ADVERTISEMENT

രണ്ട് കലാകാരന്മാർ വീടുവയ്ക്കാനോ? സ്ഥിര വരുമാനം ഇല്ലാതെ ഏത് ബാങ്കാണ് നിങ്ങൾക്ക് ലോൺ തരിക? എങ്ങനെ?.... സ്വന്തമായി ഒരു വീട് വയ്ക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ പലരുടെയും ഇതു പോലെയുളള കളിയാക്കിയുളള ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ  പരിഹസിച്ചവർ പോലും ഗായിക ഗൗരി ലക്ഷ്മിയുടെ 'ഇസൈക്കൂട'് കണ്ട് അതിശയിച്ചു. തന്റെ സ്വപ്‌ന ഭവനം യാഥാർഥ്യമായതിനെക്കുറിച്ച് പറയുകയാണ് ഗൗരി. താനും ഭർത്താവ് ഗണേഷും കൂടി വീട് വയ്ക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്നുളളവർ പോലും പുച്ഛിച്ചിട്ടുണ്ടെന്നും എന്നാൽ അതൊന്നും കേട്ട് തളരാതെ ആ വെല്ലുവിളി ഏറ്റെടുത്ത് വീട് പണി ആരംഭിക്കുകയും വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നെന്ന് ഗൗരി പറഞ്ഞു. ജന്മനാടായ ചേർത്തലയിലാണ് ഗൗരി ലക്ഷ്മി പുതിയ വീട് പണിതിരിക്കുന്നത്. വീട്ടു വിശേഷങ്ങൾ ഗായിക മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ. 

ഞങ്ങൾക്കു സ്വന്തമായി വീട് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇരുവരുടെയും ഇഷ്ടങ്ങൾ കൂട്ടി ഇണക്കിയ വീടാകണം എന്നു കൂടി ഉണ്ടായിരുന്നു. ചെറുപ്പ കാലം മുതൽ എനിക്ക് വീടിനെക്കുറിച്ച് പല സങ്കല്പങ്ങളും ഉണ്ടായിരുന്നു. താമസിക്കാൻ വെറുമൊരു സ്ഥലമെന്നതിനപ്പുറം നമ്മുടെ ഭാവനകൾ കൂടി  ഉൾക്കൊളളുന്ന മനോഹരമായ വീട് വേണമെന്നുളളത് വലിയ മോഹമായി മനസ്സിൽ ഉണ്ടായിരുന്നു. ചെറുതാണെങ്കിലും വലുതാണെങ്കിലും നല്ലൊരു വീടായിരിക്കണം. പണ്ട് ഓരോ സിനിമകളൊക്കെ കാണുമ്പോൾ അതിൽ കാണുന്നതു പോലുള്ള വീടുകൾ വേണമെന്ന് പറയുമായിരുന്നു. ഇസൈക്കൂട് എന്നാണ് ഞങ്ങളുടെ പുതിയ വീടിന്റെ പേര്. ഇസൈ എന്നാൽ തമിഴിൽ സംഗീതം എന്നാണ് അർത്ഥം. ഇസൈക്കൂട് എന്നൊരു വ്യത്യസ്തമായ പേര് യാദൃശ്ചികമായി വന്നതാണ്. 

സത്യത്തിൽ ഇത്രയും പെട്ടന്ന് വീട് വയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. കുറച്ചു കൂടി പ്രായമായിട്ടായിരിക്കും വീട് വച്ച് മാറാനാകുക എന്നാണ് കരുതിയിരുന്നത്. ഈ വീട്ടിലേക്കു മാറിയത് മാനസികമായി എനിക്ക് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. ഞാൻ എങ്ങനെയാണോ ആഗ്രഹിച്ചത് അതുപോലെയാണ് ഈ വീട്. അതു കൊണ്ടു തന്നെ വലിയ സന്തോഷവുമുണ്ട്. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ചെറുപ്പക്കാർ വീട് പണിയുന്നു എന്നതിൽ ഉപരി രണ്ട് കലാകാരന്മാർ ചെയ്യുന്നുവെന്നതായിരുന്നു പലരുടെയും പ്രധാന പ്രശ്‌നം. ഞങ്ങൾ മാസ ശമ്പളം വാങ്ങുന്ന ആളുകൾ ആയിരുന്നില്ല. വളരെ ബുദ്ധിപരമായി വരുമാനം സൂക്ഷിച്ചാൽ മാത്രമാണ് ഇതൊക്കെ നടക്കുക. ഇതു കൂടാതെ സ്ഥിര വരുമാനം ഇല്ലാത്തതിനാൽ ഞങ്ങൾക്ക്  ബാങ്കിൽ നിന്ന് ലോൺ കിട്ടാനും ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞങ്ങൾക്ക് ബാങ്ക് ലോൺ തന്നു. ഇതിനൊപ്പം കിട്ടിയ വരുമാനം സൂക്ഷിച്ചു വച്ച്  വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി.

വീട് നിറയെ കലാസൃഷ്ടികളാണ്. ഇതു കൂടാതെ വാൾ ഹാങ്ങിങ്ങുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ഞങ്ങൾക്കു വ്യക്തിപരമായി ഇഷ്ടപ്പെടുന്ന നിറങ്ങളും ചെടികളും വസ്തുക്കളും മാത്രമാണ് വീട്ടിലുളളത്. കലയോടുളള അഭിരുചി വീട്ടിലെ ഓരോ വസ്തുവിലും കാണാം. ഷംന സി മാമു ആണ് വീടിന്റെ ആർക്കിടെക്ട്. ഷംനയെ കാണുന്നതിനു മുൻപേ ചില ആശയങ്ങൾ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. വീടിനു നല്ല തണുപ്പ് വേണം, ഹാളിന് ഇരട്ടി പൊക്കം വേണം, കലയോട് ആഭിമുഖ്യമുളള  വീടായിരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായിരുന്നു. പരമ്പരാഗത ശൈലിയ്‌ക്കൊപ്പം ആധുനികതയും കൂടി ഉൾപ്പെടുന്നതാണ് ഇസൈക്കൂട്. ഷംന അത് വളരെ മനോഹരമായി ചെയ്തു തന്നു. ഒന്നര വർഷം കൊണ്ടാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട് പണിയ്ക്കിടയിൽ ഒരു പ്രളയവും, കോറോണയും വന്നു. ഞങ്ങളെ സാമ്പത്തികമായി ഒരുപാട്  ബുദ്ധിമുട്ടിച്ച സംഭവങ്ങളാണവ. കോറോണ വന്നപ്പോൾ കുറെ ഷോകൾ റദ്ദ് ചെയ്തു. ഷോയാണ് ഞങ്ങളുടെ പ്രധാന വരുമാന മാർഗം. എന്നാൽ  ഒരുപാട് സുഹൃത്തുക്കളും കൂടെ കുടുംബവും സഹായിച്ചതോടെ ഞങ്ങളുടെ ഇസൈക്കൂട് പെട്ടന്ന് യാഥാർഥ്യമായി’, ഗൗരി ലക്ഷ്മി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com