പുത്തഞ്ചേരിയെ ട്യൂൺ കേൾപ്പിക്കാൻ വണ്ടി കയറിയ ആ കോളജ് പയ്യന്മാർ പിന്നീട് സിനിമാക്കാരായി; ആദ്യ ഗാനത്തെക്കുറിച്ച് അഫ്സൽ യൂസഫ്
Mail This Article
ആ ഇരുപത്തിയൊന്നുകാരന്റെ സംഗീതത്തിന് കോഴിക്കോട്ടെ തന്റെ വീട്ടിലിരുന്ന് വരികളെഴുതുമ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയും കരുതിയിട്ടുണ്ടാകില്ല, ഈ ഗാനം ഒരുപാട് പേരുടെ തുടക്കവും പ്രതീക്ഷകളുമാണെന്ന്. പുത്തഞ്ചേരിയുടെ വരികള്‍പോലെ ആ പാട്ടും സത്യമുള്ളതായി. വസന്തംപോലെ, ഒരു സന്ധ്യയെപോലെ, നിലാവില് പൂക്കും കണിമുല്ലയെപോലെ അത് ആസ്വാദക ഹൃദയങ്ങളെ ഉമ്മവച്ചു. ആല്‍ബം ഗാനങ്ങളുടെ തുടക്കകാലത്തിന് സ്വാഗതമേകുകയായിരുന്നു 2002ല്‍ പുറത്തിറങ്ങിയ 'ശലഭ'ത്തിലെ ഗിരീഷ് പുത്തഞ്ചേരി - അഫ്സല് യൂസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം. പ്രണയത്തിന്റെ വിയര്‍പ്പും മധുരവുമൊക്കെ കലര്‍ന്ന ഗാനം കുറച്ചൊന്നുമല്ല മലയാളിയെ കോരിത്തരിപ്പിച്ചത്. ഒരു കാലഘട്ടത്തിലേക്കുള്ള യാത്രകൂടിയാണ് ഇന്ന് പലര്‍ക്കും ഈ ഗാനം. അഫ്സല് യൂസഫെന്ന സംഗീതസംവിധായകനാകട്ടെ തന്റെ രാശി തന്നെ തിരുത്തിയെഴുതിയ ഗാനവും.
ഇരുട്ട് വലംവച്ച അഫ്സല് യൂസഫിന്റെ പ്രകാശം സംഗീതമായിരുന്നു. പ്രോഗ്രാമിങ്ങിനോടുള്ള ഇഷ്ടം സംഗീത സംവിധായകനാക്കി. എറണാകുളം മഹാരാജാസ് കോളജിലെ എല്ലാവരുടെയും പ്രിയപ്പെട്ട സംഗീതജ്ഞനാക്കി. പഠനം പൂര്‍ത്തിയാക്കിയ അതേ വര്‍ഷം കോളജില്‍ ബി.എ മ്യൂസിക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതറിഞ്ഞ് വീണ്ടുമൊരു ബിരുദ വിദ്യാര്‍ത്ഥിയായി. നാലാളുകൂടുന്നിടത്തൊക്കെ പാട്ടുവര്ത്തമാനങ്ങളുമായി എത്തുന്ന അഫ്സലിന് അതേ വര്‍ഷം കോളജില്‍ പുതിയൊരു കൂട്ടുകാരനെ കിട്ടി. പേര് ആഷിഖ് അബു, സിനിമയാണ് സ്വപ്നമെന്നു പറഞ്ഞു. അതോടെ അഫ്സലിന്റെ പാട്ടുവര്‍ത്തമാനങ്ങളും ആഷിഖിന്റെ സിനിമാചര്ച്ചകളുമൊക്കെയായി ആ ബന്ധം വളര്‍ന്നു. പകലും കടന്ന് പാതിരാവോളം മഹാരാജാസിന്റെ ചുവരുകള്‍ക്ക് ആ ശബ്ദങ്ങള്‍ പരിചിതമായി. എങ്ങനെയും സിനിമയിലെത്തണം. രണ്ടാളുടെയും സ്വപ്നം ഒന്നാണെന്ന് കണ്ടതോടെ ഒരു ആല്‍ബം നിര്‍മിക്കാനായി തീരുമാനം. കൂട്ടുകാരനായ നാസീമും നാസീമിന്റെ സുഹൃത്ത് നിസാമും ഒപ്പം നില്ക്കാമെന്നു പറഞ്ഞതോടെ കാര്യങ്ങള്‍ ഉഷാറായി. അഫ്സല് യൂസഫ് സംഗീതവും വിഡിയോ ചിത്രീകരിക്കുന്നത് ആഷിഖ് അബുവും...
