സിനിമ ഇറങ്ങിയിട്ടാകും ഈ പാട്ട് ആഘോഷിക്കപ്പെടുക; ബേസിൽ പറഞ്ഞത് സത്യമായപ്പോൾ: മനു മഞ്ജിത് അഭിമുഖം
Mail This Article
28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയം തിരിച്ചറിയുന്ന ഒരുവൾ... എങ്ങനെ അതു പറയുമെന്നറിയാതെ നീറിക്കഴിഞ്ഞിരുന്ന ഒരുവൻ... വാക്കുകൾക്കപ്പുറം നോട്ടങ്ങൾ കൊണ്ട് ഇത്ര കാലത്തെ വ്യഥകൾ പങ്കുവയ്ക്കുന്ന രണ്ടു പേർ! ആ നിമിഷത്തെ അടയാളപ്പെടുത്തുന്ന ഒരു ചുംബനം... കൂടെ ഉണ്ടാകുമെന്ന ഉറപ്പ്... കുറുക്കൻമൂലയിലെ ഷിബുവും ഉഷയും പരസ്പരം തിരിച്ചറിയുന്ന മിന്നൽ മുരളിയിലെ ഏറെ വൈകാരികമായ ഈ രംഗത്തിന് പശ്ചാത്തലമായി നിറഞ്ഞ ഗാനം പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് പെയ്തിറങ്ങിയത്.
ഉയിരേ ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകെ
വാഴ്‍വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
മനു മഞ്ജിത്തിന്റെ വരികളും സംഗീതസംവിധായകൻ ഷാൻ റഹ്മാന്റെ ഈണവും നാരായണി ഗോപന്റെയും മിഥുൻ ജയരാജിന്റെയും ശബ്ദവും ഒന്നിച്ചപ്പോൾ ഒരു മാജിക് സംഭവിക്കുകയായിരുന്നു. ഷാൻ റഹ്മാൻ–മനു മഞ്ജിത് കൂട്ടുകെട്ടിൽ ഇതിനു മുമ്പും ഒട്ടേറെ ഹിറ്റുകളും വൈറൽ ഗാനങ്ങളും പിറന്നിട്ടുണ്ടെങ്കിലും മിന്നൽ മുരളിയിലെ ഗാനം സ്പെഷലാണെന്ന് ആസ്വാദകരും സമ്മതിക്കും. ഒരു ഫോണിന്റെ രണ്ടറ്റങ്ങളിലിരുന്ന് ഒരുക്കിയ പാട്ട് ഇന്ന് ഒരുപാടു പേരുടെ ജീവിതങ്ങളെ സ്പർശിക്കുന്നതു കാണുമ്പോൾ അനുഭവിക്കുന്ന സന്തോഷം വാക്കുകളിൽ വിവരിക്കുവാൻ കഴിയുന്നില്ലെന്ന് ഗാനരചയിതാവായ മനു മഞ്ജിത് പറയുന്നു. മിന്നൽ മുരളിയുടെ ആത്മാവായ ഉയിരേ ഗാനം പിറന്ന വഴികളെക്കുറിച്ച് മനസു തുറന്ന് മനു മഞ്ജിത് മനോരമ ഓൺലൈനിൽ.
ഫോണിലൂടെ പിറന്ന പാട്ട്
പാട്ടിന്റെ സന്ദർഭം ഫോണിലൂടെയാണ് ബേസിൽ പറഞ്ഞു തന്നത്. ഇത് വില്ലന്റെ പാട്ടാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. വില്ലനെപ്പറ്റിയൊരു വിവരണവും തന്നു. പ്രണയത്തിന് അപ്പുറത്ത് ഇയാൾ ചെറുപ്പം മുതലെ അവഗണിക്കപ്പെടുന്ന, എല്ലാവരാലും ആട്ടിപ്പായിക്കപ്പെടുന്ന കഥാപാത്രമാണ്. ഒരു ഭ്രാന്തിയുടെ മകൻ! സ്വാഭാവികമായും ഇയാൾക്ക് ഒരു പെൺകുട്ടിയോടു പ്രണയം തോന്നിയാൽ പറയാൻ പോലുമുള്ള സ്പെയ്സ് ഇല്ല. അയാളുടെ അടക്കിപ്പിടിച്ച പ്രണയമാണ്. തീക്ഷ്ണമാണ് ആ പ്രണയം. ഷിബു പോലും പ്രതീക്ഷിക്കാത്ത സമയത്താണ് അയാളിലേക്ക് ഉഷയെത്തുന്നത്. ആനന്ദത്തിന്റെ അങ്ങേയറ്റത്താണ് അയാൾ അപ്പോൾ! അതിനൊപ്പം അയാൾ അതുവരെ നേരിട്ട വേദനകൾ, അവഗണന, നഷ്ടപ്പെടൽ എല്ലാം പറയണം. അത്ര തീക്ഷ്ണമായ ഒരു രംഗമാണ് അത്. വൈകാരികമായി ഷിബു നേരിടുന്ന ആഘാതവും പാട്ടിലൂടെ പ്രതിഫലിക്കണം.
