ചില ഒഴിവാക്കലുകൾ മന:പ്പൂർവം, കൂടെ പഠിച്ചവർ പോലും സിനിമയിലേയ്ക്കു വിളിച്ചില്ല; തഴയപ്പെട്ട കാലത്തെക്കുറിച്ച് കെ.ജി.മാർക്കോസ്
Mail This Article
വെള്ളിത്തിരയിലെ സംഗീതം കെ.ജി.മാർക്കോസ് എന്ന ഗായകനെ അടയാളപ്പെടുത്തിയിട്ട് 40 വർഷങ്ങൾ പൂർത്തിയാകുന്നു. വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും ഇമ്പത്തോടെ സംഗീതാസ്വാദകരുടെ കാതുകളിൽ അലയടിക്കുന്നുണ്ട്. ഇതിനിടെ വിവാദങ്ങളും വിമർശനങ്ങളും അവഗണനകളും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. കെ.ജി.മാർക്കോസ് ജീവിതം പറയുന്നു.
സംഗീതജീവിതം തുടങ്ങിയത് എങ്ങനെയായിരുന്നു ?
അപ്പൻ തിരുവനന്തപുരത്തു മെഡിക്കൽ കോളജിൽ ഡോക്ടറായിരുന്നു. എന്നെയും ഡോക്ടറാക്കാനായിരുന്നു താൽപര്യം. 1972ൽ അപ്പനു സ്ഥലംമാറ്റം കിട്ടി കൊല്ലത്തു വന്നപ്പോൾ രണ്ടു വീട് അപ്പുറത്ത് യേശുദാസ് വരുമായിരുന്നു. ഞാനന്ന് ഒൻപതാം ക്ലാസിൽ. ഒരു ദിവസം ദാസേട്ടൻ എന്നെക്കൊണ്ട് രണ്ടു മൂന്നു പാട്ടു പാടിച്ചു. നിന്റെ ശബ്ദം നല്ലതാണ്... പാട്ടു പഠിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു.
‘സംഗീതമേഖലയിലേക്കു വരാനാണെങ്കിൽ സംഗീതം പഠിക്കണം നന്നായി കഷ്ടപ്പെടണം’ എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. ഗാനമേളകളിലെ അദ്ദേഹത്തിന്റെ പ്രഭാവം കണ്ടതോടെ ജീവിതം സംഗീതത്തിലേക്കു തിരിഞ്ഞു. അപ്പൻ എതിർത്തില്ല. പക്ഷേ, ഒരു നിർബന്ധമുണ്ടായി – മറ്റു ഗാനമേളക്കാരുടെ കൂടെപ്പോയി പാടേണ്ട. സ്വന്തമായി ട്രൂപ്പുണ്ടാക്കണം.
അങ്ങനെ 1978ൽ കെ.ജി.മാർക്കോസ് ആൻഡ് പാർട്ടി എന്ന ഗാനമേളസംഘമുണ്ടായി. കൊല്ലത്തെ ചവറയിലായിരുന്നു ആദ്യ പരിപാടി. ഗാനമേള ഹിറ്റായി.
സിനിമയിലേക്കുള്ള വരവ്?
കോട്ടയം ബിസിഎം കോളജിലെ ആഘോഷ പരിപാടിക്കായി ഗാനമേളയുണ്ടായിരുന്നു. എന്റെ അമ്മയുടെ സഹോദരി ആനിയമ്മയെ വിവാഹം കഴിപ്പിച്ചിരിക്കുന്നത് കോട്ടയത്തെ മാളിയേക്കൽ കുടുംബത്തിലേക്കാണ്. അവരുടെ ഉടമസ്ഥതയിൽ ഒട്ടേറെ സിനിമാനിർമാണ കമ്പനികളുണ്ടായിരുന്നു.
വൈകിട്ട് നടന്ന ഗാനമേള കേൾക്കാനായി കുഞ്ഞമ്മ ആനിയമ്മയും സെഞ്ച്വറി കൊച്ചുമോന്റെ അമ്മയും വന്നിരുന്നു. ഞാൻ അമ്മച്ചിയെന്നു വിളിക്കുന്ന സെഞ്ച്വറി കൊച്ചുമോന്റെ അമ്മ ഗാനമേളയ്ക്കു ശേഷം ചോദിച്ചു, സിനിമയിലൊക്കെ പാടണ്ടേ, ഗാനമേള മാത്രം മതിയോ? അതാണ് എന്റെ ആഗ്രഹം എന്നു പറഞ്ഞു ഞാൻ മടങ്ങി.
