ADVERTISEMENT

ഓർമവച്ച നാൾ മുതൽ കാതിൽ പതിഞ്ഞ ഒരു മധുനാദം, കാലമെത്ര കഴിഞ്ഞിട്ടും കൊതിയോടെ കേട്ടിരിക്കുന്ന സ്വരഭംഗി. ഇഷ്ടപാട്ടുകാരിയുടെ നാദത്തിൽ സ്വന്തം പാട്ടു കേട്ടപ്പോൾ ചെട്ടികുളങ്ങര സ്വദേശി ശാന്തി സഹദേവൻ ആദ്യം കരയുകയായിരുന്നു. തികഞ്ഞ ആത്മനിർവൃതിയിൽ നിന്നുള്ള ആനന്ദത്തിന്റെ കരച്ചിൽ. ആ കണ്ണീർ കണ്ടപ്പോൾ ചുറ്റുമുണ്ടായിരുന്നവരും അറിയാതെ കരഞ്ഞു. ഭിന്നശേഷിക്കാർക്കു വേണ്ടി ആലപ്പുഴയിൽ സുമനസ്സുകൾ ഒരുക്കിയ ഹൗസ്ബോട്ട് യാത്രയ്ക്കിടെയായിരുന്നു ഈ വൈകാരിക മുഹൂർത്തം. പ്രളയകാലത്തു രൂപം കൊണ്ട ഒരു സമൂഹമാധ്യമ കൂട്ടായ്മയാണ് ശാന്തി ഉൾപ്പെടെ പതിനഞ്ച് ഭിന്നശേഷിക്കാർക്ക് ഹൗസ്ബോട്ട് യാത്രയുടെ ആദ്യ അനുഭവം സമ്മാനിച്ചത്. മുപ്പത്തിനാലുകാരി ശാന്തിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ആ യാത്രയ്ക്കിടയിൽ നടന്നത്. 

വരികൾ തെറ്റുമോയെന്നു ഭയന്ന്, മറ്റുള്ളവർ പരിഹസിക്കുമോയെന്ന് ആശങ്കപ്പെട്ട് വിരൽത്തുമ്പിൽ ചെറിയൊരു വിറയലോടെയാണ് ശാന്തി പാട്ടെഴുതിയതും ഈണമൊരുക്കിയതും. അപ്രതീക്ഷിമായി ശാന്തിയുടെ പാട്ട് കേൾക്കാനിടയായ സംഗീത സംവിധായകൻ കൈലാസ് മേനോൻ അവൾക്കായി സർപ്രൈസ് ഒരുക്കാമെന്നും തീരുമാനിച്ചു. അങ്ങനെയാണ് ചെന്നൈയിലെ സ്റ്റുഡിയോയിൽ തന്റെ സംഗീതത്തിൽ പാടാനെത്തിയ കെ.എസ്.ചിത്രയോട് ഇക്കാര്യം സൂചിപ്പിച്ചത്. ഉടനെ തന്നെ പ്രിയഗായിക സന്തോഷത്തോടെ സമ്മതം പറഞ്ഞു. ശാന്തിക്കു കൊടുത്ത സർപ്രൈസിന്റെ വിശേഷങ്ങൾ ഇനി കൈലാസ് മേനോൻ തന്നെ പറയട്ടെ. അപ്രതീക്ഷിതമായി ഒരാളുടെ സന്തോഷത്തിനു നിമിത്തമായതിന്റെ അനുഭവം കൈലാസ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

ശാന്തി നെ‍ഞ്ചോടു ചേർത്തു വച്ച മോഹം

ഭിന്നശേഷിക്കാർക്കായി ഒരുക്കിയ ആ ബോട്ട് യാത്രയുടെ സംഘാടകരിൽ ഒരാളായ ശ്യാമിനെ എനിക്കു നേരത്തെ മുതൽ പരിചയമുണ്ട്. അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളില്‍ വളരെ സജീവമാണ്. ശ്യാമും ഞാനും തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. ഏകദേശം ഒരു മാസം മുൻപ് ശാന്തി എഴുതി ചിട്ടപ്പെടുത്തിയ പാട്ടിന്റെ ഓഡിയോ ശ്യാം എനിക്ക് അയച്ചു തന്നു. ഭിന്നശേഷിക്കാരിയായ ശാന്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപനമായിരുന്നു ഈ പാട്ട് ആരെങ്കിലും എവിടെയെങ്കിലും പാടി കേൾക്കുക എന്നത്. അത് സിനിമയിലോ ആൽബത്തിലോ അല്ലെങ്കിൽ ഏതെങ്കിലും മികച്ച ഗായകരുടെ ശബ്ദത്തിൽ അതൊന്നു കേൾക്കണം എന്നതായിരുന്നു മോഹം. പാട്ട് ഇഷ്ടമായി എന്ന തരത്തിൽ ഒരു മെസേജ് അയക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ശാന്തിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കാമോ എന്നും ശ്യാം എന്നോടു ചോദിച്ചു. പിന്നാലെ പാട്ട് ഇഷ്ടമായി എന്നു ഞാൻ ഒരു സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തു.

