അച്ഛന്റെ ആഗ്രഹത്തിന്റെ നിഴലിലാണ് ഞങ്ങൾ, സംഗീതം ഭക്തിയും: കാർത്തിക വൈദ്യനാഥൻ
Mail This Article
ശാസ്ത്രീയ സംഗീതത്തെ വളരെ ഗൗരവത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരുപാട് കലാകാരന്മാരെ നമുക്കറിയാം. പുതുതലമുറ ഹിറ്റുകളും പ്രശസ്തിക്കും പിന്നാലെയാണ് എന്നുള്ള വിമർശനങ്ങൾക്ക് ഇടയിലും കർണാട്ടിക് സംഗീതം പോലെയുള്ള പരമ്പരാഗത സംഗീത വഴികളിലൂടെ മാത്രം നടക്കുന്ന അനേകം പുതിയ സംഗീതജ്ഞർ. അക്കൂട്ടത്തിൽ ഒരാളാണ് കാർത്തിക വൈദ്യനാഥൻ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ കാർത്തിക കർണാടകസംഗീതത്തിലെ ഏറ്റവും മികച്ച കൃതികളുടെ കവർ പതിപ്പുകൾ ചെയ്തുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പുതിയത് ‘രാമ നാമ’ എന്ന വിഡിയോ ആണ്. കർണാട്ടിക് സംഗീതം ജീവിതത്തിന്റെ ഭാഗമായതിനെക്കുറിച്ചും അതിനൊപ്പമുള്ള സഞ്ചാരത്തെ കുറിച്ചും കാർത്തിക മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.
അച്ഛന്റെ സംഗീതവും ആഗ്രഹവും
അച്ഛന്റെ ആഗ്രഹമായിരുന്നു മക്കൾ രണ്ടുപേരും സംഗീതരംഗത്ത് വരണമെന്നുള്ളത്. അച്ഛന്റെ ആഗ്രഹവും സമർപ്പണവും കൊണ്ടാണ് രണ്ടുപേർക്കും സംഗീതരംഗത്തെ എത്താനായത്. അച്ഛൻ ആർ. വൈദ്യനാഥനും അമ്മ മീനയും സംഗീതരംഗത്ത് തന്നെ ഉള്ളവരായിരുന്നു. അച്ഛൻ മൃദംഗ വാദകനായിരുന്നു. അമ്മ സംഗീത അധ്യാപികയും. അച്ഛൻ തിരുവനന്തപുരം, തൃശ്ശൂർ, ചെന്നൈ എന്നീ ആകാശവാണികളിൽ ആർട്ടിസ്റ്റ് ആയിരുന്നു. രണ്ടുപേർക്കും വലിയൊരു ശിഷ്യ സമ്പത്ത് തന്നെയുണ്ട്. ഞങ്ങൾ രണ്ടുപേരെയും ചെറുപ്പം മുതലേ, സ്കൂൾ കാലം മുതൽ തന്നെ ഗൗരവമായി സംഗീതം പഠിപ്പിച്ചതാണ് വളർത്തിയത്. രണ്ടു പേരും നല്ല അച്ഛനുമമ്മയും എന്നതുപോലെ കണിശക്കാരനായ ഗുരുക്കന്മാർ കൂടിയായിരുന്നു.
