമുക്ക് ഇന്നും ഇന്‍ഡിപെന്‍ഡന്‍സ് മ്യൂസിക്. പാശ്ചാത്യലോകത്ത് സ്വതന്ത്ര സംഗീത രംഗം സിനിമ ലോകത്തോടൊപ്പം നില്‍ക്കുന്ന ഒന്നാണ്. എത്രമാത്രം പ്രാധാന്യം ആണ് അവിടുത്തെ കലാലോകം നല്‍കുന്നത്. അങ്ങനെയൊരു കാഴ്ചപ്പാടിലേക്കും സമീപനത്തിലേയ്ക്കും ഇതുവരെയും നമ്മുടെ സമൂഹം എത്തി ചേര്‍ന്നിട്ടില്ല. സിനിമാഗാനങ്ങള്‍ ഒരു ചട്ടക്കൂടില്‍ നിന്ന് ആണ് സൃഷ്ടിക്കപ്പെടുന്നത്. അവിടെ ആ സിനിമയ്ക്കു ചേരുന്ന ഗാനങ്ങള്‍ മാത്രമേ നമുക്കു സൃഷ്ടിക്കാന്‍ കഴിയൂ. പക്ഷേ അങ്ങനെയല്ല നമുക്ക് ഒരുപാട് വിഷയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ സാധിക്കും. ഈയടുത്തിടെ കുറേ നല്ല ഇന്‍ഡിപെന്‍ഡന്‍സ് വര്‍ക്കുകള്‍ നമുക്കുമുണ്ടായിട്ടുണ്ട്. തമിഴില്‍ അത്തരം ഗാനങ്ങള്‍ പാടിത്തന്ന, ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആളുകള്‍ ഉണ്ട്. പക്ഷേ അവര്‍ക്കൊന്നും വേണ്ട അംഗീകാരം ലഭിക്കുന്നില്ല. മലയാളത്തിലാണെങ്കില്‍ അപൂര്‍വമായി സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നുമാത്രമാണ് ഇന്‍ഡിപെന്‍ഡന്‍സ് മ്യൂസിക് വിജയം. അടുത്തിടെ ‘വോയ്സ്‌ ഓഫ് വോയിസ്‌ലെസ്’ എന്നു പേരിട്ട ഒരു സംഗീത വിഡിയോ അവിടെ പുറത്തിറങ്ങിയിരുന്നു. ഹിരൺ ദാസ്‌ മുരളി വേടൻ വിത്ത്‌ വേർഡ് എന്നു പേരിട്ടു യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ പാട്ട്  സംസാരിക്കുന്നത് എത്രയോ ശക്തമായൊരു വിഷയത്തെക്കുറിച്ചാണ്. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള മ്യൂസിക് വിഡിയോ ചെയ്യാന്‍ കെല്‍പ്പുള്ള, ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ അതിനു വേണ്ട പിന്തുണ എങ്ങു നിന്നും കിട്ടുന്നില്ല എന്നുള്ളതാണ് വാസ്തവം. ഒരു സിംഗിള്‍ ഓഡിയോ മാത്രമായിട്ട് ഇറക്കണമെങ്കില്‍ പോലും വലിയ പണച്ചിലവാണ്. സാമ്പത്തികമായിട്ടുള്ള പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മുടെ നാട്ടിലും അത്തരത്തിലുള്ള ശക്തമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന സംഗീത വിഡിയോകള്‍ ഉണ്ടാവുക തന്നെ ചെയ്യും

സ്വപ്നമായി മറുത

കേരളത്തിന്റെ സ്വന്തം കഥാപാത്രങ്ങളാണ് മാടനും യക്ഷിയും മറുതയുമൊക്കെ. നമുക്ക് ഈ ലോകത്തിന്റെ മറ്റൊരു കോണിലും കാണാന്‍ സാധിക്കില്ല അവരെ. അതിലെ മറുതയാണ് എന്റെ അടുത്ത പ്രോജക്റ്റ്. സ്വപ്ന പദ്ധതി എന്നു തന്നെ പറയാം. നമ്മുടെ മറുതയെ വച്ച് ഒരു സംഗീത വിഡിയോ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒന്നാവണം എന്ന ചിന്തയില്‍ തുടങ്ങിയ ഒന്നാണ്. വിഡിയോ ഉടന്‍തന്നെ പുറത്തുവരും കൊറോണക്കാലം അല്ലായിരുന്നുവെങ്കില്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയേനെ.