സന്തോഷത്തോടെ പഠിച്ചു പാടിയ ചിത്ര ചേച്ചി

ശാന്തിയുടെ ഏറ്റവും വലിയ ആ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് എനിക്കു തോന്നി. സിബി മലയിൽ സാറിന്റെ ‘കൊത്ത്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുകയായിരുന്നു ഞാൻ. ചിത്ര ചേച്ചി ആദ്യമായി എനിക്കു വേണ്ടി പാടുന്ന ചിത്രമാണത്. ചെന്നൈയിൽ വച്ച് എന്റെ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞപ്പോൾ ഞാൻ ചിത്ര ചേച്ചിയോടു ശാന്തിയുടെ കാര്യം സൂചിപ്പിക്കുകയും ആ പാട്ട് ഒന്നു പാടാമോ എന്നു ചോദിക്കുകയും ചെയ്തു. യാതൊരു കുഴപ്പവുമില്ല, വളരെ നല്ല കാര്യം അല്ലേ എന്നു പറഞ്ഞ് ചേച്ചി ഉടനടി സമ്മതം അറിയിച്ചു. ശാന്തിയുടെ ശബ്ദത്തിലുള്ള ആ പാട്ട് ഞാൻ ചിത്ര ചേച്ചിയെ കേള്‍പ്പിച്ചു. ‌ചേച്ചി അവിടെയിരുന്നു തന്നെ പാട്ടിന്റെ വരികൾ എഴുതിയെടുത്ത് പഠിച്ചു പാടി. 

കണ്ണീര്‍ കാറ്റടിച്ച കായൽ യാത്ര

ഏതാനും ദിവസങ്ങൾക്കു ശേഷം ശ്യാം എന്നെ വീണ്ടും വിളിച്ചു. ഭിന്നശേഷിക്കാരായവർക്കു വേണ്ടി ആലപ്പുഴയിൽ വച്ച് ഒരു ഹൗസ്ബോട്ട് യാത്ര ഒരുക്കുന്നുണ്ടെന്ന് പറയുകയും അതിലേയ്ക്ക് എന്നെ സ്നേഹപൂർവം ക്ഷണിക്കുകയും ചെയ്തു. ശാന്തിക്കു സർപ്രൈസ് ആയി ചിത്ര ചേച്ചിയുടെ പാട്ട് വിഡിയോ കാണിക്കാമെന്ന് ശ്യാം എന്നോടു പറഞ്ഞു. അന്ന് ആ സ്പെഷൽ ബോട്ടു യാത്രയിൽ അവര്‍ക്കു കൂട്ടായി ഞാനും ചേർന്നു. അന്ന് ബോട്ടിൽ വച്ച് ശാന്തിയ്ക്ക് ചിത്ര ചേച്ചിയുടെ വിഡിയോ കാണിച്ചു കൊടുത്തു. വിഡിയോ കണ്ടപ്പോൾ ശാന്തി കരഞ്ഞു. ആ സന്തോഷം കണ്ട് കൂടെയുള്ളവരും വികാരാധീനരായി. 

അതായിരുന്നു ശാന്തി

അന്നാണ് ശാന്തിയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ശാന്തിക്കു സ്കൂളിൽ പോകാനോ എഴുത്തും വായനയും പഠിക്കാനോ ഒന്നും സാധിച്ചിട്ടില്ല. എഴുതുമ്പോൾ തെറ്റിപ്പോകുമോ എന്നും മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ എന്നുമൊക്കെയുള്ള ആശങ്ക ശാന്തിയെ അലട്ടിയിരുന്നു. എന്തായാലും അന്ന് ശാന്തി ഒരുപാട് സന്തോഷിച്ചു. അതു കണ്ടപ്പോൾ എനിക്കും അതിലേറെ സന്തോഷം. കാരണം, ഇത്രയും വർഷങ്ങളായി സംഗീതരംഗത്തു പ്രവർത്തിക്കുന്ന ആളായിട്ടും എന്റെ പാട്ട് ചിത്ര ചേച്ചി പാടുന്നത് ഞാൻ വളരെ വലിയ കാര്യമായാണു കാണുന്നത്. എന്റെ പാട്ടിൽ ചിത്ര ചേച്ചി സ്വരമായത് എനിക്കൊരുപാട് സന്തോഷം നൽകുന്നു. അപ്പോൾ ശാന്തി എത്രമാത്രം സന്തോഷിക്കുന്നുെവന്ന് ഊഹിക്കാമല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com