പൊള്ളുന്ന പാട്ട്! ഗായിക പുഷ്പവതി അഭിമുഖം
Mail This Article
ഒന്നാം റാങ്കോടെ ഗാനഭൂഷണവും ഗാനപ്രവീണയും ജയിച്ചിട്ടും ഒരു സർക്കാർ ജോലിയിലും പരിഗണിക്കപ്പെടാതെ പോവുക. തൃശൂരിലെ ചേതന സ്റ്റുഡിയോയിൽ ട്രാക്കും കോറസും പാടുന്ന കാലത്തു പാടിയ ട്രാക്ക് അതേപടി സിനിമയിലെടുത്തതു പോലും അറിയാതെ പോവുക. സർക്കാരിന്റെ പുരസ്കാര പരിപാടികളിലൊക്കെ മാറ്റിനിർത്തപ്പെടുക. ഞാൻ പാടി ഹിറ്റാക്കിയ പാട്ടുപോലും മറ്റുള്ളവരെക്കൊണ്ടു ചാനലുകളിലും സ്റ്റേജ് ഷോകളിലും പാടിക്കുന്നതു നോക്കിനിൽക്കേണ്ടി വരിക. ഇതിലൊന്നും വിലപിക്കാനല്ല, മറിച്ചു പ്രതിഷേധിക്കാനാണു തോന്നിയത്. – ഗായിക പുഷ്പവതി സംസാരിക്കുന്നു...
എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം...’ എന്ന വിപ്ലവഗാനം കേട്ടു വിരൽ ഞൊടിച്ചിട്ടില്ലേ? ആസാദി മുദ്രാവാക്യ ഗാനം കേട്ടു വിപ്ലവത്തിന്റെ തീപ്പന്തമാകാൻ മനസ്സ് തുടിച്ചിരുന്നില്ലേ? ‘പൊരുതുവാൻ ഞങ്ങളീ തെരുവുകളിലുണ്ട്...’ എന്നു വനിതാമതിൽ സമരത്തിരയിൽ അലയടിച്ചതോർമയില്ലേ?
വിപ്ലവ കേരളം ഒറ്റക്കെട്ടായി ഉച്ചത്തിൽ പാടിയപ്പോൾ ഇവയ്ക്കെല്ലാം ഈണം നൽകിയ ഗായിക പുഷ്പവതി കാണാമറയത്തു തന്നെ നിൽക്കേണ്ടിവന്നു.
ലോകമെമ്പാടും മലയാളികളേറ്റു പാടിയ ‘ ചെമ്പാവുപുന്നെല്ലിൻ ചോറോ...’ എന്ന ഒറ്റപ്പാട്ടിൽ ഒതുങ്ങുന്നയാളല്ലല്ലോ എന്നു ചോദിച്ചപ്പോഴാണ് പുഷ്പവതി പാട്ടിന്റെ ജാതി പറഞ്ഞത്. പിന്നെ പാട്ടിന്റെ രാഷ്ട്രീയം പറഞ്ഞു. പാട്ടിന്റെ കാലങ്ങളെ ചികഞ്ഞു. നാരായണഗുരുവിന്റെയും പൊയ്കയിൽ അപ്പച്ചന്റെയും മാധവിക്കുട്ടിയുടെയും രവീന്ദ്രനാഥ ടഗോറിന്റെയും ഫയസ് അഹമ്മദ് ഫയസിന്റെയും കബീറിന്റെയും ഖ്വാസി നസറുൽ ഇസ്ലാമിന്റെയുമെല്ലാം വരികൾക്കു സംഗീതം നൽകിപ്പാടിയതിനെക്കുറിച്ചു പറഞ്ഞു.