മറുതയുടെ ആശയവും വരികളും മനോജ്‌ കുറൂരിന്റേതാണ്. സുഹൃത്തും സ്പാനിഷ് മ്യൂസിഷനുമായ പാബ്ലോ ബോര്‍ഗിയാണ് ഓര്‍ക്കസ്‌ട്രേഷന്‍. ഒരു സിംഫണി വച്ച് പശ്ചാത്തല സംഗീതത്തില്‍ വായിക്കണം എന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. പാബ്ലോ പറഞ്ഞതനുസരിച്ച് മാസിഡോനിം സ്ട്രിങ്  ഓര്‍ക്കസ്ട്ര ആണ് ഇതില്‍ പങ്കാളികളായത്. സ്‌കൈപ്പ് വഴിയായിരുന്നു ഞാന്‍ റെക്കോര്‍ഡിങ് കണ്ടത്. ഒരു ഡ്രീം പ്രൊജക്ട് പൂര്‍ത്തീകരിച്ചു എന്നതിനപ്പുറം ഒരുപാട് തിരിച്ചറിവുകള്‍ സമ്മാനിച്ച ഒരു കാര്യമായിരുന്നു മറുത. മലയാള ഭാഷയില്‍ ഒരുങ്ങിയ ഇതിനുമാത്രം സ്വന്തമായിട്ടുള്ള ഒരു കഥാപാത്രത്തെക്കുറിച്ചു പാടിയ വരികള്‍ക്കൊപ്പം പാശ്ചാത്യസംഗീതം ചേര്‍ന്നു പോകുമോ എന്ന് എനിക്കു സംശയം ഉണ്ടായിരുന്നു പക്ഷേ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ട് അത്രമാത്രം ഭംഗിയോടെ ആ സംഗീത ശൈലിയുമായി നമ്മുടെ ഭാഷ ചേര്‍ന്നുനില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. തീര്‍ച്ചയായും നമ്മുടെ ഭാഷയ്ക്ക് അതിരുകളില്ലെന്നു മനസ്സിലാക്കി തരികയായിരുന്നു മറുത.

എനിക്ക് ഇത്രയും പ്രാദേശികമായ ഒരു ആശയത്തിലൂന്നി നിന്നുകൊണ്ട് അന്താരാഷ്ട്രതലത്തിലുള്ള സംഗീതത്തിലേക്കും സംഗീതജ്ഞരിലേക്കും കടന്നുചെല്ലാനും ഒരു മ്യൂസിക് വിഡിയോ പുറത്തിറക്കാനും സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഇന്‍ഡിപെന്‍ഡന്‍സ് മ്യുസിക്കിലേക്ക് ആര്‍ക്കും കടന്നു വരാം എന്നുള്ളതു കൂടി പറയാനാണ് ഉദ്ദേശിക്കുന്നത്.

പ്രിവിലേജുകളുടെ സംഗീത ലോകം

ഒരു തരത്തിലുള്ള പ്രിവിലേജുകളും എനിക്കു സംഗീതരംഗത്ത് അവസരങ്ങള്‍ കൊണ്ടുവന്നിട്ടില്ല. ചെറുപ്പം മുതലേ ഒരു കലാരൂപം പഠിച്ച് ആത്മാര്‍ത്ഥമായി അതു മുന്നോട്ട് കൊണ്ടുപോയതിന്റെ ഭാഗമായി ഒരു അവസരം കിട്ടിയിട്ടുണ്ട് എന്നുള്ളതല്ലാതെ മറ്റൊരുതരത്തിലുള്ള ഒരു ഘടകവും എന്റെ ഒരു സംഗീത ജീവിതത്തില്‍ എനിക്ക് ഉപകാരമായി വന്നിട്ടില്ല. എളുപ്പവഴിയില്‍ കൂടി ഒന്നും തന്നെ കിട്ടിയിട്ടില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം എല്ലാ കലയും നമ്മളോടു പറയുന്നത് സ്‌നേഹത്തെയും സമാധാനത്തെയും കുറിച്ചാണ്. എനിക്കും കല പ്രദാനം ചെയ്തത് അതുതന്നെയാണ്. അപ്പോള്‍ ആ രീതിയില്‍ മുന്നോട്ടു പോകണം എന്നു മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍. എന്റെ എല്ലാ വര്‍ക്കുകളും ആ രണ്ട് ഘടകത്തിലൂന്നിയാകണം എന്നാണ് ചിന്തിക്കുന്നത്. നമ്മള്‍ ഒരു മ്യൂസിക് വിഡിയോ ചെയ്യുമ്പോള്‍ പലപ്പോഴും ആളുകൾ കമന്റ് ചെയ്യുന്ന കൂട്ടത്തില്‍ ഉള്ള ഒന്നാണ്, പ്രിവിലേജുകളില്ലാത്തവർക്കു വേണ്ടി നിങ്ങള്‍ എന്താണു ചെയ്തതെന്ന്.