ചര്‍ച്ചകള്‍ക്കൊടുവില്‍ പാട്ടുകള്‍ക്ക് ട്യൂണുകളിട്ടു. പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ആരെങ്കിലുമൊക്കെ വേണം, അതുകൊണ്ടുതന്നെ ഗാനരചനയില്‍ പുതുമുഖങ്ങൾ വേണ്ടെന്ന തീരുമാനത്തില്‍ ആദ്യം തന്നെ എത്തി. "വസന്തംപോലെ" എന്ന ഗാനത്തിന്റെ ട്യൂണ്‍ തയാറായപ്പോള്‍ തന്നെ അത് ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ട് എഴുതിച്ചാലോ എന്ന ആലോചനയായി രണ്ടാളിലും. അഫ്സലിന്റെ ബന്ധുവായ സംവിധായകന് ഫാസില്‍ വഴി ഗിരീഷ് പുത്തഞ്ചേരിയെ വിളിച്ച് കാര്യം പറഞ്ഞതോടെ ട്യൂണുകളുമായി കോഴിക്കോടിനു വണ്ടി കയറി. 'ഒരു ദിവസം വൈകുന്നേരമാണ് ഞാനും ആഷിഖും കൂടി കോഴിക്കോടിനു പോകുന്നത്. അന്നവിടെ സ്റ്റേ ചെയ്ത്, അടുത്ത ദിവസം രാവിലെയാണ് ഗിരീഷേട്ടന്റെ വീട്ടിലെത്തുന്നത്. ഫാസില്‍ സാറിന്റെ ആളെന്ന ഒരു പരിഗണനയോടെയാണ് അദ്ദേഹം ട്യൂണ്‍ കേള്‍ക്കാനിരുന്നത്. അന്ന് ഞങ്ങള്‍ രണ്ട് പയ്യന്മാരല്ലേ, അദ്ദേഹം ട്യൂണൊക്കെ കേട്ടിട്ട് "കൊള്ളാമെടാ" എന്നു പറഞ്ഞു.' അഫ്സല് ആ നിമിഷങ്ങളെ ഓര്‍ത്തെടുത്തു.
ആഷിഖിന്റെ കൈപിടിച്ച് അഫ്സല് പുത്തഞ്ചേരിയുടെ വീടുവിട്ടിറങ്ങുമ്പോള് പ്രതീക്ഷകള്‍ക്ക് ഇമ്പമേറി. പിന്നീടങ്ങോട്ട് പുത്തഞ്ചേരിയുടെ വിളിയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. രണ്ടാം നാള് പുത്തഞ്ചേരിയുടെ വിളി എത്തി. വരികളോരൊന്നും ഫോണിലൂടെ പറഞ്ഞു കൊടുത്തു. 'ഫോണ്‍ വയ്ക്കും മുന്‍പ് ഗീരിഷ് പുത്തഞ്ചേരി ഒന്നുകൂടി പറഞ്ഞു, "നന്നായി വാടാ..." മദ്രാസിലായിരുന്നു റെക്കോഡിങ്ങൊക്കെ. ശ്രീനിവാസെന്ന ഗായകന്റെ സുവര്‍ണ കാലമാണത്. പ്രണയാര്‍ദ്രമായ ആ ശബ്ദം തന്നെ ഞങ്ങളും സ്വീകരിച്ചു. റെക്കോഡിങ്ങിന് മദ്രാസിലേക്കുളള യാത്രയിലും എന്റെ കൂട്ട് ആഷിഖായിരുന്നു,' അഫ്സല് യൂസഫ് പറയുന്നു.
വൈകാതെ കോളജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'ശലഭം' എന്ന കാസറ്റ് പൂര്‍ത്തിയായി. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഇറങ്ങിയ വിഡിയോ സോങ് മഹാരാജാസിലെ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. പ്രകാശനത്തിന് എത്തിയത് സംവിധായകന് കമലും ഔസേപ്പച്ചനുമായിരുന്നു. വിഡിയോ കണ്ട് ഇഷ്ടപ്പെട്ട കമല്‍ ആഷിഖിനേയും അഫ്സലിനേയും അഭിനന്ദിച്ചു. കമലുമായി അടുത്ത് പരിചയമുള്ള അഫ്സല് ആഷിഖിന്റെ കാര്യം അദ്ദേഹത്തിനോട് സൂചിപ്പിച്ചു. ആരുടെ എങ്കിലും അസിസ്റ്റന്റ് ആകണമെന്നാണ് ആഷിഖിന്റെ ആഗ്രഹം... "നോക്കാം" എന്നു പറഞ്ഞു പോയ കമല്‍ തന്റെ അടുത്ത ചിത്രത്തില്‍ ആഷിഖിനെ അസിസ്റ്റന്റാക്കി. 'ശലഭം' ഹിറ്റായതോടെ അഫ്സലിന് കൂടുതല്‍ അവസരങ്ങളൊരുങ്ങി. ലാല്‍ജോസ് നയിച്ച മെഗാഷോയുടെ സംഗീതം ഒരുക്കിയതോടെ ആ ബന്ധം വളര്‍ന്നു. പിന്നീട് ലാല്‍ജോസ് ചിത്രമായ 'ഇമ്മാനുവേലി'ലെ സംഗീത സംവിധായകനുമായി.
പറന്നുയര്‍ന്ന ശലഭം ആ രണ്ടു ചെറുപ്പക്കാരുടെയും സ്വപ്നങ്ങള്‍ സഫലമാക്കി. അഫ്സല് യൂസഫ് മലയാളിയ്ക്കു പ്രിയപ്പെട്ട സംഗീത സംവിധായകനും ആഷിഖ് അബു മികച്ച സംവിധായകനുമായി.