രാവിലെ ഒന്നരമണിക്കൂർ പ്രാക്ടീസ് കഴിഞ്ഞിട്ടാണ് സ്കൂളിൽ പോകുന്നതു തന്നെ. വൈകുന്നേരം മടങ്ങി വന്നിട്ടും അത്രയും നേരം തന്നെ പ്രാക്ടീസ്. അച്ഛനായിരുന്നു കൂടുതലും പ്രാക്ടീസ് കാര്യങ്ങളിലൊക്കെ മുന്നിൽ നിന്നിരുന്നത്. അതുകൊണ്ടുതന്നെ അച്ഛൻ കഷ്ടപ്പെട്ടതിന്റെയും ആത്മാർത്ഥ കാണിച്ചതിന്റെയും ഫലമാണ് ഞങ്ങൾ രണ്ടുപേരും സംഗീതത്തിൽ എന്തെങ്കിലും ആയിത്തീരുന്നുവെങ്കിൽ കാരണം. ഇതുപോലെ ഒരു അച്ഛനും ഗുരുവും ഉണ്ടാവുമോയെന്നു പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. രാവിലെ കൂടെ എഴുന്നേറ്റ് ഒപ്പമിരുന്ന് പ്രാക്ടീസ് ചെയ്യിക്കും. വൈകുന്നേരം വരുമ്പോഴും അങ്ങനെ തന്നെ. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടു പോയിരുന്നു. എല്ലാവർക്കും ഇതൊക്കെ തന്നെയാണ് അച്ഛനെക്കുറിച്ചു പറയാനുണ്ടാവുകയെന്നാണ് എനിക്കു തോന്നുന്നത്. അത്രയ്ക്ക് സമർപ്പണമുള്ള ഒരു ഗുരുവായിരുന്നു അച്ഛൻ.
കുറച്ചുകൂടി മുതിർന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ബോംബെ ജയശ്രീക്കു കീഴിൽ സംഗീതം പഠിക്കാനായി ചേർന്നു. അത് വേറെ തരത്തിൽ ഉള്ള ഒരു അനുഭവം തന്നെയായിരുന്നു. തീർത്തും ഗുരുകുല സമ്പ്രദായമായിരുന്നു. 2003 ലായിരുന്നു പഠനം തുടങ്ങിയത്. ഇപ്പോഴും ജയ്ശ്രീ മാഡം തന്നെയാണ് ഞങ്ങളുടെ ഗുരു. പക്ഷേ ഇപ്പോൾ സ്ഥിരമായി ഒരു സംഗീതപഠനം ഇല്ല. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ സംഗീത മേഖലകളിൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ പലപ്പോഴും പ്രാക്ടീസിനു വേണ്ടി മാത്രമേ പോകാറുള്ളൂ.
അതുപോലെ വിവാഹം കഴിഞ്ഞു വന്നതും സംഗീത കുടുംബത്തിലേക്ക് ആയിരുന്നു. ഭർത്താവ് സതീഷ് വെസ്റ്റേൺ സംഗീതത്തിലും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും ഒരുപോലെ പ്രാവിണ്യമുള്ള ആളാണ്. നല്ലൊരു മ്യൂസിക് അറേഞ്ചർ കൂടിയാണ് അദ്ദേഹം. അമേരിക്കയിലെ ബേക്‌ലി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നാണു ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. ഞാൻ വളർന്നു വന്നതും പിന്നീടു വിവാഹം കഴിഞ്ഞു ജീവിക്കുന്നതും സംഗീതമായ അന്തരീക്ഷത്തിൽ ആയതുകൊണ്ട് അതിനപ്പുറം ഒരു ലോകമെനിക്കില്ല. രാവിലെ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ ഒന്നുകിൽ സംഗീത പഠനത്തിലും പഠിപ്പിക്കലും അല്ലെങ്കിൽ പുതിയ വർക്കുകളിൽ ശ്രദ്ധിക്കുക ഇതൊന്നുമില്ലെങ്കിൽ എന്തെങ്കിലുമൊരു മ്യൂസിക് പീസ് കേൾക്കുന്നതിലൊക്കെയാണു താല്പര്യം. ഇതിൽ ഏതെങ്കിലുമൊന്നില്ലാതെ വന്നു കഴിയുമ്പോൾ എന്തോ ഒരു വലിയ കാര്യം ഞാൻ മിസ്സ് ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നാറുള്ളത്.