2 മാസം കഴിഞ്ഞു മദ്രാസിൽ നിന്നൊരു ഫോൺ കോൾ. ‘ജോൺസൺ മാഷിന് നിങ്ങളുടെ ശബ്ദമൊന്നു കേൾക്കണം.’ മദ്രാസ് തരംഗിണിയിലായിരുന്നു ഓഡിഷൻ. മാഷിനു മുന്നിൽ 2 പാട്ടുപാടി. അങ്ങനെ 1981ൽ സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിനു വേണ്ടി ആദ്യ ഗാനം പാടി – ‘കന്നിപ്പൂമാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കെ...’
സിനിമയിൽനിന്ന് അകന്നത്...?
ദാസേട്ടൻ 1961 മുതൽ പാടിത്തുടങ്ങിയപ്പോൾ എന്റെ തുടക്കം 20 വർഷത്തിനു ശേഷം 1981ലായിരുന്നു. ആരു സിനിമയെടുത്താലും യേശുദാസ് പാടിയാൽ മതിയെന്നു പറയുന്ന സ്ഥിതിയുണ്ടായിരുന്നു അന്ന്. തുഴഞ്ഞു കയറണമെങ്കിൽ എന്നെ ആരെങ്കിലും പിന്തുണയ്ക്കണമായിരുന്നു. അങ്ങനെ ആരുമുണ്ടായിരുന്നില്ല.75 സിനിമകളോളം പാടി. പാടിയ പാട്ടുകളും സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, പിടിച്ചു കയറിപ്പോകാൻ പറ്റിയില്ല. ഒപ്പം പഠിച്ചവർ പോലും അവരുടെ സിനിമകളിലേക്കു വിളിച്ചില്ല.
ദാസേട്ടൻ ഇക്കാര്യങ്ങളിൽ എതിരു നിന്നെന്നു വിശ്വസിക്കുന്നതേയില്ല. സിനിമകൾ ചെയ്യുന്നവരുടെ നിർബന്ധമാണു തിരിച്ചടിയായത്. പിന്നെ എല്ലാവർക്കും ‘റാൻ മൂളി’ നിൽക്കാൻ എന്നെക്കൊണ്ടു പറ്റില്ലെന്നു നേരത്തേ വ്യക്തമാക്കിയതാണ്. 1986ൽ അബുദാബിയിൽ വച്ചു വലിയൊരു അപകടമുണ്ടായി. ഒരു വർഷം പൂർണമായി സിനിമവിട്ടു നിൽക്കേണ്ടിവന്നു. ഇപ്പോൾ ചില സിനിമകളിലേക്കു വിളിച്ചിട്ടുണ്ട്. നല്ല പാട്ടുകൾ ഇനിയും പാടണമെന്നു തന്നെയാണ് ആഗ്രഹം.
ജീവിതത്തിലും കരിയറിലും ഇനിയും മുന്നോട്ടു പോകാമായിരുന്നില്ലേ?
തീർച്ചയായും പോകാമായിരുന്നു. ഇന്നത്തെ ചില ഗായകരെ വച്ച് താരതമ്യം ചെയ്താൽ അവർക്കു കിട്ടുന്ന പിന്തുണ പോലും എനിക്കു കിട്ടിയിട്ടില്ല. എനിക്ക് 63 വയസ്സു കഴിഞ്ഞു. ഇന്നും എന്നെ എങ്ങനെയും പിടിച്ചുകെട്ടണമെന്നു വിചാരിക്കുന്ന ചിലരുണ്ട്.
ഇവിടെ എത്രയേറെ സ്റ്റേജ് ഷോകൾ നടന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ എന്നെ വിളിച്ചിട്ടില്ല. റിയാലിറ്റി ഷോകളിൽ ജഡ്ജിങ് പാനലിൽ നിന്നു മനഃപൂർവം ഒഴിവാക്കാനും ആളുകളുണ്ട്. ഞാനൊരു മോശം ഗായകനാണെന്ന് ആർക്കും അഭിപ്രായമുണ്ടാകാൻ വഴിയില്ല. പക്ഷേ, മനഃപൂർവം വിളിക്കാറില്ല ചിലർ. 100% മികച്ച രീതിയിൽ പാടിയാലും പലർക്കും ഒരു നല്ല വാക്കു പറയാൻ മടിയാണ് ഇപ്പോഴും.
