‘പാട്ടെഴുതാൻ കഴിയുമെന്ന് ഇപ്പോഴും വിശ്വാസമില്ല, നിർബന്ധിച്ചതു സുഹൃത്തുക്കൾ’; ഹോമിലെ കൂട്ട്കെട്ട് സംഭവിച്ചതിങ്ങനെ
Mail This Article
റോജിൻ തോമസിന്റെ ഏഴുവർഷത്തെ കാത്തിരിപ്പ് ഹോമിലൂടെ സഫലമാകുമ്പോൾ ചിത്രത്തിലെ ഗാനങ്ങൾക്കു വരികളെഴുതിയ അരുൺ ഏളാട്ട് എന്ന ഗായകനും ശ്രദ്ധിക്കപ്പെടുകയാണ്. റോജിന്റെയും സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യത്തിന്റെയും സുഹൃദ്‌വലയത്തിലെ ഒഴിവാക്കാനാകാത്ത കണ്ണിയാണ് അരുൺ. ‘ബെസ്റ്റ് ആക്റ്റർ’ എന്ന സിനിമയിലെ ‘സ്വപ്നമൊരു ചാക്ക്’ എന്ന പാട്ട് പാടി സിനിമാസ്വാദകരുടെ മനസിലേക്കു കയറിക്കൂടിയ ഗായകനായ അരുൺ ഏളാട്ട് ‘കഥയിലെ നായിക‘ എന്ന ചിത്രത്തിനു വേണ്ടി ‘വിണ്ണിൻ നെഞ്ചിൽ’, ‘സെവൻസ്’ എന്ന ചിത്രത്തിലെ ‘കാലമൊരു കാലാൽ’ തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹോമിലൂടെ ഗാനരചയിതാവ് എന്ന പുതിയ മേഖലയും കയ്യടക്കിയ അരുൺ ഏളാട്ട് മനോരമ ഓൺലൈനുമായി പാട്ടു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഹോമിനു വേണ്ടിയുള്ള പാട്ടൊരുക്കം?
ഹോമിലെ പാട്ടുകൾക്ക് വേണ്ടി രാഹുൽ ട്യൂണുകൾ നേരത്തെ കംപോസ് ചെയ്തു വച്ചിരുന്നു. ടൈറ്റിൽ സോങ് ‘ഒന്നുണർന്നു വന്നു സൂര്യൻ’ കുറച്ചു വർഷങ്ങൾക്കു മുൻപേ എഴുതിയതാണ്. സിനിമയുടെ ചർച്ചകൾ നടന്ന സമയത്ത് റോജിനും രാഹുലും ഞാനും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് എഴുതിയ പാട്ടാണത്. ‘മുകില് തൊടാൻ’ എന്ന പാട്ട് ഷൂട്ടിന് കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് ആണ് എഴുതിയത്
ഹോമിന് ലഭിക്കുന്ന പ്രതികരണങ്ങൾ?
വളരെ മികച്ച പ്രതികരണങ്ങളാണ് കിട്ടുന്നത്. സാധാരണ നന്നായി എന്നാണല്ലോ മെസ്സേജ് വരിക പക്ഷേ ഇപ്പോൾ നന്ദി ആണ് എല്ലാവരും പറയുന്നത്. ഹോം ഒരുപാടു പേർക്ക് സ്വന്തം വീട്ടിലെ കാര്യം പോലെ തോന്നിയ ചിത്രമാണ്. റോജിനും രാഹുലിനും ലഭിക്കുന്ന മെസേജുകളും അങ്ങനെ തന്നെ. സിനിമ എല്ലാവർക്കും എവിടെയൊക്കെയോ കണക്ട് ചെയ്തു. എന്റെ വീട്ടിൽ ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് ഹോം കണ്ടത്. എല്ലാർക്കും വളരെ ഇഷ്ടമായി. അച്ഛനും അമ്മയ്ക്കും സ്മാർട്ട് ഫോൺ നന്നായി ഉപയോഗിക്കാൻ അറിയാം. എങ്കിലും പുതിയ കാര്യങ്ങൾ വരുമ്പോൾ സംശയം ചോദിക്കാറുണ്ട്. സിനിമ വന്നതിനു ശേഷം നമ്മുടെ പെരുമാറ്റം ശരിയാണോ എന്ന് നാം ഒന്നുകൂടി ആലോചിക്കുന്നുണ്ട് എന്നു തോന്നുന്നു. കഥ എഴുതിത്തുടങ്ങി അഞ്ച് വർഷം കഴിഞ്ഞു, കാലം മാറുന്നതിനനുസരിച്ച് റോജിൻ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. അതുകൊണ്ടാണ് ഈ ചിത്രം ഇപ്പോൾ ഇറങ്ങേണ്ട ഒന്നാണെന്നു തോന്നുന്നത്.