അനിയത്തിയും ഞാനും
അനിയത്തി കീർത്തനയും ഞാനും കർണ്ണാടകസംഗീതമാണ് പഠിച്ചതും ജീവിക്കുന്നതുമൊക്കെ. എങ്കിലും ഓരോരുത്തരുടെയും സംഗീത ജീവിതം എപ്പോഴും നമ്മുടെ വ്യക്തിത്വത്തിന്റെ തുടർച്ച കൂടിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ പുതിയ സൃഷ്ടികൾ കുറെ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. അങ്ങനെ തന്നെ ഒരു ശ്രമം നടത്താറുണ്ട് അങ്ങനെ ചെയ്യുമ്പോൾ നമ്മൾ പാടുന്ന പാട്ടിൽ പലപ്പോഴും പെർഫക്‌ഷന്റെ ഒരു കുറവ് കാണും. റിഹേഴ്സലിന് കുറവുണ്ടാകും. അനിയത്തിയെ സംബന്ധിച്ചാണെങ്കിൽ അവൾ എല്ലാം വളരെ ചിട്ടയോടെ പഠിച്ചു കഴിഞ്ഞ് വളരെ പെർഫക്‌ഷനോടുകൂടി മാത്രമേ പാടുകള്ളൂ. എനിക്ക് അവളുടെ മ്യൂസിക് സ്റ്റൈൽ വളരെ ഇഷ്ടമാണ്. പ്രത്യക്ഷത്തിൽ എനിക്ക് കാണാൻ കഴിയുന്ന ഒരു വ്യത്യാസം അതു മാത്രമാണ്.
അതല്ല എന്റെ സംഗീത ചിന്ത
ഓരോ കാലത്തും നമ്മുടെ ആറ്റിറ്റ്യൂഡ് മാറുന്നു എന്ന പോലെ തന്നെയാണ് കലയെ സംബന്ധിച്ചും. കലാപരമായി നമുക്കുള്ള കഴിവുകളെ നമ്മൾ സമീപിക്കുന്ന രീതി ഓരോ കാലഘട്ടത്തിലും മാറും. ആദ്യകാലത്ത് എന്നെ സംബന്ധിച്ച് കച്ചേരികൾ ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഓരോ വേദികൾ പിന്നിടുന്തോറും ഏറ്റവും മികച്ചതായി മുന്നേറുക എന്നുള്ളതായിരുന്നു ആദ്യത്തെ ഒരു ലക്ഷ്യം. ആ സമയത്ത് ഒരുപാട് പ്രതിഭകൾക്കൊപ്പം പാടാനും വേദികൾ പങ്കിടാനും ഒക്കെ കഴിഞ്ഞിരുന്നു. അത് കഴിഞ്ഞ് പിന്നെ കുറച്ചുകൂടി സമകാലികമായ രീതികളിലൂടെ സംഗീതത്തെ സമീപിക്കണം എന്നുള്ളതായിരുന്നു ചിന്ത. ഇപ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്ന സംഗീതം ചെയ്യണം എന്നതിനെക്കാളും നമുക്ക് സന്തോഷം തരുകയും കാലാതീതം ആകുകയും ചെയ്യുന്ന സംഗീതം ഒരുക്കണമെന്നും അത്തരം സൃഷ്ടികളുടെ ഭാഗമാകണം എന്നുമുള്ള ചിന്തയിലേക്കു മാറിയിട്ടുണ്ട്.
കാലം തരും പിന്നെ എന്തിന് ടെൻഷൻ?
