മങ്കിപ്പെൻ മുതൽ മേപ്പടിയാൻ വരെ; രാഹുൽ സുബ്രഹ്മണ്യത്തിന്റെ പാട്ടുവഴികൾ ഇങ്ങനെ
Mail This Article
മലയാളത്തിൽ ഇന്ന് തിരക്കുള്ള സംഗീതസംവിധായകരുടെ പട്ടിക പരിശോധിച്ചാൽ അതിൽ തെളിഞ്ഞു കാണുന്ന പേരാണ് രാഹുൽ സുബ്രഹ്മണ്യം. ഏറ്റെടുത്ത പ്രൊജക്ടുകളിലൂടെയെല്ലാം മലയാളിക്കരികിലേയ്ക്കു മധുരഗീതങ്ങളുടെ ആസ്വാദനാനുഭവം പകർന്ന യുവ സംഗീതജ്ഞൻ. നടി രമ്യ നമ്പീശന്റെ അനുജൻ എന്നു പറഞ്ഞാൽ രാഹുലിനെ തിരിച്ചറിയാൻ കുറച്ചുകൂടി എളുപ്പമാകും. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ജോ ആൻഡ് ദ് ബോയ്’, ‘സെയ്ഫ്’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി. ഇപ്പോഴിതാ മേപ്പടിയാൻ, ഹോം, പപ്പ എന്നിങ്ങനെ കൈനിറയെ പുതു ചിത്രങ്ങളാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിലെ ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന ഗാനം ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മേപ്പടിയാനിൽ ഇനിയുമുണ്ട് പാട്ടുകളേറെ. പുതിയ സംഗീത വിശേഷങ്ങളുമായി രാഹുൽ സുബ്രഹ്മണ്യം മനോരമ ഓൺലൈനിനൊപ്പം.
മേപ്പടിയാനും ഞാനും
‘മേപ്പടിയാൻ’ എന്നെ സംബന്ധിച്ചിടത്തോളം മനസ്സിനോടു വല്ലാതെ അടുത്തു നിൽക്കുന്ന ചിത്രമാണ്. ആകെയുള്ള നാല് പാട്ടുകളിൽ മൂന്നെണ്ണവും റെക്കോർഡ് ചെയ്തു കഴിഞ്ഞു. ചിത്രത്തിലെ ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന ഗാനം കാർത്തിക്കും നിത്യ മാമ്മനും ചേർന്നാണു പാടിയിരിക്കുന്നത്. പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. വിജയ് യേശുദാസും സൂരജ് സന്തോഷും ചിത്രത്തിൽ പാടിയിട്ടുണ്ട്. വിജയ് ഒഴികെ മറ്റു ഗായകർക്കെല്ലാം ഒപ്പമുള്ള എന്റെ ആദ്യ പ്രൊജക്ട് ആണിത്. ചിത്രത്തിൽ ഭക്തിഗാന രീതിയിൽ ഒരുക്കിയ ഒരു ഗാനമുണ്ട്. അത് ഉണ്ണി മുകുന്ദൻ ആണ് ആലപിച്ചത്.
ആൺ–പെൺ സ്വരങ്ങളിലേയ്ക്ക്
ഓരോ പാട്ട് ഒരുക്കുമ്പോഴും അത് ആരെക്കൊണ്ടു പാടിപ്പിക്കണം എന്ന ചിന്ത എല്ലാ സംഗീതസംവിധായകരുടെയും മനസ്സിൽ ഉണ്ടാകും. കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള സ്വരമാണ് കാർത്തിക് സാറിന്റേത്. മേപ്പടിയാനിലെ പാട്ട് പ്രഗത്ഭനായിട്ടുള്ള അദ്ദേഹത്തെക്കൊണ്ടു തന്നെ പാടിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന പാട്ട് ഞാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. യഥാർഥത്തിൽ ട്രാക്ക് പോലും കേൾക്കാതെയാണ് അദ്ദേഹം പാട്ട് പാടാം എന്നു സമ്മതിച്ചത്. പാടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. എന്നെ ഏറെ പ്രശംസിക്കുകയും ചെയ്തു. കാർത്തിക് സാറിന്റെ ശബ്ദവുമായി ചേർന്നു നിൽക്കുന്ന ഒരു പെൺസ്വരമായിരുന്നു എന്റെ ആവശ്യം. ഈ പാട്ടിന്റെ ശൈലിക്ക് നിത്യ മാമ്മന്റെ ശബ്ദം അനുയോജ്യമായിരിക്കും എന്നെനിക്കു തോന്നി. ചുരുങ്ങിയ സമയത്തിനകം പാടിയ പാട്ടുകളിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ട ഗായികയാണല്ലോ നിത്യ മാമ്മന്‍. നിത്യയുമായി എനിക്കു കുറച്ചു കാലത്തെ പരിചയമുണ്ട്. ഗായികയുടെ ആലാപനശൈലി എനിക്കേറെ ഇഷ്മാണ്. അങ്ങനെയാണ് പാടാൻ ഞാൻ നിത്യയെ ക്ഷണിക്കുന്നത്.