പാട്ടിന്റെ അടയാളപ്പെടുത്തൽ
നോക്കൂ, എത്രയെത്ര പറഞ്ഞാലും ചില പ്രതിബന്ധങ്ങൾ നമുക്കു മുന്നിൽ ചോദ്യങ്ങളുയർത്തുക തന്നെ ചെയ്യും. എന്നെക്കൊണ്ടു പാട്ടിന്റെ രാഷ്ട്രീയം പറയിപ്പിക്കുന്നതാണ്. കാലങ്ങളായി ക്ലാസിക്കലും ഫോക്കും അടക്കം പാട്ടിന്റെ സമസ്ത ഭാവങ്ങളിലും പുഷ്പവതിയുണ്ട്. പക്ഷേ, എല്ലായിടത്തും അരികിലാക്കപ്പെടുകയാണ്. പാട്ടിന്റെ മുഖ്യധാരാ ഭൂപടത്തിൽ ഇടമില്ലാതെ പോവുകയാണ്. കേരളത്തിന്റെ സമരകാലങ്ങൾക്കൊപ്പം ചേർത്തുപാടിയ ഒട്ടേറെ വിപ്ലവഗാനങ്ങൾ ചിട്ടപ്പെടുത്തിയ ആളായിട്ടും ഒട്ടേറെ പാട്ടുകൾ ഇടതുപക്ഷ സാംസ്കാരികതയുടെ കൊടിയടയാളം പോലെ പാടിപ്പടർന്നിട്ടും ഇടതു സർക്കാരിന്റെ തുടർഭരണത്തുടക്കത്തിൽ അവതരിപ്പിക്കപ്പെട്ട മുദ്രാഗാനത്തിൽ ഞാനും പാട്ടുകളും തിരസ്കരിക്കപ്പെട്ടു.
പാട്ടിലെ ജാതി
അച്ഛന്റെ ദലിത് പാരമ്പര്യത്തിലൂടെയൊന്നും വളർന്നു വന്നതായിരുന്നില്ല ജീവിത പശ്ചാത്തലം. കെട്ടുപണിക്കു പോയിരുന്ന അച്ഛൻ വൈകുന്നേരങ്ങളിൽ മടിയിലിരുത്തി ഉച്ചത്തിൽ പാടിയ പാട്ടുകളാണ് എന്നെ പാട്ടുകാരിയാക്കിയത്. തൃശൂരിലെ വേലൂരിലാണ് വീട്.
ഒറ്റയ്ക്കു നടക്കാറായ കാലത്ത്, വീട്ടിൽ വന്നാൽ പാട്ടുപഠിപ്പിക്കാമെന്നു പറഞ്ഞ ദ്രൗപദി ടീച്ചറാണ് ആദ്യഗുരു. അക്കാലം മുതൽ ജാതിയുടെ പേരിലുള്ള തൊട്ടുകൂടായ്മ പലപ്പോഴും പൊള്ളലേൽപിച്ചു. പാലക്കാട് ചെമ്പൈ സംഗീത കോളജിൽനിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണവും ഗാനപ്രവീണയും ജയിച്ചിട്ടും ഒരു സർക്കാർ ജോലിയിലും പരിഗണിക്കപ്പെടാതെ പോവുക. ജീവിക്കാനായി തൃശൂരിലെ ചേതന സ്റ്റുഡിയോയിൽ ട്രാക്കും കോറസും പാടുന്ന കാലത്തു പാടിയ ട്രാക്ക് അതേപടി സിനിമയിലെടുത്തതു പോലും അറിയാതെ പോവുക. ക്ലാസിക്കൽ സംഗീത പഠനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജയിച്ചിട്ടും നാടൻ ശീലുകളുടെ ഈണങ്ങളിൽ മാത്രം വിളിക്കപ്പെടുക. സർക്കാരിന്റെ പുരസ്കാര പരിപാടികളിലൊക്കെ മാറ്റിനിർത്തപ്പെടുക. ഞാൻ പാടി ഹിറ്റാക്കിയ പാട്ടുപോലും മറ്റുള്ളവരെക്കൊണ്ടു ചാനലുകളിലും സ്റ്റേജ് ഷോകളിലും പാടിക്കുന്നതു നോക്കിനിൽക്കേണ്ടി വരിക.