പാട്ടിന്റെ സംഭാഷണ സ്വഭാവം
വില്ലന്റെ സാമൂഹിക പശ്ചാത്തലത്തിൽ നിന്നു കൊണ്ടു വേണമായിരുന്നു പാട്ടെഴുതാൻ. അവിടെ, വലിയ സാഹിത്യത്തിനുള്ള സാധ്യതയില്ല. ഇയാൾ ഏറ്റവും ലളിതമായ ഭാഷയിലായിരിക്കുമല്ലോ ഉള്ളിലെ കാര്യങ്ങൾ പറയുക. അതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. എല്ലാവർക്കും മനസിലാകുന്ന ഭാഷയായിരിക്കണം. എന്നാൽ അതു തീവ്രമായ വികാരങ്ങളെ പ്രതിഫലിപ്പിക്കുകയും വേണം. അതിന് ഷാനിക്കയുടെ (ഷാൻ റഹ്മാൻ) സംഗീതം ഒരുപാടു സഹായിച്ചു. ഒടുവിൽ, പരസ്പരം സംസാരിക്കുന്ന തരത്തിൽ, ഒരു സംഭാഷണം പോലെ എഴുതുകയായിരുന്നു. ഷാനിക്ക മ്യൂസിക് കേൾപ്പിച്ചപ്പോൾ തന്നെ മെയിൽ–ഫീമെയിൽ തിരിച്ചാണ് തന്നത്. രണ്ടു തരത്തിലുള്ള പ്രണയമാണ് അവിടെ പങ്കുവയ്ക്കപ്പെടുന്നത്. പ്രണയം തിരിച്ചറിയാതെ പോയല്ലോ എന്ന കുറ്റബോധം ഒരാൾക്കും, കാത്തിരുന്ന പെണ്ണ് അരികിലെത്തിയതിന്റെ സന്തോഷം മറ്റേയാൾക്കും. ഗുരു സോമസുന്ദരവും ഷെല്ലിയും അസാധ്യമായി പെർഫോം ചെയ്തു. അവരുടെ പെർഫോമൻസ് കൂടി ആ പാട്ടിന്റെ അനുഭവത്തെ ഉയർത്തുന്നുണ്ട്. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണിത്.
ആഘോഷിക്കപ്പെട്ട വരികൾ
ഈ പാട്ടിൽ ഒരു ഹുക്ക് പോയിന്റുണ്ട്. ആളുകളിലേക്ക് പെട്ടെന്ന് കണക്ട് ആകുമെന്ന് പ്രതീക്ഷിക്കുന്ന വരികൾ! സ്വപ്നം നീ സ്വന്തം നീയേ... സ്വർഗം നീ സർവം നീയേ... എന്ന വരികളാകും പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിക്കുക എന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടൽ. എനിക്കിപ്പോഴും ഓർമയുണ്ട് ഞാനെഴുതിയ വരികൾ ഷാനിക്ക ആദ്യമായി വായിക്കുന്നത്. സ്വപ്നം നീ എന്നു തുടങ്ങുന്ന ഭാഗമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, ആ... ഇത് രസമുണ്ടാവും, എന്ന്! പക്ഷേ, സിനിമ റിലീസ് ആയിക്കഴിഞ്ഞപ്പോൾ അങ്ങനെയല്ല സംഭവിച്ചത്.