സംഗീതരംഗത്തെ മത്സരത്തെക്കുറിച്ച് യാതൊരു ആകുലതകളും ഇല്ലാത്ത ആളാണു ഞാൻ. ഒരിക്കലും ഇല്ലായിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് കള്ളം ആണ്. തുടക്ക സമയത്ത്, നമുക്ക് ഇത്രയും കോമ്പറ്റീഷൻ ഉള്ള ഒരിടത്ത് ആണല്ലോ ഒരുപാട് ഗായകർ ഉണ്ടല്ലോ നമുക്ക് നമ്മുടേതായ ഒരിടം ഉണ്ടാക്കിയെടുക്കണം എന്നൊക്കെ വിചാരിച്ചു മനസ്സിൽ ഒരു പദ്ധതി ഒക്കെ കൊണ്ടു മുന്നോട്ടു പോയ ഒരു സമയം ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ മാറി. ഇപ്പോഴത്തെ എന്റെ രീതി ഞാൻ പിന്തുടർന്ന, ഞാൻ പഠിച്ച, ഞാൻ മുന്നോട്ടുകൊണ്ടുപോകുന്ന, സംഗീതത്തിൽ ഇത്തരം ചിന്താഗതികൾക്ക് പ്രാധാന്യം ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ഹൃദയം അറിഞ്ഞ് പാടി തുടങ്ങുമ്പോൾ, ശ്രുതി ചേർത്തുവച്ച് പാടി തുടങ്ങുമ്പോൾ അത്തരം ചിന്താഗതികൾ ഒക്കെ പോവുകയും ഏറ്റവും മനോഹരമായി പാടി നിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മനസ്സ് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും. എന്റെ അനുഭവത്തിൽ പറയാമെങ്കിൽ എത്ര ആർട്ടിസ്റ്റുകൾ ലോകത്ത് ഉണ്ട് എങ്കിലും ഓരോരുത്തർക്കും അവരുടേതായ ഇടം കണ്ടെത്താൻ പറ്റും എന്നാണ്. എന്നെ അറിയുകയും എന്നെ സ്നേഹിക്കുക എന്ന് പിന്തുടരുകയും ചെയ്യുന്ന ആസ്വാദക പക്ഷം തീർച്ചയായും എങ്ങനെയായാലും ഉണ്ടാകും. അതിനു സമർപ്പണവും ഏകാഗ്രതയും മാത്രമാണ് വേണ്ടത്. അത് തിരിച്ചറിഞ്ഞു മുന്നോട്ടുപോവുകയാണെങ്കിൽ നമ്മുടെ ഉള്ളിൽ അത്തരത്തിൽ ഒരു ടെൻഷന് ഒരു സാധ്യതയുമില്ല.
ആ ക്രെഡിറ്റ് എനിക്കുള്ളതല്ല
88-89 കാലഘട്ടം മുതൽ അച്ഛൻ തിരുവനന്തപുരം ആകാശവാണിയിലെ മൃദംഗം ആർട്ടിസ്റ്റ് ആയിരുന്നു. അങ്ങനെ ഞങ്ങളും തിരുവനന്തപുരത്തായിരുന്നു. അവിടെ അച്ഛനെയും അമ്മയേയും കൂടാതെ പാറശ്ശാല പൊന്നമ്മാൾ, വർക്കല ജയരാമൻ സർ, സീതാലക്ഷ്മി ടീച്ചർ അങ്ങനെയുള്ള പ്രതിഭാധനനായ ഒരു പറ്റം ഗുരുക്കന്മാരെ കൂടി ഞങ്ങൾക്ക് കിട്ടി. നേരത്തെ പറഞ്ഞില്ലേ അച്ഛനാണ് ഏറ്റവും തീവ്രമായി ഞങ്ങൾ രണ്ടുപേരും സംഗീതജ്ഞർ ആകണമെന്ന് ആഗ്രഹിച്ചത്. അച്ഛന്റെ ആഗ്രഹത്തിന്റെ നിഴലാണ് ഞങ്ങൾ രണ്ടു മക്കളും. ഇന്ന് ആളുകൾ ഞങ്ങളുടെ സംഗീത ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ ആ പാട്ട് നന്നായിരുന്നു എന്ന് പറയുമ്പോഴുമൊക്കെ അതിന്റെ ക്രെഡിറ്റ് അവർക്ക് രണ്ടുപേർക്കും മാത്രം അവകാശപ്പെട്ടതാണ്. രണ്ടാൾക്കും ഇതുവരെ കിട്ടിയ ചെറിയ അംഗീകാരങ്ങൾ പോലും അച്ഛൻ അമ്മ എന്നീ രണ്ടുപേരുടെയും പ്രയത്നത്തിന്റെ ഫലം മാത്രമാണ്. അതല്ലാതെ ഞങ്ങളുടെ കഴിവുകൊണ്ട് സംഭവിച്ചതാണ് എന്ന് ഞാൻ കരുതുന്നെയില്ല. ഇപ്പോഴും അച്ഛൻ ആഗ്രഹിച്ച, ആഗ്രഹിക്കുന്ന തലത്തിൽ ഞങ്ങൾ രണ്ടുപേരും വന്നിട്ടില്ല. എന്നെങ്കിലും അങ്ങനെ ആയിത്തീരാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ രണ്ടാളും എന്നു മാത്രമേ പറയാൻ അറിയൂ. അച്ഛന്റെ ആഗ്രഹമായിരുന്നു ചെന്നൈയിലേക്ക് ഞങ്ങൾ രണ്ടുപേരെയും പഠിക്കാൻ വിടണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു ബോംബെ ജയശ്രീ മാഡത്തിന് കീഴിൽ സംഗീതം പഠിക്കണമെന്നുള്ളത്. ആ രണ്ടു തീരുമാനങ്ങളും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ആ മാറ്റങ്ങൾക്ക് ഇടയിലൂടെയാണ് ഞങ്ങൾ രണ്ടുപേരും ഇപ്പോൾ മുന്നോട്ടു പോകുന്നത്.
സ്വരാക്ഷരയും സ്വര ഭക്തിയും
അച്ഛനും അമ്മയും നല്ല ഗുരുക്കൻമാർ ആയിരുന്നു. അതു കണ്ട് വളർന്നതുകൊണ്ട് തന്നെ എനിക്കും ചെറുപ്പം മുതലേ സംഗീതം പഠിപ്പിക്കുന്നതിൽ വലിയ താൽപര്യമായിരുന്നു. അങ്ങനെ പതിനെട്ടാം വയസ്സിൽ തന്നെ സംഗീതം പഠിപ്പിക്കാനും ആരംഭിച്ചു. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ ഗുരുക്കന്മാരും അച്ഛനുമമ്മയും എല്ലാവരും നൽകിയ പിന്തുണ കൊണ്ട് സ്വരാക്ഷര എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങാൻ സാധിച്ചു. ഇന്ന് ആ സ്ഥാപനത്തിനു കീഴിൽ 55 ഓളം പേർ സംഗീതം അഭ്യസിക്കുന്നുണ്ട്. പാടി പഠിച്ച കച്ചേരികളും കൃതികളും എന്റെതായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കണം എന്ന ആശയം മനസ്സിൽ വന്നതാണ് പിന്നീടുണ്ടായ പ്രധാന മാറ്റം. അതിന്റെ ഫലമാണ് സ്വരഭക്തി. ഓൺലൈനിൽ എന്റേതായൊരു സംഗീത സംഭാവന എന്ന രീതിയിൽ ആണ് സ്വരഭക്തിയെ കാണുന്നത്. ഇതിനോടകം കുറേ കവർ പതിപ്പുകൾ പുറത്തിറക്കാൻ സാധിച്ചു. അതെല്ലാം സ്വരഭക്തിയുടെ ടാഗ് ലൈനിൽ ഉള്ളതാണ്. സ്വരാക്ഷരയും സ്വര ഭക്തിയുമായി മുന്നോട്ടു പോകണം എന്നാണ് ഇപ്പോഴത്തെ ചിന്ത. അതിനപ്പുറം വേറെ ഒന്നും തന്നെ ഇല്ല.