സംഗീതമെന്ന പാഷന് അപ്പുറം അതിലേക്കു കൂടുതല്‍ ആളുകൾ കടന്നുവരണമെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്നും ഒരുപാടു വളരണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന അനേകം ആളുകളില്‍ ഒരാളാണു ഞാനും. എന്റെ ഒരു ചെറിയ സംരംഭം എന്ന നിലയില്‍ ഒരു മ്യൂസിക് ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. അതു തുടങ്ങിയിട്ടേയുള്ളൂ. സംഗീതത്തിന്റെ ദേവനായ അപ്പോളോയുടെ സംഗീത ഉപകരണമായ ലയറി(lyre)ന്റെ പേരില്‍ ഗോള്‍ഡന്‍ ലയര്‍ എന്നു പേരിട്ട ഒരു ഫൗണ്ടേഷനാണ് അത്. ഗോള്‍ഡന്‍ ലയര്‍ എന്നാല്‍ സുവര്‍ണ്ണയാള്‍ എന്നാണ് അര്‍ത്ഥം. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു സ്ഥാപിച്ച അത് വളര്‍ച്ചയുടെ പാതയിലാണ്. ഇനിയുമെത്രയോ കാലം എത്രയോ അധികം മുന്നോട്ട് പോകാനുണ്ട്. പുറത്തൊക്കെ കാണുന്നതുപോലെ ഓപ്പറ സംസ്‌കാരം സംഗീതത്തിന്റെ കാര്യത്തില്‍ ഇവിടെ കൊണ്ടുവരുന്ന ഒരു വേദി ആയിത്തീരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ മേല്‍പ്പറഞ്ഞ പ്രിവിലേജുകള്‍ ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും തരത്തിലുള ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംഗീതജ്ഞരായ മനുഷ്യര്‍ക്ക് അതിര്‍വരമ്പുകളില്ലാതെ സംഗമിക്കാനും മുന്നോട്ടുപോകാനുമുള്ള ഒരു ഇടം എന്ന നിലയ്ക്ക് കൂടിയാണ് ഞാന്‍ അതിനെ കാണുന്നത്.

അയ്യേ എന്ന് പറഞ്ഞവരുണ്ട്

മാരവൈരി യൂട്യൂബില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനു മുന്നേ കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാട് സിനിമാ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി മത്സരവിഭാഗത്തില്‍ പ്രദര്‍ശന വിഭാഗത്തിലും ചെയ്യുകയുണ്ടായി. ഒരിടത്തു പോലും എനിക്ക് പോകാന്‍ സാധിച്ചിട്ടില്ല എങ്കിലും ഞാന്‍ അറിഞ്ഞത് പലയിടത്തും ആളുകള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു എന്നൊക്കെയാണ് അത് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞയാണ് പാര്‍വതി. കേരളത്തില്‍ അറിയപ്പെടുന്ന ഒരു കഥകളി കുടുംബത്തിലെ അംഗമായ അവര്‍ വിഡിയോയെക്കുറിച്ചും ഓഡിയോയെക്കുറിച്ചും അത്രമാത്രം ആഴത്തില്‍ സംസാരിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. അതെനിക്ക് ഒരുപാട് സന്തോഷം നൽകിയ പ്രതികരണമായിരുന്നു.