ഞാൻ പാടിയ ചില പാട്ടുകൾ മനഃപൂർവം വികൃതമാക്കാൻ പോലും ശ്രമം നടന്നിട്ടുണ്ട്. തെറ്റിപ്പോയ ട്രാക്കിൽനിന്നു ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നന്നായി പാടിയ ട്രാക്കിനൊപ്പം ചേർത്തു പുറത്തിറക്കി ചിലർ. ഇതു കൊണ്ടൊന്നും ദൈവം കനിഞ്ഞു നൽകിയിരിക്കുന്ന കഴിവിന് ഒരു പോറലും പറ്റില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്നെ ഒന്നു തടയാൻ ഇവർക്കാകും; അതിപ്പോഴും നടക്കുന്നുമുണ്ട്.
പാട്ടിന്റെ പഴയതും പുതിയതുമായ കാലങ്ങളെ താരതമ്യം ചെയ്താൽ
ഇന്നത്തെ പാട്ടുകൾ ഹിറ്റാകുന്നുണ്ട്. ഒന്നോ രണ്ടോ മാസം എല്ലാവരും അതു മനസ്സിൽ കൊണ്ടുനടക്കും പിന്നെ മറക്കും. എന്നാൽ, 60 വർഷം മുൻപ് ദാസേട്ടൻ പാടിയ പാട്ടുകൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ട്. റിയാലിറ്റി ഷോ മത്സരവേദികളിൽ എത്തുന്നുമുണ്ട്.
‘പൊൽതിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗത്തിൽ...’ എന്ന പാട്ട് റിക്കോർഡ് ചെയ്യാനുണ്ടായ ബുദ്ധിമുട്ട് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല. ഒന്നോ രണ്ടോ ടേക്ക് കൊണ്ട് ദാസേട്ടൻ പാടിയെടുത്തതാകാം അത്. അതും ദേവരാജൻ മാഷ് മനസ്സിൽ കണ്ടതുപോലെ തന്നെ. ഇന്നത്തെ കുട്ടികൾക്ക് ഇതു സാധിക്കുമെന്നു തോന്നുന്നില്ല.
ഞാനിപ്പോഴും പാട്ടു പൂർണമായി മനസ്സിലാക്കി മുഴുവനായി പാടുകയാണു ചെയ്യാറുള്ളത്. എന്നാൽ, പുതുതലമുറക്കാരിൽ പലരും നാലും അഞ്ചും മണിക്കൂറെടുത്താണ് പാട്ടു പാടിപ്പോകുന്നത്. അതും മുറിച്ച്, മുറിച്ച്.. പല്ലവി പോലും ഒന്നിച്ചു പാടുന്നില്ല പലരും.
കസെറ്റ് സംഗീതലോകത്തെ അനുഭവങ്ങൾ?
1982 മുതൽ തന്നെ കസെറ്റുകളിൽ പാടിത്തുടങ്ങിയിരുന്നു. റിക്കോർഡിങ് സ്ഥിരമായി എറണാകുളത്തായതോടെ അങ്ങോട്ടു താമസം മാറ്റി. ഒരുപാട് അവസരം കിട്ടി. ഭക്തിഗാനം, മാപ്പിളപ്പാട്ട് മേഖലയിലും കയ്യൊപ്പു ചാർത്താൻ കഴിഞ്ഞു. അങ്ങനെയാണ് ജീവിതം പതിയെ രക്ഷപ്പെട്ടു തുടങ്ങിയത്. ഇതോടെ കിട്ടുന്ന സിനിമ മതിയെന്നങ്ങു തീരുമാനിച്ചു.
ഓരോ പാട്ടു പാടുന്നതിനും മുൻപ് അതിന്റെ പശ്ചാത്തലവും മറ്റും മനസ്സിലാക്കാൻ ശ്രമിക്കും. അതുകൊണ്ടു കൂടിയാവാം, പാട്ടുകൾ എല്ലാവർക്കും സ്വീകാര്യമായത്. പല ഭാഷയിലും എല്ലാത്തരം പാട്ടുകളും ഞാൻ ശ്രമിച്ചു പാടിയിട്ടുണ്ട്. അറബിക്, തെലുങ്ക്, കന്നഡ.. കള്ളു കുടിച്ച ഭാവത്തിലും ഫാസ്റ്റ് നമ്പറും എല്ലാം.. ഇതിന്റെയെല്ലാം പ്രചോദനം ദാസേട്ടനാണ്.