സംഗീതവും ജീവിതവും പഠിപ്പിച്ച ജയശ്രീ അക്ക
ബോംബെ ജയശ്രീ എന്ന മഹാപ്രതിഭയ്ക്കു കീഴിൽ സംഗീതം അഭ്യസിക്കാനായത് അച്ഛനെയും അമ്മയെയും പോലെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. ജയശ്രീ അക്ക എന്നാണു ഞാൻ വിളിക്കുന്നത്. അത്രയ്ക്ക് അടുപ്പമുണ്ട് മാനസികമായും സംഗീതപരമായുമൊക്കെ. തീർത്തും ഗുരുകുലസമ്പ്രദായത്തിലുള്ള സംഗീത പഠനം ആണ് ജയശ്രീ അക്കയ്ക്കു കീഴിൽ അഭ്യസിച്ചത്. സംഗീതം മാത്രമല്ല ജീവിതം കൂടിയാണ് പഠിപ്പിച്ചത് എന്നു പറയാം. ഇന്നും ജീവിതത്തിൽ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും ഓരോ കാൽവെപ്പുകൾക്കും മുൻപേ ഞാൻ വിളിച്ച് അഭിപ്രായം ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ജയശ്രീ അക്കയാണ്. ഇപ്പോൾ സ്‌ഥിരമായി അവർക്കു കീഴിൽ സംഗീതം അഭ്യസിക്കുന്നില്ല. നമ്മുടേതായ വഴിയിൽ നമ്മുടേതായ സമയത്തിലൂടെ സഞ്ചരിച്ച് തുടങ്ങുമ്പോൾ ഏതൊരു ശിഷ്യയും ചെയ്യുന്നപോലെ ഇടയ്ക്കിടയ്ക്ക് ഒരു സന്ദർശനം മാത്രമേയുള്ളൂ അക്കയുടെ അടുത്ത്. പക്ഷേ അവരുടെ സാമിപ്യവും അവരുടെ വാക്കുകളും ഇപ്പോഴും കൂടെ തന്നെയുണ്ട്. ഒരുപാട് യാത്രകൾ കൊണ്ടുപോയിട്ടുണ്ട് അവർ.
ജീവിതത്തെ കുറിച്ചുള്ള നിലപാടുകൾ പരുവപ്പെടുത്തി എടുക്കുന്ന കാലത്ത് ഞാൻ ജയശ്രീ അക്കയ്ക്കൊപ്പം ആയിരുന്നു. രാവിലെ സംഗീത പഠനത്തിന് അവിടെ പോയി കഴിഞ്ഞാൽ രാത്രിയെ തിരികെ വരവുണ്ടായിരുന്നുള്ളൂ. അത്ര അടുപ്പമായിരുന്നു. ഞാൻ ശരിക്കും ലോകം കണ്ടതും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും അവരിൽ കൂടിയാണ്. ജീവിതത്തിൽ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അതിൽ ജയശ്രീ അക്ക ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഇതുവരെ നേടിയതും ഇനി നേടാൻ പോകുന്നതും എല്ലാം അച്ഛനും അമ്മക്കുമൊപ്പം തന്നെ ഞാൻ സമർപ്പിക്കുന്നതു ജയശ്രീ അക്കയ്ക്കു കൂടിയാണ്. ജീവിതത്തിൽ സ്വാധീനിച്ചതും ഇഷ്ടപ്പെട്ടതും ആയ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിലും ജയശ്രീ അക്കയോളം ആരും തന്നെ ഇല്ല. മൈക്കിൾ ജാക്സൺ തൊട്ട് നമ്മുടെ കർണാടക സംഗീതം വരെയുള്ള സംഗീത ശാഖകളിൽ നിന്ന് ഒരുപാട് പേർ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ജയശ്രീ അക്കയോളം ഞാൻ ഇഷ്ടപ്പെടുന്നവർ വേറേ ആരും തന്നെയില്ല.