നവാഗതൻ പക്ഷേ പരിചയസമ്പന്നൻ
നവാഗത സംവിധായകൻ ആണെങ്കിലും അനുഭവ സമ്പത്ത് ഉള്ളയാളാണ് മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു. അദ്ദേഹം എന്റെ നല്ല സുഹൃത്തു കൂടിയാണ്. സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയം മുതൽ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാനും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സിനിമ എങ്ങനെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. വിഷ്ണു മുൻപ് നിരവധി പരസ്യ ചിത്രങ്ങവും ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പരിചയസമ്പത്തും ഏറെ. ആ ആത്മവിശ്വാസം കാണുമ്പോൾ എനിക്കറിയാം ഈ ചിത്രം വളരെ മികച്ച വിജയം നേടുമെന്ന്. വിഷ്ണുവിന്റെ കൂടെ വളരെ സൗകര്യപ്രദമായി വർക്ക് ചെയ്യാൻ പറ്റും. അദ്ദേഹത്തിനൊപ്പമുള്ള ജോലിയിൽ എനിക്കു തികച്ചും സംതൃപ്തി തോന്നിയിട്ടുണ്ട്.
ഇനിയുമുണ്ട് പാട്ടുകൾ
കോവിഡ് എല്ലാ മേഖലയെയും തളർത്തിയിരിക്കുകയാണല്ലോ. എല്ലാവരെയും എന്നതു പോലെ എന്നെയും അതു കാര്യമായി ബാധിച്ചു. പക്ഷേ നിലവിലെ പ്രതിസന്ധികളൊക്കെ തരണം ചെയ്തു മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. മേപ്പടിയാൻ കൂടാതെ ‘ഹോം’, ‘പപ്പ’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഞാൻ സംഗീതം ഒരുക്കിയിട്ടുണ്ട്. ഹോമിന്റെ എല്ലാ വര്‍ക്കുകളും കഴിഞ്ഞു റിലീസിനു കാത്തിരിക്കുകയാണ്. മങ്കി പെൻ ടീമിന്റെ തിരിച്ചുവരവ് ആണെന്നു ചിത്രമെന്നു പറയാം. ‘പപ്പ’ എന്ന ചിത്രവും ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയം പറയുന്ന ചിത്രമാണത്. വിഷ്ണു തന്നെയാണ് ‘പപ്പ’യുടെ സംവിധായകൻ. നായകനായെത്തുന്നത് ഉണ്ണി മുകുന്ദൻ.
പാട്ടിഷ്ടങ്ങളും സിനിമകളും
ഒരു സിനിമയ്ക്കു വേണ്ടി പാട്ടൊരുക്കുമ്പോൾ സംവിധായകൻ പറയുന്ന തരത്തിലാണ് അതു ചെയ്തു കൊടുക്കേണ്ടത്. സിനിമയിലെ സാഹചര്യത്തിനാണ് അവിടെ പ്രാധാന്യം. എനിക്കു വരുന്ന പ്രൊജക്ടുകളിൽ കൂടുതലും മെലഡികളാണ്. ഞാൻ സംഗീതം ഒരുക്കുന്ന മറ്റു പുതിയ ചിത്രങ്ങളായ ‘ഹോമി’ലും ‘പപ്പ’യിലും വ്യത്യസ്തമായ തരത്തിലാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. അതാണ് ആ സിനിമകളുടെ ആവശ്യം. ഓരോ സിനിമയുടെയും സാഹചര്യത്തിനനുസരിച്ച് സംവിധായകൻ ആവശ്യപ്പെടുന്നതു പോലെ സംഗീതം ഒരുക്കുക എന്നതാണ് ഒരു സംഗീതസംവിധായകന്റെ കടമ. പിന്നെ സ്വതന്ത്ര്യ സംഗീത വിഡിയോകൾ ചെയ്യുമ്പോൾ പല തരത്തിലുള്ള സംഗീതം ഒരുക്കണമെന്നുണ്ട്. പുതിയ ചില പരീക്ഷണങ്ങൾ നടത്താനും ആഗ്രഹിക്കുന്നു.
ചേച്ചിയും ഞാനും ഞങ്ങളുടെ പാട്ടുകളും
ഞാൻ തന്നെ സംഗീതം കൊടുത്ത ചിത്രങ്ങളിൽ ചേച്ചി (രമ്യ നമ്പീശൻ) പാടിയിട്ടുണ്ട്. പുതിയ ചിത്രമായ ഹോമിലും ചേച്ചി പാടി. ചേച്ചിയുടെ ശബ്ദവും ആലാപനശൈലിയും യോജിക്കുന്നതാണ് എന്നു തോന്നുന്ന എല്ലാ പ്രൊജക്ടിലും ചേച്ചിയെക്കൊണ്ടു പാടിപ്പിക്കാറുണ്ട്. പിന്നെ എന്റെ സ്വതന്ത്ര സംഗീതസംരത്തില്‍ തീർച്ചയായും ചേച്ചി ഉണ്ടാകും.