പാട്ടുകൾ കുറച്ചുകൂടി ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു എന്നു തോന്നിയോ?
സിനിമകളിലെ പാട്ടുകളും വരികളും ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം അതിനു പിന്നിലും ഓരോരുത്തരുടെ കഠിനാധ്വാനവും സർഗ്ഗാത്മകതയും ഉണ്ടല്ലോ. പണ്ടൊക്കെ പാട്ടുകൾ വരുമ്പോൾ ആളുകൾ എഴുന്നേറ്റു പോകുന്ന പതിവുണ്ടായിരുന്നു പക്ഷേ ഹോമിലെ പാട്ടുകൾ സ്കിപ് ചെയ്യാതെ കണ്ടു എന്നാണു പലരും പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് വന്നു. അത് അയച്ച പയ്യൻ അഞ്ചു തവണ ഹോം കണ്ടു, അഞ്ചു തവണയും പാട്ടുകൾ സ്കിപ് ചെയ്യാതെ കണ്ടു എന്നാണ് പറഞ്ഞത്. സിനിമ നന്നായി ചർച്ചചെയ്യപ്പെടുന്നുണ്ടല്ലോ, അതിനോടൊപ്പം പാട്ടുകളും നന്നായി ആസ്വദിക്കപ്പെടുന്നുണ്ട്. സിനിമയും പാട്ടുകളും ആരും വെവ്വേറെ കാണുന്നില്ല. ഹോമിൽ പാട്ടുകൾക്കും നല്ല പ്രാധാന്യമുണ്ട്.
ഹോമിലെ പാട്ടുകളുടെ വരികൾ കഥയുമായി ചേർന്നു നിൽക്കുന്നു. സംവിധായകനിൽ നിന്ന് കിട്ടിയ നിർദേശങ്ങൾ?
മങ്കി പെൻ, ജോ ആൻഡ് ദ് ബോയ് ഒക്കെ ചെയ്യുമ്പോൾ കഥ മുഴുവൻ എനിക്ക് അറിയാമായിരുന്നു. എന്നാൽ ഹോമിന്റെ കഥ റോജിൻ എന്നോടു പറഞ്ഞിരുന്നില്ല. ഒന്നും അറിയാതെ ഫ്രഷ് ആയി സിനിമ കാണാൻ നമ്മുടെ ടീമിൽ നിന്നും ഒരാൾ വേണം. നീ സിനിമ ഇറങ്ങുമ്പോൾ കണ്ടാൽ മതി എന്നാണ് റോജിൻ പറഞ്ഞത്. "മുകിൽ തൊടാൻ" എന്ന പാട്ട് എഴുതുമ്പോൾ സ്വന്തം അച്ഛനെക്കാൾ പ്രാധാന്യം അമ്മായിഅച്ഛനു മകൻ കൊടുക്കുന്നു എന്ന് അച്ഛന് തോന്നുന്ന സിറ്റുവേഷൻ ആണ്. അച്ഛന്റെ അപ്പോഴത്തെ മനസികാവസ്ഥയെപ്പറ്റിയാണ് എഴുതേണ്ടത് എന്നു മാത്രമേ റോജിൻ പറഞ്ഞുള്ളൂ. എഴുതിയപ്പോൾ റോജിൻ വിചാരിച്ചതുപോലെ തന്നെ വന്നു. അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും അങ്ങനെതന്നെയാണു വരുന്നത്. ആന്റണി നാട്ടിലേക്കു വരുന്ന സീനിൽ ആന്റണി തിരക്കഥ എഴുതാൻ കഴിയാതെ സ്വന്തം വീട്ടിലേക്കു പോകുന്നു, അനുപല്ലവിയിൽ ആന്റണിയുടെ പഴയ ഓർമ്മകൾ, അങ്ങനെ കുറച്ചു വിവരങ്ങൾ മാത്രമേ തന്നിരുന്നുള്ളൂ. പക്ഷേ പാട്ടുകളെല്ലാം സിറ്റുവേഷന് അനുയോജ്യമായി എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ.
ഗായകനായ അരുണിന് ഗാനരചനയും സാധിക്കുമെന്ന് തോന്നിയത് എപ്പോൾ?