പാട്ടിലെ രാഷ്ട്രീയം
ഞാൻ ട്രാക്ക് പാടിയ ‘നമ്മൾ’ എന്ന സിനിമയിലെ കാത്തുകാത്തൊരു മഴയത്ത്... എന്ന പാട്ട് ഒരു ബസ് യാത്രയ്ക്കിടെയാണ് ആദ്യമായി കേട്ടത്. ആ പാട്ട് സിനിമയിലെടുക്കുകയും അതുവഴി ഒരു പിന്നണി ഗായികയായതും ഞാനറിഞ്ഞിരുന്നില്ല. ഏകദേശം 17 സിനിമകളിൽ പാടിയിട്ടുണ്ട്. നൂറോളം ചിത്രങ്ങളിൽ ട്രാക്കും കോറസും ചെയ്തിട്ടുണ്ട്. ശ്രദ്ധേയമായ പാട്ടു തന്നതു ബിജിബാലാണ്. പലർക്കും നാടൻപാട്ടിന്റെ ഈണം വരുമ്പോൾ, അതിവൈകാരികമായ വ്യഥ പാട്ടിൽ വേണ്ടിവരുമ്പോൾ മാത്രം ഓർമവരുന്ന ശബ്ദമായി മാറി ഞാൻ. ശബ്ദത്തെവച്ചു ഗായികമാരെ വേർതിരിക്കുന്നതു പോലെ തോന്നിപ്പോകാറുണ്ട് ചിലപ്പോൾ. അപ്പോഴാണു സ്വന്തമായി ഈണങ്ങൾ ചിട്ടപ്പെടുത്താനും പൊതുമധ്യത്തിൽ പാടാനും തീരുമാനിച്ചത്. മാധവിക്കുട്ടിയുടെ കൃതികളിലെ പ്രണയപദങ്ങൾ വരികളാക്കിയപ്പോൾ കേൾക്കാനാളേറെയുണ്ടായി.
പാട്ടിന്റെ ആത്മീയത, പിന്നെ വിപ്ലവം
അടിസ്ഥാന വർഗത്തിനു മനുഷ്യരെപ്പോലെ ജീവിക്കണമെങ്കിൽ പ്രതിരോധിക്കേണ്ടതുണ്ടെന്ന ബോധ്യത്തിൽ നിന്നാണു ശ്രീനാരായണഗുരുവിന്റെയും പൊയ്കയിൽ അപ്പച്ചന്റെയും കൃതികളെ പാട്ടിലാക്കാൻ തീരുമാനിച്ചത്. ആ പാട്ടുകളെല്ലാം പ്രതികരണങ്ങളായി മാറി. ഗുരുവിന്റെ ദൈവദശകം, അനുകമ്പാദശകം, ആത്മോപദേശശതകം, കുണ്ഠലനീപ്പാട്ട്, ഭദ്രകാളീയഷ്ടകം, സദാചാരം തുടങ്ങിയ കൃതികളെല്ലാം പാട്ടുകളാക്കി.
ഖുറാനിലെ ഇഖ്‌ലാസിൽ നിന്നെടുത്തു ഖവാലി രൂപത്തിലാക്കിയ ‘യാ...റസൂലേ.. ദൈവമൊന്നാണെന്നു ചൊല്ലൂ, യാ.. റസൂലേ...’, സരോജിനി പിള്ളയെന്ന അമ്മ മരിക്കും മുൻപെഴുതിയ ‘വിശ്വവന്ദിത വേദാന്തവേദ്യമേ.. ശാശ്വതാനന്ദ സംഗീതരംഗമേ...’ എന്നിങ്ങനെയുള്ള പാട്ടുകൾ ഈണം നൽകിപ്പാടിയതോടെ സാമൂഹികമായ അതിലെ ചോദ്യങ്ങളും ആശങ്കകളും നിലപാടുകളും ചർച്ച ചെയ്യപ്പെട്ടു.
തിരുവനന്തപുരത്തെ വീട്ടിലിരുന്നു പുഷ്പവതി പാടിക്കൊണ്ടേയിരിക്കുന്നു. ഭർത്താവ് ഗ്രാഫിക് ഡിസൈനറായ പെരിങ്ങമലയിലെ പ്രിയരഞ്ജൻലാൽ. ഏകമകൾ വെള്ളായണി ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഏഴിൽ പഠിക്കുന്ന ഗൗരി.