ശബ്ദത്തെ കുറിച്ചുള്ള ആ കമന്റുകൾ
വെറുതെ ഒരു അഭിമുഖത്തിനു വേണ്ടി പറയുന്ന കാര്യമല്ല, സത്യത്തിൽ കുറേ അനുഗ്രഹങ്ങൾ ഉള്ള ഒരാളാണു ഞാൻ എന്നു പറഞ്ഞല്ലോ അതിൽ പ്രധാനപ്പെട്ടതാണ് എന്റെ ശബ്ദം. ശബ്ദം കേട്ടിട്ട് കാണാൻ തോന്നിയെന്നും കെട്ടിപ്പിടിക്കാൻ തോന്നിയെന്നും വലിയ സ്നേഹം തോന്നും എന്നുമൊക്കെ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോൾ സന്തോഷത്തിന് അപ്പുറമുള്ള ഒരു വികാരമാണ്. ഞാൻ എന്താണ് അവരോടൊക്കെ പറയേണ്ടത്, എങ്ങനെ നന്ദി പറയണം എന്നൊക്കെയാണ് മനസ്സിൽ തോന്നാറുള്ളത്. സ്നേഹമുള്ള ഒരു ശബ്ദം അതാണ് പൊതുവേയുള്ള കമന്റ്. ഒരിക്കൽ ഒരു കുട്ടിയുടെ അമ്മ പറഞ്ഞു ആ കുട്ടിക്ക് വേറെ ടിവി പ്രോഗ്രാമുകളോടൊന്നും താല്പര്യമില്ല. പക്ഷേ എന്റെ പാട്ട് വെച്ചു കൊടുക്കാം എന്നു പറഞ്ഞാൽ ടിവി കാണാം ഭക്ഷണം കഴിക്കാം എന്നൊക്കെ പറയുമത്രേ. അമേരിക്കയിലുള്ള ഒരു ചേച്ചി പറഞ്ഞതാണ്, അവർക്ക് എപ്പോഴാണോ സ്വന്തം വീട് ഒരുപാട് മിസ്സ് ചെയ്യുന്നത് അപ്പോൾ എന്റെ പാട്ട് കേൾക്കാൻ ആണ് താല്പര്യം എന്ന്.
സംഗീതത്തിൽ വൈദഗ്ധ്യമുള്ള ആളുകൾ പറഞ്ഞിട്ടുള്ളത് നല്ല ശബ്ദമാണ്, സംഗതികളൊക്കെ പാടാൻ പറ്റിയ നല്ല തെളിമയാർന്ന ശബ്ദം ആണെന്നാണ്. പിന്നെ കേട്ടിട്ടുള്ള ഏറ്റവും നല്ലൊരു കമന്റ് എന്റെ ശബ്ദത്തിൽ ഭക്തിയാണ് നിറഞ്ഞുനിൽക്കുന്നത് എന്നുള്ളതാണ്. സത്യത്തിൽ എനിക്കും സംഗീതത്തോട് ഭക്തിയാണ്. ഞാൻ മതപരമായ കാര്യങ്ങളെക്കാൾ ആത്മീയതയിൽ വിശ്വസിക്കുന്ന ആളാണ്. ദൈവങ്ങളെക്കാൾ ഭക്തി എന്ന ഒരു ചിന്താഗതിയെ വളരെയധികം ആരാധിക്കുന്ന വ്യക്തിയാണു ഞാൻ. സംഗീതത്തെ ഭക്തിയോടെ ആരാധിക്കുന്ന ഒരാളുടെ സ്വരം അങ്ങനെ തന്നെ ആളുകളിലേക്ക് എത്തുന്നു എന്നറിയുന്നത് ഒരു പ്രത്യേക സന്തോഷമാണ്. ഒരു കീർത്തനം ആലപിക്കുമ്പോഴും ഒരു മൂളിപ്പാട്ട് പാടുകയാണെങ്കിൽ കൂടിയും എന്റെ മനസ്സിലുള്ള വികാരം ഭക്തി മാത്രമാണ്.