സത്യം പറഞ്ഞാൽ ഇപ്പോഴും എനിക്ക് എഴുതാൻ കഴിയുമെന്ന് തോന്നിയിട്ടില്ല. റോജിനും രാഹുലും നിർബന്ധിച്ചിട്ടാണ് ഞാൻ ഹോമിനു വേണ്ടി വരികൾ എഴുതിയത്. മങ്കി പെൻ മുതൽ ഞങ്ങൾ ഒരുമിച്ചാണ്. ഞാൻ പാട്ടുകൾ എഴുതാറുണ്ടെന്ന് അവർക്കറിയാം, സിനിമയ്ക്കു വേണ്ടി വരികൾ എഴുതാൻ നിർബന്ധിച്ചത് അവരാണ്. രാഹുലിന്റെ സംഗീതത്തിൽ "സെയ്ഫ്" എന്ന ഒരു സിനിമയ്ക്കു വേണ്ടി ഞാൻ എഴുതിട്ടുണ്ട്. 2019 ൽ ആയിരുന്നു ആ സിനിമയുടെ റിലീസ്. ഇപ്പോൾ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്കു വേണ്ടി ഞാൻ എഴുതി. വളരെ യാദൃശ്ചികമായാണ് ഈ മേഖലയിൽ എത്തിയത്.
സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ് ഇതിൽ ആരായി അറിയപ്പെടാനാണ് താത്പര്യം?
സ്വതന്ത്രമായി പാട്ടുകൾക്കു വേണ്ടി വരികൾ എഴുതി സംഗീതം ചെയ്യാറുണ്ട്. കൂടുതലും പാട്ട് പാടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനോടും ഇഷ്ടക്കൂടുതലോ കുറവോ എന്നു പറയാൻ കഴിയില്ല. ഗാനരചന പുതിയ മേഖലയാണ്. അതുകൊണ്ടു തന്നെ ഒരു ആവേശമുണ്ട്. പാടുമ്പോൾ അതിൽ സൃഷ്ടിപരമായ കഴിവുകൾ ഒന്നും ഉപയോഗിക്കേണ്ട. ഒരാൾ ചെയ്തു വച്ചിരിക്കുന്നത് പാടിയാൽ മതി. പക്ഷേ വരികൾ എഴുതുമ്പോൾ ഒരുപാട് സർഗ്ഗാത്മകത വേണം. സിനിമ സംവിധായകനെയും സംഗീതസംവിധായകനെയും പ്രേക്ഷകരെയുമൊക്കെ തൃപ്തിപ്പെടുത്തണം. സംഗീതത്തിന്റെ ലോകത്ത് അറിയപ്പെടണം എന്നേ ആഗ്രഹമുള്ളു. ഏതു മേഖലയായാലും സന്തോഷം തന്നെ.
ക്രെഡിറ്റിൽ പാട്ടെഴുത്തുകാരുടെ പേര് വയ്ക്കാറില്ല എന്നു പലരും പരാതി പറയാറുണ്ട്. സിനിമാ–സംഗീത മേഖലയിൽ ഗാനരചയിതാവിന് കുറഞ്ഞ പ്രാധാന്യമേയുള്ളോ?
അതിനെപ്പറ്റി കൂടുതൽ അറിയില്ല. പക്ഷേ പാട്ടെഴുതുന്നവർക്ക് കൂടുതൽ പരിഗണന കൊടുക്കേണ്ട കാര്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ട്യൂൺ ചെയ്യുന്നതുപോലെ പ്രാധാന്യമുള്ള ജോലിയാണ് വരികൾ കുറിക്കുന്നത്. നല്ല ഒരു ട്യൂണിന് അർത്ഥമില്ലാത്ത വരികൾ ആണ് എഴുതുന്നതെങ്കിൽ ആ പാട്ട് ശ്രദ്ധിക്കപ്പെടില്ല. പാട്ടിനു വരികളും ഈണവും തുല്യ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ട് എഴുത്തുകാർക്കും വേണ്ട പരിഗണന കൊടുക്കണം. സിനിമാപ്പാട്ട് എഴുതുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടു തന്നെയാണ്. കമ്പോസർ അവരുടെ മൂഡ് അനുസരിച്ച് ചെയ്തു വയ്ക്കുന്ന ഈണത്തിനു ചേരുന്ന വരികൾ ആണ് എഴുതേണ്ടത്. വരികളുടെ അർഥം ട്യൂണിനും സിറ്റുവേഷനും ചേരുന്നതാകണം, അക്ഷരങ്ങളുടെ എണ്ണമൊക്കെ കണക്കുകൂട്ടിയിട്ടാണ് എഴുതേണ്ടത്. അത് ഒരു ശ്രമകരമായ ജോലി തന്നെയാണ്.