അതേസമയം ഓഡിയോ കേട്ട് ഇഷ്ടപ്പെടുകയും വിഡിയോ കണ്ട് അയ്യേ എന്ന് എന്നോടു നേരിട്ട് തന്നെ പറയുകയും ചെയ്ത ഒരുപാടു പേരുണ്ട്. എറണാകുളത്തു നടന്ന കൃതി ഫെസ്റ്റിവലിൽ ആണ് മാരവൈരിയുടെ പ്രീമിയര്‍ ബോംബെ ജയശ്രീ നിര്‍വഹിച്ചത്. അതിനു മുന്നേ ഓഡിയോ അവിടെ കേള്‍പ്പിച്ചിരുന്നു. പക്ഷേ വിഡിയോ കണ്ടതിനു ശേഷം കുറെ ആളുകള്‍ വന്നു പറഞ്ഞിരുന്നു ഇത് ഭക്തിയെ കുറിക്കുന്ന പാട്ടല്ലേ അതിനോട് എങ്ങനെയാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നതെന്ന്. ഞാന്‍ അവരോട് പറഞ്ഞത് ഇതൊരു പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്തതാണ്. പൂര്‍ണമായും എന്റെ  ഇഷ്ടത്തില്‍, ഉത്തരവാദിത്തത്തില്‍ ചെയ്ത ഒന്നാണ് അങ്ങനെ കണ്ടാല്‍ മതി. 

ഇത് എന്റെ സ്‌നേഹം 

പാട്ട് പുറത്തുവന്നതിനുശേഷം ക്വീര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട രണ്ടു പേര്‍ നന്നായിട്ടുണ്ട് എന്നു പറഞ്ഞ് എനിക്കു മെയില്‍ അയച്ചിരുന്നു. നമ്മള്‍ ആര്‍ക്കു വേണ്ടിയാണ് അങ്ങനെ ഒരു പരിശ്രമം നടത്തിയത് അവരില്‍ നിന്നു തന്നെ അങ്ങനെയൊരു നല്ല പ്രതികരണം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. വിഡിയോ സമ്മാനിക്കുന്ന ഹിറ്റുകളെക്കാളും പ്രശസ്തിയെക്കാളും  ഇത്തരത്തിലുള്ള പ്രതികരണമാണ് ഏറ്റവും വലിയ സമ്മാനം. അതാണ് ഏറ്റവും വലിയ പ്രചോദനവും. അവരോടുള്ള എന്റെ സ്‌നേഹവും പിന്തുണയും ആണ് ഈ പാട്ട് കൊണ്ട് ഉദ്ദേശിച്ചത്.

എന്നെയും മാറ്റിയ ഒരു പാട്ട്

ഈ വിഡിയോ പുറത്തുവരുന്നതിനു തൊട്ടു മുന്‍പുവരെ ഒരു കര്‍ണാടക സംഗീതജ്ഞ എന്ന ലേബലില്‍ ആയിരുന്നു ഞാന്‍ അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് ഞാന്‍ പുറത്തുള്ളവരോട് എന്നെ അവതരിപ്പിച്ചിരുന്നതും. പാട്ട് പുറത്തിറങ്ങിയതിനു ശേഷം ഞാനൊരു ഇന്‍ഡിപെന്‍ഡന്റ് മ്യൂസിഷ്യന്‍ എന്നേ പറയാറുള്ളു. അതുപോലെ അതിനുശേഷം സംസാരിക്കാനും പാടാനും കിട്ടിയ വേദികളില്‍ ഒക്കെ ഇത്തരത്തിലുള്ള സംഗീതത്തെക്കുറിച്ചു സംസാരിക്കാനും അവരെക്കുറിച്ചു പറയാനുമായിരുന്നു ഞാന്‍ കൂടുതല്‍ സമയവും നീക്കിവച്ചത്. കാരണം എനിക്കറിയാം ഒരു സ്വതന്ത്ര സംഗീത വിഡിയോ പുറത്തിറക്കാനുള്ള എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടും. മറ്റൊരു പ്രഫഷനിൽ നിന്നുകൊണ്ട് സംഗീതം മുന്നോട്ടുകൊണ്ടുപോകുന്ന ആളാണു ഞാന്‍. സമയം കണ്ടെത്തുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. മാരവൈരി മൊത്തത്തില്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്ത ഒരു വിഡിയോ ആണ്. സാമ്പത്തികമായി നല്ല ചില‌വ് വന്നു. അതുപോലെ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ. പക്ഷേ നമ്മള്‍ കൊടുക്കുന്ന ചില വാക്കുകള്‍ സംഗീത ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ആഗ്രഹിക്കുകയും അതില്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത ആളുകള്‍ക്കു നല്‍കുന്ന പിന്തുണ വലുതായിരിക്കും.

English Summary:  Interview with singer Renuka Arun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com