'ഉലകിതിനോടും
പൊരുതിടും ഇനി ഞാൻ
നിന്നെ നേടാനഴകേ' എന്ന വരിയും
'മണ്ണടിയും നാൾ വരെ
കൂടെ കാവലായ്
കണ്ണേ നിന്നെ കാക്കാം'
എന്ന വരികളുമായിരുന്നു. അതിനു കാരണം സിനിമയിൽ ആ വരികൾ വരുന്നിടത്ത് ഉപയോഗിച്ച വിഷ്വൽ ആണ്. ഷിബു തന്റെ പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകും. അയാൾക്ക് പരിധികളില്ല. ആ കഥാപാത്രത്തിന്റെ കിറുക്കൻ സ്വഭാവം ആ വരികളിലേക്ക് പകർത്താനായി. സാധാരണ ഏതൊരു കാമുകനും കാമുകിയോടു പറയുന്ന വാക്കുകളാണ്, നിനക്കു വേണ്ടി ഞാനെന്തും ചെയ്യും എന്നത്! ജീവിതത്തിൽ അങ്ങനെ സംഭവിക്കാറില്ല. പക്ഷേ, ഷിബുവിന്റെ കാര്യത്തിൽ അങ്ങനെയല്ല. അയാൾ എന്തും ചെയ്യും!
അന്ന് ബേസിൽ പറഞ്ഞത് സത്യമായി
ദൈവം സഹായിച്ച് കുറെ ഹിറ്റുകൾ കരിയറിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ പാട്ടുകൾ ഇറങ്ങിയപ്പോഴേ ഹിറ്റാണ്. സിനിമ കണ്ടിട്ടൊരു പാട്ട് ഹിറ്റായിട്ടില്ല. തിരുവാവണി പാട്ട് ഇറങ്ങിയത് ഒരു വിഷുവിന് ആയിരുന്നെങ്കിലും ഹിറ്റായത് ഓണത്തിനാണ്. കക്ഷി അമ്മിണിപ്പിള്ളയിലെ ചെക്കനങ്ങനെ നോക്കി നിന്നത് ഹിറ്റായത് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്. ലിറിക് വിഡിയോ ഇറങ്ങിയ സമയത്ത് ഒരുപാടു പേർക്ക് ഈ പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ, സിനിമ കണ്ട ശേഷം ഈ പാട്ട് ഒരുപാടു പേരുടെ മനസിൽ കയറിക്കൂടി. അങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമാണ്.
പ്രേക്ഷകരുടെ പ്രതികരണം ലഭിക്കുമ്പോഴാണ് ഒരു പാട്ടിനു പൂർണതയുണ്ടാകുന്നത്. മിന്നൽ മുരളിയുടെ കാര്യം നോക്കിയാൽ, ആദ്യം തന്നെ തീമിന്നൽ പാട്ട് പെട്ടെന്ന് കേറി ക്ലിക്കായി. സിനിമയ്ക്ക് തന്നെ നല്ലൊരു സ്വീകാര്യത ആ പാട്ട് നൽകി. അവിടേക്കാണ് ഉയിരെ എന്ന പാട്ട് വരുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന പാട്ടാകുമെന്ന് ഫീൽ ചെയ്തിരുന്നു. അപ്പോഴും ബേസിൽ പറയുന്നുണ്ടായിരുന്നത് ലിറിക് വിഡിയോയുടെ പ്രതികരണം നോക്കണ്ട. വിഷ്വൽ കൂടി വരുമ്പോഴാണ് ആ പാട്ട് ആളുകളിലേക്കെത്തുക എന്ന്. അതു സത്യമായി. എന്നാൽ അത് ഇങ്ങനെ കേറി വൈറലാകും എന്നു കരുതിയില്ല. പലരും വെറുതെ ആ പാട്ട് സ്റ്റാറ്റസ് ആക്കുകയല്ല ചെയ്യുന്നത്. ആ വരികളോട് അവർക്ക് വൈകാരികമായ ഒരു അടുപ്പമുണ്ടാകുന്നുണ്ട്. പ്രണയം ഉള്ളവർക്കും നഷ്ടപ്പെട്ടവർക്കുമെല്ലാം കണക്ട് ആകുന്ന വരികളാണ് പാട്ടിലുള്ളത്. അതുകൊണ്ട് ഓരോരുത്തരും അവരുടേതായ രീതിയിൽ ഈ പാട്ടിനെ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.