യേശുദാസും കെ.ജി.മാർക്കോസും തമ്മിൽ ശത്രുതയിലാണോ?
അങ്ങനൊരു ശത്രുത ഇന്നുവരെയില്ല. കാരണം, ഞാൻ 15–ാം വയസ്സു മുതൽ കാണുന്ന വ്യക്തിയാണ്. എന്റെ ഗുരുതുല്യനാണ്. പാടുന്നതിനു മുൻപ് അദ്ദേഹത്തിന്റെ രൂപമാണു മനസ്സിൽ വരിക. എന്നും അദ്ദേഹത്തെ മനസ്സിൽ കണ്ടാണു പാടിയിട്ടുള്ളത്. അത് അദ്ദേഹത്തെ അനുകരിക്കുകയല്ല.
അദ്ദേഹത്തിന്റെ നല്ല കാര്യങ്ങളെല്ലാം ഞാൻ എടുത്തിട്ടുണ്ട്. പക്ഷേ, ദാസേട്ടൻ പാടുന്നതുപോലെ ഞാൻ പാടാറില്ല. ചില വാക്കുകളുടെ ഉച്ചാരണം പോലും വ്യത്യസ്തമായിരിക്കും. എനിക്ക് ഒരു തരത്തിലുള്ള പ്രശ്നവും ദാസേട്ടനോടില്ല. ഒരു ഇളയ സഹോദരനായിത്തന്നെയാണ് അദ്ദേഹം എന്നെ കണക്കാക്കിയിട്ടുള്ളതെന്ന് എനിക്കറിയാം.
വെള്ളവസ്ത്ര വിവാദത്തെപ്പറ്റിപറയാനുള്ളത്...
എന്റെ ചെറുപ്പകാലത്തു കണ്ട ഗാനമേളയിൽ മെറൂൺ നിറധാരികളായ പിന്നണിസംഘത്തിനു നടുവിൽ തൂവെള്ള നിറത്തിലുള്ള വസ്ത്രത്തിൽ ദാസേട്ടനും തൊട്ടടുത്തു സുജാതയും... അതു കണ്ടതോടെ ഇനി എനിക്കും വെളുത്ത വസ്ത്രം മതിയെന്നങ്ങു തീരുമാനിച്ചു.
എന്നെ കണ്ടാൽ തിരിച്ചറിയണമെന്നുള്ളതു കൊണ്ടാണ് 50 വർഷമായിട്ടും ഇതേ വേഷത്തിൽത്തന്നെ തുടരുന്നത്. ദാസേട്ടനു ചുറ്റുമുള്ള ചില കൂട്ടങ്ങളുണ്ട്, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാൻ. വെള്ളവസ്ത്രത്തിന്റെ പേരിലാണ് ആദ്യം എന്നെ തളർത്താൻ ശ്രമം തുടങ്ങിയത്. അന്നെന്നെ യേശുദാസിനെ അനുകരിക്കുന്നു എന്നു പറഞ്ഞാണ് അകറ്റിയത്.
എന്നാൽ, ഇന്ന് യേശുദാസിനെപ്പോലെ പാടുന്നു എന്നു പറഞ്ഞു മറ്റു പലരെയും പൊക്കിക്കൊണ്ടു വരുന്നു. ഇതു രണ്ടും ഒരേ ആളുകളാണു ചെയ്യുന്നത്. യേശുദാസിന്റെ നല്ല പ്രായത്തിൽ പാടിയ പാട്ടിന്റെ സുഖം ഇന്ന് യേശുദാസിനെ അനുകരിച്ചു പാടുന്നവരുടെ പാട്ടിനുണ്ടോ?
ഗായകർക്കു വെള്ളവസ്ത്രമെന്നത് ദാസേട്ടനിലൂടെയാകാം ജനങ്ങളുടെ മനസ്സിലെത്തിയത്. എന്നാൽ, അതിനും വർഷങ്ങൾക്കു മുൻപേ എന്റെ അപ്പനെപ്പോലെയുള്ള ഡോക്ടർമാർ വെള്ളവസ്ത്രധാരികളായിരുന്നല്ലോ.