അടുത്തിടെ ‘നവമലയാളം’ എന്നൊരു പാട്ടൊരുക്കിയിരുന്നല്ലോ. സ്വയം വരികൾ കുറിച്ച് സംഗീതം പകർന്നാലപിക്കുമ്പോഴുള്ള ഫീൽ?
സ്വതന്ത്ര സംഗീതം എന്നുള്ളത് സിനിമയിൽ വരുന്നതിനു മുൻപ് തന്നെ എന്റെ ആഗ്രഹമായിരുന്നു. കാസർഗോഡ് ആണ് ഞാൻ ജനിച്ചു വളർന്നത്. സിനിമ എനിക്ക് ഒട്ടും ഉറപ്പില്ലാത്ത മേഖല ആയിരുന്നു. സ്വതന്ത്ര സംഗീതം ചെയ്യാനായിരുന്നു ആഗ്രഹം. ബെസ്റ്റ് ആക്റ്ററിലെ സ്വപ്നം ഒരു ചാക്ക് എന്ന പാട്ടിനു ജനപ്രീതി കിട്ടിയപ്പോൾ ഗായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അപ്പോൾ സ്വന്തമായി പാട്ടു ചെയ്യുന്നതിൽ ശ്രദ്ധ കുറഞ്ഞു. വീണ്ടും പഴയ ആഗ്രഹം പൊടിതട്ടി എടുക്കാൻ ഒരു തുടക്കം എന്നുള്ള രീതിയിലാണ് "നവമലയാളം" ചെയ്തത്. ആ പാട്ട് വലിയ സംതൃപ്തി തന്നു. നമുക്ക് തോന്നുന്ന വിഷയങ്ങൾ എടുത്ത് പാട്ടെഴുതി ഈണമിട്ടു പാടുന്നത് സുഖമുള്ള കാര്യമാണ്.
സംഗീതം അല്ലാതെ മറ്റു പ്രഫഷൻ ഏതാണ്?
സിവിൽ എഞ്ചിനീയറിങ് ആണ് ഞാൻ പഠിച്ചത്. അതും ഒരുതരത്തിൽ ആർട്ട് ആണെന്നാണ് എന്റെ വിശ്വാസം. ‘സ്കെച്ചസ് ആൻഡ് സ്റ്റോറീസ്’ എന്നൊരു കമ്പനി എനിക്കുണ്ട്. റെക്കോർഡിങ് സ്റ്റുഡിയോ ഒക്കെ ഡിസൈൻ ചെയ്യാറുണ്ട്. ഇന്റീരിയർ, എക്സ്റ്റീരിയർ വർക്കും ഏറ്റെടുത്തു ചെയ്തുവരുന്നു. പക്ഷേ ഇപ്പോൾ കൂടുതലും സംഗീതത്തിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വതന്ത്ര സംഗീതത്തിൽ കൂടുതൽ പാട്ടുകൾ ചെയ്യണം.
‘അരുൺ ഏളാട്ട്’ എന്ന പേരിലെ ആശയക്കുഴപ്പം?
ഇംഗ്ലിഷിൽ എഴുതുമ്പോൾ ALAT ആണ്. ‘ഏളാട്ട്’ എന്നാണ് മലയാളം ഉച്ചാരണം. ഏളാട്ട് എന്റെ കുടുംബപേരാണ്. കോതമംഗലത്ത് പഠിക്കുന്ന സമയത്ത് പേര് പറയുമ്പോൾ പലർക്കും മനസിലാകില്ല അപ്പോൾ തിരുത്തിക്കൊടുത്തിരുന്നു.
കുടുംബം?
അച്ഛനും അമ്മയും ചേച്ചിയും ഞാനും എന്റെ ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ചേച്ചി വിവാഹം കഴിഞ്ഞു ബെംഗലുരുവിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.
പുതിയ പ്രൊജക്ടുകൾ?
വിനീതേട്ടന്റെ ഹൃദയം ആണ് പുതിയ പ്രോജക്റ്റ്. അതിൽ രണ്ടു പാട്ടുകൾ എഴുതിയിട്ടുണ്ട്. കോവിഡ് കാരണം പല പ്രോജക്ടുകളും മുടങ്ങി കിടക്കുകയാണ്. നവമലയാളം പോലെ സ്വതന്ത്രമായി കുറച്ച് പാട്ടുകൾ ചെയ്യണം എന്നാണ് ആഗ്രഹം, മുൻപ് ചെയ്തുവച്ച കുറച്ചു പാട്ടുകളുണ്ട്. അത് പുറത്തിറക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ്.